പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി-20 നേതൃ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 21 NOV 2025 10:43PM by PIB Thiruvananthpuram

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടന്ന ജി-20 നേതൃ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസും ഇന്ന് കൂടിക്കാഴ്ച നടത്തി. 2020-ൽ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കു ബന്ധം ഉയർത്തിയതിന് ശേഷം, കഴിഞ്ഞ വർഷത്തിനിടയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. അടുത്തിടെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി അൽബനീസ് ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ ആവർത്തിച്ചു.

രാഷ്ട്രീയവും തന്ത്രവും, പ്രതിരോധവും സുരക്ഷയും, ഊർജം, വ്യാപാരവും നിക്ഷേപവും, നിർണായക ധാതുക്കൾ, സാങ്കേതികവിദ്യ, മൊബിലിറ്റി, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷിസഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രിമാർ കാഴ്ചപ്പാടുകൾ കൈമാറി.

ഉന്നതതല കൂടിക്കാഴ്ചകൾ പതിവായി നടക്കുന്നത് ഉഭയകക്ഷിബന്ധത്തിന്റെ കരുത്തുവർധിപ്പിച്ചെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ഉയരങ്ങളിലേക്കു കൊണ്ടുപോകാനുള്ള പ്രതിജ്ഞാബദ്ധതയും ഇരുനേതാക്കളും ആവർത്തിച്ചു.

 

-AT-


(Release ID: 2192798) Visitor Counter : 10