രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് പ്രൊബേഷണർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു.

പോസ്റ്റഡ് ഓണ്‍: 24 DEC 2025 1:50PM by PIB Thiruvananthpuram
ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസിലെ (2024 ബാച്ച്) പ്രൊബേഷണർമാർ ഇന്ന് (2025 ഡിസംബർ 24) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.


ഇന്ത്യൻ സായുധ സേനകളുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥർ സുപ്രധാന പങ്ക്  വഹിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ബജറ്റിംഗ്, അക്കൗണ്ടിംഗ്, ഓഡിറ്റ്, പേയ്‌മെൻ്റുകൾ, സാമ്പത്തിക ഉപദേശം, പ്രതിരോധ ചെലവുകളിലെ  സുതാര്യത ഉറപ്പാക്കൽ എന്നിവ വരെയുള്ള ഇവരുടെ ചുമതലകൾ സായുധ സേനയുടെ പ്രവർത്തന സജ്ജതയേയും പ്രതിരോധ അടിസ്ഥാന സൗകര്യ വികസനത്തേയും നേരിട്ട് സ്വാധീനിക്കുന്നു. പ്രതിരോധ സേവനങ്ങളുടെ പ്രധാന അക്കൗണ്ടിംഗും സാമ്പത്തിക അതോറിറ്റിയും എന്ന നിലയിൽ, നമ്മുടെ സായുധ സേന നേരിടുന്ന പ്രത്യേക വെല്ലുവിളികൾ, ബുദ്ധിമുട്ടുകൾ, അവരുടെ പ്രവർത്തന സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് രാഷ്ട്രപതി ഉപദേശിച്ചു


ദ്രുതഗതിയിലുള്ള മാറ്റത്തിൻ്റെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.  മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും  ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളും കൂടുതൽ വേഗതയേറിയതും, മികച്ചതും, കൃത്യവുമായ തീരുമാനമെടുക്കൽ ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ, ഔദ്യോഗിക നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണവും സാങ്കേതികവിദ്യാധിഷ്ഠിതവുമായി മാറിക്കൊണ്ടിരി ക്കുകയാണ്.  ഈ സാഹചര്യത്തിൽ, ഡിഫൻസ് അക്കൗണ്ട്സ് വകുപ്പ് നിരന്തരമായി വഴിമാറി ചിന്തിക്കുകയും നവീനമായ ആശയങ്ങൾ കൊണ്ടുവരുകയും ആധുനികവൽക്കരിക്കപ്പെടുകയും വേണം. തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിച്ചും, പ്രാദേശിക വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തിയും, ആഭ്യന്തര വ്യവസായങ്ങളെ  പ്രോത്സാഹിപ്പിച്ചും കേന്ദ്ര സർക്കാരിൻ്റെ  അഭിലാഷ പദ്ധതിയായ ആത്മനിർഭർ ഭാരത് അഭിയാനെ സജീവമായി പിന്തുണയ്ക്കേണ്ടത് അടിയന്തര ആവശ്യമാണ്. ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവീസിലെ ഉദ്യോഗസ്ഥർക്ക് സ്വയംപര്യാപ്തവും കരുത്തുറ്റതുമായ ഒരു പ്രതിരോധ ആവാസവ്യവസ്ഥ  കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനകൾ നല്കാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.


ജീവിതകാലം മുഴുവൻ പഠിതാക്കളായി തുടരാനും, ജിജ്ഞാസ നിലനിർത്താനും, ആത്മവിശ്വാസത്തോടെ മാറ്റങ്ങളെ ഉൾക്കൊള്ളാനും രാഷ്ട്രപതി IDAS ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. സേവനത്തിൻ്റെ  യഥാർത്ഥ അളവുകോൽ പദവിയിലോ അംഗീകാരത്തിലോ അല്ലെന്ന് അവർ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. പകരം, സ്ഥാപനങ്ങളുടെ ഫലപ്രദമായ പ്രവർത്തനത്തിനും പൗരന്മാരുടെ ക്ഷേമത്തിനുമായി അവർ നല്കുന്ന  സ്ഥിരതയാർന്ന സംഭാവനകളിലാണ് സേവനത്തിൻ്റെ മൂല്യം അളക്കപ്പെടുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു.
 
***

 


( റിലീസ് ഐ.ഡി: 2208110) സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Tamil