ഉപരാഷ്ട്രപതിയുടെ കാര്യാലയം
എഐ പരിണാമത്തെക്കുറിച്ചുള്ള 'എഐ മഹാകുംഭ്'- ദേശീയ ഫ്ലാഗ്ഷിപ്പ് കോൺക്ലേവിനെ ഉപരാഷ്ട്രപതി ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു
प्रविष्टि तिथि:
23 DEC 2025 4:19PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവ്വകലാശാല, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ), ഔട്ട്‌ലുക്ക് മാഗസിൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച “എഐ പരിണാമം – എഐ മഹാകുംഭ്" എന്ന ദേശീയ കോൺക്ലേവിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ സംബന്ധിച്ചു.
നിർമ്മിതബുദ്ധി എന്നത് കേവലം ഭാവിയിലെ സങ്കല്പം മാത്രമല്ലെന്നും അത് വർത്തമാനകാല യാഥാർത്ഥ്യമാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണം, കാലാവസ്ഥ മാതൃകാ രൂപീകരണം, ഭരണ നിർവഹണം, വിദ്യാഭ്യാസം, ധനകാര്യം, ദേശീയ സുരക്ഷ തുടങ്ങി വിവിധ മേഖലകളെ ഇത് സ്വാധീനിക്കുന്നുണ്ടെന്നും സമൂഹത്തിൻ്റെ വളർച്ചയെയും വ്യക്തികളുടെ ജീവിത രീതിയെയും എഐ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക ശാസ്ത്ര-സാങ്കേതിക വികാസങ്ങളിൽ അമിതമായ ആശങ്കയുടെ ആവശ്യമില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കമ്പ്യൂട്ടറുകളുടെ വരവിനെ അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. തുടക്കത്തിൽ ശക്തമായ എതിർപ്പുകൾ നേരിട്ടെങ്കിലും പിന്നീട് ലോകത്തെ മാറ്റിമറിക്കാൻ കമ്പ്യൂട്ടറുകൾക്ക് സാധിച്ചു. ഓരോ സാങ്കേതിക മുന്നേറ്റത്തിനും ഗുണവും ദോഷവുമുണ്ടെന്നും, അത് അനുകൂലമായും ക്രിയാത്മകമായും ഉപയോഗപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മിതബുദ്ധി രംഗത്ത് ലോകത്തെ മുൻനിര രാജ്യങ്ങളിലൊന്നായി ഇന്ത്യ ഉയർന്നുവന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകം അതിവേഗം മാറുകയാണെന്നും ഈ മത്സരത്തിൽ പിന്നിലായിപ്പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വികസിത രാജ്യങ്ങളോടൊപ്പം എഐ മേഖലയിൽ മുന്നേറാൻ ഇന്ത്യ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ എഐ പാഠ്യപദ്ധതി പുറത്തിറക്കുന്നതിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. നിർമ്മിതബുദ്ധി, സ്കൂൾ-കോളേജ് പാഠ്യപദ്ധതികളുടെ അവിഭാജ്യ ഘടകമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽത്തന്നെ എഐയുമായുള്ള പരിചയം വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്താശേഷിയും പ്രശ്നപരിഹാര ശേഷിയും വളർത്താൻ സഹായിക്കും. സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരന്തരം പരിഷ്കരിക്കപ്പെടണമെന്നും അവ മികവിൻ്റെയും നവീനാശയങ്ങളുടെയും കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടത്തെക്കുറിച്ച് പരാമർശിക്കവെ, രാജ്യത്തെ 65 ശതമാനം ജനങ്ങളും 35 വയസ്സിന് താഴെയുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുവശക്തിയെ ശരിയായി പ്രയോജനപ്പെടുത്തിയാൽ എഐ മേഖലയിൽ ലോകത്തെ നയിക്കാൻ ഇന്ത്യക്ക് സാധിക്കും. 'ആത്മനിർഭർ ഭാരതം', 'വികസിത് ഭാരത് @ 2047' എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ എഐക്ക് നിർണ്ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തമുള്ളതും ധാർമ്മികവുമായ എഐ ഉപയോഗത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ശാസ്ത്രീയമായ ഏതൊരു മുന്നേറ്റവും മനുഷ്യരാശിക്ക് ദോഷകരമാകരുത്. സാങ്കേതികവിദ്യ മനുഷ്യൻ്റെ സന്തോഷത്തിനും സമൃദ്ധിക്കും മാന്യമായ ജീവിതത്തിനും വേണ്ടിയായിരിക്കണം. എഐ എന്നത് മനുഷ്യബുദ്ധിക്ക് പകരമല്ല, മറിച്ച് അതിനെ സഹായിക്കുന്ന ഒന്നായിരിക്കണമെന്നും സാമൂഹിക ക്ഷേമത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കഴിവും കാഴ്ചപ്പാടും മൂല്യങ്ങളും വെച്ച് നോക്കുമ്പോൾ, നാം നിർമ്മിതബുദ്ധി ഉത്തരവാദിത്തത്തോടെ സ്വീകരിക്കുക മാത്രമല്ല, ഈ മേഖലയിൽ ലോകത്തിന് വഴികാട്ടിയായി മാറുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ഡൽഹി വിദ്യാഭ്യാസ മന്ത്രി ശ്രീ ആശിഷ് സൂദ്, ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. മഹേഷ് വർമ്മ, എഐസിടിഇ പ്രതിനിധി പ്രൊഫ. ടി.ജി. സീതാരാമൻ, ഔട്ട്‌ലുക്ക് മാഗസിനിൽ നിന്നുള്ള ശ്രീ സന്ദീപ് ഘോഷ് എന്നിവരും ശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർത്ഥികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
*****
(रिलीज़ आईडी: 2207892)
आगंतुक पटल : 11