തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

2025 നവംബര്‍ 4 മുതല്‍ 6 വരെ ദോഹയില്‍ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയില്‍ ഡോ. മന്‍സുഖ് മാണ്ഡവ്യ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കും.

प्रविष्टि तिथि: 03 NOV 2025 4:54PM by PIB Thiruvananthpuram
ഖത്തറിലെ ദോഹയില്‍ 2025 നവംബര്‍ 4 മുതല്‍ 6 വരെ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയില്‍ (WSSD2) കേന്ദ്ര തൊഴില്‍, യുവജനകാര്യ, കായിക വകുപ്പ്  മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കും.

ഉച്ചകോടിയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന ഡോ. മാണ്ഡവ്യ ഇന്ത്യയുടെ ദേശീയ പ്രസ്താവന അവതരിപ്പിക്കുകയും ദോഹ രാഷ്ട്രീയ പ്രഖ്യാപനം അംഗീകരിക്കുന്നതില്‍ ലോക നേതാക്കളോടൊപ്പം ചേരുകയും ചെയ്യും. 'സാമൂഹിക വികസനത്തിന്റെ മൂന്ന് സ്തംഭങ്ങള്‍ ശക്തിപ്പെടുത്തുക: ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സമ്പൂര്‍ണ്ണവും ഉത്പാദനപരവുമായ തൊഴില്‍, എല്ലാവര്‍ക്കും മാന്യമായ ജോലി, സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍' എന്നീ വിഷയങ്ങളില്‍ നടക്കുന്ന ഉന്നതതല വട്ടമേശ സമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. മാന്യമായ ജോലിക്കും സാമൂഹിക സുരക്ഷയ്ക്കും മുന്‍ഗണന നല്കുന്ന സമഗ്രവും ഡിജിറ്റലായി പ്രാപ്തമാക്കിയതുമായ വളര്‍ച്ചയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തന യാത്രയേക്കുറിച്ചും  അദ്ദേഹം വേദിയില്‍ സംസാരിക്കും.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ ശ്രദ്ധേയമായ നാഴികക്കല്ല് കൈവരിച്ച രാജ്യമെന്ന നിലയിലാണ് ദോഹയില്‍ നടക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടിയുടെ ആഗോള വേദിയിലേക്ക്  ഇന്ത്യ എത്തുന്നത്. 2011 നും 2023 നും ഇടയില്‍, 248 ദശലക്ഷം ഇന്ത്യക്കാരെ ബഹുമുഖ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ഇതോടെ 2022-23 കാലയളവില്‍ അന്താരാഷ്ട്ര ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള  ആളുകളുടെ  വിഹിതം വെറും 2.3 ശതമാനമായി കുറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന, പ്രധാനമന്ത്രി ആവാസ് യോജന, ജന്‍ ധന്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സംരംഭം തുടങ്ങിയ മുന്‍നിര പരിപാടികളാണ് ഈ നേട്ടങ്ങള്‍ക്ക് കാരണമാകുന്നത്.

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ സാമൂഹിക സുരക്ഷാ സംവിധാനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ശ്രദ്ധേയമാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) യുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയുടെ സാമൂഹിക സുരക്ഷാ കവറേജ് 2015ലെ 19 ശതമാനത്തില്‍ നിന്ന് 2025ല്‍ 64.3 ശതമാനമായി കുതിച്ചുയര്‍ന്നു. ഇത് 940 ദശലക്ഷത്തിലധികം പൗരന്മാര്‍ക്ക് പ്രയോജനം ചെയ്തു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കാര്യക്ഷമവും സുതാര്യവും നേരിട്ടുള്ളതുമായ ആനുകൂല്യ വിതരണം ഉറപ്പാക്കുന്ന JAM ട്രിനിറ്റി (ജന്‍ ധന്‍, ആധാര്‍മൊബൈല്‍) സംവിധാനം വഴിയാണ് ഇത് സാധ്യമായത്.

2025 നവംബര്‍ 5 ന് നടക്കാനിരിക്കുന്ന നിതി അയോഗ് ആതിഥേയത്വം വഹിക്കുന്ന ഒരു സൈഡ് ഇവന്റ് ആയിരിക്കും ഇന്ത്യയുടെ പങ്കാളിത്തത്തിലെ പ്രധാന ആകര്‍ഷണം.'ദാരിദ്ര്യമുക്തിയിലേക്കുള്ള വഴികള്‍:സമൂഹത്തിലെ അവസാന തട്ടിലേക്കും ശാക്തീകരണം എത്തിച്ച ഇന്ത്യയുടെ അനുഭവങ്ങള്‍' എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജ്ജനം,സ്വയം സഹായ സംഘങ്ങളിലൂടെയും സഹകരണ സംഘങ്ങളിലൂടെയുമുള്ള സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, എല്ലാവര്‍ക്കുമുള്ള സാമൂഹിക സുരക്ഷാ വിപുലീകരണം എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ ഈ പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും.

സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ആരും പിന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ തത്വവും അടിവരയിടുന്ന ബ്രസീല്‍, മാലിദ്വീപ്, ഐ.എല്‍.ഒ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുടെ ഇടപെടലുകളും പരിപാടിയില്‍ ഉള്‍പ്പെടും.

സാമൂഹിക നീതിക്കായുള്ള ആഗോള കൂട്ടായ്മയെക്കുറിച്ചുള്ള ഐ.എല്‍.ഒ സ്‌പോണ്‍സര്‍ ചെയ്യുന്ന മന്ത്രിതല പരിപാടിയിലും ഡോ. മാണ്ഡവ്യ പങ്കെടുക്കും. തുല്യമായ വളര്‍ച്ചയുടേയും മാന്യമായ ജോലിയുടേയും ചാമ്പ്യന്‍ എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് അദ്ദേഹം അവിടെ ആവര്‍ത്തിക്കും

ഉച്ചകോടിയുടെ ഭാഗമായി ഖത്തര്‍, റൊമാനിയ, മൗറീഷ്യസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരുമായും അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഡയറക്ടര്‍ ജനറലുമായും ഐക്യരാഷ്ട്രസഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കേന്ദ്രമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. തൊഴില്‍ ചലനാത്മകത, നൈപുണ്യം, സാമൂഹിക സുരക്ഷ, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവയിലെ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഈ കൂടിക്കാഴ്ചകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴില്‍ മന്ത്രാലയവും ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലും(IBPC)സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണല്‍ കരിയര്‍ സര്‍വീസ്(NCS) പോര്‍ട്ടലിനെക്കുറിച്ചുള്ള ഒരു പരിപാടിയിലും മന്ത്രി പങ്കെടുക്കും. തൊഴിലന്വേഷകരേയും തൊഴിലുടമകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാലമായി എന്‍.സി.എസ് പ്ലാറ്റ്‌ഫോം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തൊഴില്‍ വിപണി പ്രവേശനം പ്രോത്സാഹിപ്പിക്കുന്നു.

കൂടാതെ, കായിക മാനേജ്‌മെന്റിലേയും യുവാക്കളുടെ പങ്കാളിത്തത്തിലേയും മികച്ച സമ്പ്രദായങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായി ഖത്തറിലെ ആസ്പയര്‍ സോണ്‍ കോംപ്ലക്‌സ്  സന്ദര്‍ശിക്കാനും പ്രധാന കായിക അടിസ്ഥാന സൗകര്യ വികസന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.

1995 ലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ ലക്ഷ്യങ്ങളായ  ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, സമ്പൂര്‍ണ്ണവും ഉത്പാദനപരവുമായ തൊഴില്‍, സാമൂഹിക ഉള്‍ച്ചേര്‍ക്കല്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആഗോള ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലാണ് സാമൂഹിക വികസനത്തിനായുള്ള ലോക ഉച്ചകോടി അടയാളപ്പെടുത്തുന്നത്. ഈ പങ്കിട്ട ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനും, അനുഭവങ്ങള്‍ കൈമാറുന്നതിനും, സമഗ്രവും സുസ്ഥിരവുമായ സാമൂഹിക പുരോഗതിക്കായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പുതിയ വേദിയാണ് ദോഹ ഉച്ചകോടി രാജ്യങ്ങള്‍ക്ക് നല്കുന്നത്.

സാമൂഹിക നീതിക്കും സമഗ്ര വളര്‍ച്ചയ്ക്കുമുള്ള ആഗോള സഹകരണത്തോടുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയാണ് ഡോ.മന്‍സുഖ് മാണ്ഡവ്യയുടെ സന്ദര്‍ശനം അടിവരയിടുന്നത്. 'വികസിത ഭാരതം @2047' എന്ന ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന ഇന്ത്യ ഡിജിറ്റല്‍ നവീകരണം,സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍,സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനും അന്തസ്സോടെ ജീവിക്കാന്‍ എല്ലാ പൗരന്മാരേയും പ്രാപ്തരാക്കാനും കഴിയുമെന്ന്  തുടര്‍ന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു.
 
****

(रिलीज़ आईडी: 2186017) आगंतुक पटल : 20
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , हिन्दी , Gujarati , Tamil