തൊഴില്‍, ഉദ്യോഗ മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സാമ്പത്തിക പുരോഗതിയെ സാമൂഹിക വികസനവുമായി സംയോജിപ്പിക്കുന്നു: ഡോ. മന്‍സുഖ് മാണ്ഡവ്യ
Posted On:
04 NOV 2025 6:59PM by PIB Thiruvananthpuram
ഖത്തറിലെ ദോഹയില്‍ ഇന്ന് നടന്ന രണ്ടാമത് ലോക സാമൂഹിക വികസന ഉച്ചകോടിയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ കേന്ദ്ര തൊഴില്‍, യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ഡോ.മന്‍സുഖ് മാണ്ഡവ്യ പങ്കെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 180ലധികം വിശിഷ്ട വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു. തൊഴില്‍ സഹകരണം ശക്തിപ്പെടുത്തുക, സാമൂഹിക സുരക്ഷാ സംഭാഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക, ഇന്ത്യയുടെ ഡിജിറ്റല്‍, മാനുഷിക മൂലധന നേട്ടങ്ങള്‍ ആഗോള തലത്തില്‍ ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി,ബഹുമുഖ ചര്‍ച്ചകള്‍ക്കും ഈ ദിവസം സാക്ഷ്യം വഹിച്ചു.

'സാമൂഹിക വികസനത്തിന്റെ മൂന്ന് സ്തംഭങ്ങളായ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സമ്പൂര്‍ണ്ണവും ഉത്പാദനപരവുമായ തൊഴില്‍, എല്ലാവര്‍ക്കും മാന്യമായ ജോലി, സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍ എന്നിവ ശക്തിപ്പെടുത്തുക' എന്ന വിഷയത്തില്‍ നടന്ന ഉന്നതതല വട്ടമേശ സമ്മേളനത്തില്‍ സംസാരിച്ച കേന്ദ്ര തൊഴില്‍ മന്ത്രി, ഇന്ത്യയുടെ മാതൃക ഉയര്‍ന്ന വളര്‍ച്ചയെ ഉയര്‍ന്ന ഉള്‍ച്ചേര്‍ക്കലുമായി സമന്വയിപ്പിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. ഡിജിറ്റല്‍ നവീകരണത്തെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലുമായി സംയോജിപ്പിച്ചുകൊണ്ടും സാമ്പത്തിക പുരോഗതി സാമൂഹിക ഉള്‍പ്പെടുത്തലിലേക്ക് നയിക്കുമെന്ന് ഉറപ്പാക്കിക്കൊണ്ടും ഒരു രാജ്യത്തിന് ദശലക്ഷക്കണക്കിന് പൗരന്മാരെ ശാക്തീകരിക്കാന്‍ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.

സാമൂഹിക വികസനത്തിന്റെ മൂന്ന് സ്തംഭങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിര്‍ണ്ണായക നടപടികളെക്കുറിച്ച് ഡോ.മന്‍സുഖ് മാണ്ഡവ്യ എടുത്തുപറഞ്ഞു. 2016-17 നും 2023-24 നും ഇടയില്‍ 170 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഇരട്ടിയായതായും തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 3.2 ശതമാനമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. തൊഴില്‍ നിയമങ്ങള്‍ ഏകീകരിച്ച് നാല് ലളിതമായ തൊഴില്‍ കോഡുകളാക്കി മാറ്റിയതായും സാര്‍വത്രിക പെന്‍ഷന്‍ പരിരക്ഷയിലേക്ക് ഇന്ത്യ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ 1.4 ബില്യണിലധികം പൗരന്മാര്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ വിതരണം ചെയ്യുന്നത് ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഈ ശ്രമങ്ങളുടെ ഫലമായി, ഇന്ത്യയുടെ സാമൂഹിക സുരക്ഷാ പരിരക്ഷ 2015ലെ 19 ശതമാനത്തില്‍ നിന്ന് 2025ല്‍ 64.3 ശതമാനമായി വര്‍ദ്ധിച്ചു. ഇത് അംഗീകരിച്ചുകൊണ്ട്, അന്താരാഷ്ട്ര സാമൂഹിക സുരക്ഷാ അസോസിയേഷന്‍ ഈ വര്‍ഷത്തെ സാമൂഹിക സുരക്ഷയിലെ മികച്ച നേട്ടത്തിനുള്ള അവാര്‍ഡ് ഇന്ത്യക്ക് നല്കിയതായി ഡോ.മാണ്ഡവ്യ പറഞ്ഞു. ദ്രുതഗതിയിലുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ചയാണ് സാമൂഹിക പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നതെന്ന് ഇന്ത്യ തെളിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍,സാമ്പത്തിക പുരോഗതിയെ സാമൂഹിക വികസനവുമായി സംയോജിപ്പിച്ചുകൊണ്ട് ഈ പാരമ്പര്യം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൗറീഷ്യസ് തൊഴില്‍ മന്ത്രിയുമായി ഡോ. മാണ്ഡവ്യ കൂടിക്കാഴ്ച നടത്തുകയും നൈപുണ്യ വികസനം, തൊഴില്‍ ചലനാത്മകത, ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ്‌ഫോമുകള്‍, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. മൗറീഷ്യസുമായുള്ള പ്രത്യേക ചരിത്രപരമായ ബന്ധത്തിന് ഇന്ത്യ അടിവരയിടുകയും സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തില്‍ (TVET)ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. നാഷണല്‍ കരിയര്‍ സര്‍വീസ്(NCS)പോര്‍ട്ടല്‍,അസംഘടിത തൊഴിലാളികളുടെ ലോകത്തിലെ ഏറ്റവും വലിയ ആധാര്‍ വെരിഫൈഡ് രജിസ്ട്രിയായ ഇ-ശ്രം ഡാറ്റാബേസ് എന്നിവയുള്‍പ്പെടെ തൊഴില്‍ ആവാസവ്യവസ്ഥയില്‍ ഡിജിറ്റല്‍ പൊതു ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ ഇന്ത്യ കൈവരിച്ച വിജയത്തേക്കുറിച്ചും ഡോ. മാണ്ഡവ്യ എടുത്തുപറഞ്ഞു. കഴിവുള്ളവരെ കണ്ടെത്താനും സഹകരണത്തിനും വേണ്ടി ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ മൗറീഷ്യസിനെ മന്ത്രി പ്രോത്സാഹിപ്പിച്ചു. 2015ല്‍ 19 ശതമാനമായിരുന്ന സാമൂഹിക സുരക്ഷാ പരിരക്ഷ 2025ല്‍ 64.3 ശതമാനമായി ഉയര്‍ത്തിയ ഇന്ത്യയുടെ നേട്ടവും കൂടിക്കാഴ്ചയില്‍ അഭിനന്ദിക്കപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ ഏഷ്യ,പസഫിക് സാമ്പത്തിക സാമൂഹിക കമ്മീഷന്റെ (UNESCAP) എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ അര്‍മിഡാ സല്‍സിയ അലിസ്ജഹ്ബാനയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍,സ്ഥാപക അംഗമെന്ന നിലയിലുള്ള ഇന്ത്യയുടെ ESCAP-യുമായുള്ള ദീര്‍ഘകാല ബന്ധം ഡോ. മാണ്ഡവ്യ എടുത്തുപറയുകയും ദുരന്ത നിവാരണം, നൈപുണ്യ അംഗീകാരം, ഡിജിറ്റല്‍ ക്ഷേമ വിതരണം തുടങ്ങിയ മേഖലകളിലെ പ്രാദേശിക സഹകരണത്തിനായുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു. ഡിജിറ്റല്‍ ഭരണ പരിഷ്‌കാരങ്ങള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ സംവിധാനങ്ങള്‍, സാമൂഹിക മേഖലയിലെ വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ എന്നിവയാല്‍ കഴിഞ്ഞ ദശകത്തില്‍ 250 ദശലക്ഷം പൗരന്മാരെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ ഇന്ത്യ കൈവരിച്ച ശക്തമായ പുരോഗതിയേക്കുറിച്ച് മന്ത്രി അടിവരയിട്ടു. സാമൂഹിക സുരക്ഷ, ഡിജിറ്റല്‍ ഭരണം എന്നീ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ESCAP അഭിനന്ദിച്ചു. ഹരിത,ഡിജിറ്റല്‍,പരിചരണ സമ്പദ് വ്യവസ്ഥ എന്നീ മേഖലകളിലെ അതിര്‍ത്തി കടന്നുള്ള നൈപുണ്യ മാനദണ്ഡങ്ങളില്‍ ESCAP-യുമായുള്ള സാങ്കേതിക സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചു.
ദിവസം മുഴുവന്‍ നീണ്ട ഇന്ത്യയുടെ ഇടപെടലുകള്‍ ഉഭയകക്ഷി പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുകയും UNESCAP-യുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയും ഡിജിറ്റല്‍ സാമൂഹിക സുരക്ഷ,നൈപുണ്യ വികസനം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ വിപണികള്‍ എന്നീ വിഷയങ്ങളില്‍ ആഗോള തലത്തിലുള്ള ഇന്ത്യയുടെ നേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു.
****
(Release ID: 2186485)
Visitor Counter : 4