വാണിജ്യ വ്യവസായ മന്ത്രാലയം
ന്യൂസിലൻഡുമായുള്ള ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ നടത്തുന്ന ഔദ്യോഗിക സന്ദർശനം തുടരുന്നു
Posted On:
05 NOV 2025 8:10PM by PIB Thiruvananthpuram
ന്യൂസിലൻഡുമായുള്ള ഉഭയകക്ഷി സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ നടത്തുന്ന ഔദ്യോഗിക സന്ദർശനം തുടരുകയാണ്. ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറുമായി (FTA) ബന്ധപ്പെട്ട നാലാം റൗണ്ട് ചർച്ചകൾ ഓക്ക്‌ലൻഡിൽ പുരോഗമിക്കുന്നു. (നവംബർ 3-7, 2025)
ഓക്ക്‌ലാൻഡ് ബിസിനസ് ചേംബർ സംഘടിപ്പിച്ച ഇന്ത്യ–ന്യൂസിലാൻഡ് ബിസിനസ് ഫോറത്തിൽ, ഓക്ക്‌ലാൻഡ് ബിസിനസ് ചേംബർ സിഇഒ സൈമൺ ബ്രിഡ്ജസ് മോഡറേറ്ററായി സംഘടിപ്പിച്ച ഒരു ഫയർസൈഡ് ചാറ്റിൽ (അനൗപചാരിക ചർച്ചയിൽ) ന്യൂസിലാൻഡ് വ്യാപാര മന്ത്രി ആദരണീയ ടോഡ് മക്‌ക്ലേയ്‌ക്കൊപ്പം ശ്രീ പിയൂഷ് ഗോയൽ പങ്കെടുത്തു.
സെഷൻ ഉദ്ഘാടനം ചെയ്യവേ, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ന്യൂസിലാൻഡ് പ്രധാനമന്ത്രി ശ്രീ ക്രിസ്റ്റഫർ ലക്‌സണും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയെക്കുറിച്ച് മന്ത്രി ശ്രീ ഗോയൽ പരാമർശിച്ചു. ഉഭയകക്ഷി ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ മെച്ചപ്പെട്ട സഹകരണത്തിന് ദിശാബോധം നൽകുന്നതിനും കൂടിക്കാഴ്ച ഉത്തേജനം പകർന്നതായി അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരണത്തിനുള്ള നൂതന മാർഗ്ഗങ്ങൾ പര്യവേക്ഷണം ചെയ്യാൻ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആഹ്വാനം ചെയ്തു. സമുദ്ര മേഖല, വനം, കായികം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണത്തിനുള്ള വിപുലമായ സാധ്യതകൾ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ നിന്നും, ഇത്രയും വലിയ ഒരു ബിസിനസ് പ്രതിനിധി സംഘം ന്യൂസിലൻഡിൽ സന്ദർശനം നടത്തുന്നത് ഇതാദ്യമാണെന്നും, വികസിത് ഭാരതിന്റെ ദർശനത്തിന് അനുപൂരകമായി വർത്തിക്കാനുള്ള ഇന്ത്യൻ വ്യവസായമേഖലയുടെ ആത്മവിശ്വാസവും ചലനാത്മകതയും ഇത് പ്രതിഫലിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ച് വിശദീകരിച്ച മന്ത്രി ശ്രീ പിയൂഷ് ഗോയൽ, പരസ്പര ബഹുമാനത്തോടെയും സന്തുലിതമായ ഫലങ്ങൾ കൈവരിക്കുന്നതിനുള്ള സമാന പ്രതിബദ്ധതയോടെയും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ വിശാലവും അതിവേഗം വളർന്നു കൊണ്ടിരിക്കുന്നതുമായ വിപണിയിലേക്കുള്ള പ്രവേശനത്തിലൂടെ ന്യൂസിലൻഡിന് നേട്ടമുണ്ടാകുമെന്നും, പരസ്പര പ്രയോജനകരമായ സഹകരണം കെട്ടിപ്പടുക്കുന്നതിന് ന്യൂസിലൻഡിന്റെ സാങ്കേതിക വൈദഗ്ധ്യവും സവിശേഷ വൈദഗ്ധ്യങ്ങളും ഇന്ത്യയ്ക്ക് പ്രയോജനപ്പെടുത്താമെന്നും മന്ത്രി എടുത്തുപറഞ്ഞു. ന്യൂസിലൻഡിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും സാംസ്കാരിക ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനും ഇന്ത്യൻ പ്രവാസികളുടെ നിർണായക സംഭാവനയെ അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യ-ന്യൂസിലൻഡ് പങ്കാളിത്തവുമായി ബന്ധപ്പെട്ട ആഘോഷത്തിൽ പങ്കുചേർന്നതിനും ചടങ്ങിൽ പങ്കെടുത്തതിനും, ഓക്ക്‌ലൻഡിലെ മഹാത്മാഗാന്ധി സെന്ററിൽ നടന്ന ഒരു സാമൂഹിക പരിപാടിയിൽ വച്ച്, ന്യൂസിലൻഡ് പ്രധാനമന്ത്രി ശ്രീ ക്രിസ്റ്റഫർ ലക്‌സണിന്, ശ്രീ പിയൂഷ് ഗോയൽ നന്ദി പ്രകാശിപ്പിച്ചു.
തന്റെ പ്രസംഗത്തിൽ, ശ്രീ പിയൂഷ് ഗോയൽ ഇന്ത്യയുടെ സാംസ്കാരിക ഗരിമയെക്കുറിച്ച് വിശദീകരിച്ചു. ജന്മഭൂമി (land of birth) നമ്മുടെ വേരുകളുമായി നമ്മെ ബന്ധിപ്പിക്കുമ്പോൾ, കർമ്മഭൂമി (തൊഴിൽ നാട്) നമുക്ക് സേവിക്കാനും സംഭാവനകൾ നൽകാനുമുള്ള അവസരം പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജന്മഭൂമിയുടെ മൂല്യങ്ങൾ ഹൃദയങ്ങളിൽ ആവാഹിച്ചുകൊണ്ട് കർമ്മഭൂമിയോട് വിശ്വസ്തതയും കൂറും പുലർത്താൻ അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്തു.
വിവിധ മേഖലകളിൽ ആഴത്തിലുള്ള സഹകരണത്തിനായുള്ള സമാന കാഴ്ചപ്പാടിലൂടെ കൂടുതൽ "കിവി-ഭാരത വിജയ ഗാഥകൾ" സൃഷ്ടിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം ശ്രീ പിയൂഷ് ഗോയൽ പ്രകടിപ്പിച്ചു. ഊർജ്ജസ്വലരായ ഇന്ത്യൻ പ്രവാസികളുടെ കഠിനാധ്വാനത്തെ പ്രശംസിച്ച അദ്ദേഹം സമാന മൂല്യങ്ങൾ, സംസ്കാരം, അഭിലാഷങ്ങൾ എന്നിവ ഇന്ത്യയെയും ന്യൂസിലൻഡിനെയും കൂടുതൽ അടുപ്പിക്കുന്നുണ്ടെന്നും, ശക്തവും ഭാവിസജ്ജവുമായ പങ്കാളിത്തത്തിന് വഴിയൊരുക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഒരു ആഗോള സാമ്പത്തിക ശക്തിയായി ഉയർന്നുവരുന്നതിനായി, ന്യൂസിലാൻഡ് ഇന്ത്യയ്ക്ക് നൽകുന്ന ശക്തമായ പിന്തുണയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. ക്രിസ്റ്റഫർ ലക്‌സൺ വാചാലനായി. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പ്രയാണത്തിലാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ന്യൂസിലാൻഡ് ബന്ധം പരസ്പര ബഹുമാനം, നീതി, സമൃദ്ധിക്കായുള്ള സമാന ദർശനം എന്നിവയിൽ അധിഷ്ഠിതമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന "പാലങ്ങൾ" എന്നാണ് ഇന്ത്യൻ പ്രവാസികളെ അദ്ദേഹം വിശേഷിപ്പിച്ചത്.
"ടീ വിത്ത് ഇന്ത്യൻ ബിസിനസ് ഡെലിഗേഷൻ" എന്ന പേരിൽ ഇന്ത്യൻ ബിസിനസ് പ്രമുഖരുമായി മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആകർഷകമായ ആശയവിനിമയത്തിലേർപ്പെട്ടു. ഉഭയകക്ഷി സാമ്പത്തിക ബന്ധം വളർത്തിയെടുക്കുന്നതിലെ സജീവ പങ്കാളിത്തത്തിന് ന്യൂസിലാൻഡ് സന്ദർശിക്കുന്ന എക്കാലത്തെയും വലിയ ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.
കൃഷി, ഭക്ഷ്യ സംസ്കരണം, തടി, വനം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നീ മേഖലകളിൽ ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള സഹകരണത്തിനുള്ള വിപുലമായ അവസരങ്ങൾ ചർച്ചകളിൽ ഉയർന്നു വന്നു. ആദരണീയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭാവിസജ്ജമായ നയങ്ങളെ ബിസിനസ്സ് പ്രമുഖർ അഭിനന്ദിച്ചു. ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികളും സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ സംരംഭങ്ങളെ ആഗോളതലത്തിലേക്ക് വികസിപ്പിക്കാൻ ഈ നയങ്ങൾ സഹായകമായി.
യഥാർത്ഥത്തിൽ വളർച്ചയെ മുന്നോട്ട് നയിക്കുന്നതും പങ്കാളിത്തം ആഴത്തിലാക്കുന്നതും ജനങ്ങളുടെ സംരംഭകത്വ മനോഭാവവും നൂതനാശയങ്ങളുമാകയാൽ, സ്ഥിരതയോടെയുള്ള പ്രവർത്തനം തുടരാൻ ഇന്ത്യൻ ബിസിനസ് സമൂഹത്തോട് മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആഹ്വാനം ചെയ്തു.
GG
(Release ID: 2186858)
Visitor Counter : 4