രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി മണിപ്പൂരില്‍; ഇംഫാലില്‍ പൗരസ്വീകരണം ഏറ്റുവാങ്ങിയ രാഷ്ട്രപതി വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

प्रविष्टि तिथि: 11 DEC 2025 7:02PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ഇന്ന് വൈകുന്നേരം ( 2025 ഡിസംബര്‍ 11) ഇംഫാലിലെ സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ആതിഥേയത്വം വഹിച്ച പൗര സ്വീകരണത്തില്‍ പങ്കെടുത്തു. വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും രാഷ്ട്രപതി ഈ അവസരത്തില്‍ നിര്‍വ്വഹിച്ചു.

 



 

പ്രതിരോധശേഷിയുടേയും ധൈര്യത്തിന്റേയും സവിശേഷമായ സാംസ്‌കാരിക സമ്പന്നതയുടേയും നാടാണ്  മണിപ്പൂര്‍ എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. കായികരംഗം, സായുധ സേന, കല, സംസ്‌കാരം, പൊതുസേവനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്കിക്കൊണ്ട് തലമുറകളായി മണിപ്പൂരിലെ ജനങ്ങള്‍ രാജ്യത്തെ സമ്പന്നമാക്കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 



 

നിര്‍ഭാഗ്യകരമായ അക്രമസംഭവങ്ങളെ തുടര്‍ന്ന് മണിപ്പൂരിലെ ജനങ്ങള്‍ അനുഭവിച്ച വേദനയെക്കുറിച്ച്  താന്‍ ബോധവതിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണെന്ന് അവര്‍ ഉറപ്പ് നല്കി. ഐക്യം ശക്തിപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥിരതയിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്രയില്‍ മണിപ്പൂരിനെ പിന്തുണയ്ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞു. സംസ്ഥാനത്തുടനീളം സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിന്  സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂടാതെ വികസനത്തിന്റേയും പുരോഗതിയുടേയും ഫലങ്ങള്‍ സംസ്ഥാനത്തിന്റെ  എല്ലാ കോണിലും എത്തുമെന്ന് ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 


 

തെക്കുകിഴക്കന്‍ ഏഷ്യയുമായുള്ള ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ഇടപെടലിന്റെ കവാടമാണ് മണിപ്പൂര്‍. അവിടുത്തെ യുവജനങ്ങളും സംസ്‌കാരവും പ്രകൃതി സൗന്ദര്യവും ഈ സംസ്ഥാനത്തിന് പരിധിയില്ലാത്ത സാധ്യതകള്‍ നല്കുന്നു. സ്വയം ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ക്ക് പേരുകേട്ട നാട് കൂടിയാണ് മണിപ്പൂര്‍. 20-ാം നൂറ്റാണ്ടിന്റെ  ആദ്യ ദശകങ്ങളില്‍ മണിപ്പൂരിലെ ധീരരായ സ്ത്രീകള്‍ ചരിത്രപരമായ നൂപീ ലാല്‍ അഥവാ വനിതാ യുദ്ധങ്ങള്‍ രണ്ടുതവണ നടത്തി. കൊളോണിയല്‍, ഫ്യൂഡല്‍ ശക്തികളെ തങ്ങളുടെ  ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതില്‍ അവര്‍ വിജയിച്ചു. അവര്‍ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്.

 


 

മണിപ്പൂരിലെ ജനങ്ങള്‍ പ്രതിഭാധനരും കഠിനാധ്വാനികളുമാണെന്ന് രാഷ്ട്രപതി പറഞ്ഞു. താഴ്‌വരയിലേയും  മലയോര മേഖലകളിലേയും ജനങ്ങള്‍ പുതുക്കിയ ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കുമെന്നും മണിപ്പൂരിനെ  സമൃദ്ധിയുടേയും സന്തോഷത്തിന്റേയും ഉന്നതിയിലേക്ക് കൊണ്ടുപോകുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഐക്യത്തിനും വികസനത്തിനുമുള്ള നടപടികളെ പിന്തുണയ്ക്കുന്നത് തുടരണമെന്ന് രാഷ്ട്രപതി മണിപ്പൂരിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഓരോ കുട്ടിക്കും സുരക്ഷിതത്വം അനുഭവപ്പെടുന്ന, ഓരോ സ്ത്രീയ്ക്കും ശാക്തീകരണം ലഭിക്കുന്ന, ഓരോ സമൂഹത്തിനും ഉള്‍ക്കൊള്ളല്‍ അനുഭവപ്പെടുന്ന, ഓരോ പൗരനും ശോഭനമായ ഭാവിയിലേക്ക് മുന്നേറുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ എല്ലാവരും ഒരുമിച്ച് മണിപ്പൂരിനെ ശക്തിപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

നേരത്തെ, ചരിത്രപ്രസിദ്ധമായ മാപാല്‍ കാങ്ജീബുങ്ങില്‍ നടന്ന പോളോ പ്രദര്‍ശന മത്സരത്തിന് രാഷ്ട്രപതി സാക്ഷ്യം വഹിച്ചിരുന്നു.

രാഷ്ട്രപതിയുടെ പ്രസംഗം കാണാന്‍ ഇവിടെ ക്ലിക്കുചെയ്യുക.

 

***

 


(रिलीज़ आईडी: 2202634) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali