ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി പി രാധാകൃഷ്ണൻ, ഹൈദരബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന റാമോജി എക്സലൻസ് അവാർഡ് 2025ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു
Posted On:
17 NOV 2025 9:09AM by PIB Thiruvananthpuram
തെലങ്കാനയിലെ ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റിയിൽ ഇന്ന് നടന്ന റാമോജി എക്സലൻസ് അവാർഡ്സ് 2025 ന്റെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഏഴ് വിഭാഗങ്ങളിലായാണ് റാമോജി എക്സലൻസ് അവാർഡുകൾ സമ്മാനിച്ചത് : ഗ്രാമവികസനത്തിന് ശ്രീമതി ആംല അശോക് റൂയിയ ; യൂത്ത് ഐക്കൺ ശ്രീ ശ്രീകാന്ത് ബൊള്ള ; ശാസ്ത്ര സാങ്കേതിക വിദ്യയിൽ പ്രൊഫ. മാധവി ലത ഗലി ; മാനുഷിക സേവനത്തിന് ശ്രീ ആകാശ് ടണ്ടൻ ; കലാ സാംസ്കാരിക മേഖലയിൽ പ്രൊഫ. സതുപതി പ്രസന്ന ശ്രീ ; പത്രപ്രവർത്തനത്തിന് ശ്രീ ജയ്ദീപ് ഹാർദിക്കർ ; വനിതാ വിജയികൾ എന്ന വിഭാഗത്തിൽ ശ്രീമതി പല്ലബി ഘോഷ് എന്നിവർ പുരസ്‌ക്കാരങ്ങൾക്ക് അർഹരായി.
റാമോജി ഗ്രൂപ്പിന്റെ സ്ഥാപക ദിനം, സ്ഥാപകൻ ശ്രീ റാമോജി റാവുവിന്റെ ജന്മവാർഷികം എന്നിവയോട് അനുബന്ധിച്ച് നടന്ന റാമോജി എക്സലൻസ് അവാർഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയും വിശേഷഭാഗ്യവുമായി കരുതുന്നു എന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
ആശയങ്ങളെ സ്ഥാപനങ്ങളായും സ്വപ്നങ്ങളെ നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളായും മാറ്റിയ ഒരു ദർശകനായിരുന്നു ശ്രീ റാമോജി റാവു എന്നും, മാധ്യമ രംഗത്തും ആശയവിനിമയത്തിലും മാർഗദർശി മാത്രമല്ല, വിവരങ്ങളുടെയും സർഗ്ഗാത്മകതയുടെയും സംരംഭത്തിന്റെയും ശക്തിയിൽ ആഴത്തിൽ വിശ്വസിച്ചിരുന്ന ഒരു രാഷ്ട്ര നിർമ്മാതാവ് കൂടിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ഈനാട് മുതൽ റാമോജി ഫിലിം സിറ്റി വരെയും, ഇടിവി നെറ്റ്‌വർക്ക് മുതൽ മറ്റ് നിരവധി സംരംഭങ്ങൾ വരെയും, ശ്രീ. റാമോജി റാവുവിന്റെ പ്രവർത്തനങ്ങൾ ഇന്ത്യൻ പത്രപ്രവർത്തനം, വിനോദം, സംരംഭകത്വം എന്നിവയിൽ വിപ്ലവം സൃഷ്ടിച്ചുവെന്ന് ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. സത്യം, ധാർമ്മികത, മികവ് എന്നിവയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത രാജ്യമെമ്പാടുമുള്ള തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മികവ് പ്രകടിപ്പിക്കുകയും, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും, സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ഈ ശ്രേഷ്ഠമായ പൈതൃകത്തിന് അനുയോജ്യമായ ആദരാവാണ് റാമോജി എക്സലൻസ് അവാർഡുകൾ എന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായി വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾ, അവബോധമുള്ള ഒരു ജനതയെ നിലനിർത്തുന്നതിൽ കേന്ദ്ര സ്ഥാനം വഹിക്കുന്നു എന്ന് മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിവരങ്ങളുടെ അതിപ്രസരവും തെറ്റായ വിവരങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിൽ, സത്യസന്ധവും, ധാർമ്മികവും, ഉത്തരവാദിത്തപരവുമായ പത്രപ്രവർത്തനത്തിന്റെ വിമർശനാത്മകമായ പ്രാധാനയത്തെ ഉപരാഷ്ട്രപതി അടിവരയിട്ടു.
2047-ഓടെ പ്രധാനമന്ത്രി വിഭാവനം ചെയ്ത വികസിത് ഭാരത് എന്ന ദർശനത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, നവീകരണം, സ്റ്റാർട്ടപ്പുകൾ, സ്ത്രീ ശാക്തീകരണം, ഗ്രാമീണ പരിവർത്തനം എന്നിവ എടുത്തുകാട്ടിക്കൊണ്ട് മാധ്യമ സ്ഥാപനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സത്യം, വസ്തുനിഷ്ഠത, നീതി എന്നിവ മാധ്യമ സ്ഥാപനങ്ങളുടെ അടിത്തറയായി നിലനിൽക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലഹരി മുക്ത ഇന്ത്യ സൃഷ്ടിക്കുന്നതിലും, നിർമ്മിത ബുദ്ധിയിലെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ ഈ കാലഘട്ടത്തിൽ, യഥാർത്ഥ വാർത്തകളും വ്യാജവാർത്തകളും തമ്മിൽ വേർതിരിച്ചറിയാൻ ജനങ്ങളെ സഹായിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പ്രധാന പങ്കിനെ കുറിച്ച് അദ്ദേഹം എടുത്ത് പറഞ്ഞു.
ഈ പുരസ്‌ക്കാരങ്ങൾ ഏർപ്പെടുത്തിയതിന് റാമോജി ഗ്രൂപ്പിനെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇവ ഓർമ്മകളെ പ്രചോദനമായും പൈതൃകത്തെ ലക്ഷ്യബോധമുള്ള പ്രവർത്തനങ്ങളായും മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മികവിന്റെ ദീപസ്തംഭങ്ങളെന്ന് വിശേഷിപ്പിച്ചുകൊണ്ട് എല്ലാ പുരസ്‌ക്കാര ജേതാക്കളെയും അദ്ദേഹം അഭിനന്ദിക്കുകയും, അവരുടെ നേട്ടങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
ഈ സായാഹ്നം മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയവരെ ആഘോഷിക്കുക മാത്രമല്ല, മറിച്ച് ആത്മാർത്ഥമായും ലക്ഷ്യബോധത്തോടെയും മികവിനെ പിന്തുടരുമ്പോൾ, അത് രാഷ്ട്രത്തിനും മാനവികതയ്ക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന കാലാതീതമായ സത്യത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് ഉപരാഷ്ട്രപതി തന്റെ പ്രസംഗം ഉപസംഹരിച്ചു.
തെലങ്കാന ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ ; ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ; തെലങ്കാന മുഖ്യമന്ത്രി ശ്രീ എ. രേവന്ത് റെഡ്ഡി ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു ; കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി. കിഷൻ റെഡ്ഡി ; കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ കിഞ്ചരാപു റാംമോഹൻ നായിഡു ; ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് ശ്രീ എൻ. വി. രമണ ; റാമോജി ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ കിരൺ ; പ്രമുഖ സിനിമാ താരങ്ങൾ ; മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
*****
(Release ID: 2190714)
Visitor Counter : 9