രാഷ്ട്രപതിയുടെ കാര്യാലയം
കുമൗൺ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ആശംസകൾ നേർന്നു
Posted On:
04 NOV 2025 1:42PM by PIB Thiruvananthpuram
വിദ്യാഭ്യാസം നമ്മെ സ്വയംപര്യാപ്തരാക്കുക മാത്രമല്ല, വിനയാന്വിതരായിരിക്കാനും സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് സംഭാവന നൽകാനും പഠിപ്പിക്കുന്നു: രാഷ്ട്രപതി ദ്രൗപദി മുർമു
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2025 നവംബർ 4) ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ നടന്ന കുമൗൺ സർവകലാശാലയുടെ ഇരുപതാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു.
ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസമാണെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. അതിനാൽ, വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ ബുദ്ധിശക്തിയും കഴിവുകളും വികസിപ്പിക്കുക മാത്രമല്ല, അവരുടെ ധാർമ്മിക ശക്തിയും സ്വഭാവവും ശാക്തീകരിക്കുകയും വേണം.
വിദ്യാഭ്യാസം നമ്മെ സ്വയംപര്യാപ്തരാക്കുക മാത്രമല്ല, വിനയാന്വിതരാകാനും സമൂഹത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് സംഭാവന നൽകാനും നമ്മെ പഠിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. പിന്നാക്കം നിൽക്കുന്നവരുടെ സേവനത്തിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി തങ്ങളുടെ വിദ്യാഭ്യാസം സമർപ്പിക്കാൻ അവർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. അവർക്ക് സന്തോഷവും സംതൃപ്തിയും നൽകുന്ന ഇതാണ് യഥാർത്ഥ മതമെന്ന് അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെന്ന് രാഷ്ട്രപതി പറഞ്ഞു. തുടർ പുരോഗതി ഉറപ്പാക്കാൻ സർക്കാർ നിരവധി നയപരമായ സംരംഭങ്ങൾ സ്വീകരിക്കുന്നുണ്ട്. ഈ സംരംഭങ്ങൾ യുവാക്കൾക്കായി അസംഖ്യം അവസരങ്ങൾ സൃഷ്ടിക്കുന്നു. ഈ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം.
രാജ്യത്ത് ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം, തൂതനാശയങ്ങൾ എന്നിവയിൽ മികവ് പുലർത്താൻ കുമൗൺ സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ശരിയായ പ്രയോഗത്തിന് ബഹുമുഖ സമീപനം നിർണായകമാണെന്ന് അവർ പറഞ്ഞു. സർവകലാശാല ഈ സമീപനവുമായി മുന്നോട്ട് പോകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഹിമാലയം ജീവദായകമായ വിഭവങ്ങൾക്ക് പേരുകേട്ടതാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ വിഭവങ്ങൾ സംരക്ഷിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുമൗൺ സർവകലാശാല പരിസ്ഥിതി സംരക്ഷണത്തിനായി ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അവർ സന്തോഷത്തോടെ അഭിപ്രായപ്പെട്ടു.
ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ കുമൗൺ സർവകലാശാലയ്ക്കും ചില സാമൂഹിക ഉത്തരവാദിത്തങ്ങളുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സർവകലാശാലയിലെ അധ്യാപകരോടും വിദ്യാർത്ഥികളോടും സമീപ ഗ്രാമങ്ങൾ സന്ദർശിക്കാനും ഗ്രാമീണരുടെ പ്രശ്‌നങ്ങൾ നിരീക്ഷിക്കാനും മനസ്സിലാക്കാനും പരിഹാരങ്ങൾ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യാനും അവർ ആഹ്വാനം ചെയ്തു.
2047 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ കുമൗൺ സർവകലാശാലയിലെ വിദ്യാർത്ഥികളെപ്പോലുള്ള യുവജനങ്ങൾക്ക് നിർണായക പങ്ക് വഹിക്കാനുണ്ട്. തങ്ങളുടെ കഴിവുകളുടെ കരുത്തും സമർപ്പണവും ഉപയോഗിച്ച് അവർ തങ്ങളുടെ പങ്ക് നിറവേറ്റുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേരത്തെ, രാഷ്ട്രപതി നൈനിറ്റാളിലെ നൈനാ ദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും കൈഞ്ചി ധാമിലെ ശ്രീ നീം കരോളി ബാബ ആശ്രമത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- https://static.pib.gov.in/WriteReadData/specificdocs/documents/2025/nov/doc2025114684401.pdf
GG
***
(Release ID: 2186283)
Visitor Counter : 5