ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
സുരക്ഷിതവും സമഗ്രവും ഉത്തരവാദിത്തപൂര്‍ണവുമായ നിര്‍മിതബുദ്ധി (എഐ) ഉപയോഗം എല്ലാ മേഖലകളിലും ഉറപ്പാക്കാൻ 'ഇന്ത്യ-എഐ ദൗത്യ’ത്തിന് കീഴിൽ 'ഇന്ത്യ എഐ ഭരണനിര്‍വഹണ മാർഗനിർദേശങ്ങൾ' പുറത്തിറക്കി കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയം
Posted On:
05 NOV 2025 2:34PM by PIB Thiruvananthpuram
ഇന്ത്യ-എഐ ദൗത്യത്തിൻ്റെ ഭാഗമായി സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തപൂര്‍ണവുമായ എഐ ഉപയോഗം എല്ലാ മേഖലകളിലും ഉറപ്പാക്കുന്ന സമഗ്ര ചട്ടക്കൂടായ ഇന്ത്യ എഐ ഭരണനിര്‍വഹണ മാർഗനിർദേശങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം ഇന്ന് പുറത്തിറക്കി.

കേന്ദ്രസര്‍ക്കാറിൻ്റെ മുഖ്യ ശാസ്ത്ര ഉപദേശകനായ പ്രൊഫ. അജയ് കുമാർ സൂദ് മാര്‍ഗനിര്‍ദേശങ്ങള്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു. മന്ത്രാലയ സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ, അഡീഷണൽ സെക്രട്ടറിയും ഇന്ത്യ-എഐ ദൗത്യത്തിൻ്റെ സിഇഒയും എൻഐസി ഡയറക്ടര്‍ ജനറലുമായ ശ്രീ അഭിഷേക് സിങ്, മന്ത്രാലയത്തിലെ 'ജി' ശാസ്ത്രജ്ഞയും ജിസി-യും ഇന്ത്യ-എഐ ദൗത്യത്തിൻ്റെ സിഒഒ-യുമായ ശ്രീമതി കവിത ഭാട്ടിയ, ഐഐടി മദ്രാസിലെ പ്രൊഫ. ബി. രവീന്ദ്രൻ എന്നിവരും ചടങ്ങിൻ്റെ ഭാഗമായി. ഇന്ത്യയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിൻ്റെ ഓഫീസിലെ അഡ്വൈസറും ശാസ്ത്രജ്ഞയുമായ ഡോ. പ്രീതി ബൻസാൽ, ശാസ്ത്ര സെക്രട്ടറി ഡോ. പർവീന്ദർ മൈനി എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ഉത്തരവാദിത്തപൂര്‍ണമായ എഐ ഭരണനിര്‍വഹണത്തിൽ ഇന്ത്യ അതിൻ്റെ നേതൃസ്ഥാനം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ 2026-ലെ ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടിയ്ക്ക് മുന്നോടിയായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത് രാജ്യം കൈവരിക്കുന്ന സുപ്രധാന നാഴികക്കല്ലാണ്.
അത്യാധുനിക നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനും വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാകാനിടയുള്ള അപകടസാധ്യത ലഘൂകരിച്ച് എല്ലാവർക്കുമായി എഐ സുരക്ഷിതമായി വികസിപ്പിക്കാനും വിന്യസിക്കാനും ശക്തമായ ഭരണനിര്‍വഹണ ചട്ടക്കൂട് ഈ മാർഗനിർദേശങ്ങളിലുണ്ട്. നാല് പ്രധാന ഘടകങ്ങളാണ് ഈ ചട്ടക്കൂടിലുള്ളത്:
-
ധാർമികവും ഉത്തരവാദിത്തപൂര്‍ണവുമായ എഐ ഉപയോഗത്തിന് ഏഴ് മാർഗനിർദേശക തത്വങ്ങൾ.
-
എഐ ഭരണനിര്‍വഹണത്തിലെ ആറ് സ്തംഭങ്ങളിലും പ്രധാന ശിപാർശകൾ.
-
ഹ്രസ്വ, ഇടത്തരം, ദീർഘകാല സമയപരിധികൾ രേഖപ്പെടുത്തിയ കർമപദ്ധതി.
-
സുതാര്യവും ഉത്തരവാദിത്തപൂര്‍ണവുമായ എഐ വിന്യാസം ഉറപ്പാക്കാൻ വ്യാവസായിക മേഖലയ്ക്കും ഡെവലപ്പർമാർക്കും നിയന്ത്രണ സംവിധാനങ്ങള്‍ക്കും പ്രായോഗിക മാർഗനിർദേശങ്ങൾ.
സാധ്യമായ ഇടങ്ങളിലെല്ലാം നിലവിലെ നിയമങ്ങള്‍ തന്നെ ഉപയോഗിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയ സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ പറഞ്ഞു. എല്ലാത്തിൻ്റെയും കേന്ദ്രബിന്ദു മനുഷ്യ കേന്ദ്രീകൃത സമീപനമാണ്. നിര്‍മിതബുദ്ധി മനുഷ്യരാശിയെ സേവിക്കുന്നുവെന്നും അപകടസാധ്യതകൾ പരിഹരിക്കുന്നതിനൊപ്പം തന്നെ ജന ജീവിതത്തിന് പ്രയോജനം ചെയ്യുന്നുവെന്നും ഉറപ്പാക്കുന്നതായി വ്യക്തമാക്കിയ അദ്ദേഹം വിജയികളെ അഭിനന്ദിച്ചു.
ഒരു ദോഷവും ചെയ്യരുതെന്ന ലളിതമായ മാര്‍ഗനിര്‍ദേശ തത്വമാണ് ഈ ചട്ടക്കൂടിൻ്റെ മനോഭാവത്തെ നിർവചിക്കുന്നതെന്ന് ഇന്ത്യയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദ് പറഞ്ഞു. നൂതനാശയങ്ങള്‍ക്കായി പരീക്ഷണവേദികളൊരുക്കുന്നതിലും സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റാവുന്ന സംവിധാനങ്ങളിലൂടെ അപകടസാധ്യത ലഘൂകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യ-എഐ ദൗത്യം ഈ മേഖലയെ ശാക്തീകരിക്കുകയും ദക്ഷിണാര്‍ധഗോള മേഖലയിലെ നിരവധി രാജ്യങ്ങൾക്ക് പ്രചോദനമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഐഐടി മദ്രാസിലെ പ്രൊഫ. ബാലരാമൻ രവീന്ദ്രൻ്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതിയാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയ അഡീഷണൽ സെക്രട്ടറി ശ്രീ അഭിഷേക് സിങ്, നീതി ആയോഗ് വിശിഷ്ടാംഗം ശ്രീമതി ദേബ്‌ജാനി ഘോഷ്, മൈക്രോസോഫ്റ്റ് റിസർച്ച് ഇന്ത്യയിലെ മുതിര്‍ന്ന മുഖ്യ ഗവേഷകന്‍ ഡോ. കാലിക ബാലി, ട്രൈലീഗൽ പങ്കാളി ശ്രീ രാഹുൽ മാത്തൻ, നീതി ആയോഗ് നോൺ-റെസിഡൻ്റ് ഫെലോ ശ്രീ അംലൻ മൊഹന്തി, ഐഎസ്പിഐആർടി ഫൗണ്ടേഷൻ സഹസ്ഥാപകൻ ശ്രീ ശരദ് ശർമ, മന്ത്രാലയത്തിലെ 'ജി' ശാസ്ത്രജ്ഞയും ജിസി-യും ഇന്ത്യ-എഐ ദൗത്യത്തിലെ സിഒഒ-യുമായ ശ്രീമതി കവിത ഭാട്ടിയ, മന്ത്രാലയത്തിലെ ‘ഡി’ ശാസ്ത്രജ്ഞന്‍ ശ്രീ അഭിഷേക് അഗർവാൾ, ഡിഒടി ഡിഡിജി (ഐആർ) ശ്രീ അവിനാഷ് അഗർവാൾ, ഇന്ത്യ-എഐ ഡിജിഎം ശ്രീമതി ശ്രീപ്രിയ ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന നയതന്ത്ര വിദഗ്ധരും സമിതിയിലുണ്ടായിരുന്നു.
സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ ഉപയോഗത്തിന് ദേശീയ - അന്തർദേശീയ സഹകരണം വളർത്താന്‍ നയരൂപകർത്താക്കൾക്കും ഗവേഷകർക്കും വ്യാവസായികമേഖലയ്ക്കും അടിസ്ഥാന അവലംബമെന്ന നിലയിലാണ് ഈ മാര്‍ഗനിർദേശങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നത്. റിപ്പോർട്ട് http://indiaai.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടാതെ, ഇന്ത്യ-എഐ ദൗത്യത്തിൻ്റെ ആപ്ലിക്കേഷൻസ് ഡെവലപ്‌മെൻ്റ് വിഭാഗത്തിന് കീഴിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ), ഖനി-ഖനന മന്ത്രാലയം എന്നിവയുമായി സഹകരിച്ച് മിനറൽ ടാർഗെറ്റിംങുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഇന്ത്യ-എഐ ഹാക്കത്തോണിലെ വിജയികളെയും പരിപാടിയില്‍ പ്രഖ്യാപിച്ചു. ഭൂമിശാസ്ത്രപരവും ഭൗതികശാസ്ത്രപരവും ഭൗമരാസപരവുമായ വിവരങ്ങളും വിദൂര സംവേദന വിവരങ്ങളും വിശകലനം ചെയ്ത് ധാതു വിഭവങ്ങൾ കണ്ടെത്തുന്നത് മെച്ചപ്പെടുത്തുന്നതിന് എഐ, എംഎൽ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്താനാണ് ഹാക്കത്തൺ ലക്ഷ്യമിട്ടത്.

സാങ്കേതികമായി ശാക്തീകരിക്കപ്പെട്ടതും സ്വയംപര്യാപ്തവുമായ ഭാരതമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിപുലീകരിക്കാവുന്നതുമായ എഐ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലിനെയാണ് ഈ പ്രഖ്യാപനങ്ങൾ അടയാളപ്പെടുത്തുന്നത്. 2026 ഫെബ്രുവരി 19 മുതൽ 20 വരെ ന്യൂദൽഹിയിൽ ഇന്ത്യ-എഐ ഇംപാക്റ്റ് ഉച്ചകോടിക്ക് മുന്നോടിയാണിത്. ജനങ്ങളെയും ഭൂമിയെയും പുരോഗതിയെയും മുന്നോട്ടുനയിക്കുന്നതില്‍ എഐ വഹിക്കുന്ന പരിവർത്തനപരമായ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗോള നേതാക്കളും നയരൂപകർത്താക്കളും വ്യാവസായിക വിദഗ്ധരും ഗവേഷകരും ഉച്ചകോടിയിൽ ഒത്തുചേരും.
കൂടുതൽ വിവരങ്ങൾക്ക്: https://www.pib.gov.in/PressReleasePage.aspx?PRID=2186639
****
(Release ID: 2186661)
Visitor Counter : 15