യുണിസെഫ് x ഐഎഫ്എഫ്ഐ : അഞ്ച് സിനിമകൾ, ഒരു സാർവത്രിക ഇതിവൃത്തം
ബാല്യത്തിൻ്റെ ധീരതയും സർഗാത്മകതയും സ്വപ്നങ്ങളും തേടുന്ന അഞ്ച് ലോക സിനിമകൾ 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയില്‍
ബാല്യത്തിൻ്റെ വിവിധ ഭാവങ്ങളും വിസ്മയവും പോരാട്ടങ്ങളും തകർക്കാനാവാത്ത അതിജീവന ശക്തിയും ഹൃദയസ്പർശിയായ കഥകളിലൂടെയും വെല്ലുവിളികളും പ്രചോദനവും നിറഞ്ഞ ആവിഷ്ക്കാരങ്ങളിലൂടെയും ആഘോഷിക്കാൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേള യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടുമായി (യുണിസെഫ്) ഒരിക്കല്‍കൂടി പങ്കാളിത്തത്തിലേർപ്പെടുന്നു.
യുണിസെഫ് x ഐഎഫ്എഫ്ഐ സഹകരണത്തിന് ആദ്യമായി തുടക്കം കുറിച്ചത് 2022-ലാണ്. ബാലാവകാശങ്ങളുടെയും ചലച്ചിത്രോത്സവങ്ങളുടെയും ലോകങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് പ്രശസ്ത സ്ഥാപനങ്ങളുടെ സംയോജനം നാലാം വർഷത്തിലേക്ക് കടക്കുമ്പോള്‍ സിനിമയും ധാർമിക ബോധവും ഒരുമിക്കുന്ന വേദി കെട്ടിപ്പടുക്കുന്നത് തുടരുകയാണ്. വിവിധ സംസ്കാരങ്ങളിലെ കുട്ടികൾ നേരിടുന്ന യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുകയും അവരുടെ ധീരതയും സർഗാത്മകതയും പ്രത്യാശയും ആഘോഷിക്കുകയും ചെയ്യുന്ന ചിത്രങ്ങളെ 56-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേള ഒരുമിച്ചു കൊണ്ടുവരുന്നു. യുണിസെഫിൻ്റെ മാനുഷിക കാഴ്ചപ്പാടിനെ ചലച്ചിത്രാവിഷ്കാര ശക്തിയുമായി സംയോജിപ്പിച്ച് ഓരോ കുട്ടിയ്ക്കും മെച്ചപ്പെട്ട ലോകം സൃഷിക്കുന്നതിന് സമൂഹത്തില്‍ സഹാനുഭൂതി വളര്‍ത്തുന്നതിലും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രചോദനം പകരുന്നതിലും സിനിമയുടെ ശക്തി ഈ പങ്കാളിത്തത്തിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുന്നു.
അഞ്ച് സിനിമകൾ, ഒരു സാർവത്രിക ഇതിവൃത്തം
കൊസോവോ, ദക്ഷിണ കൊറിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലെ അഞ്ച് അസാധാരണ ചലച്ചിത്രങ്ങള്‍ ഈ വർഷം പട്ടികപ്പെടുത്തിയ ചിത്രങ്ങളില്‍ ഉൾപ്പെടുന്നു. ബാല്യത്തിൻ്റെ വ്യത്യസ്ത സത്യങ്ങളാണ് ഓരോ സിനിമയും വെളിപ്പെടുത്തുന്നത്. സ്വന്തമായി ഒരിടം കണ്ടെത്താന്‍ നടത്തുന്ന ശ്രമവും അന്തസ്സിനായി നടത്തുന്ന പോരാട്ടവും സ്നേഹത്തിൻ്റെ ആവശ്യകതയും സ്വാതന്ത്ര്യത്തിന്‍റെ സ്വപ്നവും ഈ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് യൂണിസെഫിൻ്റെയും ഐഎഫ്എഫ്ഐയുടെയും പൊതു മനോഭാവത്തെ ഉൾക്കൊള്ളുന്ന ഹൃദയസ്പർശിയായ തിരശ്ശീലയൊരുക്കുന്നു. ഓരോ കുട്ടിക്കും കൂടുതൽ നീതിയുക്തവും ആര്‍ദ്രവുമായ ലോകം സൃഷ്ടിക്കാൻ കഥാവിഷ്ക്കാരത്തിന്‍റെ ശക്തിയിൽ വിശ്വാസമര്‍പ്പിക്കുന്നതാണ് ഈ മനോഭാവം.
ഹാപ്പി ബർത്ത്‌ഡേ (ഈജിപ്ത്/ഈജിപ്ഷ്യൻ അറബി), കടല്‍ കണ്ണി (ഇന്ത്യ/തമിഴ്), പുതുൽ (ഇന്ത്യ/ഹിന്ദി), ദി ബീറ്റിൽ പ്രോജക്റ്റ് (കൊറിയ/കൊറിയൻ), ദി ഒഡീസി ഓഫ് ജോയ് (ഫ്രാൻസ്, കൊസോവോ/അൽബേനിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, റൊമാനി) എന്നിവയാണ് ചിത്രങ്ങള്‍.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.pib.gov.in/PressReleasePage.aspx?PRID=2191699
*****
Release ID:
2191847
| Visitor Counter:
5