|
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഗോവയില്‍ വേവ്‌സ് ഫിലിം ബസാറിന്റെ 19-ാം പതിപ്പില്‍ കരുത്തുറ്റ ആഗോള സഹ നിര്‍മ്മാണ വിപണി അവതരിപ്പിക്കും
Posted On:
16 NOV 2025 11:18AM by PIB Thiruvananthpuram
അന്താരാഷ്ട്ര ധനസഹായത്തിനും ചലച്ചിത്ര മേളകളിലെ പ്രദര്‍ശനത്തിനുമായി 22 ഫീച്ചര്‍ സിനിമകളും അഞ്ച് ഡോക്യുമെന്ററികളും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി
മുമ്പ് ഫിലിം ബസാര്‍ എന്നറിയപ്പെട്ടിരുന്നതും ഇപ്പോള്‍ വേവ്‌സ് ഫിലിം ബസാര്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതുമായ ഇന്ത്യയുടെ മുന്‍നിര ചലച്ചിത്ര വിപണിയുടെ 19-ാം പതിപ്പില്‍ കരുത്തുറ്റ ആഗോള സഹനിര്‍മ്മാണ വിപണി അവതരിപ്പിക്കും. അന്താരാഷ്ട്ര ധനസഹായത്തിനും മേളകളിലെ പ്രദര്‍ശനത്തിനുമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ക്യൂറേറ്റഡ് പ്രോജക്ടുകള്‍ ഉള്‍പ്പെടെ ഫീച്ചറുകള്‍ക്കും ഡോക്യുമെന്ററികള്‍ക്കും ഈ സംവിധാനം സഹായകരമാകും.
56-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI)യോട് അനുബന്ധമായി, 2025 നവംബര്‍ 20 മുതല്‍ 24 വരെ ഗോവയിലെ മാരിയട്ട് റിസോര്‍ട്ടില്‍ വേവ്‌സ് ഫിലിം ബസാര്‍ നടക്കും.
ഈ 19-ാം പതിപ്പില്‍, ആഗോള ആഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 22 ഫീച്ചര്‍ പ്രോജക്ടുകള്‍ വേവ്‌സ് ഫിലിം ബസാര്‍ അവതരിപ്പിക്കും. ഇന്ത്യ, ഫ്രാന്‍സ്, യുകെ, കാനഡ, യുഎസ്എ, റഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആകര്‍ഷകമായ സിനിമ പ്രോജക്ടുകള്‍ ഈ സഹ നിര്‍മ്മാണ വിപണിയില്‍ ഉള്‍പ്പെടുന്നു. ഹിന്ദി, ഉറുദു, ബംഗാളി, മണിപ്പൂരി, തങ്ഖുല്‍, നേപ്പാളി, മലയാളം, ഹര്‍യാന്‍വി, ഇംഗ്ലീഷ്, ഗുജറാത്തി, ലഡാക്കി, കൊങ്കണി, കന്നഡ, മറാത്തി, പഞ്ചാബി, കശ്മീരി, റഷ്യന്‍, സംസ്‌കൃതം, ഒഡിയ തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളാണ് ഈ വൈവിധ്യമാര്‍ന്ന ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. തിരഞ്ഞെടുത്ത ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഓപ്പണ്‍ പിച്ച് സെഷനില്‍ പങ്കെടുത്തുകൊണ്ട് , അവരുടെ പ്രോജക്ടുകള്‍ അന്താരാഷ്ട്ര, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാമര്‍മാര്‍, ധനകാര്യ സ്ഥാപനങ്ങള്‍, വില്‍പ്പന ഏജന്റുമാര്‍ എന്നിവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. ഇത് ആഗോള അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകരുമായി നേരിട്ടുള്ള യോഗങ്ങള്‍ക്ക് വഴിയൊരുക്കുകയും ഭാവിയിലെ സഹകരണ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.
കൂടാതെ, ഈ പതിപ്പിലെ സഹ നിര്‍മ്മാണ വിപണിയില്‍ 5 ഡോക്യുമെന്ററി സിനിമകളും ഉണ്ടായിരിക്കും. കല, സംഗീതം, സംസ്‌കാരം, പരിസ്ഥിതി, സുസ്ഥിരത, വിദ്യാഭ്യാസം, സ്ത്രീ പ്രസ്ഥാനം, ലിംഗഭേദം, ലൈംഗികത, നരവംശ ശാസ്ത്രം, എന്നിവയുള്‍പ്പെടെ വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ പ്രോജക്ടുകള്‍.
കിരണ്‍ റാവു, വിക്രമാദിത്യ മോട്‌വാനെ, ശകുന്‍ ബത്ര, ദേവാശിഷ് മഖിജ, ഇറ ദുബെ, സരിത പാട്ടീല്‍, ഷൗനക് സെന്‍, ബാഫ്റ്റ അവാര്‍ഡ് ജേതാവായ സംവിധായകന്‍ ബെന്‍ ക്രിക്റ്റണ്‍ തുടങ്ങിയ പ്രശസ്തരായ ചലച്ചിത്ര നിര്‍മ്മാതാക്കളും ഉള്ളടക്ക സ്രഷ്ടാക്കളുമടക്കം ചലച്ചിത്ര വ്യവസായ മേഖലയിലെ പരിചയസമ്പന്നരും കൂടാതെ വളര്‍ന്നുവരുന്നതുമായ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തി , ഈ വര്‍ഷത്തെ സഹനിര്‍മ്മാണ പദ്ധതികളില്‍ സന്തുലിതമായ അവസരം ഉറപ്പുവരുത്തിയിട്ടുണ്ട് .
ഏഷ്യ ടിവി ഫോറം & മാര്‍ക്കറ്റ് (എടിഎഫ്) യുമായുള്ള പങ്കാളിത്തവും വേവ്‌സ് ഫിലിം ബസാര്‍ പ്രഖ്യാപിച്ചു. പ്രോജക്റ്റുകളുടെ പരസ്പര വിനിമയ സംരംഭത്തിന്റെ ഭാഗമായി 'ഗ്ലോറിയ' എന്ന പേരില്‍ ഒരു പ്രോജക്റ്റ് സഹ നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍എഫ്ഡിസിയുടെ തിരഞ്ഞെടുത്ത ഫോക്കസ്ഡ് പ്രോജക്റ്റുകള്‍ക്ക് കീഴില്‍ സഹനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 'ഷെയിംഡ്', 'സ്മാഷ്', 'ടൈഗര്‍ ഇന്‍ ദി ലയണ്‍ ഡെന്‍' എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രോജക്ടുകള്‍.
19-ാമത് വേവ്‌സ് ഫിലിം ബസാര്‍ സഹനിര്‍മ്മാണ വിപണിക്കായി തിരഞ്ഞെടുത്ത 22 ചലച്ചിത്രങ്ങളെയും അഞ്ച് ഡോക്യുമെന്ററികളെയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്
ഐഎഫ്എഫ്‌ഐയോട് അനുബന്ധമായി എല്ലാ വര്‍ഷവും നടക്കുന്ന ഈ പരിപാടി, നാളത്തെ സിനിമകളെ രൂപപ്പെടുത്തുന്നതിനായി ഇന്ത്യന്‍ കഥാകൃത്തുക്കള്‍, ആഗോള നിര്‍മ്മാതാക്കള്‍, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍മാര്‍, സാങ്കേതിക പങ്കാളികള്‍, നിക്ഷേപകര്‍ എന്നിവരെ ഒരിടത്തു ഒരുമിച്ച് ചേര്‍ക്കുന്നു . ഈ വര്‍ഷത്തെ ബസാര്‍, വിപുലവും കൂടുതല്‍ ചലനാത്മകവുമായ ഒരു വിപണിയിലൂടെ അതിന്റെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നു.
****
(Release ID: 2190503)
|