ഉപരാഷ്ട്രപതിയുടെ കാര്യാലയം
മഹാമന മാളവ്യയുടെ ജന്മവാർഷികദിനത്തിൽ, ‘മദൻ മോഹൻ മാളവ്യയുടെ സമ്പൂർണ്ണ കൃതികൾ’ അവസാന വാല്യത്തിന്റെ പ്രകാശനം ഉപരാഷ്ട്രപതി നിർവ്വഹിച്ചു
प्रविष्टि तिथि:
25 DEC 2025 6:18PM by PIB Thiruvananthpuram
ഭാരതരത്നം പണ്ഡിറ്റ് മദൻ മോഹൻ മാളവ്യജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം, ഓഡിറ്റോറിയം–1 ൽ സംഘടിപ്പിച്ച ചടങ്ങിൽ, ആദരണീയ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ‘മദൻ മോഹൻ മാളവ്യയുടെ സമ്പൂർണ്ണ കൃതികൾ’ എന്ന ഗ്രന്ഥപരമ്പരയുടെ വാല്യം 12 മുതൽ 23 വരെയുള്ള പുസ്തകങ്ങളടങ്ങിയ അന്തിമ പരമ്പര പ്രകാശനം ചെയ്തു.

മഹാമന മാളവ്യ മിഷനും ഭാരത സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസിദ്ധീകരണ വിഭാഗവും സംയുക്തമായി നടപ്പാക്കിയ പ്രധാന ദ്വിഭാഷാ പ്രസിദ്ധീകരണ പദ്ധതിയുടെ സമാപനത്തിന് ഈ പരിപാടി സാക്ഷ്യം വഹിച്ചു. 2023 ഡിസംബർ 25-ന് ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുറത്തിറക്കിയ 11 വാല്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പരമ്പരയുടെ തുടർച്ചയായാണ്, 12 വാല്യങ്ങളടങ്ങിയ ഈ അന്തിമ പരമ്പര പ്രകാശനം ചെയ്തത്.

ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ മദൻ മോഹൻ മാളവ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുന്നതിനായി, രാജ്യത്തുടനീളമുള്ള യഥാർത്ഥ രേഖകൾ ആഴത്തിൽ ഗവേഷണം ചെയ്ത് സമാഹരിക്കുകയെന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. ഏകദേശം 3,500 പേജുകൾ ഉൾക്കൊള്ളുന്ന സമാഹരിച്ച രേഖകളിലൂടെ, ‘മഹാമന’യുടെ ബഹുമുഖമായ ജീവിതത്തെയും സംഭാവനകളെയും സമഗ്രമായി അവതരിപ്പിക്കുന്നതാണ് ഈ രണ്ടാം പരമ്പര.

പാർലമെന്റേറിയനെന്ന നിലയിലുള്ള മദൻ മോഹൻ മാളവ്യയുടെ പ്രാഗൽഭ്യം തെളിയിക്കുന്നതാണ്, ശേഖരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അദ്ദേഹം നടത്തിയ 200 പ്രസംഗങ്ങൾ. ഇത് സമാഹാരത്തിന്റെ ഒരു പ്രധാന ആകർഷണമാണ്. കൂടാതെ, ഇന്ത്യൻ ഇൻഡസ്ട്രിയൽ കമ്മീഷൻ അംഗമായിരുന്ന കാലത്ത്, രാജ്യത്തുടനീളമുള്ള 135 വ്യവസായികളുമായി മഹാമന നടത്തിയ അഭിമുഖങ്ങളുടെ അപൂർവവും അതിപ്രധാനവുമായ ചരിത്ര രേഖകളും ഈ വാല്യങ്ങളിൽ സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു.
കൂടാതെ, രണ്ടാം വട്ടമേശ സമ്മേളനത്തിൽ അദ്ദേഹം നടത്തിയ എല്ലാ പ്രസംഗങ്ങളും ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂന ഉടമ്പടിയുമായി ബന്ധപ്പെട്ട അപൂർവ രേഖകളുടെ സമാഹാരവും ഇതിലുണ്ട്; ചരിത്ര സംഭവത്തെക്കുറിച്ചുള്ള പുതിയ വീക്ഷണം അവതരിപ്പിക്കുന്നതിലൂടെ ഭാവിഗവേഷണങ്ങളുടെ ദിശയെ ഇത് മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചൗരി–ചൗര സംഭവത്തിലെ പ്രതികൾക്ക് നീതി ഉറപ്പാക്കുന്നതിനായി കോടതി മുറിയിലേക്ക് അദ്ദേഹം നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവ് ഉൾപ്പെടെ, അലഹബാദ് ഹൈക്കോടതിയിൽ വാദിച്ച 170 കേസുകളുടെ രേഖകളിലൂടെ മഹാമന മദൻ മോഹൻ മാളവ്യയുടെ വിശിഷ്ടമായ നിയമജീവിതം ഈ ശേഖരം തുറന്നു കാട്ടുന്നു. കൂടാതെ, ധർമ്മത്തിന്റെ പതാകവാഹകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്കിനെയും, ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗീതാ പ്രവചനത്തിലൂടെ പ്രകടമായ അദ്ദേഹത്തിന്റെ ആത്മീയ ചിന്തകളെയും ഈ സമാഹാരം ആഴത്തിൽ പരിശോധിക്കുന്നു.
ചടങ്ങിൽ നിയമ–നീതി, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, കൽക്കരി, ഖനി, ഉരുക്ക് സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ ആദരണീയ പാർലമെന്റ് അംഗം ശ്രീ അനുരാഗ് സിംഗ് താക്കൂർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
യഥാർത്ഥ രേഖകൾ ഗവേഷണം ചെയ്ത് സമാഹരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംഘത്തെ നയിച്ച ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്‌സ് (IGNCA) അധ്യക്ഷൻ, പത്മഭൂഷൺ ശ്രീ റാം ബഹാദൂർ റായ് ചടങ്ങിൽ പങ്കെടുത്തു. കൂടാതെ, പബ്ലിക്കേഷൻസ് ഡിവിഷൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ഭൂപേന്ദ്ര കൈന്തോളും ചടങ്ങിൽ സന്നിഹിതനായിരുന്നു.
മഹാമന വാങ്‌മയ് സംഗ്രഹം: വാല്യം 12–23
വാല്യം 12: രാഷ്ട്രീയ പ്രസംഗങ്ങൾ, ഭാഗം 1 (1886–1908)
ആകെ 298 പേജുകളുള്ള ഈ വാല്യം, വിവിധ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സെഷനുകളിലായി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ നടത്തിയ പ്രസംഗങ്ങളുടെ മൗലിക സമാഹരണമാണ്.
വാല്യം 13: രാഷ്ട്രീയ പ്രസംഗങ്ങൾ, ഭാഗം 2 (1909–1928)
349 പേജുകളുള്ള ഈ വാല്യം 1909 മുതൽ 1916 വരെ ഇന്ത്യയിലുടനീളം നടന്ന കോൺഗ്രസ് സെഷനുകളിൽ മാളവ്യ ജി നടത്തിയ പ്രസംഗങ്ങളുടെ സമാഹരണമാണ്.
വാല്യം 14: ഇന്ത്യൻ വ്യാവസായിക സമ്മേളനവും കമ്മീഷൻ, ഭാഗം 1 (1905–1917)
296 പേജുകളുള്ള ഈ വാല്യം 1905 നും 1917 നും ഇടയിൽ ബനാറസ്, മദ്രാസ്, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ഇന്ത്യൻ വ്യാവസായിക സമ്മേളനങ്ങളിൽ പണ്ഡിറ്റ് മാളവ്യ നടത്തിയ സ്വാധീനശക്തിയുള്ള പ്രസംഗങ്ങൾ ഉൾക്കൊള്ളുന്നു.
വാല്യം 15: ഇന്ത്യൻ ഇൻഡസ്ട്രിയൽ കോൺഫറൻസും കമ്മീഷനും, ഭാഗം 2 (1917–1918)
ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി "ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുക, ഇന്ത്യൻ ഉത്പന്നങ്ങൾ വിൽക്കുക" എന്ന പ്രശസ്തമായ ആഹ്വാനത്തിലൂടെ മാളവ്യ ജിയുടെ സാമ്പത്തിക സ്വാശ്രയത്വത്തിനായുള്ള വാദത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഈ 284 പേജുള്ള വാല്യം നൽകുന്നു.
വാല്യം 16: സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രസംഗങ്ങൾ, ഭാഗം 1 (1924)
274 പേജുകൾ ഉൾക്കൊള്ളുന്ന ഈ വാല്യം, ഇന്ത്യക്ക് സ്വയംഭരണ ഡോമിനിയൻ പദവി നേടിത്തരുന്നതിനുള്ള മഹാമനയുടെ ഊർജസ്വലമായ ഉദ്യമങ്ങൾ വിശദമായി രേഖപ്പെടുത്തുന്നു.
വാല്യം 17: സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രസംഗങ്ങൾ, ഭാഗം 2 (1924–1926)
260 പേജുകൾ അടങ്ങിയ ഈ സമാഹാരം പ്രധാന നിയമനിർമ്മാണ ചർച്ചകൾ ഉൾക്കൊള്ളുന്നു. പണ്ഡിറ്റ് മാളവ്യ രചിച്ച ഔപചാരിക വിമർശന കുറിപ്പ് (Note of Dissent) ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
വാല്യം 18: സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രസംഗങ്ങൾ, ഭാഗം 3 (1927–1928)
276 പേജുകളുള്ള ഈ വാല്യം, നിർണായകമായ സാമ്പത്തിക, സാമൂഹിക നിയമനിർമ്മാണങ്ങളിൽ മാളവ്യ ജിയുടെ ശ്രദ്ധ എടുത്തുകാണിക്കുന്നു.
വാല്യം 19: സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രസംഗങ്ങൾ, ഭാഗം 4 (1927–1928)
280 പേജുള്ള ഈ വാല്യം ലാലാ ലജ്പത് റായിയുടെ മരണം (1929), സ്വത്ത് കൈമാറ്റ (ഭേദഗതി) ബിൽ (1929), സൈനിക സ്കൂളുകളുടെ സ്ഥാപനം (1929) എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ സമാഹരിക്കുന്നു.
വാല്യം 20: രണ്ടാം വട്ടമേശ സമ്മേളനം (1931), പൂന ഉടമ്പടി (1932)
187 പേജുകൾ ഉൾക്കൊള്ളുന്ന ഈ വാല്യം ഇന്ത്യൻ ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തെ രേഖപ്പെടുത്തുന്നു.
വാല്യം 21: അഭിഭാഷകൻ (1894–1923)
238 പേജുകളുള്ള ഈ വാല്യം പണ്ഡിറ്റ് മാളവ്യയുടെ വിശിഷ്ടമായ നിയമജീവിതം ചിത്രീകരിക്കുന്നു.
വാല്യം 22: ധർമ്മ-കർമ്മ, ഭാഗം 1
(1891–1934) 290 പേജുകളുള്ള ഈ വാല്യം, ധർമ്മത്തിന്റെ പതാകവാഹകൻ എന്ന നിലയിൽ മഹാമനയുടെ പങ്ക് പര്യവേക്ഷണം ചെയ്യുന്നു.
വാല്യം 23: ധർമ്മ-കർമ്മ, ഭാഗം 2
(1935–1946) 308 പേജുകളുള്ള അവസാന വാല്യം അദ്ദേഹത്തിന്റെ ആത്മീയവും സാമൂഹികവുമായ ഭക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
***
(रिलीज़ आईडी: 2208632)
आगंतुक पटल : 18