മൂന്ന് കാലഘട്ടങ്ങൾ, ഒരു വിളക്ക്: ഐതിഹാസിക ലോകം ഐഎഫ്എഫ്ഐ വേദിയിലെത്തിച്ച് എ.ആർ.എം
സിനിമയുടെ വിവിധ തലങ്ങളിലെ കഥാവിഷ്ക്കാരം വിശദീകരിച്ച് ജിതിൻ ലാലും ടൊവിനോ തോമസും സുരഭി ലക്ഷ്മിയും
സിനിമ വിനോദപരമാകുന്നതിനൊപ്പം ചലച്ചിത്രമേളയുടെ നിലവാരത്തിലുമാകണമെന്ന് എ.ആർ.എം കാഴ്ചപ്പാടിനെക്കുറിച്ച് ടൊവിനോ തോമസ്
ഒരു ഐതിഹാസിക വിളക്ക്; മൂന്ന് തലമുറകളുടെ കഥ; ശക്തമായ ഭാവനാലോകത്തെ സാഹസിക യാത്ര. 'എ.ആർ.എം.' (അജയൻ്റെ രണ്ടാം മോഷണം) എന്ന സിനിമ കേരളത്തിൻ്റെ നാടോടിക്കഥകളുടെ ആകർഷണീയതയും ഐതിഹാസികതകളുടെ ചലച്ചിത്ര ഗാംഭീര്യവുമായാണ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയത്. വേദിയിലെത്തിയ സംവിധായകൻ ജിതിൻ ലാൽ, നടൻ ടൊവിനോ തോമസ്, ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി എന്നിവർ സിനിമയുടെ നീണ്ട സര്‍ഗാത്മക യാത്രയെക്കുറിച്ചും വിവിധ തലങ്ങളിലായി ക്രമീകരിച്ച തിരക്കഥയെക്കുറിച്ചും അഭിനേതാക്കളില്‍നിന്നും അണിയറപ്രവർത്തകരില്‍നിന്നും ചിത്രം ആവശ്യപ്പെട്ട പ്രതിബദ്ധതയെക്കുറിച്ചും സംവദിച്ചു.

തൻ്റെ ചലച്ചിത്ര വിദ്യാലയം ഐഎഫ്എഫ്ഐ ആയിരുന്നുവെന്ന് ജിതിൻ ലാൽ
വികാരഭരിതമായ ഓർമപ്പെടുത്തലുമായി അപ്രതീക്ഷിതമായാണ് ജിതിൻ സെഷന് തുടക്കം കുറിച്ചത്. തൻ്റെ ആദ്യ ഐഎഫ്എഫ്ഐ 2013-ൽ ആയിരുന്നുവെന്നും പിന്നീട് ഓരോ വർഷവും സിനിമ പഠിക്കാനും ഉൾക്കൊള്ളാനും വളരാനുമായി മേളയില്‍ വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ചലച്ചിത്ര പഠന സ്ഥാപനത്തിലും പോയിട്ടില്ലെന്നും ഐഎഫ്എഫ്ഐ ആയിരുന്നു ഏക ചലച്ചിത്ര വിദ്യാലയമെന്നും അദ്ദേഹം വ്യക്തമാക്കി. പന്ത്രണ്ട് വർഷത്തിന് ശേഷം സ്വന്തം സിനിമ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തുമ്പോള്‍ വലിയൊരു ലക്ഷ്യപൂര്‍ത്തീകരണംപോലെ തോ ന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ഭാവാര്‍ത്ഥങ്ങള്‍ വ്യത്യസ്ത തലങ്ങളില്‍ അവതരിപ്പിക്കുന്ന എ.ആർ.എം എന്ന ചിത്രത്തെ ഭാവനാത്മക-സാഹസിക സിനിമയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഥയുടെ കേന്ദ്രബിന്ദുവായ ഐതിഹാസിക വിളക്ക് പോലും ആഴമേറിയ ഒരർത്ഥത്തെ പ്രതിനിധീകരിക്കുന്നു. ജാതിയും സാംസ്കാരിക പൈതൃകവുമടക്കം വിഷയങ്ങളെക്കുറിച്ച് സൂക്ഷ്മ വിമർശനങ്ങൾ ഉൾക്കൊള്ളുന്ന തിരക്കഥയിലൂടെ അണിയിച്ചൊരുക്കിയ ചിത്രം കേവലം ദൃശ്യവിസ്മയം ആഗ്രഹിക്കുന്ന പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നുവെന്ന് ടൊവിനോ തോമസ്

ജിതിൻ സിനിമയുടെ യാത്രയെക്കുറിച്ച് സംസാരിച്ചപ്പോൾ ടൊവിനോ അതിൻ്റെ സാഹസങ്ങളെക്കുറിച്ചും ആവേശത്തെക്കുറിച്ചുമാണ് സംസാരിച്ചത്. 2017-ൽ ചിത്രത്തിനായി സമീപിച്ചപ്പോള്‍ ഇത് ചെയ്യാനാവുമോ എന്ന് ഉറപ്പില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ബാഹ്യമായ മാറ്റങ്ങൾ മാത്രം മതിയായിരുന്നില്ല. രൂപത്തിലല്ല കാര്യമെന്നും മറിച്ച് ഓരോ കഥാപാത്രത്തിനും പൂർണമായും വ്യത്യസ്തമായ ശരീരഭാഷയായിരുന്നു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് സംബന്ധമായ ആശങ്കകളോട് പോരാടിയും ശരിയായ നിർമാതാവിനെ കണ്ടെത്താൻ പരിശ്രമിച്ചും ശാരീരികമായും മാനസികമായും തയ്യാറെടുത്തും സിനിമയ്ക്ക് രൂപം നൽകാൻ വർഷങ്ങളെടുത്തതായി അദ്ദേഹം ഓർമിച്ചു. അന്ന് സിനിമയുടെ പഠിതാവായാണ് സ്വയം കരുതിയിരുന്നതെന്നും സ്വയം ആത്മവിശ്വാസമില്ലാതിരുന്നപ്പോഴും സംവിധായകനും എഴുത്തുകാരനും നല്ല ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ഒരു സിനിമയ്ക്ക് ചലച്ചിത്രമേളയുടെ നിലവാരം കാത്തുസൂക്ഷിക്കുന്നതിനൊപ്പം വിനോദം പകരാനും സാധിക്കുമെന്നും ഈ രണ്ട് ലോകങ്ങൾക്കും ഒരുമിക്കാനാവുമെന്നാണ് എ.ആർ.എം തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഥാപാത്രത്തിന് പിന്നിലെ ഊർജിതമായ തയ്യാറെടുപ്പിനെക്കുറിച്ച് തൻ്റെ അനുഭവം പങ്കുവെച്ച സുരഭി സംസാരിച്ചു. കളരിപ്പയറ്റ് പരിശീലിച്ചും കഥാപാത്രത്തെ ആഴത്തിൽ പഠിച്ചും ഓരോ രംഗത്തെയും പൂർണമായി ഉൾക്കൊള്ളാൻ നിശ്ചയദാര്‍ഢ്യത്തോടെ സമീപിച്ചുമാണ് ഈ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയത്. ടൊവിനോയുടെ കൂടെയുള്ള അഭിനയത്തില്‍ അഭിനേതാക്കൾ തമ്മിലുള്ള രസതന്ത്രമാണുണ്ടായത്. അതുവഴി അഭിനേതാക്കൾ മാഞ്ഞ് കഥാപാത്രങ്ങൾ മാത്രം ശേഷിച്ചുവെന്നും അവർ പറഞ്ഞു.
സിനിമാസൃഷ്ടിയും കേരളത്തിൻ്റെ മാറുന്ന ആസ്വാദകരും
മലയാള സിനിമയുടെ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളിലേക്കും സംവാദം വ്യാപിച്ചു. മലയാളി പ്രേക്ഷകരുടെ മാറുന്ന അഭിരുചിയെ അംഗീകരിച്ച ടൊവിനോ ലോക സിനിമ കാണുന്നവര്‍ക്കുമുന്നില്‍ ഏറ്റവും മികച്ചത് നൽകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനസംഖ്യയുടെ 15% മാത്രമാണ് തിയറ്ററുകളിൽ സിനിമ കാണുന്നതെന്ന സുപ്രധാന വ്യാവസായിക വെല്ലുവിളിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദി, തെലുങ്ക് വ്യവസായങ്ങളെ അപേക്ഷിച്ച് പ്രേക്ഷകരുടെ എണ്ണം കുറവായതിനാല്‍ ബജറ്റ് വർധിപ്പിക്കുന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ മാത്രം മലയാള സിനിമ കണ്ടാൽ ബജറ്റ് പരിമിതമായി തുടരും. അന്യഭാഷാ പ്രേക്ഷകരും മലയാളചിത്രങ്ങള്‍ അവരുടേതുപോലെ കാണണമെന്നും ടൊവിനോ അഭിപ്രായപ്പെട്ടു.
പ്രതീക്ഷ പകരുന്ന മറ്റൊരു വശവും അദ്ദേഹം വിലയിരുത്തി. ബജറ്റിലെ പരിമിതികൾ ചലച്ചിത്ര പ്രവര്‍ത്തകരെ കൂടുതൽ സര്‍ഗാത്മകമാക്കുന്നുവെന്നും സിനിമാ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനായി പുതു വഴികൾ കണ്ടെത്താന്‍ ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്വസന പരിശീലനം, കഥാപാത്ര ശില്പശാലകള്‍, കളരി എന്നിവ ചിത്രത്തിലെ മൂന്ന് കഥാപാത്രങ്ങളുടെ ശാരീരിക നിലയെ വേർതിരിച്ചറിയാൻ സഹായിച്ചതിനെക്കുറിച്ചും ടൊവിനോ വിശദീകരിച്ചു. ഓരോ കഥാപാത്രവും കളരി അഭ്യസിക്കുന്നത് വ്യത്യസ്തമായിരിക്കുമെന്നും അത്രയും ആഴത്തിലാണ് ചിത്രം തയ്യാറാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
എ.ആർ.എം കേവലമൊരു ഭാവനാത്മക ചലച്ചിത്ര ഇതിഹാസം മാത്രമല്ലെന്നും മറിച്ച് സ്ഥിരോത്സാഹത്തിൻ്റെയും സാംസ്കാരിക അഭിമാനത്തിൻ്റെയും മലയാള സിനിമയുടെ അതിർവരമ്പുകൾ ഭേദിക്കാനുള്ള അചഞ്ചലമായ ആഗ്രഹത്തിൻ്റെയും ഫലമാണെന്നും വ്യക്തമാക്കുന്നതായിരുന്നു വാര്‍ത്താസമ്മേളനം. ഹൃദയത്തില്‍ നാടോടിക്കഥകളും കേന്ദ്രബിന്ദുവായി അനേകം തലങ്ങളില്‍ ആവിഷ്ക്കരിച്ച തിരക്കഥയും പ്രകടനങ്ങളില്‍ കരകൗശലവും സാഹസവും ഉള്‍ച്ചേര്‍ത്ത്, ഈ വിളക്കിൻ്റെ മാന്ത്രികത ഒരു തുടക്കം മാത്രമാണെന്ന വാഗ്ദാനമാണ് ചിത്രത്തിൻ്റെ അണിയറസംഘം ഐഎഫ്എഫ്ഐ പ്രേക്ഷകർക്ക് നൽകിയത്.
ട്രെയിലർ:
******
रिलीज़ आईडी:
2195666
| Visitor Counter:
17