രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒഡീഷ നിയമസഭാംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്തു

Posted On: 27 NOV 2025 7:13PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു ഇന്ന് (2025 നവംബർ 27) ഭുവനേശ്വറിൽ ഒഡീഷ നിയമസഭയിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു.

ഒഡിഷയിലെ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതിയ്ക്ക് ഗൃഹാതുരത്വം അനുഭവപ്പെട്ടു. വളരെ വർഷങ്ങൾക്ക് ശേഷം ഈ സ്ഥലത്തെത്തുറിച്ചുള്ള പഴയ ഓർമ്മകൾ വീണ്ടും മനസ്സിലുയർന്നുവന്നതായി അവർ പറഞ്ഞു. ഈ സഭയിൽ ഒരു നിയമസഭാംഗമെന്ന നിലയിൽ അവർ ചോദ്യങ്ങൾ ഉന്നയിക്കുകയും, ഒരു മന്ത്രിയെന്ന നിലയിൽ നിയമസഭാംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമേകുകയും ചെയ്തിട്ടുണ്ട്.



ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിർമ്മിതിയിലും ഒഡീഷ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ധർമ്മ്അശോകനി(നീതിമാനായ അശോക ചക്രവർത്തി)ലേക്കുള്ള ചന്ദ്അശോക(അക്രമകാരിയായ അശോകൻ)ൻ്റെ  പരിവർത്തനത്തിന് ഈ നാട് സാക്ഷ്യം വഹിച്ചു. വൈദേശികാധിപത്യത്തിനെതിരെ പോരാടിയതിലൂടെ ഒഡീഷയിലെ ഗോത്ര സമൂഹങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും അവർ കൂട്ടിച്ചേർത്തു.


ഒഡീഷയിൽ സ്ത്രീ ശാക്തീകരണത്തിന് ഒരു പുരാതന പാരമ്പര്യമുണ്ടെന്ന് രാഷ്ട്രപതി അടിവരയിട്ടു. ഒഡീഷ നിയമസഭയ്ക്ക് സ്ത്രീ പ്രാതിനിധ്യത്തിൻ്റെ  ഒരു ദൈർഘ്യമാർന്ന ചരിത്രമുണ്ടെന്നത് അഭിമാനകരമാണെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യലബ്ധിയ്ക്ക് മുമ്പും ശേഷവും സ്ത്രീ പ്രാതിനിധ്യമില്ലാത്ത ഒരു നിയമസഭയും ഒഡീഷയിൽ ഉണ്ടായിട്ടില്ല. വിവിധ മേഖലകളിൽ വിജയം കൈവരിച്ചുകൊണ്ട് ഒഡീഷയിലെ സ്ത്രീകൾ രാജ്യത്തിൻ്റെ  അഭിമാനമുയർത്തിയതായി അവർ പറഞ്ഞു.


ഒഡീഷ നിയമസഭ നിരവധി പൊതുജനക്ഷേമ നിയമങ്ങൾ പാസാക്കിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പതിനേഴാം നിയമസഭ വളരെ ഹ്രസ്വമായ കാലയളവിൽ ഉത്പാദനക്ഷമമായ നിരവധി യോഗങ്ങൾ നടത്തിയതിൽ അവർ ആഹ്ളാദം രേഖപ്പെടുത്തി. ആരോഗ്യകരമായ ഒരു സംവാദ പാരമ്പര്യമാണ് ഈ നിയമസഭയ്ക്കുള്ളതെന്ന് അവർ ചൂണ്ടിക്കാട്ടി.



ഒഡീഷ അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും വികസനം, പാർപ്പിടസൗകര്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ നിരവധി പുതിയ സംരംഭങ്ങൾ ആവിഷ്‌കരിച്ചതിന് ഒഡീഷ സർക്കാരിനെ രാഷ്ട്രപതി അഭിനന്ദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകീകൃത ശ്രമങ്ങളിലൂടെ ഒഡീഷയിലെ വ്യവസായവത്കരണ പ്രക്രിയ പുതുരൂപം പ്രാപിക്കുന്നതിൽ അവർ സന്തോഷമറിയിച്ചു.

പ്രകൃതി ഒഡീഷയെ എല്ലാ തരം അനുഗ്രഹങ്ങളും നൽകി ധന്യമാക്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സമൃദ്ധമായ ധാതു നിക്ഷേപങ്ങൾ, വനങ്ങൾ, ജലസ്രോതസ്സുകൾ, മനുഷ്യവിഭവശേഷി എന്നിവയാൽ അനുഗ്രഹീതമാണ് ഈ നാട്. കൃഷി, വ്യവസായം, വാണിജ്യം എന്നിവയുടെ വികസനത്തിന് ഒഡീഷയുടെ പരിതസ്ഥിതി വളരെ സഹായകരമാണ്. ഈ ഗുണങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നതിലൂടെ, ഒഡീഷയെ രാജ്യത്തെ ഒരു മുൻനിര സംസ്ഥാനമാക്കി മാറ്റാൻ കഴിയും.

ഒഡീഷ രൂപീകരണത്തിൻ്റെ ശതാബ്ദി 2036- ൽ ആഘോഷിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. 2036- ഓടെ സമ്പന്നമായ ഒരു ഒഡീഷ കെട്ടിപ്പടുക്കുന്നതിന് എല്ലാ തത്പരകക്ഷികൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, 2047- ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ഒഡീഷയുടെ ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. 'രാഷ്ട്രം ആദ്യം' എന്ന മനോഭാവം ഉൾക്കൊണ്ട് എല്ലാവരും പ്രവർത്തിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.


എംഎൽഎമാർ ജനങ്ങളുടെ പ്രതിനിധികളാണെന്ന് രാഷ്ട്രപതി പറഞ്ഞു. ''ഒഡീഷയിലെ ജനങ്ങൾക്ക് അവരിൽ വലിയ പ്രതീക്ഷയും വിശ്വാസവുമുണ്ട്. വലിയൊരു ഉത്തരവാദിത്തമാണ് ജനങ്ങൾ അവരെ ഏൽപ്പിച്ചിരിക്കുന്നത്. പൗരന്മാരുടെ പ്രതീക്ഷകൾ നിറവേറ്റുകയും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും അവരുടെ മുഖത്ത് പുഞ്ചിരി വിടർത്തുകയും ചെയ്യുകയെന്നത് എല്ലാ എംഎൽഎമാരുടെയും കടമയാണ്.''

ഇത് സാങ്കേതികവിദ്യയുടെ യുഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പൊതുജന പ്രതിനിധികൾ എന്ന നിലയിൽ എംഎൽഎമാർക്ക് ധാരാളം ആരാധകരും അനുയായികളും ഉണ്ട്. എംഎൽഎമാർ എന്താണ് പറയുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും അറിയാൻ അവർ ആകാംക്ഷയുള്ളവരാണ്. അവരുടെ വാക്കുകളും പെരുമാറ്റവും വിലമതിക്കാനാവാത്തതാണ്. എംഎൽഎമാർ എന്താണ് പറയുന്നതെന്നും അവർ അത് എങ്ങനെ പറയുന്നുവെന്നും സഭയിലും പുറത്തും എല്ലാവർക്കും അറിയാം. അവരെ പിന്തുടരുന്നതിലൂടെ, ആരാധകരും അനുയായികളും സമൂഹത്തെയും സംസ്ഥാനത്തെയും കെട്ടിപ്പടുക്കാൻ സഹായിക്കുന്ന തരത്തിലായിരിക്കണം എംഎൽഎമാരുടെ പെരുമാറ്റവും വാക്കുകളുമെന്ന് രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

***

 


(Release ID: 2195642) Visitor Counter : 5