ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇൻഡോറിൽ നടന്ന ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ് ദി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പങ്കെടുത്തു
प्रविष्टि तिथि:
21 DEC 2025 5:37PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുത്തു. അടൽ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
തമിഴ് ക്ലാസിക് കൃതിയായ തിരുക്കുറളിലെ ഒരു ഈരടി അനുസ്മരിച്ചുകൊണ്ട്, എല്ലാ മനുഷ്യരും ജനനം കൊണ്ട് തുല്യരാണെങ്കിലും ഒരാളുടെ പ്രവൃത്തികളിലൂടെയാണ് മഹത്വം കൈവരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീ അടൽ ബിഹാരി വാജ്‌പേയി ഒരു സാധാരണ വ്യക്തിത്വമായിരുന്നില്ലെന്നും, മറിച്ച് ഒരു ദൗത്യമായിരുന്നുവെന്നും, തത്വങ്ങളോടും മൂല്യങ്ങളോടും ഉള്ള പ്രതിബദ്ധതയിൽ അദ്ദേഹം എപ്പോഴും ഉറച്ചുനിന്നിരുന്നുവെന്നും ശ്രീ സി. പി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. രാഷ്ട്രതന്ത്രജ്ഞൻ, ഭരണാധികാരി, പാർലമെൻ്റേറിയൻ, കവി, എല്ലാറ്റിനുമുപരി ഒരു മഹാനായ മനുഷ്യൻ എന്നീ നിലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയാണ് ശ്രീ അടൽ ബിഹാരി വാജ്‌പേയി ഇന്നും സ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചകളിലും എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിലും കരുത്തുറ്റതും എന്നാൽ മാനുഷികവുമായ ഭരണത്തിലും ശ്രീ വാജ്‌പേയി ആഴത്തിൽ വിശ്വസിച്ചിരുന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ശ്രീ അടൽ ജി പൊതുചർച്ചകളുടെ നിലവാരവും മാന്യതയും ഉയർത്തിയെന്നും, രാഷ്ട്രീയം തത്വാധിഷ്ഠിതവും അനുകമ്പയുള്ളതുമാകാമെന്ന് തെളിയിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. അതുകൊണ്ടാണ് ശ്രീ വാജ്‌പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ വ്യക്തിപരമായ ഓർമ്മകൾ പങ്കുവെച്ച ഉപരാഷ്ട്രപതി, ശ്രീ വാജ്‌പേയി പാർലമെൻ്റ് അംഗങ്ങൾക്ക് എപ്പോഴും സമീപിക്കാവുന്ന ആളായിരുന്നുവെന്നും രാഷ്ട്രനിർമ്മാണത്തിനായുള്ള നിർദ്ദേശങ്ങൾ ആരിൽ നിന്നും സ്വീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നുവെന്നും അനുസ്മരിച്ചു. ശ്രീ വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ രൂപീകരിച്ചതിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഭരണവും ഭരണനിർവ്വഹണവും മെച്ചപ്പെടുത്തുന്നതിനായുള്ള ദീർഘവീക്ഷണത്തോടെയുള്ള ചുവടുവെയ്പ്പായിരുന്നു അതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഒരു രാഷ്ട്രശില്പി എന്ന നിലയിലുള്ള ശ്രീ വാജ്‌പേയിയുടെ സംഭാവനകളെ എടുത്തുപറഞ്ഞുകൊണ്ട്, പ്രധാനമന്ത്രി ഗ്രാം സഡക് യോജന , സുവർണ്ണ ചതുഷ്കോണ പദ്ധതി തുടങ്ങിയ നാഴികക്കല്ലായ പദ്ധതികളെ ഉപരാഷ്ട്രപതി ഉദാഹരിച്ചു.
1998-ലെ പൊഖ്‌റാൻ ആണവ പരീക്ഷണങ്ങളെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ശ്രീ വാജ്‌പേയിയുടെ നേതൃത്വം ഇന്ത്യയെ ആത്മവിശ്വാസമുള്ളതും സ്വയംപര്യാപ്തവുമായ ഒരു രാഷ്ട്രമായി ഉറപ്പിച്ചു നിർത്തിയെന്ന് ചൂണ്ടിക്കാട്ടി. 2047- ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശ്രീ വാജ്പേയിയുടെ ദീർഘവീക്ഷണം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീ വാജ്‌പേയിക്ക് തമിഴ്‌നാടുമായുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചും ഉപരാഷ്ട്രപതി അനുസ്മരിച്ചു. ഭാഷാപരമായ വൈവിധ്യത്തോടും സാംസ്കാരിക ബഹുസ്വരതയോടും ചർച്ചകളോടും അദ്ദേഹം പുലർത്തിയിരുന്ന ആദരവ് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പരിധികൾക്കപ്പുറം അദ്ദേഹത്തിന് ജനപ്രീതി നേടിക്കൊടുത്തുവെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
സത്യസന്ധതയോടും ബുദ്ധിശക്തിയോടും ജനാധിപത്യ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടും കൂടി ആധുനിക ഇന്ത്യയെ വാർത്തെടുത്ത ഉന്നത വ്യക്തിത്വമായിരുന്നു ശ്രീ അടൽ ബിഹാരി വാജ്‌പേയിയെന്ന് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചു. നേതൃത്വം എന്നത് കേവലം അധികാരം മാത്രമല്ല, മറിച്ച് ജനങ്ങളോടുള്ള സേവനവും ഉത്തരവാദിത്തവും പ്രതിബദ്ധതയുമാണെന്ന് ശ്രീ വാജ്‌പേയിയുടെ ജീവിതം രാജ്യത്തെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, ഡാലി കോളേജ് പരിസരത്ത് സ്ഥാപിച്ച ദേവി അഹില്യബായ് ഹോൾക്കറുടെ പ്രതിമ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്തു. അഹില്യബായ് ഹോൾക്കറുടെ പ്രതിമ ഉദ്ഘാടനം ചെയ്യുന്നതിൽ തനിക്ക് വലിയ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി ജീവിതം നിസ്വാർത്ഥമായി സമർപ്പിച്ച ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു അവരെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിനെ അദ്ദേഹം അഭിനന്ദിച്ചു. ഇത് കൂട്ടായ പൗര ഉത്തരവാദിത്തത്തിൻ്റെ പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
*****
(रिलीज़ आईडी: 2207239)
आगंतुक पटल : 8