പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയും ജോർദാനിലെ ആദരണീയനായ അബ്ദുള്ള രണ്ടാമൻ രാജാവും ഇന്ത്യ-ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 16 DEC 2025 1:19PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ആദരണീയനായ  അബ്ദുള്ള രണ്ടാമൻ രാജാവും  ഇന്ന് അമ്മാനിൽ നടന്ന ഇന്ത്യ- ജോർദാൻ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. ജോർദാൻ രാജകുമാരൻ  ഹുസൈനും ജോർദാൻ വ്യാപാര വ്യവസായ മന്ത്രിയും നിക്ഷേപ മന്ത്രിയും ഫോറത്തിൽ പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്-ടു-ബിസിനസ് ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാജാവും പ്രധാനമന്ത്രിയും അംഗീകരിക്കുകയും, സാധ്യതകളെയും അവസരങ്ങളെയും വളർച്ചയിലേക്കും സമൃദ്ധിയിലേക്കും മാറ്റാൻ ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ജോർദാന്റെ സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യയുടെ സാമ്പത്തിക ശക്തിയും സംയോജിപ്പിച്ച് ദക്ഷിണേഷ്യയ്ക്കും പശ്ചിമേഷ്യയ്ക്കും ഇടയിൽ   ഒരു സാമ്പത്തിക ഇടനാഴി സൃഷ്ടിക്കാൻ കഴിയുമെന്ന് രാജാവ് അഭിപ്രായപ്പെട്ടു.


ജോർദാനും  ഇന്ത്യയും തങ്ങളുടെ നാഗരിക ബന്ധങ്ങളുടെ ശക്തമായ അടിത്തറയിൽ കെട്ടിപ്പടുത്ത ഊർജ്ജസ്വലമായ ഒരു സമകാലിക പങ്കാളിത്തം പങ്കിടുന്നുവെന്ന് ഫോറത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിസിനസും വളർച്ചയും പുരോഗതിയിലേക്ക് കുതിക്കുന്ന തരത്തിൽ  വിപണികളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി ജോർദാനെ മാറ്റിയ  രാജാവിന്റെ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ ജോർദാനുമായുള്ള ഉഭയകക്ഷി വ്യാപാരം 5 ബില്യൺ യുഎസ് ഡോളറായി ഇരട്ടിയാക്കുന്നതിനുള്ള നിർദ്ദേശം പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ പോകുന്ന ഇന്ത്യയുടെ വിജയത്തെ എടുത്തുകാണിച്ചുകൊണ്ട്, ജോർദാനും,  ലോകമെമ്പാടുമുള്ള  മറ്റ് പങ്കാളികൾക്കും  ഇന്ത്യ ധാരാളം ബിസിനസ്സ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1.4 ബില്യൺ ഉപഭോക്തൃ വിപണി, ശക്തമായ ഉല്പാദന അടിത്തറ, സ്ഥിരതയുള്ളതും സുതാര്യവും പ്രവചനാത്മകവുമായ നയ അന്തരീക്ഷം എന്നിവയുടെ നേട്ടങ്ങൾ ഇന്ത്യയുമായി പങ്കാളിത്തത്തിലേർപ്പെട്ട്  സ്വന്തമാക്കാൻ  അദ്ദേഹം ജോർദാനിയൻ കമ്പനികളെ ക്ഷണിച്ചു. ലോകത്തിനാകെയുള്ള  വിശ്വസനീയ വിതരണ ശൃംഖല പങ്കാളികളായി തീരുന്നതിന്  ഇരു രാജ്യങ്ങൾക്കും കൈകോർക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 8% ത്തിലധികം വളർച്ചയെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഉൽ‌പാദനക്ഷമതയെ അടിസ്ഥാനമാക്കിയുള്ള ഭരണനിർവ്വഹണത്തിന്റെയും നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള നയങ്ങളുടെയും ഫലമാണിതെന്ന് അദ്ദേഹം അടിവരയിട്ടു.

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ഐടി, ഫിൻടെക്, ഹെൽത്ത്-ടെക്, അഗ്രി-ടെക് എന്നീ മേഖലകളിൽ ഇന്ത്യ-ജോർദാൻ ബിസിനസ് സഹകരണത്തിനുള്ള അവസരങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളെ ഈ മേഖലകളിൽ കൈകോർക്കാൻ  അദ്ദേഹം ക്ഷണിച്ചു. ഫാർമ, മെഡിക്കൽ ഉപകരണ മേഖലകളിലെ  ഇന്ത്യയുടെ ശക്തിയും ജോർദാന്റെ ഭൂമിശാസ്ത്രപരമായ നേട്ടവും പരസ്പരം പൂരകമാകുമെന്നും,അങ്ങനെ  പശ്ചിമേഷ്യയ്ക്കും ആഫ്രിക്കയ്ക്കും ഈ മേഖലകളിലുള്ള വിശ്വസനീയ കേന്ദ്രമെന്ന നിലയിൽ അത്  ജോർദാനെ  മാറ്റുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷി, കോൾഡ് ചെയിൻ, ഫുഡ് പാർക്കുകൾ, വളങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ഓട്ടോമൊബൈൽ, ഗ്രീൻ മൊബിലിറ്റി, പൈതൃകം, സാംസ്കാരിക ടൂറിസം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങൾക്കുമുള്ള ബിസിനസ് അവസരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ഹരിത സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, പുനരുപയോഗ ഊർജ്ജം, ഹരിത ധനസഹായം, ഡീ-സലൈനേഷൻ, ജല പുനരുപയോഗം എന്നീ മേഖലകളിൽ ഇന്ത്യ-ജോർദാൻ ബിസിനസ് സഹകരണം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, ഫാർമ, വളം, കൃഷി, പുനരുപയോഗ ഊർജ്ജം, തുണിത്തരങ്ങൾ, ലോജിസ്റ്റിക്സ്, ഓട്ടോമൊബൈൽ, ഊർജ്ജം, പ്രതിരോധം, ഉല്പാദനം എന്നീ മേഖലകളിലെ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള  ബിസിനസ് നേതാക്കളുടെ പങ്കാളിത്തത്തിന് ഫോറം സാക്ഷ്യം വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിൽ  ധാരണാപത്രമുള്ള ഫിക്കിയുടെയും ജോർദാൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെയും പ്രതിനിധികളും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

*** 

NK


(रिलीज़ आईडी: 2204757) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Bengali-TR , Punjabi , Gujarati , Odia , Tamil , Telugu , Kannada