പ്രധാന വസ്തുതകള്‍
- വികസിത ഭാരതം- ജി റാം ജി ബില്‍ 2025, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരം, വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിന് അനുസൃതമായ ഒരു പുതിയ നിയമസംവിധാനം കൊണ്ടുവരുന്നു.
- ഓരോ ഗ്രാമീണ കുടുംബത്തിനുമുള്ള തൊഴില്‍ ഗ്യാരണ്ടി 125 ദിവസമായി വര്‍ദ്ധിപ്പിച്ചു, ഇത് വരുമാന സുരക്ഷ ശക്തിപ്പെടുത്തുന്നു.
- വേതനത്തോടുകൂടിയ തൊഴിലിനെ 4 മുന്‍ഗണനാ മേഖലകളിലെ സുസ്ഥിരമായ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധിപ്പിക്കുന്നു.
- വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികളിലൂടെ വികേന്ദ്രീകൃത ആസൂത്രണം ശക്തിപ്പെടുത്തുകയും, വികസിത് ഭാരത് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാക്ക് വഴി ദേശീയതലത്തില്‍ സംയോജിപ്പിക്കുകയും ചെയ്യുന്നു.
- മാനദണ്ഡപരമായ ധനസഹായത്തിലേക്കും കേന്ദ്രാവിഷ്‌കൃത ഘടനയിലേക്കുമുള്ള മാറ്റം ഫണ്ട് ലഭ്യതയിലെ കൃത്യതയും ഉത്തരവാദിത്തവും കേന്ദ്രസംസ്ഥാന പങ്കാളിത്തവും മെച്ചപ്പെടുത്തുന്നു.
ആമുഖം
ഏകദേശം രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയുടെ സാമൂഹിക സുരക്ഷാ ചട്ടക്കൂടിന്റെ ഒരു മൂലക്കല്ലാണ് ഗ്രാമീണ തൊഴില്‍ മേഖല. 2005ല്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA), വേതനത്തോടുകൂടിയ തൊഴില്‍ നല്കുന്നതിലും ഗ്രാമീണ വരുമാനം സുസ്ഥിരമാക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു. എന്നാല്‍ കാലക്രമേണ, ഗ്രാമീണ ഇന്ത്യയുടെ ഘടനയിലും ലക്ഷ്യങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വര്‍ദ്ധിച്ചുവരുന്ന വരുമാനം, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങള്‍, വ്യാപകമായ ഡിജിറ്റല്‍ സാന്നിധ്യം, വൈവിധ്യമാര്‍ന്ന ഉപജീവനമാര്‍ഗ്ഗങ്ങള്‍ എന്നിവ ഗ്രാമീണ തൊഴില്‍ ആവശ്യങ്ങളുടെ സ്വഭാവത്തെ മാറ്റിമറിച്ചു.

ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വികസിത ഭാരതം ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍, 2025 അഥവാ വികസിത ഭാരതം ജി റാം ജി ബില്‍, 2025 നിര്‍ദ്ദേശിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) സമഗ്രമായ ഒരു നിയമപരിഷ്‌കരണമാണ് ഈ ബില്‍ വിഭാവനം ചെയ്യുന്നത്. ഇത് ഉത്തരവാദിത്തം, അടിസ്ഥാന സൗകര്യ വികസനം, വരുമാന സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതോടൊപ്പം ഗ്രാമീണ തൊഴില്‍ മേഖലയെ വികസിത ഭാരതം 2047 എന്ന ദീര്‍ഘകാല ദര്‍ശനവുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലെ ഗ്രാമീണ തൊഴില്‍ വികസന നയത്തിന്റെ പശ്ചാത്തലം
സ്വാതന്ത്ര്യാനന്തരം, ഇന്ത്യയിലെ ഗ്രാമീണ വികസന നയങ്ങള്‍ പ്രധാനമായും ദാരിദ്ര്യ ലഘൂകരണം, കാര്‍ഷിക ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍, ഗ്രാമങ്ങളിലെ മിച്ചവും തൊഴിലില്ലാത്തതുമായ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കാലക്രമേണ മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന സമീപനങ്ങളിലൂടെ, ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിനോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന ഉപകരണങ്ങളായി വേതനത്തോടുകൂടിയ തൊഴില്‍ പദ്ധതികള്‍ ക്രമേണ വികസിച്ചുവന്നു.
ഇന്ത്യയിലെ വേതന തൊഴില്‍ സംരംഭങ്ങള്‍ വിവിധ ഘട്ടങ്ങളിലൂടെയാണ് പുരോഗമിച്ചത്. 1960കളിലെ റൂറല്‍ മാന്‍പവര്‍ പ്രോഗ്രാം, 1971ലെ ക്രാഷ് സ്‌കീം ഫോര്‍ റൂറല്‍ എംപ്ലോയ്‌മെന്റ് എന്നിവയായിരുന്നു ഇതിന്റെ ആദ്യകാല രൂപങ്ങള്‍. തുടര്‍ന്ന് 1980കളിലും 90കളിലും കൂടുതല്‍ വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ നടന്നു. ഇതില്‍ നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് പ്രോഗ്രാം, റൂറല്‍ ലാന്‍ഡ്‌ലെസ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം എന്നിവ ഉള്‍പ്പെടുന്നു. പിന്നീട് ഇവ 1993ല്‍ ജവഹര്‍ റോസ്ഗാര്‍ യോജനയില്‍ ലയിപ്പിക്കുകയും, പദ്ധതികളുടെ ഏകോപനവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നതിനായി 1999ല്‍ സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജനയായി സംയോജിപ്പിക്കുകയും ചെയ്തു. കാലാനുസൃതമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി എംപ്ലോയ്‌മെന്റ് അഷ്വറന്‍സ് സ്‌കീം, ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം തുടങ്ങിയ അനുബന്ധ പദ്ധതികളും ആവിഷ്‌കരിച്ചിരുന്നു. 1977ലെ മഹാരാഷ്ട്ര എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ട് നടപ്പിലാക്കിയതിലൂടെ ഈ രംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ടു. ഇത് തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ ഒരു നിയമപരമായ അവകാശമായി അവതരിപ്പിച്ചു. ഈ അനുഭവങ്ങളെല്ലാം 2005ല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) നടപ്പിലാക്കുന്നതിലേക്ക് നയിച്ചു. ഇത് ഗ്രാമീണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള രാജ്യവ്യാപകമായ ഒരു നിയമ ചട്ടക്കൂട് പ്രദാനം ചെയ്തു.
MGNREGA യുടെ പരിണാമവും ക്രമാനുഗതമായ പരിഷ്‌കരണങ്ങളിലെ പരിമിതികളും
അവിദഗ്ധ ശാരീരിക ജോലികള്‍ ചെയ്യാന്‍ തയ്യാറുള്ള ഗ്രാമീണ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം കുറഞ്ഞത് നൂറു ദിവസത്തെ വേതനത്തോടുകൂടിയ തൊഴില്‍ ഉറപ്പാക്കിക്കൊണ്ട് ഉപജീവന സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന പദ്ധതിയായിരുന്നു മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA). വര്‍ഷങ്ങളായി നടപ്പിലാക്കിയ ഭരണപരവും സാങ്കേതികവുമായ നിരവധി പരിഷ്‌കാരങ്ങള്‍ ഈ പദ്ധതിയുടെ നിര്‍വ്വഹണത്തെ ശക്തിപ്പെടുത്തി. ഇത് പങ്കാളിത്തം, സുതാര്യത, ഡിജിറ്റല്‍ ഭരണനിര്‍വ്വഹണം എന്നിവയിലെ ഗണ്യമായ പുരോഗതിക്ക് കാരണമായി. സ്ത്രീ പങ്കാളിത്തം 2013-14 സാമ്പത്തിക വര്‍ഷത്തിലെ 48 ശതമാനത്തില്‍ നിന്ന് 2025-26 ല്‍ 58.15 ശതമാനമായി ക്രമാനുഗതമായി ഉയര്‍ന്നു. ആധാര്‍ സീഡിംഗ് കുത്തനെ വര്‍ദ്ധിക്കുകയും, ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം വ്യാപകമായി സ്വീകരിക്കപ്പെടുകയും, ഇലക്ട്രോണിക് വേതന കൈമാറ്റം ഏതാണ്ട് സര്‍വ്വസാധാരണമാകുകയും ചെയ്തു. പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിലും പുരോഗതിയുണ്ടായി. ജിയോ-ടാഗിംഗിലൂടെ ആസ്തികളുടെ നിരീക്ഷണം മെച്ചപ്പെടുകയും ഗാര്‍ഹിക തലത്തില്‍ സൃഷ്ടിക്കപ്പെടുന്ന വ്യക്തിഗത ആസ്തികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു.
പരിമിതമായ ഭരണ സംവിധാനങ്ങള്‍ക്കും ജീവനക്കാരുടെ കുറവിന് ഇടയിലും പദ്ധതിയുടെ തുടര്‍ച്ചയും വ്യാപ്തിയും ഉറപ്പാക്കിയ ഫീല്‍ഡ് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ണ്ണായക പങ്കും MGNREGAയ്ക്ക് കീഴിലുള്ള അനുഭവങ്ങള്‍ എടുത്തുകാണിക്കുന്നു. എന്നിരുന്നാലും, ഈ നേട്ടങ്ങള്‍ക്കിടയിലും ചില ആഴത്തിലുള്ള ഘടനാപരമായ പ്രശ്‌നങ്ങള്‍ നിലനിന്നു. പല സംസ്ഥാനങ്ങളിലേയും നിരീക്ഷണങ്ങളില്‍ നിന്ന്, രേഖകളിലുള്ള ജോലികള്‍ പ്രായോഗികമായി കാണാനില്ലാത്ത അവസ്ഥ, ഭൗതിക പുരോഗതിയുമായി പൊരുത്തപ്പെടാത്ത ചെലവുകള്‍, ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികളില്‍ യന്ത്രങ്ങളുടെ ഉപയോഗം, ഡിജിറ്റല്‍ ഹാജര്‍ സംവിധാനങ്ങളിലെ അപാകതകള്‍ തുടങ്ങിയവ കണ്ടെത്തി. കൂടാതെ, കോവിഡിന് ശേഷമുള്ള കാലയളവില്‍ വളരെ കുറഞ്ഞ ശതമാനം കുടുംബങ്ങള്‍ക്ക് മാത്രമേ നൂറു ദിവസത്തെ തൊഴില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെട്ടെങ്കിലും, തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലെ ഘടന അതിന്റെ പരിധിയില്‍ എത്തിയെന്നാണ് ഈ പ്രവണതകള്‍ സൂചിപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് വികസിത ഭാരതം ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ ബില്‍ ഒരു സമഗ്ര നിയമനിര്‍മ്മാണ മാറ്റവുമായി രംഗത്ത് വരുന്നത്. ഭരണപരമായ ചെലവുകളുടെ പരിധി ആറ് ശതമാനത്തില്‍ നിന്ന് ഒന്‍പത് ശതമാനമായി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇത് നടത്തിപ്പ് ചട്ടക്കൂടിനെ ശക്തിപ്പെടുത്തുന്നു. ഇത് ജീവനക്കാരുടെ നിയമനം, വേതനം, പരിശീലനം, സാങ്കേതിക ശേഷി എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നല്കും. ഈ മാറ്റം പ്രായോഗികവും ജനകേന്ദ്രീകൃതവുമായ ഒരു പദ്ധതി നിര്‍വ്വഹണ രീതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. കൂടുതല്‍ പ്രൊഫഷണലായതും ആവശ്യമായ പിന്തുണയുള്ളതുമായ ഒരു സംവിധാനത്തിലേക്കുള്ള ചുവടുവെയ്പ്പാണിത്. ശക്തമായ ഭരണശേഷി ആസൂത്രണവും നിര്‍വ്വഹണവും മെച്ചപ്പെടുത്തുന്നതിനും, സേവന വിതരണം കാര്യക്ഷമമാക്കുന്നതിനും, ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നിയമ ചട്ടക്കൂടിന്റെ ലക്ഷ്യങ്ങള്‍ ഗ്രാമതലത്തില്‍ സ്ഥിരമായി കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.

പുതിയ നിയമ ചട്ടക്കൂടിന്റെ ആവശ്യകത
വ്യാപകമായ സാമൂഹിക, സാമ്പത്തിക മാറ്റങ്ങളാണ് ഈ പരിഷ്‌കരണത്തിന് അടിസ്ഥാനം. 2005ലാണ് MGNREGA രൂപീകരിച്ചതെങ്കിലും ഇന്നത്തെ ഗ്രാമീണ ഇന്ത്യ പൂര്‍ണ്ണമായും മാറിക്കഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന ഉപഭോഗം, മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍, വിപുലമായ ക്ഷേമപദ്ധതികള്‍ എന്നിവയുടെ സഹായത്തോടെ ദാരിദ്ര്യനിരക്ക് 2011-12 ലെ 27.1 ശതമാനത്തില്‍ നിന്ന് 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു. ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വൈവിധ്യവത്കരിക്കപ്പെടുകയും ഡിജിറ്റല്‍ സംവിധാനങ്ങളുമായി സംയോജിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍, പരിധികളില്ലാത്തതും ആവശ്യാനുസൃതവുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതുമായ തൊഴിലുറപ്പ് പദ്ധതി ഇന്നത്തെ ഗ്രാമീണ യാഥാര്‍ത്ഥ്യങ്ങളുമായി പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നതല്ല.
ഈ സാഹചര്യത്തിലാണ് വികസിത ഭാരതം ജി റാം ജി ബില്‍, 2025 അവതരിപ്പിക്കപ്പെടുന്നത്. ഇത് ഗ്രാമീണ തൊഴില്‍ ഗ്യാരണ്ടിയെ ആധുനികവത്കരിക്കുകയും, ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുകയും, തൊഴില്‍ സൃഷ്ടിയെ ദീര്‍ഘകാല അടിസ്ഥാന സൗകര്യ വികസനവുമായും കാലാവസ്ഥാ പ്രതിരോധ ലക്ഷ്യങ്ങളുമായും സംയോജിപ്പിക്കുകയും ചെയ്യുന്നു.
വികസിത ഭാരതം- ജി റാം ജി ബില്‍, 2025ന്റെ പ്രധാന സവിശേഷതകള്‍
അവിദഗ്ധ ശാരീരിക ജോലികള്‍ ചെയ്യാന്‍ തയ്യാറുള്ള മുതിര്‍ന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം 125 ദിവസത്തെ തൊഴില്‍, ബില്‍ ഉറപ്പു നല്കുന്നു. ഇത് മുമ്പുണ്ടായിരുന്ന 100 ദിവസത്തെ അവകാശത്തേക്കാള്‍ അധികമായി വരുമാന സുരക്ഷ ഉറപ്പാക്കുന്നു. വിതയ്ക്കല്‍, വിളവെടുപ്പ് സീസണില്‍ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ വര്‍ഷത്തില്‍ ആകെ 60 ദിവസത്തെ തൊഴിലില്ലാത്ത കാലയളവ് നിശ്ചയിച്ചിട്ടുണ്ട്. ബാക്കിയുള്ള 305 ദിവസങ്ങള്‍ക്കുള്ളില്‍ തൊഴിലാളികള്‍ക്ക് 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കും. ഇത് കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഗുണകരമാണ്. ദിവസവേതനം ആഴ്ചയിലൊരിക്കലോ, പരമാവധി ജോലി കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലോ വിതരണം ചെയ്യേണ്ടതാണ്. തൊഴില്‍ സൃഷ്ടിയെ താഴെ പറയുന്ന നാല് പ്രധാന മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധിപ്പിച്ചിരിക്കുന്നു:
- ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളിലൂടെ ജലസുരക്ഷ
- പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍
- ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍
- അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള പ്രത്യേക ജോലികള്‍.
സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും വികസിത് ഭാരത് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കപ്പെടുന്നു. ഇത് ഏകീകൃതവും ഏകോപിതവുമായ ഒരു ദേശീയ വികസന തന്ത്രം ഉറപ്പാക്കുന്നു. വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികളിലൂടെയാണ് ആസൂത്രണം വികേന്ദ്രീകൃതമാക്കുന്നത്. ഇവ പ്രാദേശികമായി തയ്യാറാക്കുകയും പിഎം ഗതി ശക്തി പോലുള്ള ദേശീയ സംവിധാനങ്ങളുമായി ഭൗമപരമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.
MGNREGAയും വികസിത ഭാരതം- ജി റാം ജി ബില്‍ 2025ഉം
ഈ പുതിയ ബില്‍ MGNREGA യുടെ ഒരു പ്രധാന നവീകരണത്തെ പ്രതിനിധീകരിക്കുന്നു. പഴയ പദ്ധതിയിലെ ഘടനാപരമായ ബലഹീനതകള്‍ പരിഹരിക്കുന്നതോടൊപ്പം തൊഴിലവസരങ്ങള്‍, സുതാര്യത, ആസൂത്രണം, ഉത്തരവാദിത്തം എന്നിവ വര്‍ദ്ധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.

സാമ്പത്തിക ഘടന
ഒരു കേന്ദ്ര മേഖല പദ്ധതിയില്‍ നിന്ന് കേന്ദ്രാവിഷ്‌കൃത ചട്ടക്കൂടിലേക്കുള്ള മാറ്റം, ഗ്രാമീണ തൊഴിലിന്റേയും ആസ്തി സൃഷ്ടിയുടേയും അന്തര്‍ലീനമായ പ്രാദേശിക സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു. പുതിയ ഘടന പ്രകാരം, സംസ്ഥാനങ്ങള്‍ ഒരു മാനദണ്ഡ വിഹിത ചട്ടക്കൂടിലൂടെ പദ്ധതിയുടെ ചെലവും ഉത്തരവാദിത്തവും പങ്കിടുന്നു. ഇത് പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനും ഫണ്ട് ദുരുപയോഗം തടയുന്നതിനും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കും. ഗ്രാമപഞ്ചായത്ത് പദ്ധതികളിലൂടെ പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ആസൂത്രണം നടത്തുന്നത്. അതേസമയം, കേന്ദ്രം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് തുടരുകയും സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തത്തോടെ അത് നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഫലങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സഹകരണ പങ്കാളിത്തത്തിന് വഴിയൊരുക്കുന്നു.

വേതനം, സാമഗ്രികള്‍, ഭരണപരമായ കാര്യങ്ങള്‍ എന്നിവയ്ക്കായി സംസ്ഥാന വിഹിതം ഉള്‍പ്പെടെ പ്രതിവര്‍ഷം 1,51,282 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ കേന്ദ്ര വിഹിതം 95,692.31 കോടി രൂപയാണ്. ഈ മാറ്റം സംസ്ഥാനങ്ങള്‍ക്ക് അമിതമായ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സ്റ്റാന്‍ഡേര്‍ഡ് ചെലവ് പങ്കിടല്‍ അനുപാതം 60:40, വടക്കുകിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 90:10 എന്ന അനുപാതത്തില്‍ വര്‍ദ്ധിപ്പിച്ച പിന്തുണ, നിയമസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 100 ശതമാനം കേന്ദ്ര ധനസഹായം എന്നിവയോടെ ഓരോ സംസ്ഥാനത്തിന്റേയും ശേഷിക്കനുസരിച്ചാണ് ഫണ്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്. മുന്‍പത്തെ പദ്ധതിയിലും സാമഗ്രികള്‍ക്കും ഭരണപരമായ കാര്യങ്ങള്‍ക്കുമായി സംസ്ഥാനങ്ങള്‍ വിഹിതം നല്കിയിരുന്നു. അതുകൊണ്ട് തന്നെ, കൃത്യമായ മുന്‍കൂട്ടിയുള്ള ഫണ്ട് വിഹിതം മികച്ച ബജറ്റ് തയ്യാറാക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കും. ദുരന്തസാഹചര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് അധിക സഹായം നല്കുന്നതിനുള്ള വ്യവസ്ഥകളും ശക്തമായ മേല്‍നോട്ട സംവിധാനങ്ങളും ഉള്‍പ്പെടുത്തുന്നതിലൂടെ, ദുരുപയോഗത്തില്‍ നിന്നുണ്ടാകുന്ന ദീര്‍ഘകാല നഷ്ടങ്ങള്‍ കുറയ്ക്കാനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും ഈ ഘടന സഹായിക്കുന്നു.

വികസിത് ഭാരത്- ജി റാം ജി ബില്ലിന്റെ ഗുണഫലങ്ങള്‍

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ ഉല്‍പ്പാദനപരമായ ആസ്തി സൃഷ്ടിയുമായി ബന്ധിപ്പിച്ചുകൊണ്ട് ബില്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഇത് ഉയര്‍ന്ന ഗാര്‍ഹിക വരുമാനത്തിനും മെച്ചപ്പെട്ട പ്രതിരോധശേഷിക്കും കാരണമാകുന്നു. ജലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നത്, കൃഷിയേയും ഭൂഗര്‍ഭജല പുനരുജ്ജീവനത്തേയും പിന്തുണയ്ക്കുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും പോലുള്ള പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം വിപണി പ്രവേശനം മെച്ചപ്പെടുത്തുമ്പോള്‍ സംഭരണശാലകള്‍, വിപണന കേന്ദ്രങ്ങള്‍, ഉല്‍പാദന ആസ്തികള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വരുമാന വൈവിധ്യവത്കരണം സാധ്യമാക്കുന്നു. ജല സംഭരണം, വെള്ളപ്പൊക്ക നിയന്ത്രണം, മണ്ണ് സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവൃത്തികളിലൂടെ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. 125 ദിവസത്തെ തൊഴില്‍ ഉറപ്പ് ഗാര്‍ഹിക വരുമാനം വര്‍ദ്ധിപ്പിക്കുകയും, ഗ്രാമീണ തലത്തിലുള്ള ഉപഭോഗം ഉത്തേജിപ്പിക്കുകയും, ദുരിതം മൂലമുള്ള പലായനം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഹാജര്‍ നില, വേതന വിതരണം, വിവരശേഖരണത്തിലൂടെയുള്ള ആസൂത്രണം എന്നിവ ഇതിന് പിന്തുണ നല്കുന്നു.

വിതയ്ക്കല്‍, വിളവെടുപ്പ് സീസണുകളില്‍ പൊതുമരാമത്ത് ജോലികള്‍ക്ക് സംസ്ഥാനം നല്കുന്ന താല്‍ക്കാലിക തൊഴില്‍ വിരാമത്തിലൂടെ കര്‍ഷകര്‍ക്ക് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ സാധിക്കുന്നു. കൂടാതെ, അമിതമായ കൂലി വര്‍ദ്ധനവ് തടയാനും മെച്ചപ്പെട്ട ജലസേചനം, സംഭരണം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയിലൂടെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകാനും ഇത് സഹായിക്കുന്നു. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന വരുമാന സാധ്യത, വികസിത ഗ്രാമപഞ്ചായത്ത് പദ്ധതികള്‍ വഴിയുള്ള കൃത്യമായ തൊഴില്‍ ലഭ്യത, സുരക്ഷിതമായ ഡിജിറ്റല്‍ വേതന വിതരണം, തങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ആസ്തികളില്‍ നിന്നുള്ള നേരിട്ടുള്ള ഗുണഫലങ്ങള്‍, നിര്‍ബന്ധിത തൊഴിലില്ലായ്മ വേതനം എന്നിവ നേട്ടങ്ങളായി മാറുന്നു. ജോലി ആവശ്യപ്പെട്ട് 15 ദിവസത്തിനുള്ളില്‍ അത് നല്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ദിവസേനയുള്ള തൊഴിലില്ലായ്മ വേതനം നല്‍കേണ്ടി വരും. ഇതിന്റെ ഉത്തരവാദിത്തം അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കും. ഇതിന്റെ നിരക്കുകളും വ്യവസ്ഥകളും ചട്ടങ്ങളിലൂടെ നിശ്ചയിക്കും. ഇതിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം സമയബന്ധിതമായി തൊഴില്‍ ലഭ്യമാക്കല്‍ പ്രോത്സാഹിപ്പിക്കുകയും കൃത്യസമയത്തുള്ള സേവനം ഉറപ്പാക്കുകയും ചെയ്യുന്നു.

നിര്‍വ്വഹണവും മേല്‍നോട്ടവും
- ദേശീയ, സംസ്ഥാന, ജില്ലാ, ബ്ലോക്ക്, ഗ്രാമതലങ്ങളില്‍ മിഷന്റെ ഏകോപിതവും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് വ്യക്തമായ ഒരു സ്ഥാപന ചട്ടക്കൂട് ഈ ബില്‍ സ്ഥാപിക്കുന്നു.
- കേന്ദ്ര, സംസ്ഥാന ഗ്രാമീണ്‍ റോസ്ഗാര്‍ ഗ്യാരണ്ടി കൗണ്‍സിലുകള്‍ നയപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുകയും പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യുകയും ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
- ദേശീയ, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റികള്‍ തന്ത്രപരമായ ദിശാബോധം നല്കുകയും, വിവിധ പദ്ധതികളുടെ സംയോജനം ഉറപ്പാക്കുകയും, പ്രവര്‍ത്തനക്ഷമത വിലയിരുത്തുകയും ചെയ്യുന്നു.
- പഞ്ചായത്തി രാജ് സ്ഥാപനങ്ങള്‍ ആസൂത്രണത്തിനും നിര്‍വ്വഹണത്തിനും നേതൃത്വം നല്കുന്നു. ആകെ ചെലവാക്കുന്ന തുകയുടെ പകുതിയെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ വഴിയുള്ള ജോലികള്‍ക്കായിരിക്കണം.
- ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരും ആസൂത്രണം, നിയമപരമായ ചട്ടങ്ങള്‍ പാലിക്കല്‍, വേതന വിതരണം, സോഷ്യല്‍ ഓഡിറ്റ് എന്നിവ നിയന്ത്രിക്കുന്നു.
- സോഷ്യല്‍ ഓഡിറ്റുകള്‍ നടത്തുന്നതിലും എല്ലാ രേഖകളും പരിശോധിക്കാന്‍ അനുമതി നല്കിക്കൊണ്ട് സുതാര്യത ഉറപ്പാക്കുന്നതിലും ഗ്രാമസഭകള്‍ കൂടുതല്‍ ശക്തമായ പങ്ക് വഹിക്കുന്നു.
സുതാര്യത, ഉത്തരവാദിത്തം, സാമൂഹിക സംരക്ഷണം
പദ്ധതി നടപ്പിലാക്കുന്നതിലെ കൃത്യത ഉറപ്പാക്കുന്നതിനും പൊതുഫണ്ട് സംരക്ഷിക്കുന്നതിനുമുള്ള വ്യക്തമായ നിര്‍വ്വഹണ അധികാരങ്ങള്‍ ഈ ബില്‍ കേന്ദ്ര സര്‍ക്കാരിന് നല്കുന്നു. പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനും, ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ഫണ്ട് വിതരണം താല്‍ക്കാലികമായി തടഞ്ഞുവയ്ക്കാനും, പോരായ്മകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ തിരുത്തല്‍ അല്ലെങ്കില്‍ പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനും കേന്ദ്രത്തിന് അധികാരമുണ്ട്. ഈ വ്യവസ്ഥകള്‍ സംവിധാനത്തിലുടനീളം ഉത്തരവാദിത്തം ഉറപ്പാക്കാനും, സാമ്പത്തിക അച്ചടക്കം നിലനിര്‍ത്താനും, ദുരുപയോഗം തടയുന്നതിന് സമയബന്ധിതമായ ഇടപെടല്‍ സാധ്യമാക്കുന്നതിനും സഹായിക്കുന്നു.
പദ്ധതിയുടെ ഓരോ ഘട്ടത്തിലും സമഗ്രമായ സുതാര്യത ഉറപ്പാക്കുന്ന ഒരു ചട്ടക്കൂടും ബില്‍ വിഭാവനം ചെയ്യുന്നു. നിര്‍മ്മിത ബുദ്ധി, ബയോമെട്രിക് ഒഥന്റിക്കേഷന്‍ എന്നിവ ഉപയോഗിച്ച് ക്രമക്കേടുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ ഇത് സഹായിക്കും. ഇതിന് പിന്തുണയുമായി കേന്ദ്രസംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റികളുടെ നിരന്തരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും ഏകോപനവും ഉണ്ടാകും. ഗ്രാമീണ വികസനത്തെ കൃത്യമായി നിര്‍വ്വചിക്കപ്പെട്ട നാല് മേഖലകളായി തിരിച്ചിരിക്കുന്നത് വഴി പദ്ധതിയുടെ ഫലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സാധിക്കും. പഞ്ചായത്തുകള്‍ക്ക് നിരീക്ഷണ ചുമതലയില്‍ കൂടുതല്‍ പങ്ക് നല്കിയിട്ടുണ്ട്. ഇതിനുപുറമെ, ജിപിഎസ്, മൊബൈല്‍ അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് ജോലികള്‍ തത്സമയം നിരീക്ഷിക്കാനും സാധിക്കും. തത്സമയ എം.ഐ.എസ് ഡാഷ്‌ബോര്‍ഡുകളും ആഴ്ചതോറുമുള്ള വിവരങ്ങളുടെ വെളിപ്പെടുത്തലും പൊതുജനങ്ങള്‍ക്ക് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നു. അതേസമയം, ഓരോ ആറു മാസത്തിലും ചുരുങ്ങിയത് ഒരു തവണയെങ്കിലും നടത്തേണ്ട സോഷ്യല്‍ ഓഡിറ്റുകള്‍ ജനപങ്കാളിത്തവും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നു.

ഉപസംഹാരം
ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ നയത്തിലെ നിര്‍ണ്ണായകമായ ഒരു മാറ്റത്തെയാണ് വികസിത് ഭാരത്- ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍, 2025 പ്രതിനിധീകരിക്കുന്നത്. കാലക്രമേണ പങ്കാളിത്തം, ഡിജിറ്റലൈസേഷന്‍, സുതാര്യത എന്നിവയില്‍ MGNREGA ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും, അതിലെ വിട്ടുമാറാത്ത ഘടനാപരമായ ബലഹീനതകള്‍ പദ്ധതിയുടെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തി. ഈ പുതിയ ബില്‍, മുന്‍കാല മെച്ചപ്പെടുത്തലുകളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം അവയിലെ പോരായ്മകളെ ആധുനികവും ഉത്തരവാദിത്തമുള്ളതും അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്കുന്നതുമായ ഒരു ചട്ടക്കൂടിലൂടെ പരിഹരിക്കുന്നു.
ഉറപ്പുള്ള തൊഴില്‍ ദിവസങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, തൊഴിലിനെ ദേശീയ വികസന മുന്‍ഗണനകളുമായി സംയോജിപ്പിക്കുന്നതിലൂടെയും, ശക്തമായ ഡിജിറ്റല്‍ ഭരണ നിര്‍വ്വഹണം നടപ്പിലാക്കുന്നതിലൂടെയും ഗ്രാമീണ തൊഴില്‍ മേഖലയെ ഈ ബില്‍ പുനര്‍നിര്‍വ്വചിക്കുന്നു. ഇത് സുസ്ഥിരമായ വളര്‍ച്ചയ്ക്കും സ്ഥിരതയുള്ള ഉപജീവനമാര്‍ഗ്ഗത്തിനുമുള്ള ഒരു തന്ത്രപരമായ ഉപാധിയായി ഗ്രാമീണ തൊഴിലിനെ പുനഃസ്ഥാപിക്കുന്നു. മാത്രമല്ല, ഇത് വികസിത ഭാരതം 2047 എന്ന ദര്‍ശനത്തോട് പൂര്‍ണ്ണമായും പൊരുത്തപ്പെടുന്നതുമാണ്.