രാഷ്ട്രപതിയുടെ കാര്യാലയം
‘ഭാരതത്തിന്റെ കാലാതീത ജ്ഞാനം: സമാധാനത്തിന്റെയും പുരോഗതിയുടെയും പാതകൾ’ എന്ന വിഷയത്തിൽ ഹൈദ്രാബാദിൽ നടന്ന സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു.
प्रविष्टि तिथि:
20 DEC 2025 5:57PM by PIB Thiruvananthpuram
ബ്രഹ്മകുമാരീസ് ശാന്തി സരോവറിന്റെ 21-ാം വാർഷികത്തോടനുബന്ധിച്ച് 'ഭാരതത്തിന്റെ കാലാതീത ജ്ഞാനം: സമാധാനത്തിന്റെയും പുരോഗതിയുടെയും പാതകൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഇന്ന് (2025 ഡിസംബർ 20) ഹൈദരാബാദിൽ സംഘടിപ്പിച്ച സമ്മേളനത്തെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തു.

ആഗോള സമൂഹം നിരവധി പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഈ മാറ്റങ്ങളോടൊപ്പം മാനസികാരോഗ്യ പ്രശ്നങ്ങൾ, സാമൂഹിക സംഘർഷങ്ങൾ, പാരിസ്‌ഥിതിക അസന്തുലിതാവസ്ഥ, മാനവ മൂല്യശോഷണം എന്നിവയുൾപ്പെടെയുള്ള നിരവധി ഗുരുതര വെല്ലുവിളികളേയും നാം നേരിടുകയാണെന്നും ശ്രീമതി മുർമു പറഞ്ഞു. ഈ പശ്ചാത്തലത്തിൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രസക്തമാണെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി, ഭൗതിക വികസനം മാത്രമായാൽ സന്തോഷവും സമാധാനവും കൈവരിക്കാനാകില്ലെന്ന് ഓർമ്മിക്കേണ്ടതുണ്ടെന്നും, ആന്തരിക സ്ഥിരത, വൈകാരിക ബുദ്ധി, മൂല്യാധിഷ്ഠിത സമീപനം എന്നിവ അനിവാര്യമാണെന്നും വ്യക്തമാക്കി.

ഇന്ത്യയുടെ പുരാതന ആർഷ പാരമ്പര്യം സത്യം, അഹിംസ, സമാധാനപരമായ സഹവർത്തിത്വം എന്നിവയുടെ സന്ദേശം നമുക്ക് നൽകിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ആത്മീയ പൈതൃകം ലോകത്തിലെ മാനസിക, ധാർമ്മിക, പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുന്നുവെന്ന് അവർ പറഞ്ഞു. ആധുനികതയുടെയും ആത്മീയതയുടെയും സംഗമമാണ് നമ്മുടെ നാഗരികതയുടെ ഏറ്റവും വലിയ ശക്തി. വസുധൈവ കുടുംബകം അഥവാ ലോകത്തെ മുഴുവൻ ഒരു കുടുംബമായി കണക്കാക്കുക എന്ന ആശയം ഇന്ന് ആഗോള സമാധാനത്തിന് ഏറ്റവും നിർണ്ണായകമാണെന്നും രാഷ്ട്രപതി പറഞ്ഞു.

സാമൂഹിക ഐക്യത്തിനും ദേശീയ പുരോഗതിക്കും ശക്തമായ അടിത്തറയായി ആത്മീയത പ്രവർത്തിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഒരു വ്യക്തിയിൽ മാനസിക സ്ഥിരത, ധാർമ്മിക മൂല്യങ്ങൾ, ആത്മനിയന്ത്രണം എന്നിവ വികസിക്കുമ്പോൾ, അവന്റെ/അവളുടെ പെരുമാറ്റം സമൂഹത്തിൽ അച്ചടക്കം, സഹിഷ്ണുത, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ആത്മീയ ബോധത്താൽ പ്രചോദിതരായ ആളുകൾ തങ്ങളുടെ കടമകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പരിശ്രമിക്കുകയും ചെയ്യുന്നു. അത്തരം വ്യക്തികൾ രാഷ്ട്രനിർമ്മാണത്തിലും സജീവ സംഭാവനകൾ നൽകുന്നുവെന്ന് ശ്രീമതി മുർമു പറഞ്ഞു.

പതിറ്റാണ്ടുകളായി ബ്രഹ്മകുമാരിസ് സംഘടന വിവിധ രാജ്യങ്ങളിൽ സാർവത്രിക ഇന്ത്യൻ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ജനങ്ങൾക്കിടയിൽ സമാധാനവും ഗുണകരവുമായ ചിന്തകൾ വളർത്തിയെടുക്കുന്നതിലൂടെ ഈ സംഘടന സമൂഹത്തിന്റെ ധാർമ്മികവും വൈകാരികവുമായ ഘടനയെ ശക്തിപ്പെടുത്തുന്നു. ഈ വിധത്തിൽ രാഷ്ട്രനിർമാണത്തിന് ബ്രഹ്മകുമാരീസ് സംഘടന ശ്രദ്ധേയമായ സംഭാവകളാണ് നൽകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
*****
(रिलीज़ आईडी: 2207051)
आगंतुक पटल : 9