വ്യോമയാന മന്ത്രാലയം
ഇൻഡിഗോ പ്രവർത്തന പ്രതിസന്ധിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നടപടി - യാത്രക്കാരുടെ റീഫണ്ട് ഉറപ്പാക്കും
प्रविष्टि तिथि:
06 DEC 2025 1:47PM by PIB Thiruvananthpuram
യാത്രക്കാർക്ക് ഇനിയും നൽകിയിട്ടില്ലാത്ത എല്ലാ റീഫണ്ടുകളും കാലതാമസമില്ലാതെ നൽകാൻ സിവിൽ വ്യോമയാന മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകി. റദ്ദാക്കിയതോ തടസ്സപ്പെട്ടതോ ആയ എല്ലാ വിമാനങ്ങളുടെയും ടിക്കറ്റ് റീഫണ്ട് പ്രക്രിയ 2025 ഡിസംബർ 7 ഞായറാഴ്ച രാത്രി 8:00 മണിയോടെ പൂർണ്ണമായും പൂർത്തിയാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. വിമാനം റദ്ദാക്കിയത് മൂലം യാത്ര മുടങ്ങിയ യാത്രക്കാരിൽ നിന്ന് റീഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റീഫണ്ട് നൽകുന്നതിൽ ഏതെങ്കിലും തരത്തിലെ കാലതാമസമോ അല്ലെങ്കിൽ നൽകാതിരിക്കുകയോ ഉണ്ടായാൽ, ഉടനടി നിയന്ത്രണ നടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
യാത്രക്കാരുടെ പിന്തുണക്കും റീഫണ്ടിനുമായി പ്രത്യേക സംവിധാനം
റീഫണ്ടിനും സുഗമമായ പരാതി പരിഹാരം ഉറപ്പാക്കാനും യാത്രക്കാർക്കായി പ്രത്യേക പിന്തുണ സംവിധാനം സ്ഥാപിക്കാൻ ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരിതബാധിതരായ യാത്രക്കാരെ മുൻകൂട്ടി ബന്ധപ്പെടാനും ഒന്നിലധികം തുടർനടപടികളുടെ ആവശ്യമില്ലാതെ റീഫണ്ടുകളും ബദൽ യാത്രാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കണം. വിമാനയാത്രാ സേവനങ്ങൾ പൂർണ്ണമായും സ്ഥിരത കൈവരിക്കുന്നതുവരെ ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം സജീവമായി തുടരും.
ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ ഉറപ്പ്
വിമാന റദ്ദാക്കലുകളോ കാലതാമസമോ കാരണം യാത്രക്കാരുടെ പക്കൽ നിന്നും മാറ്റപ്പെട്ട എല്ലാ ബാഗേജുകളും അടുത്ത 48 മണിക്കൂറിനുള്ളിൽ കണ്ടെത്തി യാത്രക്കാരൻ്റെ താമസ സ്ഥലത്തോ അല്ലെങ്കിൽ ആവശ്യപ്പെടുന്ന മേൽവിലാസത്തിലോ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം ഇൻഡിഗോയ്ക്ക് നിർദ്ദേശം നൽകി. ബാഗ്ഗേജ് ട്രാക്കിംഗ്, വിതരണം ചെയ്യൽ എന്നിവ സംബന്ധിച്ച സമയക്രമം, യാത്രക്കാരുമായി വ്യക്തമായി ആശയവിനിമയം നടത്താനും നിലവിലുള്ള യാത്രക്കാരുടെ അവകാശ ചട്ടങ്ങൾ പ്രകാരം ആവശ്യമുള്ളിടത്ത് നഷ്ടപരിഹാരം നൽകാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാർക്കായി അസൗകര്യ മുക്ത നയം
ഈ പ്രതിസന്ധി സമയത്ത് യാത്രക്കാരുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിവിൽ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, സുരക്ഷാ ഏജൻസികൾ, പ്രവർത്തന പങ്കാളികൾ എന്നിവരുമായി തുടർച്ചയായ ഏകോപനം നടത്തിവരുന്നു. മുതിർന്ന പൗരന്മാർ, ഭിന്നശേഷി യാത്രക്കാർ, വിദ്യാർത്ഥികൾ, രോഗികൾ, അടിയന്തര യാത്ര ആവശ്യമുള്ളവർ എന്നിവർക്ക് അവശ്യ സൗകര്യം ഉറപ്പാക്കുന്നതിന് മേൽനോട്ട സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിമാനയാത്ര സേവനങ്ങളുടെ പുനഃസ്ഥാപന പ്രക്രിയ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു. കൂടാതെ എത്രയും വേഗം സാധാരണ പ്രവർത്തന നില പുനഃസ്ഥാപിക്കാൻ മന്ത്രാലയം പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്.
***
(रिलीज़ आईडी: 2199857)
आगंतुक पटल : 13