ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണൻ സോനെപത് ഡൽഹി-എൻസിആറിലെ എസ്ആർഎം സർവകലാശാലയുടെ മൂന്നാമത് ബിരുദദാന സമ്മേളനത്തിൽ പങ്കെടുത്തു
ഉന്നത വിദ്യാഭ്യാസരംഗത്ത് ആഗോളതലത്തിൽ ഇന്ത്യയുടെ ഉയർച്ചയെ ഉപരാഷ്ട്രപതി പ്രശംസിച്ചു
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020), വികസിത ഭാരതം @ 2047 വീക്ഷണങ്ങളുടെ പരിവർത്തനാത്മക ദർശനം ശ്രീ സി.പി. രാധാകൃഷ്ണൻ ഉയർത്തിക്കാട്ടി
അക്കാദമിക മികവിനൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു
സത്സ്വഭാവം, അച്ചടക്കം, കഠിനാധ്വാനം എന്നിവ ഉയർത്തിപ്പിടിക്കണമെന്ന് ശ്രീ സി.പി. രാധാകൃഷ്ണൻ ബിരുദധാരികളെ ഉപദേശിച്ചു
Posted On:
07 NOV 2025 5:59PM by PIB Thiruvananthpuram
ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഹരിയാനയിലെ സോനെപതിലുള്ള ഡൽഹി-എൻസിആറിലെ എസ്ആർഎം സർവകലാശാലയുടെ മൂന്നാം ബിരുദദാന ചടങ്ങിൽ ഇന്ന് മുഖ്യാതിഥിയായി പങ്കെടുത്തു.
സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ബിരുദധാരികളായ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. അവരുടെ ബിരുദങ്ങൾ അക്കാദമിക നേട്ടം മാത്രമല്ല, സർവകലാശാലയിലെ പഠനകാലത്ത് അവർ വികസിപ്പിച്ചെടുത്ത മൂല്യങ്ങൾ, അച്ചടക്കം, ഉല്പതിഷ്ണുത എന്നിവയെയും പ്രതിനിധീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുടെ ഗുരുക്കന്മാരെയും മാർഗനിർദേശകരെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്നത്തെ നേട്ടങ്ങൾ അവരുടെ അക്ഷീണമായ മാർഗനിർദേശത്തിൻ്റെയും പിന്തുണയുടെയും അചഞ്ചലമായ പരിശ്രമത്തിൻ്റെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക വൈദഗ്ധ്യവും അക്കാദമിക മികവും പ്രധാനമാണെങ്കിലും, വിദ്യാർത്ഥികൾ അതിലും അത്യാവശ്യമുള്ള കാര്യങ്ങളായ മൂല്യങ്ങളും സ്വഭാവഗുണവും കൂടി അവർക്കൊപ്പം വഹിക്കേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 'സ്വഭാവഗുണം നഷ്ടമാവുമ്പോൾ എല്ലാം നഷ്ടപ്പെടും' എന്ന് നിരീക്ഷിച്ചുകൊണ്ട്, സ്വഭാവം വളർത്തിയെടുക്കുന്നതിൽ നല്ല ശീലങ്ങളും അച്ചടക്കവും ഉൾക്കൊള്ളേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടുപറഞ്ഞു.
2026-ലെ ക്യുഎസ് (ക്വാക്വരെല്ലി സൈമണ്ട്സ്) ലോക സർവ്വകലാശാല റാങ്കിങ്ങിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചതിൽ ശ്രീ. സി.പി. രാധാകൃഷ്ണൻ സംതൃപ്തി പ്രകടിപ്പിച്ചു. പട്ടികയിൽ 54 സർവകലാശാലകൾ ഇടം നേടി. ഈ ആഗോള റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനികമായ നേതൃത്വത്തിനും ദീർഘവീക്ഷണത്തിനും കീഴിൽ, ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020) ഒരു പരിവർത്തനാത്മക രൂപരേഖ തയ്യാറാക്കിയതായി ശ്രീ. സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ബഹുമുഖ പഠനം, അനുരൂപത, ഗവേഷണാധിഷ്ഠിത വളർച്ച എന്നിവ വിഭാവനം ചെയ്യുന്ന ആ രൂപരേഖ, ഒരു ആഗോള വിജ്ഞാന കേന്ദ്രമായി മാറുന്നതിനുള്ള പാതയിൽ ഇന്ത്യയെ ഉറപ്പിച്ചുനിർത്തുന്നു. പഠനത്തിൽ ഇത്രയും അനുരൂപത മുമ്പ് ലഭ്യമായിരുന്നില്ലെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, എൻഇപി 2020 നൽകുന്ന അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
എല്ലാവർക്കും സമഗ്രവും തുല്യവുമായ വളർച്ചയാണ് വികസിത ഭാരത ദർശനം ലക്ഷ്യമിടുന്നതെന്ന് ശ്രീ. സി.പി. രാധാകൃഷ്ണൻ ഉറപ്പിച്ചുപറഞ്ഞു. ലക്ഷ്യമിട്ട സ്‌കോളർഷിപ്പുകൾ, സാമ്പത്തിക സഹായം, പൊതുജന സമ്പർക്ക സംരംഭങ്ങൾ എന്നിവയിലൂടെയുള്ള സുസ്ഥിരമായ സർക്കാർ ശ്രമങ്ങൾ പട്ടികജാതി/പട്ടികവർഗ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾക്കിടയിൽ വിദ്യാലയ പ്രവേശനത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിൽ നിന്നും സ്ത്രീകളിൽ നിന്നുമുള്ള പങ്കാളിത്തത്തിൽ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശരിയായ വിദ്യാഭ്യാസവും വൈദഗ്ധ്യവും ഉണ്ടെങ്കിൽ, നമ്മുടെ യുവാക്കൾക്ക് നൂതനവും എല്ലാവരെയും ഉൾച്ചേർക്കുന്നതും തുല്യത, നീതി, സുസ്ഥിരത എന്നിവയുടെ ആദർശങ്ങളാൽ പ്രചോദിതവുമായ ഒരു നവ ഇന്ത്യയുടെ പ്രേരകശക്തിയായി മാറാൻ കഴിയുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഇന്നത്തെ ലോകത്ത് അവസരങ്ങൾ വളരെ വലുതാണെന്നും എല്ലാവർക്കും അവരുടേതായ അതുല്യമായ പങ്കു വഹിക്കാനുണ്ടെന്നും പറഞ്ഞ ഉപരാഷ്ട്രപതി, മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുതെന്ന് വിദ്യാർത്ഥികളെ ഉപദേശിച്ചു. സ്ഥിരവും സമർപ്പിതവുമായ ശ്രമങ്ങൾ ഫലം നൽകുകയും ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വിജയത്തിൽ അമിതമായി സന്തോഷിക്കുകയോ പരാജയത്തിൽ മനം മടുക്കുകയോ ചെയ്യാതെ ജീവിതത്തിൽ സന്തുലിതമായ ഒരു സമീപനം നിലനിർത്താൻ അദ്ദേഹം ഊന്നിപ്പറഞ്ഞു. പരാജയങ്ങൾ ജീവിതത്തിൻ്റെ അവിഭാജ്യഘടകമാണെന്നും മാനസികമായ ഉൾക്കരുത്തിനെ ശാക്തീകരിക്കുന്ന അനുഭവങ്ങളായി അവയെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനമാണ് വിജയത്തിലേക്കുള്ള ഏക താക്കോലെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, സന്തോഷം എന്നത് ഒരു മാനസികാവസ്ഥയാണെന്ന് അഭിപ്രായപ്പെട്ടു. അവസരങ്ങൾ നിറഞ്ഞ ഒരു ലോകത്ത് ശരിയായ മനോഭാവം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.
കുട്ടികളുടെ വളർച്ചയ്ക്കും വിജയത്തിനും വേണ്ടിയുള്ള രക്ഷിതാക്കളുടെ ത്യാഗങ്ങളെയും ആജീവനാന്ത സമർപ്പണത്തെയും അംഗീകരിച്ചുകൊണ്ട് എപ്പോഴും അവരെ സ്മരിക്കാൻ, പ്രസംഗം ഉപസംഹരിക്കവെ ഉപരാഷ്ട്രപതി വിദ്യാർഥികളോട് ആഹ്വാനം ചെയ്തു.
ഹരിയാനയിലെ പഞ്ചായത്ത്, വികസന മന്ത്രി ശ്രീ. കൃഷൻ ലാൽ പൻവർ, ചെന്നൈ എസ്ആർഎം സർവകലാശാല സ്ഥാപകനും ചാൻസലറുമായ ഡോ. ടി. ആർ. പാരിവേന്ദർ, സോനെപത് എസ്ആർഎം സർവകലാശാല ചാൻസലർ ഡോ. രവി പച്ചമുത്തു, സോനെപത് എസ്ആർഎം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പരംജിത് സിങ് ജസ്വാൾ എന്നിവർ ബിരുദദാന ചടങ്ങിൽ സന്നിഹിതരായി.
***
(Release ID: 2187610)
Visitor Counter : 4