രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

തദ്ദേശീയ ജലമാപക മികവിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ട് 'ഇക്ഷക്' ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നു

ഇന്ത്യൻ സമുദ്ര മേഖലയിൽ കൃത്യത, ലക്ഷ്യബോധം, സ്വാശ്രയത്വം എന്നിവയുടെ ദീപസ്തംഭമായി എസ് വി എൽ ഇക്ഷക് മാറും

Posted On: 05 NOV 2025 10:23AM by PIB Thiruvananthpuram
ഇക്ഷക് കമ്മീഷൻ ചെയ്തുകൊണ്ട് തദ്ദേശീയ ജലമാപക സർവ്വേ ശേഷി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ നാവികസേന. സർവ്വേ വെസൽ (ലാർജ്) വിഭാഗത്തിലെ മൂന്നാമത്തെയും ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തേതുമായ കപ്പലാണിത്. 2025 നവംബർ 06 ന് കൊച്ചി നേവൽ ബേസിൽ നടക്കുന്ന ചടങ്ങിൽ വച്ച് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയുടെ സാന്നിധ്യത്തിൽ കപ്പൽ ഔദ്യോഗികമായി സൈനിക സേവനത്തിൻ്റെ ഭാഗമാകും.

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE) ലിമിറ്റഡ് നിർമ്മിച്ച ഇക്ഷക്, കപ്പൽ നിർമ്മാണത്തിൽ ഇന്ത്യയുടെ വളരുന്ന സ്വയംപര്യാപ്തതയുടെ തിളക്കമാർന്ന ഉദാഹരണമായി നിലകൊള്ളുന്നു. ആത്മനിർഭർ ഭാരത് സംരംഭത്തിൻ്റെ വിജയത്തെയും GRSE യും ഇന്ത്യൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (MSME) തമ്മിലുള്ള സഹകരണത്തെയും പ്രതിഫലിപ്പിക്കുന്ന ഈ കപ്പലിൻ്റെ 80% ത്തിലധികം തദ്ദേശീയ ഉള്ളടക്കമാണ്.

സംസ്കൃതത്തിൽ 'വഴികാട്ടി' എന്നർത്ഥം വരുന്ന 'ഇക്ഷക്' എന്ന പേര്, കൃത്യതയുടെയും ലക്ഷ്യബോധത്തിൻ്റെയും കാവൽഭടൻ എന്ന നിലയിലുള്ള കപ്പലിൻ്റെ പങ്കിനെ ഉചിതമായി നിർവ്വചിക്കുന്നു. തുറമുഖങ്ങൾ, നാവിഗേഷൻ ചാനലുകൾ എന്നിവയുടെ തീരദേശ, ആഴക്കടൽ  ജലമാപക സർവ്വേകൾ പൂർണ്ണ തോതിൽ നടത്തുന്നതിനാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സുരക്ഷിതമായ സമുദ്ര സഞ്ചാരം ഉറപ്പാക്കുന്നതിനും ഇന്ത്യയുടെ സമുദ്ര സുരക്ഷാ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാകും.

ഹൈ-റെസല്യൂഷൻ മൾട്ടി-ബീം എക്കോ സൗണ്ടർ, ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾ (AUV), റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV), നാല് സർവേ മോട്ടോർ ബോട്ടുകൾ (SMB-കൾ) എന്നിവയുൾപ്പെടെ അത്യാധുനിക ഹൈഡ്രോഗ്രാഫിക്, സമുദ്രശാസ്ത്ര ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഇക്ഷക്, നാവികസേനയ്ക്ക് സമാനതകളില്ലാത്ത വൈവിധ്യവും ശേഷിയും പകർന്നു നൽകുന്നു. കപ്പലിൽ ഒരു ഹെലികോപ്റ്റർ ഡെക്കും ഘടിപ്പിച്ചിട്ടുണ്ട്. ഇത് പ്രവർത്തന പരിധി വർദ്ധിപ്പിക്കുകയും ബഹു-മുഖ ദൗത്യങ്ങൾ സാധ്യമാക്കുകയും ചെയ്യും.

 ഇന്ത്യൻ നാവികസേനയുടെ സർവ്വേ, ചാർട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇക്ഷക് കമ്മീഷൻ ചെയ്യുന്നതോടെ പിന്നിടുന്നത്. തദ്ദേശീയ ശേഷിയുടെയും സാങ്കേതിക മികവിൻ്റെയും സമുദ്ര നിരീക്ഷണത്തിൻ്റെയും പ്രതീകമായി രാജ്യത്തെ സേവിക്കാൻ ഇക്ഷക് പൂർണ്ണ സജ്ജമാണ് - അജ്ഞാത സമുദ്രമേഖലകളെക്കുറിച്ച് രേഖപ്പെടുത്തുകയും, നാവികര്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുകയും, ഇന്ത്യയുടെ സമുദ്രശേഷി ശക്തിപ്പെടുത്തുകയുമാണ് ഇക്ഷകിൻ്റെ ദൗത്യം.
 
 
 
 
****
 

(Release ID: 2186598) Visitor Counter : 29