വാണിജ്യ വ്യവസായ മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം 2025: വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്
प्रविष्टि तिथि:
10 DEC 2025 11:03AM by PIB Thiruvananthpuram
ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതികള്‍
'ആത്മനിര്‍ഭരത' കൈവരിക്കുകയെന്ന ഇന്ത്യയുടെ ദര്‍ശനം കണക്കിലെടുത്ത്, ഇന്ത്യയുടെ ഉത്പാദന ശേഷിയും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുന്നതിനായി, 14 പ്രധാന മേഖലകളെ ഉള്‍പ്പെടുത്തി, 1.97 ലക്ഷം കോടി രൂപയുടെ ഉത്പാദനബന്ധിത പ്രോത്സാഹന (PLI) പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
2025 ജൂണ്‍ വരെയുള്ള കാലയളവില്‍, 14 മേഖലകളിലായി 1.88 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം യാഥാര്‍ത്ഥ്യമായി. ഇത് 17 ലക്ഷം കോടിയിലധികം രൂപയുടെ ഉത്പാദന /വിപണന വര്‍ദ്ധനവിനും 12.3 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമായി (പ്രത്യക്ഷമായും പരോക്ഷമായും).
ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതികള്‍ മുഖേന കയറ്റുമതി 7.5 ലക്ഷം കോടി രൂപ കവിഞ്ഞു, ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം & നെറ്റ്‌വര്‍ക്കിംഗ് ഉത്പന്നങ്ങള്‍, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകള്‍ ഗണ്യമായ സംഭാവന നല്‍കി.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം
2016 ല്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകി. ഇതുവരെ, ആകെ 2,01,335 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തുടനീളം 21 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
നാരി ശക്തിയുടെ പിന്തുണയോടെയുള്ള, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ഭൂമികയുടെ പരിവര്‍ത്തനത്തില്‍ വനിതാ സംരംഭകരുടെ ഗണ്യമായ സംഭാവനയുണ്ട്. ഇന്ത്യയിലെ 48% ത്തിലധികം അംഗീകൃത സ്റ്റാര്‍ട്ടപ്പുകളില്‍ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉള്ളത് ഈ വളര്‍ച്ചയ്ക്ക് തെളിവാണ്.
ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ONDC)
ഇന്ത്യയിലെ ഇ–കൊമേഴ്‌സിനെ ജനാധിപത്യവത്കരിക്കുകയെന്നതാണ് ONDC യുടെ മുഖ്യ ലക്ഷ്യം. ONDC യിലൂടെ, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ പ്രാപ്യമാകുന്നതും ഇ-കൊമേഴ്‌സ് ആവാസവ്യവസ്ഥയിലെ എല്ലാ പങ്കാളികള്‍ക്കും നൂതനാശയ സാധ്യതകള്‍ തുറക്കുകയും മൂല്യ ശൃംഖലയിലെ എല്ലാ ഓഹരിയുടമകള്‍ക്കും ഗുണകരമായ പ്രയോജനങ്ങള്‍ ലഭിക്കുകയും ചെയ്യുന്ന മേഖലയായി ഡിജിറ്റല്‍ കൊമേഴ്‌സ് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
2025 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ONDC 326 ദശലക്ഷത്തിലധികം ഇടപാടുകള്‍ കൈകാര്യം ചെയ്തു. കൂടാതെ, 2025 ഒക്ടോബര്‍ മാസത്തില്‍ 18.2 ദശലക്ഷം ഇടപാടുകള്‍ കൈകാര്യം ചെയ്തു, ശരാശരി ദൈനംദിന ഇടപാടുകള്‍ ഏകദേശം 5,90,000 ലധികം ആയി ഉയര്‍ന്നു.
ഒരു ജില്ല ഒരു ഉത്പന്നം (ODOP)
രാജ്യത്തെ ഓരോ ജില്ലയില്‍ നിന്നും ഒരു ഉത്പന്നം (ഒരു ജില്ല ഒരു ഉത്പന്നം / One District – One Product) തിരഞ്ഞെടുത്ത്, ബ്രാന്‍ഡ് ചെയ്ത്, പ്രോത്സാഹനമേകി, എല്ലാ ജില്ലകളിലും സന്തുലിതമായ പ്രാദേശിക വികസനം സാധ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 775 ജില്ലകളിലായി 1240ലധികം ഉത്പന്നങ്ങളെ ഈ പദ്ധതിയ്ക്കായി തിരഞ്ഞെടുത്തിട്ടുണ്ട്.
ODOP ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും യൂണിറ്റി മാളുകള്‍ സ്ഥാപിക്കുന്നതിനായി പിഎം ഏകതാ മാളുകള്‍ മുഖേന സംസ്ഥാനങ്ങള്‍ക്ക് മൂലധന സഹായം നല്‍കി വരുന്നു. പിഎം ഏകതാ മാളിനായുള്ള ഡിപിആര്‍ അംഗീകരിച്ച 27 സംസ്ഥാനങ്ങളില്‍ 25 സംസ്ഥാനങ്ങള്‍ വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുകയും മിക്ക സംസ്ഥാനങ്ങളിലും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
ബിസിനസ് സുഗമമാക്കുന്നതിനുള്ള നടപടികള്‍
രാജ്യത്തുടനീളം ബിസിനസ് സുഗമമാക്കുന്നതിനുള്ള നടപടികള്‍ (EoDB) പ്രോത്സാഹിപ്പിക്കുന്നതിനായി, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) ഒട്ടേറെ സുപ്രധാന പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ബിസിനസ് പരിഷ്‌കരണ കര്‍മ്മ പദ്ധതി (BRAP), ബി-റെഡി അസസ്‌മെന്റ്, ജന്‍ വിശ്വാസ് നിയമം, റെഡ്യൂസിംഗ് കംപ്ലയന്‍സ് ബര്‍ഡന്‍ (RCB) ചട്ടക്കൂട് എന്നിവ അവയില്‍ ഉള്‍പ്പെടുന്നു.
ഇതുവരെ, BRAP യുടെ ഏഴ് പതിപ്പുകള്‍ (2015, 2016, 2017–18, 2019, 2020, 2022, 2024) വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. അത് പ്രകാരം സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളെ വിലയിരുത്തിയിട്ടുണ്ട്. ഏഴാം പതിപ്പിന്റെ (BRAP 2024) ഫലങ്ങള്‍ ഇതിനോടകം പുറത്തിറക്കി. എട്ടാം പതിപ്പായ BRAP 2026, 2025 നവംബര്‍ 11 ന് ഔദ്യോഗികമായി പുറത്തിറക്കി.
കൂടാതെ, സംസ്ഥാന ഏകജാലക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സുതാര്യത, കാര്യക്ഷമത, ഉപയോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി സമഗ്ര അവലോകനം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, എട്ട് അവശ്യ സവിശേഷതകളും അഞ്ച് അഭികാമ്യ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശ പത്രിക പുറത്തിറക്കി. സംസ്ഥാനങ്ങളിലുടനീളം കൂടുതല്‍ പ്രതികരണശേഷിയുള്ളതും നിക്ഷേപക സൗഹൃദപരവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സംരംഭം.
കഴിഞ്ഞ വര്‍ഷം ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് അനുസൃതമായി, ജില്ലാ ബിസിനസ് പരിഷ്‌കരണ കര്‍മ്മ പദ്ധതി (D-BRAP) ആരംഭിച്ചു. ഈ പരിവര്‍ത്തനാത്മക സംരംഭം ജില്ലാതലത്തില്‍ ബിസിനസ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളെ സജ്ജമാക്കുന്നു. വ്യാവസായിക ക്ലസ്റ്ററുകളിലും പ്രാദേശിക സംരംഭ ആവാസവ്യവസ്ഥകളിലും സമയബന്ധിതമായും കാര്യക്ഷമമായും അംഗീകാരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നു.
റെഡ്യൂസിംഗ് കംപ്ലയന്‍സ് ബര്‍ഡന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, റഗുലേറ്ററി കംപ്ലയന്‍സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത ഡാറ്റയുടെ അടിസ്ഥാനത്തില്‍, കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ബുദ്ധിമുട്ടേറിയ അനുവര്‍ത്തന നടപടികള്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തി. തദ്ഫലമായി, 2025 നവംബര്‍ വരെ 47,000ത്തിലധികം അനുവര്‍ത്തന നടപടികള്‍ ലഘൂകരിച്ചു. ഇവയില്‍ 16,108 എണ്ണം ലളിതമാക്കിയതും, 22,287 എണ്ണം ഡിജിറ്റൈസ് ചെയ്തതും, 4,458 എണ്ണം ക്രിമിനല്‍ കുറ്റമല്ലാതാക്കിയതും, 4,270 ആവര്‍ത്തന അനുവര്‍ത്തന നടപടികള്‍ നീക്കം ചെയ്തതുമാണ്.
കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ജന്‍ വിശ്വാസ് (നിയമവ്യവസ്ഥകളിലെ ഭേദഗതി) നിയമം 2023, 42 നിയമങ്ങളിലായി 183 വ്യവസ്ഥകളെ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കി. ഈ ഉദ്യമങ്ങള്‍ക്ക് പുറമേ, EoDB പ്രോത്സാഹിപ്പിക്കുന്നതിനായി, 355 വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ജന്‍ വിശ്വാസ് (നിയമവ്യവസ്ഥകളിലെ ഭേദഗതി) ബില്‍ 2025 ല്‍ 288 വ്യവസ്ഥകള്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനും 67 എണ്ണം ജീവിതം സുഗമമാക്കുന്നതിനുള്ള ഭേദഗതികള്‍ നിര്‍ദേശിക്കുന്നവയാണ്. 2025 ഓഗസ്റ്റ് 18ന് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകരിച്ച ബില്‍, ബഹുമാനപ്പെട്ട സ്പീക്കര്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടു. അടുത്ത സമ്മേളനത്തിന്റെ ആദ്യ ദിനം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കൂടാതെ, വിശാലമായ EoDB പരിഷ്‌കരണ അജണ്ടയുടെ ഭാഗമായി, കേന്ദ്രീകൃത KYCയും ഘടനാപരമായ റെഗുലേറ്ററി ഇംപാക്ട് അസസ്‌മെന്റ് ചട്ടക്കൂടും നടപ്പിലാക്കുന്നതിലേക്കുള്ള പാതയില്‍ സര്‍ക്കാര്‍ മുന്നേറുകയാണ്, തദ്വാരാ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും ആഭ്യന്തര ഉത്പാദനത്തിനും പ്രോത്സാഹനമേകുന്നു.
ദേശീയ ഏകജാലക സംവിധാനം:
2025 നവംബറില്‍ (2025 നവംബര്‍ 20 വരെ), ആകെ ലഭിച്ച 26,504 അപേക്ഷകളില്‍ 11,568 അംഗീകാരങ്ങള്‍ ദേശീയ ഏകജാലക സംവിധാനം (NSWS) മുഖേന അനുവദിച്ചു. 2025 നവംബര്‍ 20 വരെ, NSWS മുഖേന 1175435 അംഗീകാരങ്ങള്‍ക്ക് അപേക്ഷിക്കുകയും 829750 അംഗീകാരങ്ങള്‍ നല്‍കുകയും ചെയ്തു.
ലോജിസ്റ്റിക്‌സ്:
പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍ (NMP)
ബഹുമാതൃകാ (Multi-modal) കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റര്‍ പ്ലാന്‍ (NMP) ആണ് 2021 ഒക്ടോബറില്‍ ആരംഭിച്ച പിഎം ഗതിശക്തി (PMGS). വിവരങ്ങള്‍ പങ്കുവെക്കാതെയുള്ള ഏകപക്ഷീയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ആവര്‍ത്തനം ഒഴിവാക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങളിലുടനീളം (റോഡുകള്‍, റെയില്‍വേ, തുറമുഖങ്ങള്‍, വ്യോമയാനം, ഉള്‍നാടന്‍ ജലപാതകള്‍, ഊര്‍ജ്ജം മുതലായവ) അടിസ്ഥാന സൗകര്യ ആസൂത്രണം ഇത് സംയോജിപ്പിക്കുന്നു.
57 മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ PMGS ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ ഡാറ്റ ലെയറുകള്‍ NMP യില്‍ സമന്വയിപ്പിക്കുന്നു. അതത് മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി മന്ത്രാലയങ്ങള്‍/വകുപ്പുകള്‍ NMP ഉപയോഗിക്കുന്നു. കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെയും 1700 ഡാറ്റ ലെയറുകള്‍ (731 മന്ത്രാലയ ഡാറ്റ ലെയറുകളും 969 സംസ്ഥാന ഡാറ്റ ലെയറുകളും) ജിഐഎസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള PMGS NMP പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
പിഎം ഗതിശക്തി NMP പ്ലാറ്റ്‌ഫോം ഇപ്പോള്‍ സ്വകാര്യ മേഖലയ്ക്കായും തുറന്ന് നല്‍കിയിരിക്കുന്നു. നാഷണല്‍ ജിയോസ്‌പേഷ്യല്‍ ഡാറ്റ രജിസ്ട്രി (NGDR) ഒരു മധ്യവര്‍ത്തി പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്ന ക്വറി ബേസ്ഡ് അനലിറ്റിക്‌സ് സംവിധാനമായ ബിസാഗ് എന്‍, ഏകീകൃത ജിയോസ്‌പേഷ്യല്‍ ഇന്റര്‍ഫേസ് (UGI) ഉപയോഗിച്ച് സ്വകാര്യ ഉപയോക്താക്കള്‍ക്കായി വികസിപ്പിച്ചിട്ടുണ്ട്. ഇത് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഡെവലപ്പര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, പ്രോജക്ട് പ്ലാനര്‍മാര്‍, അക്കാദമിക വിദഗ്ദ്ധര്‍/ഗവേഷകര്‍ എന്നിവര്‍ക്കായി പ്രവര്‍ത്തനക്ഷമമായ ദര്‍ശനങ്ങളും വിശദമായ അവലോകനങ്ങളും ലഭ്യമാക്കും
26 സംസ്ഥാനങ്ങളിലെ 28 അഭിലാഷയുക്ത ജില്ലകളില്‍ ആരംഭിച്ച പിഎം ഗതിശക്തി ഡിസ്ട്രിക്റ്റ് മാസ്റ്റര്‍ പ്ലാന്‍ ഇപ്പോള്‍ 112 അഭിലാഷയുക്ത ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും സാമ്പത്തിക, സാമൂഹിക അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള ജിയോസ്‌പേഷ്യല്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ മുഖേന ഈ ജില്ലകളെ പോര്‍ട്ടല്‍ പിന്തുണയ്ക്കും.
ദേശീയ ലോജിസ്റ്റിക്‌സ് നയം (NLP)
ചെലവ് കുറഞ്ഞ ലോജിസ്റ്റിക്‌സ് ശൃംഖലയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും ബിസിനസ് മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനായാണ് 2022 സെപ്റ്റംബര്‍ 17ന് ദേശീയ ലോജിസ്റ്റിക്‌സ് നയം (NLP) ആരംഭിച്ചത്.
ലോജിസ്റ്റിക്‌സ് മേഖലയിലെ മേഖലാനിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും രാജ്യത്തെ ബള്‍ക്ക്, ബ്രേക്ക്ബള്‍ക്ക് കാര്‍ഗോ എന്നിവയുടെ നീക്കം കാര്യക്ഷമമാക്കുന്നതിനുമായി, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ സെക്ടറല്‍ പ്ലാന്‍സ് ഫോര്‍ എഫിഷ്യന്റ് ലോജിസ്റ്റിക്‌സ് (SPEL) വികസിപ്പിച്ചെടുക്കുന്നു. കല്‍ക്കരി മേഖലയ്ക്കുള്ള സെക്ടറല്‍ പ്ലാനുകള്‍ ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുണ്ട്. സിമന്റ് മേഖലയ്ക്കുള്ള SPEL അംഗീകരിച്ചു, ഉരുക്ക്, ഔഷധം, വളം, ഭക്ഷ്യ സംസ്‌കരണം, ഭക്ഷ്യപൊതുവിതരണം എന്നിവയ്ക്കുള്ള SPEL അംഗീകാരത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
നമ്മുടെ രാജ്യത്തെ 'ലോജിസ്റ്റിക്‌സ്' മേഖലയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുന്നതിനായി സംസ്ഥാനതല പൊതു നയങ്ങളില്‍ സമഗ്രമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനായി, സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും (States/UTs) ദേശീയ ലോജിസ്റ്റിക്‌സ് നയത്തിന് (NLP) അനുപൂരകമാം വിധം സുസ്ഥിരമായ സംസ്ഥാന ലോജിസ്റ്റിക്‌സ് പദ്ധതികള്‍ (State Logistics Plans – SLPs) തയ്യാറാക്കുന്നു. ഇതുവരെ 27 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സംസ്ഥാനതല ലോജിസ്റ്റിക്‌സ് നയങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്.
യൂണിഫൈഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോം (ULIP)
മന്ത്രാലയങ്ങള്‍ക്കിടയിലെ ഡാറ്റാ വേര്‍തിരിവുകള്‍ ഇല്ലാതാക്കി, ലോജിസ്റ്റിക്‌സ് ആവാസവ്യവസ്ഥയിലെ വിവിധ പങ്കാളികള്‍ തമ്മിലുള്ള തടസ്സരഹിത ഡാറ്റാ വിനിമയം സാധ്യമാക്കുന്ന ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്ലാറ്റ്‌ഫോമാണ് ദേശീയ ലോജിസ്റ്റിക്‌സ് നയത്തിന്റെ ഭാഗമായി വികസിപ്പിച്ച യൂണിഫൈഡ് ലോജിസ്റ്റിക്‌സ് ഇന്റര്‍ഫേസ് പ്ലാറ്റ്‌ഫോം (ULIP).
നിലവില്‍, 2000+ ഡാറ്റാ ഫീല്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന 136 API-കള്‍ മുഖേന 11 മന്ത്രാലയങ്ങളുടെ 44 സിസ്റ്റങ്ങളുമായി ULIP സംയോജിപ്പിച്ചിരിക്കുന്നു. 1700ത്തിലധികം കമ്പനികള്‍ www.goulip.in
എന്ന ULIP പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയുടെ സഹകരണത്തോടെ 200ലധികം ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചു. വ്യവസായ പങ്കാളികള്‍ തമ്മില്‍ 200 കോടിയിലധികം API ഇടപാടുകള്‍ക്ക് ഇത് കാരണമായി. കൂടാതെ, 20ലധികം സംസ്ഥാനങ്ങളില്‍ പൊതു വിതരണ സംവിധാനം കാര്യക്ഷമമാക്കാന്‍ ULIP APIകള്‍ വ്യാപകമായി ഉപയോഗിക്കുന്നു.
ലോജിസ്റ്റിക് ഡാറ്റ ബാങ്ക് (LDB)
ലോജിസ്റ്റിക് ഡാറ്റ ബാങ്ക് (LDB) സംവിധാനം, ഇന്ത്യയിലുടനീളമുള്ള EXIM കണ്ടെയ്‌നര്‍ ഗതാഗതം 100% കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി, ഷിപ്പിംഗ് കണ്ടെയ്‌നര്‍ നമ്പറുകള്‍ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏകജാലക ലോജിസ്റ്റിക്‌സ് വിഷ്വലൈസേഷന്‍ പരിഹാരം ആണ്. നിലവില്‍, ചരക്ക് പ്രവര്‍ത്തന വിവര സംവിധാനം (FOIS) മുഖേന, LDB 18 തുറമുഖങ്ങള്‍ (31 ടെര്‍മിനലുകള്‍), 5800 റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.
ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതി
ആഗോള ഉത്പാദനവും നിക്ഷേപവും സാധ്യമായ പ്രധാന ലക്ഷ്യസ്ഥാനങ്ങളുമായി മത്സരിക്കുവാന്‍ ശേഷിയുള്ള ഭാവി വ്യവസായ നഗരങ്ങളുടെ കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്‍നിര സംരംഭമാണ് NICDC. ഈ സംരംഭം തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും, രാജ്യത്തിന്റെ സമഗ്ര സാമൂഹ്യസാമ്പത്തിക പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ബഹുമാതൃകാ കണക്റ്റിവിറ്റിയും പ്രതിരോധ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങളും , ഒപ്പം 'പ്ലഗ് ആന്‍ഡ് പ്ലേ' സൗകര്യങ്ങളോട് കൂടിയ സുസ്ഥിര വ്യവസായ വികസന മാതൃകയും ഉറപ്പാക്കുന്നതിലാണ് പദ്ധതിയുടെ മുഖ്യ ശ്രദ്ധ. നിലവില്‍, ദേശീയ വ്യാവസായിക ഇടനാഴി വികസന പദ്ധതി (NICDP) പ്രകാരം 13 സംസ്ഥാനങ്ങളിലെ 7 വ്യവസായ ഇടനാഴികളിലായി വ്യാപിച്ചിരിക്കുന്ന 20 പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ കൃഷ്ണപട്ടണം ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ (KRIS സിറ്റി) ശിലാസ്ഥാപനം 2025 ജനുവരി 08 ന് ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു.
NICDP യുടെ കീഴില്‍ വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തിക്കൊണ്ട് 2025 ഒക്ടോബര്‍ 16 ന് ആദരണീയ പ്രധാനമന്ത്രി കൊപ്പര്‍ത്തി ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കും ഓര്‍വക്കല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കും തറക്കല്ലിട്ടു.
പൂര്‍ത്തിയായ നാല് ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ നോഡ് പദ്ധതികളിലായി (ധോലേര, ഷെന്ദ്ര ബിഡ്കിന്‍, ഗ്രേറ്റര്‍ നോയിഡ, വിക്രം ഉദ്യോഗ്പുരി) 2025 ഒക്ടോബര്‍ വരെ ആകെ 430 പ്ലോട്ടുകള്‍ (4,552 ഏക്കര്‍) അനുവദിച്ചിട്ടുണ്ട്.
വ്യാവസായിക മേഖലയുടെ പ്രകടനം
വ്യാവസായിക ഉത്പാദന സൂചിക (IIP) പ്രകാരം വ്യാവസായിക ഉത്പാദനം 2025-26 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 3.0% വര്‍ദ്ധിച്ചു. ഇത്, രാജ്യത്തിന്റെ വ്യാവസായിക മേഖലയുടെ സ്ഥിരതയാര്‍ന്നതും വിപുലവുമായ വളര്‍ച്ചയ്ക്ക് തെളിവാണ്.
എട്ട് മുഖ്യ വ്യവസായങ്ങളുമായി ബന്ധപ്പെട്ട വളര്‍ച്ചാസൂചന
സിമന്റ്, കല്‍ക്കരി, അസംസ്‌കൃത എണ്ണ, വൈദ്യുതി, വളങ്ങള്‍, പ്രകൃതിവാതകം, പെട്രോളിയം റിഫൈനറി ഉത്പന്നങ്ങള്‍, ഉരുക്ക് തുടങ്ങി എട്ട് പ്രമുഖ വ്യവസായങ്ങളുടെ സൂചിക (Index of Eight Core Industries – ICI) എട്ട് പ്രമുഖ വ്യവസായങ്ങളുടെ പ്രകടനം അളക്കുന്നു. വ്യവസായ ഉത്പാദന സൂചിക (IIP)യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇനങ്ങളുടെ മൊത്തം മൂല്യത്തിന്റെ 40.27% ശതമാനം ഈ വ്യവസായങ്ങളുടേതാണ്.
2025-26 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ എട്ട് പ്രമുഖ വ്യവസായങ്ങളുടെ സൂചികയുടെ സഞ്ചിത വളര്‍ച്ചാ നിരക്ക് കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ 2.5% ആണ്.
ബൗദ്ധിക സ്വത്തവകാശ (IPR) ശാക്തീകരണം
ബൗദ്ധിക സ്വത്തവകാശ (IP) മേഖലയില്‍ ആഗോളതലത്തില്‍ ഇന്ത്യ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്, പേറ്റന്റുകള്‍, ട്രേഡ് മാര്‍ക്കുകള്‍ (വ്യാപാരമുദ്രകള്‍) , വ്യാവസായിക രൂപകല്‍പ്പന എന്നീ മേഖലകളില്‍ മികച്ച 10 സ്ഥാനങ്ങളില്‍ ഇടം നേടാന്‍ രാജ്യത്തിനായി.
2024 ല്‍ ഇന്ത്യയിലെ നവസംരംഭകര്‍ സമര്‍പ്പിച്ച പേറ്റന്റ് അപേക്ഷകള്‍ 19.1% വളര്‍ച്ച രേഖപ്പെടുത്തി. ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമായി ഇരട്ട അക്ക വളര്‍ച്ച കൈവരിക്കുന്നു, ഇത് റസിഡന്റ് ഫയലിംഗുകളിലെ ഗണ്യമായ വര്‍ദ്ധനവിനെ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യന്‍ നവസംരംഭകരുടെ ആഭ്യന്തര പേറ്റന്റ് ഫയലിംഗുകള്‍ 425% വര്‍ദ്ധിച്ചു (2014 ല്‍ 12,040 ആയി 2024 ല്‍ 63,217 ആയി). വിദേശ ഫയലിംഗുകള്‍ 27% വര്‍ദ്ധിച്ചു (2014 ല്‍ 10,405 ആയി 2024 ല്‍ 13,188 ആയി).
2024ല്‍ 5.5 ലക്ഷത്തിലധികം ട്രേഡ് മാര്‍ക്ക് അപേക്ഷകളുമായി ആഗോളതലത്തില്‍ ഇന്ത്യ നാലാമത്തെ ഏറ്റവും ഉയര്‍ന്ന ട്രേഡ് മാര്‍ക്ക് ഫയലിംഗ് രേഖപ്പെടുത്തി. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്, ബ്രാന്‍ഡ് ആവാസവ്യവസ്ഥയെ ഇത് പ്രതിഫലിപ്പിക്കുന്നു. കഴിഞ്ഞ ദശകത്തില്‍, വിദേശത്തുള്ള ഇന്ത്യന്‍ പ്രവാസികളുടെ ട്രേഡ്മാര്‍ക്ക് ഫയലിംഗുകള്‍ 125% വര്‍ദ്ധിച്ചു (2014ല്‍ 9,028 2024ല്‍ 20,303 ആയി), ഇത് ഇന്ത്യയുടെ വികസ്വരമാകുന്ന അന്താരാഷ്ട്ര ബ്രാന്‍ഡ് സാന്നിധ്യത്തെ പ്രതിഫലിപ്പിക്കുന്നു.
2024ല്‍ 40,000ത്തിലധികം ഡിസൈന്‍ ഫയലിംഗുമായി, 20 IP ഓഫീസുകളില്‍ ഇന്ത്യ 43.2% എന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി, 2023ല്‍ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024ല്‍ ഏഴാം സ്ഥാനത്തെത്തി. കഴിഞ്ഞ ദശകത്തില്‍ വിദേശത്തുള്ള ഇന്ത്യന്‍ നൂതനാശയ സംരംഭകരുടെ ഡിസൈന്‍ ഫയലിംഗുകള്‍ 600% വര്‍ദ്ധിച്ചു (2014ല്‍ 368, 2024ല്‍ 2,976 ആയി).
2021 ഡിസംബറില്‍ ആരംഭിച്ച നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവയര്‍നെസ് മിഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ബോധവത്ക്കരണ സംരംഭങ്ങളിലൂടെ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ 2.5 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ മേഖലയിലേക്ക് ആനയിക്കപ്പെട്ടു. ഇത് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേറ്റന്റ് ഫയലിംഗില്‍ 90% വര്‍ദ്ധനവിന് കാരണമായി. 2022-23 ല്‍ 19,155 ആയിരുന്നത് 2024-25 ല്‍ 36,525 ആയി ഉയര്‍ന്നു.
IP അഡ്മിനിസ്‌ട്രേഷനിലും മാനേജ്‌മെന്റിലും ഡിജിറ്റല്‍ സാങ്കേതികവിദ്യ സ്വീകരിച്ചുകൊണ്ട്, സ്വയം വിലയിരുത്തലിനായി പ്രാദേശിക ഭാഷകളില്‍ IP ഡയഗ്‌നോസ്റ്റിക് ഉപാധികള്‍, പരാതി പരിഹാരത്തിനായുള്ള ഓപ്പണ്‍ഹൗസ് പോര്‍ട്ടല്‍, സഹായത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമുള്ള IP സാര്‍ത്തി ചാറ്റ്‌ബോട്ട്, ട്രേഡ്മാര്‍ക്കുകള്‍ക്കായുള്ള AI-ML അധിഷ്ഠിത ഉപകരണം തുടങ്ങിയവ സംവിധാനത്തെ കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപൂര്‍ണ്ണവുമാക്കി മാറ്റി.
ആഗോള നൂതനാശയ സൂചികയില്‍ (GII) ഇന്ത്യയുടെ റാങ്ക് 2015 ലെ 81-ാം സ്ഥാനത്ത് നിന്ന് 2025 ല്‍ 38-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 2025 ലെ GII റിപ്പോര്‍ട്ട് ഇന്ത്യയെ ഏറ്റവും കൂടുതല്‍ കാലം മികച്ച പ്രകടനം കാഴ്ചവച്ച രാജ്യമായി അംഗീകരിച്ചു, തുടര്‍ച്ചയായ 15-ാം വര്‍ഷവും വികസന നിലവാരത്തില്‍ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാഴ്ചവച്ചു.
പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് (PMG)
ബൃഹത്തായ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ സമയബന്ധിതമായ നിരീക്ഷണവും, 500 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള പദ്ധതികളിലെ പ്രശ്‌നങ്ങളും തടസ്സങ്ങളും വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള ഒരു സ്ഥാപനപരമായ സംവിധാനമാണ് പ്രോജക്ട് മോണിറ്ററിംഗ് ഗ്രൂപ്പ് (PMG). വാണിജ്യ മന്ത്രാലയത്തിന്റെ വ്യവസായ, ആഭ്യന്തര വ്യാപാര വകുപ്പിന് (DPIIT) കീഴില്‍ പ്രവര്‍ത്തിക്കുന്ന PMG, പദ്ധതി നിര്‍വ്വഹണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പൊതു, സ്വകാര്യ നിക്ഷേപകര്‍ക്ക് സമാനമായ സൗകര്യങ്ങള്‍ ഒരുക്കുന്ന ഒരു കേന്ദ്രമായി വര്‍ത്തിക്കുന്നു. 2021 ഓഗസ്റ്റ് മാസത്തില്‍, PMGയെ മോണിറ്ററിംഗ് ഗ്രൂപ്പിന്റെ ഔദ്യോഗിക സെക്രട്ടേറിയറ്റായി പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ചു.
വന്‍കിട,ഇടത്തരം, പൊതു, സ്വകാര്യ, 'പൊതുസ്വകാര്യ പങ്കാളിത്ത' (PPP) പദ്ധതികളടക്കമുള്ള എല്ലാ പദ്ധതികളെയും PMG പിന്തുണയ്ക്കുന്നു. അംഗീകാരങ്ങളുടെ അതിവേഗ നിരീക്ഷണം, മേഖലാതല നയ ഇടപെടലുകള്‍, പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
2025ല്‍, പ്രശ്‌നങ്ങള്‍ ഉചിതമായ തലത്തില്‍ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനായി 5് തല എസ്‌കലേഷന്‍ സംവിധാനത്തിലേക്ക് PMG യെ അപ്‌ഗ്രേഡ് ചെയ്തു. ഈ സംവിധാനം, പതിവ് പ്രശ്‌നങ്ങള്‍ക്ക് ബന്ധപ്പെട്ട മന്ത്രാലയ തലത്തിലും, സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് പ്രഗതി തലത്തിലും (PRAGATI-Pro-Active Governance And Timely Implementation) പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഈ പുതിയ സമീപനം അവലോകന സംവിധാനത്തെ കാര്യക്ഷമമാക്കുന്നു. ആവര്‍ത്തനം ഒഴിവാക്കുന്നു. ഉന്നത അധികാരികളുടെ ഇടപെടല്‍ ആവശ്യമുള്ള നിര്‍ണ്ണായക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു.
2025 നവംബര്‍ 11 വരെ 76.4 ലക്ഷം കോടി രൂപയുടെ 3,022 പദ്ധതികള്‍ PMG പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആരംഭം മുതല്‍ ഇതുവരെ, 55.48 ലക്ഷം കോടി രൂപയുടെ 1,761 പദ്ധതികളുമായി ബന്ധപ്പെട്ട 8,121 പ്രശ്‌നങ്ങള്‍ പരിഹരിച്ചു. 2025ല്‍, 01.01.2025 മുതല്‍ 11.11.2025 വരെയുള്ള കാലയളവില്‍, 11.04 ലക്ഷം കോടി രൂപയുടെ 250 പദ്ധതികളുമായി ബന്ധപ്പെട്ട 403 പ്രശ്‌നങ്ങള്‍ പരിഹരിച്ചു.
നേരിട്ടുള്ള വിദേശ നിക്ഷേപം
2000 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) 1.1 ട്രില്യണ്‍ യുഎസ് ഡോളറിലെത്തി, ശ്രദ്ധേയമായ ഒരു നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യയുടെ മൊത്തം വാര്‍ഷിക FDI 2013-14 സാമ്പത്തിക വര്‍ഷത്തിലെ 36.05 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 80.62 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. 2025-26 കാലയളവില്‍ (ജൂണ്‍ 25 വരെ) താല്‍ക്കാലിക കണക്ക് പ്രകാരം (പ്രാഥമികവും അനൗദ്യോഗികവുമായ) 26.61 ബില്യണ്‍ യുഎസ് ഡോളറിന്റെ FDI രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17% വര്‍ധന.
കഴിഞ്ഞ 11 സാമ്പത്തിക വര്‍ഷങ്ങളില്‍ (2014–25) ഇന്ത്യ 748.38 ബില്യണ്‍ യുഎസ് ഡോളറിന്റെ FDI ആകര്‍ഷിച്ചു കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ (2003–14) ലഭിച്ച 308.38 ബില്യണ്‍ യുഎസ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 143% വര്‍ദ്ധനവ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ലഭിച്ച (2000-25: 1,071.96 ബില്യണ്‍ യുഎസ് ഡോളര്‍) FDI യുടെ 70% വും 2014-25 കാലയളവിലാണ് ആകര്‍ഷിക്കപ്പെട്ടത്. ആഗോളതലത്തില്‍ ഏറ്റവും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവരുന്നുവെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.
****
(रिलीज़ आईडी: 2202659)
आगंतुक पटल : 11