രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ശ്രീ സത്യസായി ബാബയുടെ ജന്മശതാബ് ദി ആഘോഷ അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു.

പോസ്റ്റഡ് ഓണ്‍: 22 NOV 2025 1:01PM by PIB Thiruvananthpuram
ശ്രീ സത്യസായി ബാബ ആത്മീയതയെ നിസ്വാർത്ഥ സേവനത്തോടും  വൈയക്തിക  പരിവർത്തനത്തോടും  ബന്ധിപ്പിക്കുകയും സേവനത്തിൻ്റെ പാത  പിന്തുടരാൻ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്ത മഹത് വ്യക്തി : രാഷ്ട്രപതി.

 രാഷ്ട്രനിർമാണത്തിൽ  ആത്മീയ സംഘടനകളുടെ   പങ്ക് മഹത്തരം : ശ്രീമതി  ദ്രൗപദി മുർമു.
2025 നവംബർ 22 ന്  ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലുള്ള പ്രശാന്തി നിലയത്തിൽ സംഘടിപ്പിച്ച  ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദിആഘോഷ അനുസ്മരണ സമ്മേളനത്തിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സംബന്ധിച്ചു.

പുരാതന കാലം മുതൽ നമ്മുടെ സന്യാസിമാരും ഋഷിവര്യന്മാരും സ്വന്തം പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും സമൂഹത്തെ  ശരിയായ ദിശയിലേക്ക് നയിച്ചുവരികയാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി  പറഞ്ഞു. 'സമൂഹത്തിൻ്റെ  ക്ഷേമത്തിനായി ഈ മഹാത്മാക്കൾ നിരവധി പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ട്. അത്തരം മഹാന്മാക്കളിൽ  ശ്രീ സത്യസായി ബാബയുടെ  സ്ഥാനം വളരെ വലുതാണ് . സമൂഹത്തിൻ്റെ  ഉന്നമനത്തിനായാണ്  അദ്ദേഹം എപ്പോഴും പ്രവർത്തിച്ചത് ."മനുഷ്യസേവയാണ് ദൈവസേവ" എന്ന സിദ്ധാന്തം ശ്രി സത്യ സായി ബാബാ ശക്തമായി മുന്നോട്ടുവെച്ചു. ഇത് തൻ്റെ അനുയായികൾ ജീവിതത്തിൽ നടപ്പാക്കണമെന്ന് അദ്ദേഹം പ്രചോദിപ്പിക്കുകയും ചെയ്തു.  ഈ രീതിയിൽ, അദ്ദേഹം ആത്മീയതയെ പൊതുജനക്ഷേമത്തിലേക്ക് തിരിച്ചുവിട്ടു. ആത്മീയതയെ നിസ്വാർത്ഥ സേവനവുമായും വ്യക്തിഗത പരിവർത്തനവുമായും അദ്ദേഹം ബന്ധിപ്പിച്ചു. ഇതിലൂടെ,ദശലക്ഷക്കണക്കിന് ആളുകളെ സേവനത്തിൻ്റെ   പാത പിന്തുടരാൻ  അദ്ദേഹം പ്രേരിപ്പിച്ചുവെന്നും' ശ്രീമതി  മുർമു പറഞ്ഞു .

നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലൂടെ  ആദർശങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റുന്നതിൽ ശ്രീ സത്യസായി ബാബ ഒരു സവിശേഷ മാതൃക സൃഷ്ടിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ്, കുട്ടികളുടെ  അക്കാദമിക്  മികവും സ്വഭാവരൂപീകരണവും ഏകോപിപ്പിക്കുകയും  അവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന  ഉന്നത  നിലവാരമുള്ള സ്‌ഥാപനമാണ് . വിദ്യാഭ്യാസത്തോടൊപ്പം, ഗുണനിലവാരമുള്ള  സൗജന്യ വൈദ്യസഹായത്തിലൂടെയും  സത്യസായി ബാബയുടെ ദൗത്യം സ്‌ഥാപനം  മുന്നോട്ട് കൊണ്ടുപോകുന്നു. ഈ മേഖലയിലെ ആയിരക്കണക്കിന് വരൾച്ച ബാധിത ഗ്രാമങ്ങൾക്ക് കുടിവെള്ളം  ലഭ്യമായത്  അദ്ദേഹത്തിൻ്റെ  ദീർഘവീക്ഷണത്തിനുള്ള  ദൃഷ്ടാന്തമാണെന്നും  രാഷ്ട്രപതി പറഞ്ഞു.
 

"എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക", “എപ്പോഴും സഹായിക്കുക, ഒരിക്കലും ആർക്കും ദോഷം ചെയ്യാതിരിക്കുക”എന്നിവ  സത്യസായി ബാബയുടെ ശാശ്വതവും സാർവത്രികവുമായ  സന്ദേശങ്ങളാണെന്ന്  രാഷ്ട്രപതി പറഞ്ഞു. ലോകം ഒരു  പാഠശാലയാണെന്നും  സത്യം, ധാർമ്മികത, സമാധാനം, സ്നേഹം, അഹിംസ എന്നീ  അഞ്ച് മാനുഷിക മൂല്യങ്ങൾ  മനുഷ്യരുടെ  പാഠ്യപദ്ധതിയാണെന്നും  ശ്രീ  സത്യസായി ബാബ വിശ്വസിച്ചിരുന്നു. മാനുഷിക മൂല്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ  ഉപദേശങ്ങൾ എല്ലാ സംസ്കാരങ്ങൾക്കും  എല്ലാ കാലഘട്ടങ്ങൾക്കും പ്രസക്തമാണെന്നും  ശ്രീമതി മുർമു പറഞ്ഞു .

'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തിന് അനുസൃതമായി രാഷ്ട്രനിർമ്മാണമാണ് എല്ലാ സംഘടനകളുടെയും കടമയെന്ന് രാഷ്ട്രപതി പറഞ്ഞു. ആത്മീയ സംഘടനകൾക്ക് ഇതിൽ ഗണ്യമായ സംഭാവന നൽകാൻ കഴിയും. ജന ജീവിതം കൂടുതൽ ലളിതവും സുഗമവുമായി മാറ്റുന്നതിനും അവരുടെ കഴിവുകളും  പ്രതിഭകളും രാഷ്ട്രപുരോഗതിക്കായി  വിനിയോഗിക്കുന്നതിനും കേന്ദ്ര സർക്കാർ  നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. എല്ലാ ചാരിറ്റബിൾ സംഘടനകളും, എൻ‌ജി‌ഒകളും, സ്വകാര്യ മേഖലകളും , ജനങ്ങളും കേന്ദ്ര സർക്കാരിൻ്റെ  ഈ ശ്രമങ്ങൾക്ക് സംഭാവന നൽകണം. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന നമ്മുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അവരുടെ സംഭാവന നിർണായകമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു  പറഞ്ഞു.
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക;
******

( റിലീസ് ഐ.ഡി: 2192888) സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Tamil , Telugu