iffi banner

ഇന്ത്യയുടെ നാടോടി പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശി ഐഎഫ്എഫ്‌ഐയുടെ മൂന്നാം ദിനം

2025-ലെ ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌ഐ)യുടെ മൂന്നാം ദിനം ഗോവയിലെ പനാജിയിലെ ഐഎൻഒഎക്‌സ് വേദിയെ രാജ്യത്തിന്റെ വൈവിധ്യമാർന്ന രംഗകലകളുടെ ഊർജ്ജസ്വലമായൊരു പ്രദർശന കേന്ദ്രമാക്കി മാറ്റി. വെള്ളിത്തിരയ്ക്ക് അപ്പുറത്തേക്ക് നീങ്ങവെ, ഇന്ത്യയുടെ സാംസ്‌കാരിക ഹൃദയമിടിപ്പിന്റെ അതിശയിപ്പിക്കുന്ന ആഘോഷമായിരുന്നു ആ സായാഹ്നം. പരമ്പരാഗത നാടോടി നൃത്തങ്ങളുടെയും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഊർജ്ജം, വൈവിധ്യം, സമ്പന്നമായ പൈതൃകം എന്നിവ എടുത്തുകാണിക്കുന്ന നാടകീയമായ കഥാകഥനത്തിന്റെയും ഒരു പരമ്പര തന്നെ അതിൽ അവതരിപ്പിച്ചു. 

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ സമർപ്പിത പിആർടികൾ ഉൾപ്പെടെ,  വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കലാകാരന്മാർ ചലച്ചിത്ര പ്രേമികളെ ഉപഭൂഖണ്ഡത്തിലെ ജീവിത പാരമ്പര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.


പ്രകടനങ്ങൾ: ഇന്ത്യയിലുടനീളം ഒരു ദൃശ്യയാത്ര

ഗുസ്സാഡി (തെലങ്കാന)
അദിലാബാദിലെ പത്മശ്രീ കങ്കരാജു ഗുസ്സാഡി ഡാൻസ് അസോസിയേഷനിലെ ഗോത്ര ഗോണ്ട് കലാകാരന്മാരാണ് ഈ ഊർജ്ജസ്വലവും താളാത്മകവുമായ സംഘനൃത്തം അവതരിപ്പിച്ചത്. വർണ്ണാഭമായ നീണ്ട വസ്ത്രങ്ങൾ, വ്യത്യസ്തമായ മയിൽപ്പീലി തലപ്പാവുകൾ, മുഴങ്ങുന്ന മണികൾ എന്നിവ ധരിച്ച കലാകാരൻമാർ, പത്മശ്രീ അംഗീകാരം നേടിയ ശ്രീ ഗുസ്സാഡി കങ്കരാജുവിന്റെ ശക്തമായ പാരമ്പര്യം തുടർന്നുകൊണ്ട് ശ്രദ്ധ ആകർഷിച്ചു.

 


 

മഹിഷാസുര മർദിനി (പശ്ചിമ ബംഗാൾ)
തിന്മയുടെ മേൽ നന്മയുടെ വിജയം തീഷ്ണമായി ചിത്രീകരിക്കുന്ന ഒരു നാടകീയ നാടോടി നൃത്തം റോയൽ ഛൗ അക്കാദമി അവതരിപ്പിച്ചു. ദുർഗ്ഗാ ദേവിയും മഹിഷാസുരൻ എന്ന അസുരനും തമ്മിലുള്ള ഐതിഹാസിക യുദ്ധത്തെ ഈ പ്രകടനം ഉജ്ജ്വലമായി പുനഃസൃഷ്ടിച്ചു. മറ്റ് പ്രധാന ദേവതകളുടെ അവതരണങ്ങളും ഛൗ ശൈലിയിൽ അന്തർലീനമായ ശ്രദ്ധേയമായ ആയോധന നൃത്തസംവിധാനവും ഇതിൽ ഉൾപ്പെട്ടു.


 

സാംബൽപുരി നാടോടി നൃത്തം - ചുട്കുച്ചുട്ട (ഒഡീഷ)
കട്ടക്കിലെ ലോക് ശാസ്ത്ര കലാ പരിഷത്ത് തീവ്രമായ താളത്തോടും ശക്തിയോടും കൂടി അവതരിപ്പിച്ച ഈ ഊർജ്ജസ്വലമായ സംഘനൃത്തം ദാൽഖായ്, റാസേർ കെല്ലി തുടങ്ങിയ പ്രശസ്തമായ സാംബൽപുരി രൂപങ്ങളുടെ ചലനാത്മകമായ സംയോജനമാണ്. പടിഞ്ഞാറൻ ഒഡീഷയുടെ കരുത്തുറ്റതും ആഘോഷപൂർണ്ണവുമായ പരമ്പരാഗത നൃത്ത സംസ്‌കാരത്തെയാണിത് പ്രദർശിപ്പിക്കുന്നത്.


തർപ്പ നൃത്തം (ദാമൻ, ദിയു/മഹാരാഷ്ട്ര)
പീപ്പിൾസ് ആക്ഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റ് അവതരിപ്പിച്ച ഈ സമ്മോഹന പരമ്പരാഗത ഗോത്ര നൃത്തം, ഒരു ചുരയ്ക്ക, മുള, മെഴുക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഒരു അതുല്യമായ വായുസംഗീതോപകരണമായ 'തർപ്പ'യെ കേന്ദ്രീകരിച്ചുള്ളതാണ്. തർപ്പ വാദകൻ പ്രകടന പ്രമാണിയായി വർത്തിച്ച്, സംഘത്തിന്റെ ഏകാഗ്രമായ ചലനങ്ങളുടെ ദിശയും കൂട്ടായ താളവും നിയന്ത്രിക്കുന്നു.


 


ചാരി നൃത്തം (രാജസ്ഥാൻ)
ന്യൂഡൽഹിയിലെ ശ്രീ നടരാജ് കലാ കേന്ദ്രത്തിൽ നിന്നുള്ള വനിതാ സംഘം ചാരി നൃത്തത്തിന്റെ ചാരുതയും പാരമ്പര്യവും പ്രദർശിപ്പിച്ചു. ഗുർജാർ സമൂഹത്തിൽ ജനപ്രിയരായ ഈ കലാകാരികൾ, തിളങ്ങുന്ന പിച്ചള കലങ്ങൾ (ചാരി) തലയിൽ സമർത്ഥമായി ധരിച്ചാടി. അജ്മീറിലെയും കിഷൻഗഡിലെയും വിവാഹങ്ങളിലും ഉത്സവങ്ങളിലും അവിഭാജ്യമായ സൗന്ദര്യത്തിന്റെയും ചാരുതയുടെയും പ്രതീകമാണിത്.


 

ലാവണി (മഹാരാഷ്ട്ര)
മഹാരാഷ്ട്രയുടെ പരമ്പരാഗത നാടോടി നൃത്തവും സംഗീതവും ന്യൂഡൽഹിയിലെ ഹംരാജ് ആർട്ട് അവതരിപ്പിച്ചു. മുദ്രിത നൗവാരി സാരിയിൽ അണിഞ്ഞൊരുങ്ങിയെത്തിയ വനിതാ നർത്തകർ, ഡ്രമ്മുകളുടെ ശക്തമായ താളത്തിനൊത്ത് ആവേശഭരിതവും ആവിഷ്‌കാരാത്മകവുമായ ചലനങ്ങളും വൈകാരികമായ കഥാകഥനവും കൊണ്ട് സദസ്സിനെ വശീകരിച്ചു.


 

രാം വന്ദന (ആസാം)
15-ാം നൂറ്റാണ്ടിലെ മഹാനായ ആസാമീസ് സന്യാസിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീമന്ത് ശങ്കർദേവിന്റെ 'രാമ വിജയം' എന്ന നാടകത്തിലെ ഒരു ചെറിയ ഭാഗത്തെ അടിസ്ഥാനമാക്കി ഗുവാഹത്തി സി.ബി.സിയിലെ ഡിവിഷണൽ കലാകാരന്മാർ ഭക്തിനിർഭരവും സുന്ദരവുമായ നൃത്താവതരണം നടത്തി. നാടകവും ഭക്തിയും സംയോജിപ്പിച്ച് പരിഷ്‌കരിച്ച ക്ലാസിക്കൽ സാത്രിയ നൃത്തരൂപമായാണ് ഈ പ്രകടനം അവലംബിക്കുന്നത്.


 

ബിഹു (അസം)
ഗുവാഹത്തിയിലെ അസം ശിൽപി സമാജം അവതരിപ്പിച്ച, ഉത്സാഹഭരിതവും പരമ്പരാഗതവുമായ നാടോടി നൃത്തരൂപമായ ബിഹു നൃത്തത്തോടെ സായാഹ്ന പരിപാടികൾ അവസാനിപ്പിച്ചു. ആഘോഷ വേഷവിധാനത്തിലെത്തിയ യുവാക്കളും യുവതികളും അവതരിപ്പിച്ച, വേഗതയേറിയതും സന്തോഷകരവുമായ ചലനങ്ങൾക്കൊപ്പം, ധോൽ (ഡ്രം), പെപ്പ (എരുമക്കൊമ്പ് കൊണ്ടുള്ള വാദ്യോപകരണം), ഗോഗോണ (മുളനിർമിത വാദ്യോപകരണം) തുടങ്ങിയ പരമ്പരാഗത ഉപകരണങ്ങളുടെ ആവേശകരമായ താളങ്ങൾ പക്കമേളമൊരുക്കി. ഇത് കാർഷിക ഋതുക്കളുടെ ചൈതന്യത്തെ അടയാളപ്പെടുത്തുകയും ചെയ്തു.


 

വൈകുന്നേരത്തെ ആകർഷണീയത കശ്മീരിലെയും ഹിമാചലിലെയും പ്രകടനങ്ങളെ തിളക്കമാർന്നതാക്കുകയും, മനോഹരമായ അവതരണങ്ങൾ കാണികളെ വടക്കൻ പർവതപ്രദേശ പ്രതീതിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.


 

പരമ്പരാഗത കശ്മീരി നാടോടി നർത്തകർ അവരുടെ പ്രാദേശിക രൂപങ്ങളിൽ അന്തർലീനമായ ശാന്തമായ സൗന്ദര്യവും ആഖ്യാന ആഴവും കൊണ്ട് വേദിയെ കീഴടക്കി. അതേസമയം ഹിമാചലിലെ ഉത്സാഹഭരിതവും ഊർജ്ജസ്വലവുമായ നാടോടി നൃത്തങ്ങൾ ഹിമാലയൻ സംസ്ഥാനത്തിന്റെ വ്യതിരിക്തവും ആഘോഷപരവുമായ സംസ്‌കാരത്തെയും വർണ്ണാഭമായ വസ്ത്രധാരണത്തെയും ദർശനവേദ്യമാക്കിക്കൊണ്ട്, സായംകാലത്തെ പ്രദർശനത്തിന്റെ സാംസ്‌കാരികമുദ്രയെ കൂടുതൽ സമ്പന്നമാക്കി.

ഐഎഫ്എഫ്‌ഐയുടെ മൂന്നാം ദിനത്തിലെ സാംസ്‌കാരിക പരിച്ഛേദം, ചലച്ചിത്ര പ്രദർശനങ്ങളിൽ നിന്ന് സമ്പന്നവും ഘടനാപരവുമായ ഒരു ഇടവേള വാഗ്ദാനം ചെയ്തു. ഇത് മേള വെറും പ്രദർശനം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ സമ്പന്നമായ സൃഷ്ടിപരവും സാംസ്‌കാരികവുമായ ഭൂപ്രകൃതിയെ പരിപോഷിപ്പിക്കുന്ന വൈവിധ്യമാർന്നതും ജീവസുറ്റതുമായ കലാരൂപങ്ങളെ ഉയർത്തിക്കാട്ടുന്നതാണെന്ന് തെളിയിച്ചു. അവസാനം അവതരിപ്പിച്ച ബിഹു താളത്തെ തുടർന്നുണ്ടായ കരഘോഷം പ്രകടനത്തിന്റെയും പാരമ്പര്യത്തിന്റെയും ശക്തിയുടെ തെളിവായിരുന്നു.

***


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2194164   |   Visitor Counter: 4