വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും

प्रविष्टि तिथि: 18 DEC 2025 3:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ഇന്ത്യയും ഒമാനും തമ്മിൽ ശക്തമായ സാമ്പത്തിക സഹകരണം കെട്ടിപ്പടുക്കുന്ന  സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ  ഇരുരാജ്യങ്ങളും ഇന്ന് ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയലും ഒമാന്‍  വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖ്വയ്സ് ബിൻ മുഹമ്മദ് അൽ യൂസഫുമാണ് കരാറിൽ ഒപ്പുവെച്ചത്.

 

ഗൾഫ് മേഖലയുമായി ഇന്ത്യയുടെ ബന്ധത്തിലെ  സുപ്രധാന നാഴികക്കല്ലായ ഈ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ  ഉഭയകക്ഷി സാമ്പത്തിക സംയോജനം ആഴത്തിലാക്കാനുള്ള ഇരുരാജ്യങ്ങളുടെയും പങ്കാളിത്തപരമായ പ്രതിബദ്ധതയെ  പ്രതിഫലിപ്പിക്കുന്നു. മേഖലയിലെ തന്ത്രപ്രധാന പങ്കാളിയായ ഒമാൻ വിശാലമായ മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യൻ ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും വിപണി പ്രവേശം നല്‍കുന്ന സുപ്രധാന കവാടമാണ്. 200 മുതല്‍ 300 വരെ വർഷക്കാലമായി ഒമാനിലുള്ള വ്യാപാരി കുടുംബങ്ങൾ ഉൾപ്പെടെ ഏകദേശം 7 ലക്ഷം ഇന്ത്യൻ പൗരന്മാർ അവിടെ താമസിക്കുന്നു.   ഒമാന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും ഇവര്‍‍ വലിയ സംഭാവനകൾ നൽകുന്നു. വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന 6,000-ത്തിലധികം ഇന്ത്യൻ സ്ഥാപനങ്ങളിലൂടെ ഇന്ത്യൻ സംരംഭങ്ങൾ ഒമാനിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. പ്രതിവർഷം ഏകദേശം 2 ബില്യൺ യുഎസ് ഡോളർ വിദേശനാണ്യ കൈമാറ്റം,  സാമ്പത്തിക ഇടപഴകലിന്റെ ആഴം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം നിലവിൽ 10 ബില്യൺ യുഎസ് ഡോളറിലധികമാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ചട്ടക്കൂടിന് കീഴിൽ ഇതിന് കൂടുതൽ വിപുലീകരണ സാധ്യതയുണ്ട്.

 

കഴിഞ്ഞ 6 മാസത്തിനിടെ, യുകെ-യുമായി കരാര്‍ ഒപ്പുവെച്ച ശേഷം ഒപ്പിടുന്ന രണ്ടാമത്തെ സ്വതന്ത്ര വ്യാപാര കരാറാണിത്. രാജ്യത്തിന്റെ തൊഴിലധിഷ്ഠിത താല്പര്യങ്ങളുമായി മത്സരിക്കാത്ത വികസിത സമ്പദ്‌വ്യവസ്ഥകളുമായി വ്യാപാര കരാറുകൾ ഒപ്പിടാനും ഇന്ത്യൻ വ്യാപാരികള്‍ക്ക് അവസരങ്ങൾ നൽകാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണിത്.

 

സമഗ്ര സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഒമാൻ ഇന്ത്യയ്ക്ക് അഭൂതപൂർവമായ നികുതി ഇളവുകൾ നല്‍കുന്നു.  ഒമാന്റെ 98.08% തീരുവ വിഭാഗങ്ങളിലും നികുതി രഹിത പ്രവേശനം ഒമാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് നടത്തുന്ന കയറ്റുമതിയുടെ 99.38 ശതമാനവും  ഇതിലുള്‍പ്പെടുന്നു.  രത്നങ്ങളും ആഭരണങ്ങളും, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, കായിക വിനോദ ഉല്പന്നങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ, കാർഷിക ഉല്പന്നങ്ങൾ, എന്‍ജിനീയറിങ് ഉല്പന്നങ്ങൾ, ഔഷധങ്ങള്‍, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ എന്നിവയുൾപ്പെടെ എല്ലാ പ്രധാന തൊഴിലധിഷ്ഠിത മേഖലകളിലും നികുതി പൂർണമായി ഒഴിവാക്കി. ഇതിൽ 97.96% തീരുവ വിഭാഗങ്ങളിലും ഉടനടി നികുതി ഒഴിവാക്കൽ വാഗ്ദാനം ചെയ്യുന്നു.  

 

ഇന്ത്യ അതിന്റെ ആകെ തീരുവ വിഭാഗങ്ങളുടെ  (12556) 77.79 ശതമാനത്തിൽ നികുതി ഉദാരവൽക്കരണം വാഗ്ദാനം ചെയ്യുന്നു.  ഒമാനിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മൂല്യത്തിന്റെ 94.81 ശതമാനം ഇതിലുള്‍പ്പെടുന്നു.  ഒമാന്  കയറ്റുമതി താല്പര്യമുള്ളതും  അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനവുമായ ഉല്പന്നങ്ങൾക്ക് തീരുവ-നിരക്ക് ക്വാട്ട  അടിസ്ഥാനമാക്കിയാണ്  പ്രധാനമായും  നികുതി ഉദാരവൽക്കരണം വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

പാൽ ഉല്പന്നങ്ങൾ, ചായ, കോഫി, റബർ, പുകയില ഉല്പന്നങ്ങൾ എന്നിവയുൾപ്പെടെ കാർഷിക ഉല്പന്നങ്ങൾ; സ്വർണം- വെള്ളി ബിസ്ക്കറ്റുകൾ, ആഭരണങ്ങൾ; പാദരക്ഷകൾ, കായിക വിനോദ ഉല്പന്നങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത ഉൽപ്പന്നങ്ങൾ;  വിവിധ ലോഹങ്ങളുടെ ആക്രി എന്നിവയെ സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്  ഇളവുകൾ നൽകാതെ ഒഴിവാക്കുന്ന വിഭാഗത്തിൽ  ഇന്ത്യ നിലനിർത്തിയിട്ടുണ്ട്.

 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രേരകശക്തിയായ സേവന മേഖലയ്ക്കും  വിപുലമായ ഗുണങ്ങൾ ലഭിക്കും. ഒമാന്റെ ആഗോള സേവന ഇറക്കുമതി 12.52 ബില്യൺ യുഎസ് ഡോളറാണ്. ഒമാന്റെ ആകെ ഇറക്കുമതിയിൽ ഇന്ത്യയുടെ സേവന കയറ്റുമതി വിഹിതം 5.31% മാത്രമാണെന്നത് ഇന്ത്യൻ സേവനദാതാക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന വലിയ സാധ്യതയെ സൂചിപ്പിക്കുന്നു. കമ്പ്യൂട്ടർ അനുബന്ധ സേവനങ്ങൾ, വ്യാപാര-പ്രൊഫഷണൽ സേവനങ്ങൾ, ദൃശ്യ-ശ്രാവ്യ സേവനങ്ങൾ, ഗവേഷണവും വികസനവും, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ തുടങ്ങി വിപുലമായ മേഖലകളിൽ ഒമാൻ കാര്യമായ വാഗ്ദാനങ്ങൾ കരാറിൽ നൽകിയിട്ടുണ്ട്. ഈ പ്രതിബദ്ധതകൾ ഇന്ത്യൻ സേവന ദാതാക്കൾക്ക് പുതിയ അവസരങ്ങൾ തുറക്കാനും മൂല്യമേറിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യപരമായ ഇടപെടലുകൾ വിപുലീകരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ തൊഴിൽപരമായ യാത്രകൾക്ക് മികച്ച സൗകര്യം നല്‍കുന്ന  ചട്ടക്കൂട് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ സുപ്രധാന സവിശേഷതയാണ്. ആദ്യമായി കമ്പനിയ്ക്കകത്തെ തസ്തിക മാറ്റം വഴി എത്തുന്നവരുടെ ക്വാട്ട 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയര്‍ത്തുന്നതടക്കം മോഡ് 4-ന് കീഴിൽ വിപുലമായ വാഗ്ദാനങ്ങളാണ് ഒമാൻ നൽകിയിരിക്കുന്നത്.  കരാർ അടിസ്ഥാനത്തിൽ സേവനം നൽകുന്നവർക്ക്  അനുവദനീയ താമസ കാലാവധി നിലവിലെ 90 ദിവസത്തിൽ നിന്ന് രണ്ട് വർഷമായി ഉയർത്തി. ഇത് രണ്ട് വർഷത്തേക്കുകൂടി നീട്ടാനും  സാധ്യതയുണ്ട്. അക്കൗണ്ടൻസി, നികുതി, ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ സേവനങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിലെ വിദഗ്ധരായ പ്രൊഫഷണലുകൾക്ക് കൂടുതൽ ഉദാരമായ പ്രവേശന-താമസ വ്യവസ്ഥകളും കരാർ നൽകുന്നു.

 

ഒമാനിലെ പ്രധാന സേവന മേഖലകളിൽ വാണിജ്യ സാന്നിധ്യത്തിലൂടെ ഇന്ത്യൻ കമ്പനികൾക്ക്  100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്  കരാര്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, ഒമാന്റെ വിഹിതാധിഷ്ഠിത സാമൂഹ്യ സുരക്ഷാ പദ്ധതി  നടപ്പാക്കിയാല്‍  സാമൂഹ്യസുരക്ഷാ ഏകോപനത്തെക്കുറിച്ച് ഭാവിയിൽ ചർച്ചകൾ നടത്താനും ഇരുപക്ഷവും സമ്മതിച്ചു. തൊഴില്‍പരമായ യാത്രകളും തൊഴിലാളി സംരക്ഷണവും സുഗമമാക്കുന്ന ദീർഘവീക്ഷണ സമീപനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഒമാൻ നൽകുന്ന പ്രതിബദ്ധത  കരാറിലെ ഒരു സുപ്രധാന ഘടകമാണ്. ആദ്യമായാണ് ഒരു രാജ്യം  എല്ലാ വിതരണ രീതികളിലും  ഇത്തരം സമഗ്ര പ്രതിബദ്ധത  നൽകുന്നത്.   ഇന്ത്യയുടെ ആയുഷ്, വെല്‍നെസ് മേഖലകൾക്ക് ഗൾഫ് നാടുകളിലെ  കരുത്ത് പ്രകടിപ്പിക്കാൻ ഇത് വലിയ അവസരമൊരുക്കും.

 

കൂടാതെ നികുതി ഇളവുകളുണ്ടെങ്കിലും വിപണി പ്രവേശം പരിമിതപ്പെടുത്തുന്ന താരിഫ്-ഇതര തടസങ്ങളെയും കരാറിലെ വ്യവസ്ഥകൾ അഭിസംബോധന ചെയ്യുന്നു.

 

2006-ൽ അമേരിക്കയുമായി ഒപ്പുവെച്ച കരാറിന് ശേഷം മറ്റൊരു രാജ്യവുമായി ഒമാൻ ഒപ്പിടുന്ന ആദ്യ ഉഭയകക്ഷി കരാറാണിത്.

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണ മാർഗനിർദേശങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ഇപ്രകാരം പറഞ്ഞു: “ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ത്യയ്ക്ക് ഒമാനുമായുള്ള ചരിത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുകയും ഇന്ത്യൻ കയറ്റുമതിക്കാർക്കും പ്രൊഫഷണലുകൾക്കും ഗണ്യമായി അവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്ന സന്തുലിത സാമ്പത്തിക ചട്ടക്കൂടിനെ സൂചിപ്പിക്കുന്നു.   ഒമാൻ വിപണിയിൽ ഇന്ത്യൻ ചരക്കുകൾക്ക് ഏതാണ്ട് സാർവത്രിക നികുതിരഹിത പ്രവേശം നൽകുന്ന കരാര്‍ സേവന മേഖലയിലെ അവസരങ്ങൾ വിപുലീകരിക്കുകയും പ്രൊഫഷണലുകൾക്ക് തൊഴില്‍പരമായി കൂടുതൽ യാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നു. കർഷകർക്കും കരകൗശല വിദഗ്ധർക്കും തൊഴിലാളികൾക്കും എംഎസ്എംഇകൾക്കും  പ്രയോജനപ്പെടുന്ന സമഗ്ര വളർച്ചയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത  കരാർ ശക്തിപ്പെടുത്തുന്നു.”

 

ഉഭയകക്ഷി വ്യാപാരം ഗണ്യമായി വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി വിപുലീകരിക്കാനും വിതരണ ശൃംഖലകള്‍  ശക്തിപ്പെടുത്താനും ഇന്ത്യയും ഒമാനും തമ്മിലെ ദീർഘകാല സാമ്പത്തിക ഇടപെടലുകൾക്ക് പുതുവഴികൾ തുറക്കാനും കരാര്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

****


(रिलीज़ आईडी: 2206288) आगंतुक पटल : 18
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati