പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടകയിലെ ബെലഗാവിയിൽ വെച്ച് നടന്ന വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിലും പി.എം-കിസാൻ പദ്ധതിയുടെ 13-ാമത് ഗഡു വിതരണത്തിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
Posted On:
27 FEB 2023 8:25PM by PIB Thiruvananthpuram
ഭാരത് മാതാ കീ – ജയ്!
ഭാരത് മാതാ കീ – ജയ്!
नम्मा, सबका साथ सबका विकास मंत्रदा, स्फूर्तियादा, भगवान बसवेश्वर, अवरिगे, नमस्कारागळु।
बेलगावियाकुंदा, मत्तुबेलगावियाजनाराप्रीती, एरडू, मरियलागदासिहि, बेलगाविया, नन्नाबंधुभगिनियरिगे, नमस्कारागळु।
ബെലഗാവിയിലെ ജനങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും അതുല്യമാണ്. ഈ സ്നേഹവും അനുഗ്രഹങ്ങളുമാണ് നിങ്ങൾക്കായി രാവും പകലും പ്രവർത്തിക്കാൻ ഞങ്ങളെ എല്ലാവരെയും പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് പ്രചോദനമായി മാറുന്നു. ബെലഗാവിയുടെ മണ്ണിൽ എത്തുന്നത് ഒരു തീർത്ഥാടനത്തിൽ കുറഞ്ഞതൊന്നുമല്ല. ഇത് കിത്തൂർ റാണി ചെന്നമ്മയുടെയും ക്രാന്തിവീര സംഗൊള്ളി രായണ്ണയുടെയും നാടാണ്. അവരുടെ ധീരതയ്ക്കും അടിമത്തത്തിനെതിരെ ശബ്ദമുയർത്തിയതിനും രാജ്യം അവരെ ഇന്നും ഓർക്കുന്നു.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യസമരത്തിലായാലും അതിനുശേഷമുള്ള ഇന്ത്യയുടെ 'നവനിർമ്മാണി'ലായാലും ബെലഗാവി എപ്പോഴും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് കർണാടകയിലെ സ്റ്റാർട്ടപ്പുകളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഒരു തരത്തിൽ പറഞ്ഞാൽ, ബെലഗാവിയിൽ സ്റ്റാർട്ടപ്പുകൾ ആരംഭിച്ചിട്ട് 100 വർഷമായി. അതെ, 100 വർഷം മുമ്പ്! നിങ്ങളെ അതിനെക്കുറിച്ച് ഓർമ്മിപ്പിക്കാനാണ് ഞാൻ ഇവിടെ വന്നത്. 100 വർഷം മുമ്പ് ബാബുറാവു പുസൽക്കർജി ഇവിടെ ഒരു ചെറിയ യൂണിറ്റ് സ്ഥാപിച്ചിരുന്നു. അതിനുശേഷം, ബെലഗാവി വിവിധ വ്യവസായങ്ങളുടെ ഒരു വലിയ അടിത്തറയായി മാറി. ഈ ദശകത്തിൽ ഇരട്ട എഞ്ചിൻ ഗവൺമെന്റ് കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നത് ബെലഗാവിയുടെ ഈ പങ്കാണ്.
സഹോദരീസഹോദരന്മാരേ, ഇന്ന് ഉദ്ഘാടനം ചെയ്തതോ തറക്കല്ലിട്ടതോ ആയ പദ്ധതികൾ ബെലഗാവിയുടെ വികസനത്തിന് ഒരു പുതിയ ഉത്തേജനം നൽകും. നൂറുകണക്കിന് കോടി രൂപയുടെ ഈ പദ്ധതികൾ കണക്റ്റിവിറ്റിയുമായും ജലവിതരണവുമായും ബന്ധപ്പെട്ടതാണ്. ഈ മേഖലയുടെ വികസനത്തിൻ്റെ വേഗത കൂട്ടുന്ന ഈ വികസന പദ്ധതികൾക്ക് ഈ അവസരത്തിൽ ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഇന്ന് ബെലഗാവിയിൽ നിന്ന് ഇന്ത്യ മുഴുവനും ഒരു സമ്മാനം നേടിയിരിക്കുന്നു. ഇന്ന് ഇന്ത്യയിലെ എല്ലാ കർഷകരെയും കർണാടകയുമായും ബെലഗാവിയുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ന് പി.എം കിസാൻ സമ്മാൻ നിധിയുടെ മറ്റൊരു ഗഡു ഇവിടെ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടു. ഒരൊറ്റ ബട്ടൺ അമർത്തിയതിലൂടെ രാജ്യത്തെ കോടിക്കണക്കിന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 16,000 കോടി രൂപ എത്തിച്ചേർന്നു.
ഇവിടെ ഇരിക്കുന്ന എൻ്റെ റൈതുബന്ധു സഹോദരങ്ങൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ സന്ദേശം ലഭിച്ചിട്ടുണ്ടാകും. 16,000 കോടി രൂപയുടെ ഇത്രയും വലിയ തുക ഇടനിലക്കാരോ അഴിമതിയോ ഇല്ലാതെ ഒരു നിമിഷം കൊണ്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നത് കണ്ട് ലോകം പോലും അത്ഭുതപ്പെടുന്നു. അന്നത്തെ കോൺഗ്രസ് പ്രധാനമന്ത്രി പറഞ്ഞിരുന്നു, കേന്ദ്രം ഒരു രൂപ അയച്ചാൽ 15 പൈസ മാത്രമേ ഗുണഭോക്താക്കൾക്ക് ലഭിക്കൂവെന്ന്. 16,000 കോടി രൂപ ആയിരുന്നെങ്കിൽ, അതിൽ ഏകദേശം 12,000-13,000 കോടി രൂപ എവിടെയെങ്കിലും അപ്രത്യക്ഷമാകുമായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഇത് മോദിയുടെ ഗവൺമെന്റാണ്. ഓരോ പൈസയും നിങ്ങളുടേതാണ്, അത് നിങ്ങൾക്കുള്ളതാണ്. കർണാടക ഉൾപ്പെടെ രാജ്യത്തെ എല്ലാ കർഷക സഹോദരീ സഹോദരന്മാരെയും ഞാൻ അഭിനന്ദിക്കുന്നു. ഹോളി ആഘോഷത്തിന് മുന്നോടിയായി എൻ്റെ കർഷകർക്കുള്ള ഹോളി സമ്മാനമാണിത്.
സഹോദരീ സഹോദരന്മാരേ, ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യ വികസനത്തിൽ മുന്നേറ്റം നടത്തുമ്പോൾ തന്നെ അവഗണിക്കപ്പെട്ട എല്ലാവർക്കും മുൻഗണന നൽകുന്നു. ചെറുകിട കർഷകരും നമ്മുടെ രാജ്യത്ത് പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ 80-85 ശതമാനം ചെറുകിട കർഷകരുണ്ട്. ഇപ്പോൾ ഈ ചെറുകിട കർഷകരാണ് ബിജെപി ഗവൺമെന്റിന്റെ മുൻഗണന. പി.എം കിസാൻ സമ്മാൻ നിധി വഴി രാജ്യത്തെ ചെറുകിട കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇതുവരെ ഏകദേശം 2.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചു. 2.5 ലക്ഷം കോടി രൂപ! കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച 50,000 കോടിയിലധികം രൂപ ഇതിൽ ഉൾപ്പെടുന്നു. ഈ പണം കർഷകരുടെ ചെറിയ ആവശ്യങ്ങൾ നിറവേറ്റുന്നു. ഇനി അവർക്ക് ഈ ചെലവുകൾക്കായി യാചിക്കുകയോ ഉയർന്ന പലിശ ഈടാക്കുന്ന പണമിടപാടുകാരുടെ അടുത്തേക്ക് പോകുകയോ ചെയ്യേണ്ടതില്ല.
സുഹൃത്തുക്കളേ, 2014 മുതൽ രാജ്യം കാർഷിക മേഖലയിൽ അർത്ഥവത്തായ മാറ്റത്തിലേക്ക് തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബിജെപി ഗവൺമെന്റ് കൃഷിയെ ആധുനികതയുമായി ബന്ധിപ്പിക്കുകയും ഭാവിയിലേക്ക് കൃഷിയെ ഒരുക്കുകയും ചെയ്യുന്നു. 2014-ൽ രാജ്യത്തെ സേവിക്കാൻ ഞങ്ങൾക്ക് അവസരം ലഭിച്ചപ്പോൾ, ഇന്ത്യയുടെ കാർഷിക ബജറ്റ് 25,000 കോടി രൂപയായിരുന്നു. ഈ വർഷത്തെ കാർഷിക ബജറ്റിൻ്റെ കണക്ക് നിങ്ങൾക്ക് ഓർമ്മയുണ്ടോ? ഓർമ്മയുണ്ടോ? ഉറക്കെ പറയൂ, നിങ്ങൾക്ക് ഓർമ്മയുണ്ടോ? നോക്കൂ, 2014-ൽ ഞങ്ങൾക്ക് രാജ്യത്തെ സേവിക്കാൻ അവസരം നൽകിയപ്പോൾ ഇന്ത്യയുടെ കാർഷിക ബജറ്റ് 25,000 കോടി രൂപയായിരുന്നു. എത്ര? 25,000 കോടി രൂപ! നിലവിൽ, ഞങ്ങളുടെ കാർഷിക ബജറ്റ് 1.25 ലക്ഷം കോടി രൂപയിലധികമാണ്. അതായത്, അഞ്ചിരട്ടി വർദ്ധനവ് ഉണ്ടായി. കർഷകരെ സഹായിക്കുന്നതിൽ ബിജെപി ഗവൺമെന്റിന്റെ ഗൗരവവും വേഗതയും ഇത് കാണിക്കുന്നു. ഞങ്ങൾ കർഷകർക്ക് കൂടി പ്രയോജനം ചെയ്യുന്ന സാങ്കേതികവിദ്യക്ക് ഊന്നൽ നൽകി.
ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ കണക്ഷനുകൾ, ആധാർ എന്നിവ ഇല്ലായിരുന്നെങ്കിൽ ഇത് സാധ്യമാകുമായിരുന്നോ? നമ്മുടെ ഗവൺമെന്റ് കൂടുതൽ കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡുകളുമായി ബന്ധിപ്പിക്കുന്നു. കർഷകർക്ക് എപ്പോഴും ബാങ്കുകളിൽ നിന്ന് സഹായം ലഭിക്കാനുള്ള സൗകര്യം ലഭ്യമാക്കാനാണ് ഈ ശ്രമം. സുഹൃത്തുക്കളേ, ഈ വർഷത്തെ ബജറ്റ് നമ്മുടെ കാർഷിക മേഖലയുടെ ഇപ്പോഴത്തെ അവസ്ഥയെയും ഭാവി ആവശ്യങ്ങളെയും അഭിസംബോധന ചെയ്യുന്നു.
സംഭരണം, കാർഷികച്ചെലവ് കുറയ്ക്കൽ, ചെറുകിട കർഷകരെ സംഘടിപ്പിക്കൽ എന്നിവയാണ് കാലഘട്ടത്തിൻ്റെ ആവശ്യം. അതിനാൽ, ഈ വർഷത്തെ ബജറ്റിൽ നൂറുകണക്കിന് പുതിയ സംഭരണ സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. അതോടൊപ്പം, സഹകരണ സ്ഥാപനങ്ങളുടെ വിപുലീകരണത്തിലും അഭൂതപൂർവമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജൈവ കൃഷി കർഷകരുടെ ചെലവ് വളരെയധികം കുറയ്ക്കാൻ പോകുന്നു. ജൈവ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വളങ്ങളും കീടനാശിനികളുമാണ്. ഇപ്പോൾ ഈ വിഷയത്തിൽ കർഷകരെ സഹായിക്കാൻ ആയിരക്കണക്കിന് സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കും. രാസവളം കൃഷിയുടെ ചെലവ് വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഞങ്ങൾ പി.എം-പ്രണാം പദ്ധതി ആരംഭിച്ചിട്ടുണ്ട്. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് അധിക സഹായം ലഭിക്കും. സഹോദരീ സഹോദരന്മാരേ, രാജ്യത്തെ കൃഷിയുടെ ഭാവി വെല്ലുവിളികൾ മനസ്സിൽ വെച്ചുകൊണ്ട് നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ ഊർജ്ജം നൽകാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
ഇന്ന് കാലാവസ്ഥാ വ്യതിയാനം കാരണം നമ്മുടെ കർഷകർ നിരവധി വെല്ലുവിളികൾ നേരിടുന്നു. അതിനാൽ, നമ്മുടെ പഴയ പാരമ്പര്യങ്ങളുടെ ശക്തി നാം വീണ്ടും പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ ചെറുധാന്യങ്ങൾ എല്ലാ സീസണുകളെയും എല്ലാ സാഹചര്യങ്ങളെയും അതിജീവിക്കാൻ കഴിവുള്ളതും സൂപ്പർ ഫുഡുമാണ്. ചെറുധാന്യം കൂടുതൽ പോഷകഗുണമുള്ളതുമാണ്. അതിനാൽ, ഈ വർഷത്തെ ബജറ്റിൽ ഞങ്ങൾ ചെറുധാന്യങ്ങൾക്ക് 'ശ്രീ അന്ന' എന്ന പുതിയ ഐഡൻ്റിറ്റി നൽകിയിട്ടുണ്ട്. ശ്രീ അന്നയുടെ കാര്യത്തിൽ ലോകത്തിലെ ഒരു പ്രധാന കേന്ദ്രമാണ് കർണാടക. ഇവിടെ ശ്രീ അന്നയെ സിരി ധാന്യ എന്നാണ് വിളിക്കുന്നത്. ഇവിടുത്തെ കർഷകർ പലതരം ശ്രീ അന്ന വളർത്തുന്നു. നമ്മുടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ ബിജെപി ഗവൺമെന്റും ഇക്കാര്യത്തിൽ കർഷകരെ സഹായിക്കുന്നു. ശ്രീ അന്നയെ പ്രോത്സാഹിപ്പിക്കുന്നതിനായി റൈത ബന്ധു യെദ്യൂരപ്പ ജി ഇവിടെ ആരംഭിച്ച വലിയ പ്രചാരണം ഞാൻ ഓർക്കുന്നു. ഇപ്പോൾ നമ്മൾ ശ്രീ അന്നയെ ലോകമെമ്പാടും എത്തിക്കണം. ശ്രീ അന്ന വളർത്തുന്നതിനുള്ള ചെലവ് കുറവാണ്, കൂടാതെ ഇതിന് കുറഞ്ഞ വെള്ളം മാത്രമേ ആവശ്യമുള്ളൂ. അതിനാൽ, ഇത് ചെറുകിട കർഷകർക്ക് ഇരട്ടി പ്രയോജനം നൽകാൻ പോകുന്നു.
സുഹൃത്തുക്കളേ, ഈ പ്രദേശത്ത് കരിമ്പ് ധാരാളമായി ഉത്പാദിപ്പിക്കുന്നു. കരിമ്പ് കർഷകരുടെ താൽപ്പര്യങ്ങൾ ബിജെപി ഗവൺമെന്റ് എപ്പോഴും മുൻഗണനയിൽ നിർത്തിയിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിലും കരിമ്പ് കർഷകരുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. 2016-17 ന് മുമ്പ് പഞ്ചസാര സഹകരണ സ്ഥാപനങ്ങൾ നൽകിയ പണത്തിന് നികുതി ഇളവ് നൽകിയിട്ടുണ്ട്. തൽഫലമായി, മുൻ യുപിഎ ഗവൺമെന്റിന്റെ കാലത്തെ 10,000 കോടി രൂപയുടെ ബാധ്യതയിൽ നിന്ന് പഞ്ചസാര സഹകരണ സ്ഥാപനങ്ങൾക്ക് ആശ്വാസം ലഭിക്കും. എഥനോൾ ഉത്പാദനത്തിന് നമ്മുടെ ഗവൺമെന്റ് ഊന്നൽ നൽകുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. എഥനോളിൻ്റെ ഉത്പാദനം വർദ്ധിച്ചതോടെ കരിമ്പ് കർഷകരുടെയും വരുമാനം വർദ്ധിക്കുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പെട്രോളിലെ എഥനോൾ സംയോജനം 1.5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി വർദ്ധിച്ചു. ഇപ്പോൾ പെട്രോളിൽ 20 ശതമാനം എഥനോൾ സംയോജനം എന്ന ലക്ഷ്യം ഗവൺമെന്റ് പിന്തുടരുകയാണ്. രാജ്യം ഈ ദിശയിലേക്ക് എത്രത്തോളം നീങ്ങുന്നുവോ, അത്രത്തോളം നമ്മുടെ കരിമ്പ് കർഷകർക്ക് പ്രയോജനം ലഭിക്കും.
സഹോദരീ സഹോദരന്മാരേ, കൃഷി, വ്യവസായം, ടൂറിസം അല്ലെങ്കിൽ വിദ്യാഭ്യാസം എന്നിവയിൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി വലിയ പങ്കുവഹിക്കുന്നു. അതിനാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ കർണാടകയുടെ കണക്റ്റിവിറ്റിക്ക് വളരെയധികം ശ്രദ്ധ നൽകുന്നു. 2014-ന് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ കർണാടകയിലെ റെയിൽവേയുടെ ആകെ ബജറ്റ് 4,000 കോടി രൂപയായിരുന്നു, അതേസമയം ഈ വർഷം കർണാടകയിലെ റെയിൽവേക്കായി 7,500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നിലവിൽ കർണാടകയിൽ ഏകദേശം 45,000 കോടി രൂപയുടെ റെയിൽവേ പദ്ധതികളാണ് നടക്കുന്നത്. ഈ പദ്ധതികൾ കാരണം കർണാടകയിൽ എത്രപേർക്ക് തൊഴിൽ ലഭിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ബെലഗാവിയിലെ ആധുനിക റെയിൽവേ സ്റ്റേഷൻ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും അഭിമാനം കൊള്ളിക്കുകയും ചെയ്യുന്നു. ഈ ആധുനിക റെയിൽവേ സ്റ്റേഷൻ കാരണം സൗകര്യങ്ങൾ വർധിച്ചെന്ന് മാത്രമല്ല, റെയിൽവേയിലുള്ള ജനങ്ങളുടെ വിശ്വാസവും വളരുകയാണ്. മുമ്പ്, ഇത്തരം മനോഹരമായ സ്റ്റേഷനുകൾ വിദേശ രാജ്യങ്ങളിൽ മാത്രമാണ് ആളുകൾ കണ്ടിരുന്നത്. ഇപ്പോൾ ഇന്ത്യയിലും അത്തരം സ്റ്റേഷനുകൾ വികസിപ്പിക്കുന്നു. കർണാടകയിലെ പല റെയിൽവേ സ്റ്റേഷനുകളും ആധുനിക രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ലൊണ്ട-ഘാടപ്രഭ ലൈൻ ഇരട്ടിപ്പിക്കുന്നതോടെ യാത്ര ഇപ്പോൾ കൂടുതൽ വേഗമേറിയതും സുരക്ഷിതവുമായി മാറും. അതുപോലെ, ഇന്ന് പണി ആരംഭിച്ച പുതിയ റെയിൽ ലൈനുകളും ഈ മേഖലയിലെ റെയിൽ ശൃംഖലയെ ശക്തിപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നിവയുടെ കാര്യത്തിൽ ബെലഗാവി ഒരു പ്രധാന കേന്ദ്രമാണ്. അതിനാൽ, മികച്ച റെയിൽ കണക്റ്റിവിറ്റി ഈ മേഖലകൾക്കും പ്രയോജനകരമാകും.
സഹോദരീ സഹോദരന്മാരേ, ബിജെപിയുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് ദ്രുതഗതിയിലുള്ള വികസനത്തിൻറെ ഉറപ്പാണ്. ഇരട്ട എഞ്ചിൻ ഗവൺമെന്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിന് ഒരു ഉദാഹരണമാണ് ജൽ ജീവൻ മിഷൻ. 2019 ലെ കണക്കനുസരിച്ച്, കർണാടകയിലെ ഗ്രാമങ്ങളിലെ 25 ശതമാനം വീടുകളിൽ മാത്രമേ പൈപ്പ് വാട്ടർ കണക്ഷൻ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, നമ്മുടെ മുഖ്യമന്ത്രിയുടെയും ഇരട്ട എഞ്ചിൻ ഗവൺമെന്റിൻ്റെയും സജീവമായ ശ്രമഫലമായി കർണാടകയിലെ പൈപ്പുവെള്ള കവറേജ് 60 ശതമാനത്തിലധികമായി വർദ്ധിച്ചു. ബെലഗാവിയിലും 2 ലക്ഷത്തിൽ താഴെ വീടുകളിൽ മാത്രമാണ് പൈപ്പുവെള്ളം ലഭിച്ചിരുന്നത്. ഇന്ന് ഇത് 4.5 ലക്ഷം കടന്നു. നമ്മുടെ ഗ്രാമീണ സഹോദരിമാർക്ക് വെള്ളത്തിനായി ബുദ്ധിമുട്ടേണ്ടാതിരിക്കാൻ ഈ വർഷത്തെ ബജറ്റിൽ പൈപ്പുവെള്ളത്തിനായി 60,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സഹോദരീ സഹോദരന്മാരേ, മുൻ ഗവൺമെന്റുകൾ ശ്രദ്ധിക്കാതെ പോയ സമൂഹത്തിലെ എല്ലാ ചെറിയ വിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിൽ ബിജെപി ഗവൺമെന്റ് വ്യാപൃതരാണ്. ബെലഗാവി കലാകാരന്മാരുടെയും കരകൗശല വിദഗ്ധരുടെയും നഗരമാണ്. ഇത് വേണുഗ്രാം അതായത് മുള ഗ്രാമം എന്ന പേരിലാണ് പ്രസിദ്ധമായിരുന്നത്. മുമ്പ് മുൻ ഗവൺമെന്റുകൾ മുള വിളവെടുപ്പ് വളരെക്കാലം നിരോധിച്ചിരുന്നുവെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഞങ്ങൾ നിയമം മാറ്റി, മുള കൃഷിക്കും വ്യാപാരത്തിനും വഴി തുറന്നു. ഇത് മുള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാർക്ക് വളരെയധികം പ്രയോജനം ചെയ്തു. മുളയ്ക്ക് പുറമെ മറ്റ് പല കരകൗശല വസ്തുക്കളും ഇവിടെയുണ്ട്. ഈ വർഷത്തെ ബജറ്റിൽ ആദ്യമായി, അത്തരം സുഹൃത്തുക്കൾക്കായി ഞങ്ങൾ പി.എം വിശ്വകർമ്മ യോജന കൊണ്ടുവന്നു. ഈ പദ്ധതി അത്തരം എല്ലാ സുഹൃത്തുക്കൾക്കും എല്ലാത്തരം സഹായങ്ങളും നൽകും.
സുഹൃത്തുക്കളേ, ഇന്ന് ഞാൻ ബെലഗാവിയിൽ വന്നപ്പോൾ, ഒരു വിഷയം കൂടി സംസാരിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. കോൺഗ്രസ് കർണാടകയെ എത്രത്തോളം വെറുക്കുന്നുവെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. കർണാടക നേതാക്കളെ അപമാനിക്കുന്നത് കോൺഗ്രസിൻ്റെ പഴയ സംസ്കാരത്തിൻ്റെ ഭാഗമാണ്. കോൺഗ്രസിൻ്റെ പ്രത്യേക കുടുംബാംഗങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഏതൊരാളും കോൺഗ്രസ്സിൽ അപമാനിക്കപ്പെടുന്നു.
എസ്. നിജലിംഗപ്പ, വീരേന്ദ്ര പാട്ടീൽജി തുടങ്ങിയ കോൺഗ്രസ് നേതാക്കളെ പാർട്ടി എങ്ങനെ അപമാനിച്ചുവെന്നതിന് ചരിത്രം സാക്ഷിയാണ്. കർണാടകയിലെ ജനങ്ങൾക്ക് ഇത് അറിയാം. ഇപ്പോൾ വീണ്ടും കർണാടകയിൽ നിന്നുള്ള മറ്റൊരു നേതാവിനെ കോൺഗ്രസിലെ ഒരു പ്രത്യേക കുടുംബത്തിന് മുന്നിൽ അപമാനിച്ചിരിക്കുകയാണ്. സുഹൃത്തുക്കളേ, ശ്രീ മല്ലികാർജ്ജുൻ ഖാർഗെ ജിയോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്, 50 വർഷത്തെ പാർലമെൻ്ററി കാലയളവുള്ള ഈ മണ്ണിന്റെ മകനാണ് അദ്ദേഹം. ജനസേവനത്തിനായി അദ്ദേഹത്തിന് കഴിയുന്നതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. എന്നാൽ ഛത്തീസ്ഗഡിൽ നടന്ന കോൺഗ്രസ് പാർട്ടി സമ്മേളനത്തിൽ രാഷ്ട്രീയത്തിലെ ഏറ്റവും പ്രായം കൂടിയ, ഏറ്റവും മുതിർന്ന നേതാവായ ഖാർഗെ ജിയോട് കാണിച്ച പെരുമാറ്റം കണ്ടപ്പോൾ എനിക്ക് ദുഃഖം തോന്നി. അദ്ദേഹം പാർട്ടി അധ്യക്ഷനുമാണ്. അന്ന് നല്ല വെയിലുള്ള ദിവസമായിരുന്നു, എന്നാൽ ഏറ്റവും പ്രായം കൂടിയ, മുതിർന്ന നേതാവും കോൺഗ്രസ് അധ്യക്ഷനുമായ ഖാർഗെ ജിക്ക് വെയിലിൽ നിന്ന് രക്ഷപ്പെടാൻ കുട നൽകിയില്ല. എന്നാൽ അദ്ദേഹത്തിൻ്റെ അടുത്ത് ഉണ്ടായിരുന്ന മറ്റൊരാൾക്ക് കുട ഒരുക്കിയിരുന്നു.
ഖാർഗെ ജി കോൺഗ്രസ് അധ്യക്ഷനായിരിക്കാം, പക്ഷേ അദ്ദേഹത്തോട് കാണിക്കുന്ന പെരുമാറ്റം ലോകം മുഴുവൻ കാണുന്നുണ്ട്, പാർട്ടിയുടെ റിമോട്ട് കൺട്രോൾ ആരുടെ കയ്യിലാണെന്ന് അറിയുകയും ചെയ്യാം. ഇന്ന് രാജ്യത്തെ പല പാർട്ടികളും സ്വജനപക്ഷപാതത്തിൻ്റെ ഇതേ പിടിയിലാണ്. ഈ പിടിയിൽ നിന്ന് നാം രാജ്യത്തെ മോചിപ്പിക്കണം. അതിനാൽ, കർണാടകയിലെ ജനങ്ങളും കോൺഗ്രസിനെപ്പോലുള്ള പാർട്ടികളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ കോൺഗ്രസുകാർക്ക് നൈരാശ്യം ബാധിച്ചിരിക്കുകയാണ്, മോദി ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ കരുതുന്നു. അതിനാൽ, ഈ ആളുകൾ 'മോദി മരിക്കട്ടെ, മോദി മരിക്കട്ടെ' എന്ന് മന്ത്രിക്കുന്നു. ചിലർ എൻ്റെ ശവക്കുഴി തോണ്ടാനുള്ള തിരക്കിലാണ്. അവർ പറയുന്നു: 'മോദി, നിങ്ങളുടെ ശവക്കുഴി കുഴിക്കും, മോദി, നിങ്ങളുടെ ശവക്കുഴി കുഴിക്കും'. എന്നിരുന്നാലും, രാജ്യം പറയുന്നു: 'മോദി, നിങ്ങളുടെ താമര വിരിയും'.
സുഹൃത്തുക്കളേ, സത്യസന്ധമായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുമ്പോൾ ശരിയായ വികസനം ഉണ്ടാകും. ഇരട്ട എഞ്ചിൻ ഗവൺമെന്റിന്റെ ഉദ്ദേശ്യവും സത്യസന്ധമാണ്, വികസനത്തോടുള്ള അതിൻ്റെ പ്രതിബദ്ധതയും ഉറച്ചതാണ്. അതിനാൽ, ഈ വിശ്വാസം നാം നിലനിർത്തണം. കർണാടകയുടെയും രാജ്യത്തിൻ്റെയും വികസനം വേഗത്തിലാക്കാൻ നാം ഒരുമിച്ച് മുന്നോട്ട് പോകണം. 'സബ്കാ പ്രയാസ്' (എല്ലാവരുടെയും പരിശ്രമം) ഉപയോഗിച്ച് രാജ്യത്തെ വികസിപ്പിക്കാനുള്ള സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാൻ കഴിയും. ഇന്ന് ഈ ചടങ്ങിൽ ഞാൻ അൽപ്പം വൈകിയാണ് എത്തിയത്. ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയത് മുതൽ ബെലഗാവിയിലേക്ക് വരുന്ന വഴി മുഴുവൻ അമ്മമാരും സഹോദരിമാരും മുതിർന്നവരും കുട്ടികളും എന്നെ സ്വാഗതം ചെയ്യുന്നത് അഭൂതപൂർവമായ കാഴ്ചയായിരുന്നു.
ഈ സ്നേഹത്തിന് ഞാൻ ബെലഗാവിയിലെ, കർണാടകയിലെ ജനങ്ങൾക്ക് തലകുനിച്ച് നന്ദി പറയുന്നു. ഇന്ന് രാവിലെ ഞാൻ ശിവമോഗയിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ എത്തിയതിനാലും അവിടുത്തെ വിമാനത്താവളത്തിൽ വെച്ച് കർണാടകയിലെ ജനങ്ങളെ കാണാനുള്ള ഭാഗ്യം ലഭിച്ചതിനാലും എന്റെ കർണാടക സന്ദർശനം സവിശേഷമാണ്. അതോടൊപ്പം, ഞങ്ങളുടെ മുതിർന്ന നേതാവ് യെദ്യൂരപ്പ ജിക്ക് ജന്മദിനാശംസകൾ നേരാനും എനിക്ക് അവസരം ലഭിച്ചു. ശിവമോഗയിൽ നിന്ന് ഞാൻ ഇവിടെ വന്നപ്പോൾ, നിങ്ങൾ സ്നേഹവും അനുഗ്രഹവും ചൊരിഞ്ഞു. ബെലഗാവിയിലെയും കർണാടകയിലെയും എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ബെലഗാവിയും കർണാടകയും വികസിപ്പിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും പകരം നൽകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഒരിക്കൽ കൂടി വളരെ നന്ദി. എന്നോട് പറയൂ - ഭാരത് മാതാ കി - ജയ്, ഭാരത് മാതാ കി - ജയ്, ഭാരത് മാതാ കി - ജയ്
വളരെ നന്ദി!
ശ്രദ്ധിക്കുക: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൻ്റെ ഏകദേശ പരിഭാഷയാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
NK
(Release ID: 2187318)
Visitor Counter : 12
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada