PIB Headquarters
തിളക്കമാര്‍ന്ന ഒരു അംഗീകാരം
യുനെസ്‌കോയുടെ അമൂര്‍ത്ത സാംസ്‌കാരിക പൈതൃക പട്ടികയില്‍ ദീപാവലി ഇടം നേടി
प्रविष्टि तिथि:
10 DEC 2025 1:58PM by PIB Thiruvananthpuram
ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ യുനെസ്‌കോയുടെ മാനവികത മുന്‍നിര്‍ത്തിയുള്ള അമൂര്‍ത്ത സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. 2025 ഡിസംബര്‍ 8 മുതല്‍ 13 വരെ ന്യൂഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ നടന്ന യുനെസ്‌കോയുടെ 20-ാമത് ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിറ്റി സെഷനിലാണ് ഈ പ്രഖ്യാപനം നടന്നത്. ഈ പട്ടികയില്‍ ഇടം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള 16-ാമത്തെ ഇനമാണിത്. 194 അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, അന്താരാഷ്ട്ര വിദഗ്ധര്‍, യുനെസ്‌കോയുടെ ആഗോള ശൃംഖലയുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ലിഖിതം അംഗീകരിച്ചത്. സമൂഹങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും തലമുറകളിലൂടെ തുടര്‍ച്ചയായി പുനര്‍നിര്‍മ്മിക്കപ്പെടുകയും സാമൂഹിക ഐക്യത്തെ പിന്തുണയ്ക്കുകയും വികസനത്തിന് സംഭാവന നല്കുകയും ചെയ്യുന്ന ജീവിക്കുന്ന പാരമ്പര്യമാണ് ദീപങ്ങളുടെ ഈ ഉത്സവം.

ദീപാവലിക്ക് യുനെസ്‌കോയുടെ അംഗീകാരം ലഭിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ സംസ്‌കാരവുമായും ധാര്‍മ്മികതയുമായും ദീപാവലി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് നമ്മുടെ സംസ്‌കാരത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുനെസ്‌കോയുടെ അമൂര്‍ത്ത സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയില്‍ ഒരു ഇനം ഉള്‍പ്പെടുത്തുന്നതിന്, അംഗരാജ്യങ്ങള്‍ വിലയിരുത്തലിനായി ഒരു നാമനിര്‍ദ്ദേശ രേഖ സമര്‍പ്പിക്കേണ്ടതുണ്ട്. ഓരോ രാജ്യത്തിനും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഒരു ഇനം നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കും. 2024-25 ചക്രത്തിലാണ് ഇന്ത്യ ദീപാവലി ഉത്സവം നാമനിര്‍ദ്ദേശം ചെയ്തത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ദീപാവലി എന്നത് ഒരു വാര്‍ഷിക ഉത്സവത്തേക്കാള്‍ വളരെ വലുതാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ വൈകാരികവും സാംസ്‌കാരികവുമായ ഘടനയില്‍ ഇഴചേര്‍ന്ന ജീവിക്കുന്ന പാരമ്പര്യമാണിത്. എല്ലാ വര്‍ഷവും, നഗരങ്ങളിലും ഗ്രാമങ്ങളിലും വിദൂര പ്രവാസികളുടെ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയുമ്പോള്‍, ദീപാവലി സന്തോഷത്തിന്റേയും നവീകരണത്തിന്റേയും ബന്ധങ്ങളുടേയും പരിചിതമായ വികാരം വീണ്ടും ഉണര്‍ത്തുന്നു. മാനവികതയുടെ അമൂല്യമായ സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ ദീപാവലിക്ക് സ്ഥാനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ലോകത്തെ ചിന്തിപ്പിക്കുന്നതിനായി ജീവിതത്തില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കാനും, ഓര്‍മ്മപ്പെടുത്താനും, ഒരുമിച്ച് കൂടാനും ഈ ഉത്സവം നമ്മെ ക്ഷണിക്കുന്നു.
അമൂര്‍ത്ത സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനായി, 2003 ഒക്ടോബര്‍ 17-ന് പാരീസില്‍ വെച്ച് നടന്ന 32-ാമത് പൊതുസമ്മേളനത്തില്‍ യുനെസ്‌കോ 2003-ലെ കണ്‍വെന്‍ഷന്‍ അംഗീകരിച്ചു. നിലനില്‍ക്കുന്ന സാംസ്‌കാരിക പാരമ്പര്യങ്ങള്‍, വാമൊഴി ആചാരങ്ങള്‍, പ്രകടന കലകള്‍, സാമൂഹിക ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിജ്ഞാന സംവിധാനങ്ങള്‍, കരകൗശല വൈദഗ്ദ്ധ്യം എന്നിവ ആഗോളവത്ക്കരണം, സാമൂഹിക മാറ്റം, പരിമിതമായ വിഭവങ്ങള്‍ എന്നിവയാല്‍ കൂടുതല്‍ ഭീഷണി നേരിടുന്നുണ്ടെന്നും അതിനാല്‍ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നുമുള്ള ആഗോള ആശങ്കകളോടുള്ള പ്രതികരണമായിരുന്നു ഈ കണ്‍വെന്‍ഷന്‍.
ഇന്ത്യയുടെ അമൂര്‍ത്തമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചുള്ള ആഗോള അവബോധം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ഭാവി തലമുറകള്‍ക്കായി സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള പാരമ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും യുനെസ്‌കോയുടെ ഈ തീരുമാനം സഹായിക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അഭിപ്രായപ്പെട്ടു.

ഒക്ടോബറിലോ നവംബറിലോ വരുന്ന കാര്‍ത്തിക അമാവാസിയിലാണ് ദിവാലി എന്നും അറിയപ്പെടുന്ന ദീപാവലി ആഘോഷിക്കുന്നത്. എല്ലാവര്‍ക്കുമുള്ള അഭിവൃദ്ധി, നവീകരണം, സമൃദ്ധി എന്നിവ ആഘോഷിക്കുക എന്നതാണ് ദീപാവലിയുടെ അടിസ്ഥാന തത്വം. ഇതിന്റെ ഉള്‍ക്കൊള്ളുന്ന സ്വഭാവം പരസ്പര ബഹുമാനം വളര്‍ത്തുകയും വിവിധ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ നാനാത്വത്തില്‍ ഏകത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തത്ഫലമായി, ഈ ഉത്സവത്തിന്റെ ഒരു വശവും സാമൂഹിക ഐക്യം, സാംസ്‌കാരിക ബഹുസ്വരതയോടുള്ള ആദരവ് എന്നിവയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാകുന്നില്ല. വീടുകളും തെരുവുകളും ക്ഷേത്രങ്ങളും ദീപങ്ങളാല്‍ അലങ്കരിക്കുന്നു. ഇരുളിന്മേലുള്ള വെളിച്ചത്തിന്റെ വിജയത്തേയും തിന്മയിന്മേലുള്ള നന്മയുടെ വിജയത്തേയും പ്രതിനിധീകരിക്കുന്ന ഒരു സുവര്‍ണ്ണ പ്രകാശം ഇത് പരത്തുന്നു.
വിളക്കുകളുടെ വെളിച്ചത്തില്‍ വര്‍ണ്ണാഭമായ തുണിത്തരങ്ങളും സങ്കീര്‍ണ്ണമായ കരകൗശല വസ്തുക്കളും തിളങ്ങുന്നതിനാല്‍ വിപണികള്‍ സജീവമാകുകയും ഉത്സവ അന്തരീക്ഷം കൂടുതല്‍ മനോഹരമാക്കുകയും ചെയ്യുന്നു. സൂര്യാസ്തമനത്തിന് ശേഷമുള്ള പടക്കങ്ങളുടെ അതിമനോഹരമായ പ്രകടനത്താല്‍ ആകാശം പ്രകാശിക്കുന്നു.
ദീപാവലിയുമായി ബന്ധപ്പെട്ട പ്രശസ്തമായ ഐതിഹ്യങ്ങള്‍
- രാമായണത്തില്‍, 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമനും സീതയും ലക്ഷ്മണനും അയോധ്യയിലേക്ക് മടങ്ങിയെത്തിയതിനേയും, രാവണനുമേലുള്ള ഇവരുടെ വിജയത്തേയുമാണ് ഇത് സൂചിപ്പിക്കുന്നത്. അവരുടെ വരവിനെ സ്വാഗതം ചെയ്യാന്‍ ജനങ്ങള്‍ ദീപങ്ങള്‍ തെളിച്ചതായി പറയപ്പെടുന്നു.
- മഹാഭാരതത്തില്‍, വനവാസത്തിനു ശേഷമുള്ള പാണ്ഡവരുടെ തിരിച്ചുവരവിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
- നരക ചതുര്‍ദശി, തിന്മയുടെ അവസാനത്തെ പ്രതീകപ്പെടുത്തുന്ന നരകാസുരനെതിരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നു.
- പ്രകാശപൂരിതമായ വീടുകള്‍ ദീപാവലി രാത്രിയില്‍ ലക്ഷ്മി ദേവി സന്ദര്‍ശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
- ജൈനമതത്തിലെ 24-ാമത് തീര്‍ത്ഥങ്കരനായ ഭഗവാന്‍ മഹാവീരന്‍ പാവാപുരിയില്‍ വെച്ച് ദീപാവലി ദിനത്തിലാണ് നിര്‍വാണം പ്രാപിച്ചത്. ദുഃഖിതരായ ശിഷ്യന്മാര്‍ അദ്ദേഹത്തോട് പോകരുതെന്ന് അപേക്ഷിച്ചു. ഉള്ളിലെ വിളക്ക് തെളിയിക്കാനും ഇരുളിനെ കീഴടക്കാനും മഹാവീരന്‍ അവരെ ഉദ്‌ബോധിപ്പിച്ചു. ജൈന ഭക്തര്‍ ഈ ഉത്സവം നിര്‍വാണ ദിനമായി ആവേശത്തോടെ ആഘോഷിക്കുന്നു.
- ഹിന്ദു പുരാണമനുസരിച്ച്, താരകാസുരന്റെ പുത്രന്മാരായ ത്രിപുരാസുരന്മാര്‍ക്ക് ഒരൊറ്റ അമ്പ് കൊണ്ട് മാത്രമേ വധിക്കപ്പെടാന്‍ കഴിയൂ എന്ന വരം ലഭിച്ചു. അവര്‍ ലോകത്തില്‍ നാശം വിതച്ചപ്പോള്‍, ത്രിപുരാന്തകന്റെ രൂപത്തില്‍ അവതരിച്ച ഭഗവാന്‍ പരമശിവന്‍ ഒറ്റ അമ്പ് കൊണ്ട് അവരെ നശിപ്പിച്ചു. ഈ വിജയം ദീപാവലി അല്ലെങ്കില്‍ ദേവ ദീപാവലി എന്ന പേരില്‍ ആഘോഷിക്കുന്നു. ഈ ദിനത്തില്‍ ഭക്തര്‍ ഗംഗയില്‍ സ്‌നാനം ചെയ്യുകയും വിളക്കുകള്‍ തെളിയിക്കുകയും ഭഗവാന്‍ ശിവന് പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
- ബലി രാജാവിന്റെ തിരിച്ചുവരവ് : മഹാരാഷ്ട്രയില്‍, ദീപാവലി എന്നത് നീതിയുടേയും ഔദാര്യത്തിന്റേയും പ്രതീകമായ ബലി രാജാവിന്റെ സന്ദര്‍ശനത്തെ അടയാളപ്പെടുത്തുന്നു.
- കാളി പൂജ: ബംഗാള്‍, ഒഡീഷ, അസം എന്നിവിടങ്ങളില്‍, സംരക്ഷണത്തിനും ആന്തരിക ശക്തിക്കും വേണ്ടി കാളി ദേവിയെ ആരാധിക്കുന്നതിനോടൊപ്പം ദീപാവലി ആഘോഷിക്കുന്നു.
- ഗോവര്‍ദ്ധന്‍/അന്നക്കൂട്ട്: ചില പ്രദേശങ്ങളില്‍, ഭഗവാന്‍ കൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വ്വതം ഉയര്‍ത്തിയതിനെ ഈ ദിനത്തില്‍ അനുസ്മരിക്കുന്നു. ഇത് എളിമയുടേയും കൃതജ്ഞതയുടേയും ഓര്‍മ്മപ്പെടുത്തലാണ്.

ദീപങ്ങള്‍ തെളിയിക്കുന്നതോടൊപ്പം, മനോഹരമായ രംഗോലികള്‍ നിര്‍മ്മിക്കുക, മധുരപലഹാരങ്ങള്‍ തയ്യാറാക്കുക, വീടുകള്‍ അലങ്കരിക്കുക, ആചാരങ്ങള്‍ അനുഷ്ഠിക്കുക, സമ്മാനങ്ങള്‍ കൈമാറുക, കൂട്ടായ്മകള്‍ സംഘടിപ്പിക്കുക തുടങ്ങിയ വൈവിധ്യമാര്‍ന്ന ആചാരങ്ങളും ദീപാവലിയില്‍ ഉള്‍പ്പെടുന്നു. ഇത് വിളവെടുപ്പ്, സംസ്‌കാരം, പുരാണങ്ങള്‍ എന്നിവയെ ആഘോഷിക്കുന്ന ഉത്സവമാണ്. പ്രാദേശിക വൈവിധ്യങ്ങള്‍ ഇതിന്റെ സമ്പന്നതയെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു. പ്രത്യാശ, സമൃദ്ധി, സമൂഹ പങ്കാളിത്തം എന്നിവയിലൂടെ നവീകരണം, പുതിയ തുടക്കങ്ങള്‍, സാമൂഹിക ഐക്യം എന്നിവയെ ഈ ഉത്സവം സൂചിപ്പിക്കുന്നു. അഞ്ച് ദിവസങ്ങളിലായാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ഓരോന്നിനും അതിന്റേതായ ആകര്‍ഷണീയതയും പ്രത്യേക അര്‍ത്ഥവുമുണ്ട്.
ധന്‍തേരസ്സോടെയാണ് ഈ ഉത്സവം ആരംഭിക്കുന്നത്. കുടുംബങ്ങള്‍ പുതിയ ലോഹപാത്രങ്ങളോ മറ്റ് അത്യാവശ്യ സാധനങ്ങളോ വാങ്ങുന്ന ഈ ദിവസം ഐശ്വര്യത്തെ സൂചിപ്പിക്കുന്ന ശുഭകരമായ തുടക്കമാണ്. തൊട്ടടുത്ത ദിവസം രാവിലെ നരക ചതുര്‍ദശി ആഘോഷിക്കുന്നു. ഈ ദിനത്തില്‍ പൂജകള്‍ നടത്തുകയും നെഗറ്റീവ് എനര്‍ജിയെ അകറ്റി പോസിറ്റീവ് എനര്‍ജി കൊണ്ടുവരാന്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു.
മൂന്നാം ദിവസമാണ് ദീപാവലിയുടെ പ്രധാന ആകര്‍ഷണം പവിത്രമായ ലക്ഷ്മി-ഗണേശ പൂജ. ഈ ദിനത്തില്‍ വര്‍ണ്ണാഭമായ രംഗോലികള്‍, സ്വാദിഷ്ടമായ മധുരപലഹാരങ്ങളുടെ സുഗന്ധം, എണ്ണിയാല്‍ തീരാത്ത ദീപങ്ങളുടെ ഊഷ്മളമായ തിളക്കം എന്നിവയാല്‍ വീടുകള്‍ ജീവസുറ്റതാകുന്നു.
നാലാം ദിവസം കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരസ്പരം സന്ദര്‍ശിക്കുകയും സമ്മാനങ്ങള്‍ കൈമാറുകയും ബന്ധങ്ങള്‍ ദൃഢമാക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്നു. സഹോദരീസഹോദരന്മാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന് ഹൃദയസ്പര്‍ശിയായ ആദരം അര്‍പ്പിക്കുന്ന ഭായി ദൂജോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുന്നത്. പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍, അര്‍ത്ഥവത്തായ ആചാരങ്ങള്‍ എന്നിവയോടെയാണ് ഈ ദിനം ആചരിക്കുന്നത്.

ദീപാവലി രാജ്യത്തുടനീളമുള്ള ഉപജീവനമാര്‍ഗ്ഗങ്ങളേയും പരമ്പരാഗത വൈദഗ്ധ്യങ്ങളേയും പിന്തുണയ്ക്കുന്നു. പ്രകൃതിയെ ബഹുമാനിക്കുന്നതും കാര്‍ഷിക ചക്രങ്ങളെ അടയാളപ്പെടുത്തുന്നതുമായ ആചാരങ്ങളോടെയാണ് ഗ്രാമീണ സമൂഹങ്ങള്‍ ഈ ദിനം ആഘോഷിക്കുന്നത്. മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍, വിളക്ക് നിര്‍മ്മിക്കുന്നവര്‍, അലങ്കാരപ്പണിക്കാര്‍, പൂക്കച്ചവടക്കാര്‍, മധുരപലഹാര നിര്‍മ്മാതാക്കള്‍, ആഭരണ വ്യാപാരികള്‍, തുണിത്തര വ്യാപാരികള്‍, ചെറുകിട ബിസിനസ്സുകള്‍ ഉള്‍പ്പെടെയുള്ള കരകൗശല വിദഗ്ധര്‍ക്ക് ഈ ഉത്സവകാലത്ത് സാമ്പത്തികപരമായ വര്‍ദ്ധനവ് കാണപ്പെടുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്.
ദാനധര്‍മ്മം, ഔദാര്യം, ഭക്ഷ്യസുരക്ഷ എന്നിവയുടെ മൂല്യങ്ങളേയും ദീപാവലി ശക്തിപ്പെടുത്തുന്നു. പ്രായമായവര്‍, കാഴ്ച വൈകല്യമുള്ളവര്‍, ജയില്‍ അന്തേവാസികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വ്യക്തികള്‍ എന്നിവര്‍ക്കായി ഭക്ഷ്യ വിതരണം, സംഭാവനകള്‍, പ്രത്യേക ഒത്തുചേരലുകള്‍ എന്നിവയില്‍ പല സമൂഹങ്ങളും ഏര്‍പ്പെടുന്നു.
സമീപ വര്‍ഷങ്ങളില്‍, പരിസ്ഥിതി സംരക്ഷണം ദീപാവലി ആഘോഷങ്ങളെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനത്തെ കൂടുതല്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സി.എസ്.ഐ.ആര്‍.-നീരി വികസിപ്പിച്ചെടുത്ത ഹരിത പടക്കങ്ങള്‍, സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി തുടങ്ങിയ ദേശീയ തലത്തിലുള്ള കാമ്പെയ്നുകള്‍ എന്നിവ പോലുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഉത്സവത്തിന്റെ സാംസ്‌കാരിക ചൈതന്യം നിലനിര്‍ത്തുന്നതിനോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വീടുകള്‍, മാര്‍ക്കറ്റുകള്‍, പൊതു ഇടങ്ങള്‍ എന്നിവ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ശുചിത്വവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുമ്പോള്‍, കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിക്കുന്നത് സാമൂഹികവും വൈകാരികവുമായ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നു.
ദീപാവലിയുടെ സാംസ്‌കാരിക സംവിധാനം നിരവധി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്ക് (SDGs) അര്‍ത്ഥവത്തായ സംഭാവന നല്കുന്നുണ്ട്. ഉപജീവനമാര്‍ഗ്ഗം പിന്തുണയ്ക്കുന്നതിലൂടെയുള്ള ദാരിദ്ര്യ ലഘൂകരണം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പങ്കാളിത്തത്തിലൂടെയും കരകൗശല പാരമ്പര്യങ്ങളിലൂടെയും ലിംഗസമത്വം, കൂട്ടായ്മയിലൂടെയും ശുചിത്വപരമായ രീതികളിലൂടെയുമുള്ള ക്ഷേമം, സാംസ്‌കാരിക കൈമാറ്റത്തിലൂടെയുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു
യുനെസ്‌കോയുടെ മാനവികത മുന്‍നിര്‍ത്തിയുള്ള അമൂര്‍ത്ത സാംസ്‌കാരിക പൈതൃക പട്ടികയില്‍ ദീപാവലിയെ ഉള്‍പ്പെടുത്തുന്നതിനുള്ള നാമനിര്‍ദ്ദേശ പ്രക്രിയ സമഗ്രവും സമൂഹത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനത്തിന് അടിവരയിടുന്നു. സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സംഗീത നാടക അക്കാദമി, രാജ്യത്തുടനീളമുള്ള പണ്ഡിതന്മാര്‍, പരിശീലകര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, വിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു വിവിധോദ്ദേശ്യ വിദഗ്ധ സമിതിക്ക് രൂപം നല്കി. ഹിമാലയം മുതല്‍ തീരപ്രദേശങ്ങള്‍ വരെയും നഗരങ്ങള്‍ മുതല്‍ വിദൂര ഗ്രാമങ്ങള്‍ വരെയുമുള്ള ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള സമൂഹങ്ങളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. പ്രവാസികള്‍, തദ്ദേശീയ വിഭാഗങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങള്‍, കരകൗശല വിദഗ്ധര്‍, കര്‍ഷകര്‍, മതവിഭാഗങ്ങള്‍ തുടങ്ങിയവരും ഈ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു. വിവിധ രൂപത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ വ്യക്തിപരമായ അനുഭവങ്ങളും ദീപാവലിയുടെ സാംസ്‌കാരിക പ്രാധാന്യവും രേഖപ്പെടുത്തിക്കൊണ്ട് സമൂഹത്തിന്റെ സമ്മതം ഉറപ്പിക്കുകയും, ജീവിക്കുന്ന പാരമ്പര്യമെന്ന നിലയിലുള്ള അതിന്റെ വൈവിധ്യവും സ്ഥിരതയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
യുനെസ്‌കോയുടെ അമൂര്‍ത്ത സാംസ്‌കാരിക പൈതൃക പട്ടികയില്‍ ദീപാവലി ഇടം നേടിയത്, അത് ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്കും, അതിന്റെ പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്ന കരകൗശല വിദഗ്ധര്‍ക്കും, അത് പ്രതിനിധാനം ചെയ്യുന്ന കാലാതീതമായ തത്വങ്ങള്‍ക്കുമുള്ള ആദരവാണ്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം കേവലം ഓര്‍മ്മിക്കപ്പെടുക മാത്രമല്ല, ജീവിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും തലമുറകളിലേയ്ക്ക് കൈമാറുകയും ചെയ്യുന്നുവെന്ന സന്ദേശം ഇത് ലോകത്തോട് പറയുകയും ചെയ്യുന്നു.
അവലംബം:
https://www.incredibleindia.gov.in/en/festivals-and-events/diwali
https://utsav.gov.in/major-festival/diwali
https://magazines.odisha.gov.in/Orissareview/2013/nov/engpdf/19-20.pdf
https://www.tamilnadutourism.tn.gov.in/events/deepavali
https://maharashtratourism.gov.in/festivals/diwali/
https://utsavapp.in/gyan/g/dev-deepavali-history-significance--rituals
Click here to see in PDF
***
(रिलीज़ आईडी: 2202204)
आगंतुक पटल : 24