56-ാമത് ഐഎഫ്എഫ്ഐയുടെ അവസാന ദിനം ചലച്ചിത്രാസ്വാദകര്‍ക്ക് ഹൃദ്യാനുഭവമായി ജാപ്പനീസ് ചിത്രം 'എ പെയ്ൽ വ്യൂ ഓഫ് ഹിൽസ്'
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിനമായ ഇന്ന് ജാപ്പനീസ് സംവിധായകൻ കെയ് ഇഷികാവയുടെ രണ്ടാമത്തെ ചിത്രമായ 'എ പെയ്ൽ വ്യൂ ഓഫ് ഹിൽസി'ന്റെ പ്രദര്‍ശനത്തിന് ശേഷം വാര്‍ത്താസമ്മേളന ഹാളിൽ അദ്ദേഹം മാധ്യമങ്ങളുമായി സംവദിച്ചു. ഐഎഫ്എഫ്ഐ ആരാധകർക്ക് സമകാലിക ജാപ്പനീസ് സിനിമയുടെ സമഗ്ര ചിത്രം നൽകുന്നതിനായി പ്രത്യേകം അവതരിപ്പിച്ച 'കൺട്രി ഫോക്കസ്: ജപ്പാൻ' വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
രാജ്യത്തിൻ്റെ സിനിമാ പാരമ്പര്യത്തിന് രൂപം നൽകിക്കൊണ്ടിരിക്കുന്ന ഉയർന്നു വരുന്ന ശബ്ദങ്ങളുടെയും പ്രശസ്ത ആചാര്യന്മാരുടെയും സർഗശേഷി ആഘോഷിക്കുന്ന 'കൺട്രി ഫോക്കസ്: ജപ്പാൻ' വിവിധ ചലച്ചിത്രവിഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. ഓർമകളെക്കുറിച്ചും സ്വത്വത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്ന വൈകാരിക നാടകീയ ചിത്രങ്ങള്‍ മുതൽ ചരിത്രപരമായ ഇതിഹാസങ്ങളും സൈക്കോളജിക്കൽ ത്രില്ലറുകളും കുട്ടികളുടെ കഥകളുമടങ്ങുന്ന ഈ വിഭാഗത്തില്‍ ചലച്ചിത്ര രൂപത്തിൻ്റെ അതിർവരമ്പുകൾ വികസിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന അബ്സ്ട്രാക്ട്, നോൺ-ലീനിയർ പരീക്ഷണങ്ങളും ഉൾപ്പെടുന്നു.
ഇന്ത്യയിലെ ആദ്യ സന്ദർശനത്തിലെ അനുഭവം മികച്ച രീതിയില്‍ ആസ്വദിച്ചുവെന്ന് സംവിധായകൻ ഇഷികാവ സംവാദത്തിന് തുടക്കമിട്ടുകൊണ്ട് പറഞ്ഞു. 1982-ൽ നോബൽ പുരസ്കാര ജേതാവായ കാസുവോ ഇഷിഗുറോ ഇതേ പേരില്‍ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 80 വർഷം പൂര്‍ത്തിയാകുന്ന ഈ വർഷം നിരവധി ജാപ്പനീസ് സിനിമകൾ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ആ കാലഘട്ടം നേരിട്ട് അനുഭവിച്ചിട്ടില്ലാത്തതിനാല്‍ അവതരണത്തിന്റെ ശരിയായ ഭാഷ കണ്ടെത്താൻ പ്രയാസമായിരുന്നുവെന്നും എന്നാല്‍ നോവൽ കണ്ടെത്തിയതോടെ വിഷയത്തെ കൂടുതൽ എളുപ്പത്തിൽ സമീപിക്കാന്‍ സാധിച്ചുവെന്നും കഥ പറയാന്‍ ആത്മവിശ്വാസം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നാഗസാക്കിയിൽ തൻ്റെ അമ്മ എത്സുകോയുടെ യുദ്ധാനന്തര അനുഭവങ്ങളെ അടിസ്ഥാനമാക്കി പുസ്തകമെഴുതാൻ ആഗ്രഹിക്കുന്ന യുവ ജാപ്പനീസ്-ബ്രിട്ടീഷ് എഴുത്തുകാരിയാണ് സിനിമയുടെ ഇതിവൃത്തം. മൂത്ത മകളുടെ ആത്മഹത്യയുടെ ഓർമകള്‍ നിരന്തരം വേട്ടയാടുന്ന എത്സുകോ 1952-ല്‍ ഗർഭിണിയായിരുന്ന കാലത്തെ ഓർമകൾ ചിത്രത്തിലൂടെ വിവരിക്കുന്നു. സചിക്കോ എന്ന സ്ത്രീയുമായുള്ള കൂടിക്കാഴ്ചയിലാണ് എത്സുകോയുടെ ഓർമകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇടയ്ക്കിടെ ഭയപ്പെടുത്തുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള അസ്വസ്ഥമായ ഓർമകൾ പങ്കുവെയ്ക്കുന്ന മകൾ മാരികോയ്ക്കൊപ്പം വിദേശത്ത് പുതിയ ജീവിതം തുടങ്ങാനാണ് സചിക്കോ തീരുമാനിച്ചിരുന്നത്. തൻ്റെ അമ്മയുടെ നാഗസാക്കിയിലെ ഓർമച്ചിത്രങ്ങളും വിവരങ്ങളും കൂട്ടിച്ചേർക്കാൻ എഴുത്തുകാരി ശ്രമിക്കുമ്പോൾ ആ ഓർമകൾ നൽകുന്ന യഥാർത്ഥ സൂചനകളും എത്സുകോ പങ്കുവെച്ച കാര്യങ്ങളും തമ്മിൽ വലിയ പൊരുത്തക്കേടുകൾ ഉണ്ടെന്ന് അവൾ മനസ്സിലാക്കാൻ തുടങ്ങി.
അണുബോംബിനെക്കുറിച്ച് മാത്രമല്ല, വിവിധ കാലഘട്ടങ്ങളിലെ സ്ത്രീകളെ ആവിഷ്ക്കരിക്കുന്നതിനാലാണ് ഈ കഥ തന്നെ ആകർഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തിന്റെ അവസാന ഘട്ടമായി എഡിറ്റിങിനെ കണക്കാക്കുന്നതിനാലാണ് സ്വന്തമായി തിരക്കഥ എഴുതുകയും സിനിമ എഡിറ്റ് ചെയ്യുകയും ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
SKY
****
रिलीज़ आईडी:
2195882
| Visitor Counter:
5