രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിൽ, ദേശീയ ഊർജ്ജ സംരക്ഷണ പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി സമ്മാനിച്ചു

प्रविष्टि तिथि: 14 DEC 2025 2:32PM by PIB Thiruvananthpuram

ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇന്ന് (ഡിസംബർ 14, 2025) ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ 2025 ലെ ദേശീയ ഊർജ്ജ സംരക്ഷണ പുരസ്‌കാരങ്ങളും ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ദേശീയ പെയിന്റിംഗ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വിതരണം ചെയ്തു.

 

 

ഊർജ്ജ സംരക്ഷണമാണ് ഏറ്റവും പരിസ്ഥിതി സൗഹാർദ്ദവും വിശ്വസനീയവുമായ ഊർജ്ജ സ്രോതസ്സെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ഊർജ്ജ സംരക്ഷണം കേവലമൊരു സാധ്യത മാത്രമല്ല, ഇന്നത്തെ ഏറ്റവും നിർണായകമായ ആവശ്യമാണ്. ഊർജ്ജ സംരക്ഷണം എന്നാൽ കുറച്ച് ഉപയോഗിക്കുക മാത്രമല്ല, മറിച്ച്  വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയും കാര്യക്ഷമമായും ഊർജ്ജം ഉപയോഗിക്കുക എന്നതാണെന്ന് രാഷ്ട്രപതി എടുത്ത് പറഞ്ഞു. വൈദ്യുത ഉപകരണങ്ങളുടെ അനാവശ്യമായ ഉപയോഗം ഒഴിവാക്കുകയും, ഊർജ്ജ-കാര്യക്ഷമമായ ഉപകരണങ്ങൾ ഉപയോഗിക്കുകയും, നമ്മുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും പ്രകൃതിദത്ത വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുകയും, സൗരോർജ്ജ, പുനരുപയോഗ ഊർജ്ജ സാദ്ധ്യതകൾ സ്വീകരിക്കുകയും ചെയ്യുമ്പോൾ നാം ഊർജ്ജം ലാഭിക്കുക മാത്രമല്ല, കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യുന്നതായി രാഷ്‌ട്രപതി പറഞ്ഞു. ശുദ്ധവായുവും സുരക്ഷിതമായ ജലസ്രോതസ്സുകളും സന്തുലിതമായ ഒരു ആവാസവ്യവസ്ഥയും നിലനിർത്തുന്നതിന് ഊർജ്ജ സംരക്ഷണം പ്രധാനമാണ്. നാം ലാഭിക്കുന്ന ഓരോ യൂണിറ്റ് വൈദ്യുതിയും പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെയും ഭാവി തലമുറകളോടുള്ള നമ്മുടെ ചുമതലയുടെയും പ്രതീകമാണെന്നും ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു.

 

 

യുവാക്കളും കുട്ടികളും ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരാകുകയും ഈ ദിശയിൽ പരിശ്രമിക്കുകയും ചെയ്താൽ, ഈ മേഖലയിലെ ലക്ഷ്യങ്ങൾ കൈവരിക്കാനും രാജ്യത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കാനും കഴിയുമെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

 

താങ്ങാനാവുന്ന ചെലവിൽ ശുദ്ധമായ ഊർജ്ജം ലഭ്യമാക്കുന്നത് സമൂഹങ്ങളെ ശാക്തീകരിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും പുതിയ വളർച്ചാ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാൽ, ഹരിത ഊർജമെന്നത് വൈദ്യുതി ഉൽപാദനത്തിൽ മാത്രം ഒതുങ്ങുന്നില്ല; അത് ശാക്തീകരണത്തിനും സമഗ്ര വികസനത്തിനുമുള്ള ശക്തമായ മാർഗമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.

 

 

പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന, ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം തുടങ്ങിയ സംരംഭങ്ങൾ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നതിൽ കുറവ് വരുത്തിയതായി രാഷ്ട്രപതി പറഞ്ഞു. പുനരുപയോഗ ഉപഭോഗ ബാധ്യതയും ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികളും വഴി പുനരുപയോഗ ഊർജം സ്വീകരിക്കലും ഊർജ്ജ കാര്യക്ഷമതയും ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു. 2023-24 ലെ ഇന്ത്യയുടെ ഊർജ്ജ കാര്യക്ഷമതാ ശ്രമങ്ങൾ 53.60 ദശലക്ഷം ടൺ എണ്ണയ്ക്ക് തുല്യമായ ഊർജ്ജ ലാഭത്തിന് കാരണമായതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഈ ശ്രമങ്ങൾ ഓരോ വർഷവും ഗണ്യമായ സാമ്പത്തിക ലാഭത്തിലേക്ക് നയിക്കുന്നുണ്ടെന്നും കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമനം ഗണ്യമായി കുറയ്ക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

 

ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിന്റെ വിജയത്തിന് എല്ലാ മേഖലകളുടെയും പൗരന്മാരുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ മേഖലകളിലേക്കും ഊർജ്ജ കാര്യക്ഷമത കൊണ്ടുവരുന്നതിന് ശീലങ്ങളിലെ മാറ്റം നിർണായകമാണ്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു സന്തുലിത ജീവിതശൈലി സ്വീകരിക്കുക എന്നത് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യവുമായി ഇഴുകി ചേർന്നിരിക്കുന്നു. ഇത് തന്നെയാണ് "പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി - ലൈഫ്" എന്ന ലോകത്തോടുള്ള നമ്മുടെ സന്ദേശത്തിന്റെ അടിസ്ഥാനം. ഊർജ്ജ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പങ്കാളികളെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. അവരുടെ സംഭാവന വരും തലമുറകൾക്ക് ആരോഗ്യകരവും ശോഭനവുമായ ഭാവി ഉറപ്പാക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. കൂട്ടായ ഉത്തരവാദിത്വo, പൊതുജന പങ്കാളിത്തം എന്നിവയുടെ മനോഭാവത്തോടെ, ഊർജ്ജ സംരക്ഷണത്തിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കുകയും ഹരിത ഭാവിയിലേക്കുള്ള ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുമെന്ന് ശ്രീമതി മുർമു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

****


(रिलीज़ आईडी: 2203757) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil , Telugu