ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍, 2024ലെ മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ അവാര്‍ഡ് കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപിക്ക് ന്യൂഡല്‍ഹിയില്‍ സമ്മാനിച്ചു.
Posted On:
16 NOV 2025 4:48PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന 2024ലെ മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രിയും പ്രശസ്ത ചലച്ചിത്രനടനുമായ ശ്രീ. സുരേഷ് ഗോപിക്ക് അദ്ദേഹം അഭിമാനാര്‍ഹമായ ഈ പുരസ്‌കാരം സമ്മാനിച്ചു.
സിനിമയിലും രാഷ്ട്രീയത്തിലും നിലനില്‍ക്കുന്ന വ്യത്യസ്ത വെല്ലുവിളികളെ പരാമര്‍ശിച്ചുകൊണ്ട് ഈ രണ്ടും മേഖലയിലും ശ്രദ്ധേയ വിജയം നേടിയ ശ്രീ. സുരേഷ് ഗോപിയുടെ കഴിവിനെയും സമര്‍പ്പണത്തെയും ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ അഭിനന്ദിച്ചു. ശ്രീ സുരേഷ് ഗോപിയുടെ ക്ഷണമനുസരിച്ച് അടുത്തിടെ താന്‍ കൊല്ലത്തെ ഫാത്തിമ മാതാ കോളേജ് സന്ദര്‍ശിച്ച കാര്യം ഉപരാഷ്ട്രപതി പറഞ്ഞു. ഈ ക്ഷണം, കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ ശ്രീ സുരേഷ് ഗോപിക്ക് തന്റെ വിദ്യാലയത്തോടും നാടിനോടും ഉള്ള ആത്മബന്ധം ഊട്ടിയുറപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി രാജ്യത്തെ മികച്ച മുന്നേറ്റങ്ങളും സംഭവവികാസങ്ങളും ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു, ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുക എന്നതാണ് പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദിത്വമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിമുക്ത സമൂഹത്തെ സൃഷ്ടിക്കുന്നതിലും അതിനുവേണ്ടിയുള്ള ബോധവത്കരണപ്രവൃത്തികളും പൊതു ചര്‍ച്ചകളും രൂപപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിര്‍മ്മിത ബുദ്ധിയുടെയും വ്യാജവാര്‍ത്തകള്‍ ഉയര്‍ത്തുന്ന ആഴത്തിലുള്ള വെല്ലുവിളികളുടെയും ഈ കാലഘട്ടത്തില്‍ സത്യത്തെ വ്യാജ വാര്‍ത്തകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കൂടുതല്‍ പ്രയാസമായിരിക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അതിനാല്‍, ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളും പത്രപ്രവര്‍ത്തകരും അതീവ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
'ഹൃദയശുദ്ധിയോടുകൂടി സത്യം പറയുന്നവര്‍, ജീവിതകാലം മുഴുവന്‍ സംന്യാസവും അളവറ്റ ദാനധര്‍മ്മവും ചെയ്യുന്നവരെക്കാള്‍ സമുന്നതനാണ്' എന്ന തമിഴ് കവി തിരുവള്ളുവരുടെ മഹത് വചനങ്ങള്‍ ഓര്‍മ്മിപ്പിച്ച ഉപരാഷ്ട്രപതി, തിരുവള്ളുവരുടെ ഈ ഉപദേശം പത്രമാധ്യമങ്ങള്‍ പിന്തുടരണമെന്ന് ആഹ്വാനം ചെയ്തു.
മനോരമ ഗ്രൂപ്പിന്റെ ദീര്‍ഘകാല പാരമ്പര്യത്തെ പ്രത്യേകം പരാമര്‍ശിച്ച ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍, സത്യത്തിനോടും ഭാഷയോടും സംസ്‌കാരത്തോടും മലയാള സാഹിത്യത്തോടും മാധ്യമരംഗത്തോടുമുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രശംസിച്ചു. കാലങ്ങളായി ജനങ്ങളുടെ ചിന്തകളെ പ്രതിഫലിപ്പിക്കുകയും കേരളത്തിലെ മികച്ച അഭിപ്രായനിര്‍മ്മാതാവും വിശ്വസനീയ ശബ്ദവുമായി മനോരമ ന്യൂസ് എന്ന മാധ്യമസ്ഥാപനം നിലകൊള്ളുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
*****
(Release ID: 2190594)
Visitor Counter : 8