പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു



₹1 ലക്ഷം കോടിയുടെ ഗവേഷണ, വികസന, ഇന്നൊവേഷൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയിൽ ഒരു ആധുനിക നവീകരണ ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുന്നതിനായി ഗവേഷണം എളുപ്പമാക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: പ്രധാനമന്ത്രി

ശാസ്ത്രം വ്യാപ്തി കൈവരിക്കുമ്പോൾ, നവീകരണം ഉൾക്കൊള്ളുമ്പോൾ, സാങ്കേതികവിദ്യ പരിവർത്തനത്തിലേക്ക് നയിക്കുമ്പോൾ, മഹത്തായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നു: പ്രധാനമന്ത്രി

ഇന്ത്യ ഇനി സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമല്ല, സാങ്കേതികവിദ്യയിലൂടെ പരിവർത്തനത്തിന്റെ ഒരു മുൻനിര നേതാവായി മാറിയിരിക്കുന്നു: പ്രധാനമന്ത്രി

ഇന്ന്, ലോകത്തിലെ ഏറ്റവും വിജയകരമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയ്ക്കുണ്ട്: പ്രധാനമന്ത്രി

ഇന്ന്, ധാർമ്മികവും മനുഷ്യ കേന്ദ്രീകൃതവുമായ AI-യുടെ ആഗോള ചട്ടക്കൂട് ഇന്ത്യ രൂപപ്പെടുത്തുകയാണ്: പ്രധാനമന്ത്രി

Posted On: 03 NOV 2025 11:13AM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ സ്വാഗതം ചെയ്തു. 2025 ലെ ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വിജയത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ മുഴുവൻ രാജ്യവും ആഹ്ലാദഭരിതരാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോകകപ്പ് വിജയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, വനിതാ ക്രിക്കറ്റ് ടീമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു. രാജ്യം അവരിൽ അഭിമാനിക്കുന്നുവെന്നും അവരുടെ നേട്ടം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ശാസ്ത്ര സാങ്കേതിക ലോകത്ത് ഇന്ത്യ ഇന്നലെ ഗണ്യമായ മുന്നേറ്റം നടത്തിയതായി പ്രധാനമന്ത്രി അടിവരയിട്ടു. ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹം ഇന്ത്യൻ ശാസ്ത്രജ്ഞർ വിജയകരമായി വിക്ഷേപിച്ചതിനെ അദ്ദേഹം എടുത്തുകാട്ടി, ദൗത്യത്തിൽ ഉൾപ്പെട്ട എല്ലാ ശാസ്ത്രജ്ഞർക്കും ഇസ്രോയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു. ശാസ്ത്ര സാങ്കേതിക മേഖലയിലും ഇന്ന് ഒരു നാഴികക്കല്ലാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. 21-ാം നൂറ്റാണ്ടിൽ, ആഗോള വിദഗ്ധർ ഒത്തുചേർന്ന് വളർന്നുവരുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയെക്കുറിച്ച് ദിശാബോധം നൽകേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഒരു ആശയത്തിന് ജന്മം നൽകി, അത് ഈ കോൺക്ലേവിന്റെ ദർശനമായി പരിണമിച്ചു. ഈ കോൺക്ലേവിലൂടെ ഈ ദർശനം ഇപ്പോൾ രൂപപ്പെടുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ സംരംഭത്തിൽ വിവിധ മന്ത്രാലയങ്ങൾ, സ്വകാര്യ മേഖല, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തം പ്രധാനമന്ത്രി അംഗീകരിച്ചു. ഇന്ന് നമുക്കിടയിൽ ഒരു നോബൽ സമ്മാന ജേതാവ് ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുത്ത എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്യുകയും കോൺക്ലേവിന്റെ വിജയത്തിന് ആശംസകൾ നേരുകയും ചെയ്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട് അഭൂതപൂർവമായ പരിവർത്തനത്തിന്റെ കാലഘട്ടമാണെന്ന് അടിവരയിട്ടുകൊണ്ട്, ആഗോള ക്രമം ഒരു പുതിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും മാറ്റത്തിന്റെ വേഗത രേഖീയമല്ല, മറിച്ച് ക്രമാനുഗതമാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാടോടെ, ഉയർന്നുവരുന്ന ശാസ്ത്രം, സാങ്കേതികവിദ്യ, നവീനാശയം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളിൽ ഇന്ത്യ മുന്നേറുകയാണ്, അവയിൽ സ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണമായി, ഗവേഷണ ഫണ്ടിംഗ് മേഖലയെ അദ്ദേഹം എടുത്തുകാട്ടി, 'ജയ് ജവാൻ, ജയ് കിസാൻ' എന്ന പരിചിതമായ ദേശീയ ദർശനത്തെ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു, ഗവേഷണത്തിന് പുതുക്കിയ ഊന്നൽ നൽകി, 'ജയ് വിജ്ഞാൻ', 'ജയ് അനുസന്ധാൻ' എന്നിവ ഈ ദർശനത്തിൽ ചേർത്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സർവകലാശാലകളിൽ ഗവേഷണവും നവീകരണവും വർദ്ധിപ്പിക്കുന്നതിനായി അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ, ₹1 ലക്ഷം കോടി വകയിരുത്തി ഗവേഷണം, വികസനം, നവീകരണ പദ്ധതി ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "  അപകടസാധ്യത കുടുതലുള്ളതും ഉയർന്ന സ്വാധീനമുള്ളതുമായ പദ്ധതികൾക്കായി ആദ്യമായി, മൂലധനം ലഭ്യമാക്കുന്നു", ശ്രീ മോദി പറഞ്ഞു.

"ഇന്ത്യ ഒരു ആധുനിക നൂതനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കുന്നു, സു​ഗമായി ഗവേഷണം നടത്തുന്നത് മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു", സാമ്പത്തിക നിയമങ്ങളിലും സംഭരണ ​​നയങ്ങളിലും ​ഗവൺമെന്റ് നിരവധി പരിഷ്കാരങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കൂടാതെ, പ്രോട്ടോടൈപ്പുകൾ ലാബിൽ നിന്ന് വിപണിയിലേക്ക് വേഗത്തിൽ നീങ്ങുന്നുവെന്ന് ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ, പ്രോത്സാഹനങ്ങൾ, വിതരണ ശൃംഖലകൾ എന്നിവയിൽ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.

ഇന്ത്യയെ ഒരു നവീകരണ കേന്ദ്രമാക്കുന്നതിന് സമീപ വർഷങ്ങളിൽ എടുത്ത നയങ്ങളും തീരുമാനങ്ങളും ഇപ്പോൾ വ്യക്തമായ ഫലങ്ങൾ കാണിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, പ്രധാന സ്ഥിതിവിവരക്കണക്കുകൾ അഭിമാനത്തോടെ പങ്കുവെച്ചു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ഗവേഷണ-വികസന ചെലവ് ഇരട്ടിയായി; രജിസ്റ്റർ ചെയ്ത പേറ്റന്റുകളുടെ എണ്ണം 17 മടങ്ങ് വർദ്ധിച്ചു; ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഇന്ത്യയിലെ 6,000-ത്തിലധികം ഡീപ്-ടെക് സ്റ്റാർട്ടപ്പുകൾ നിലവിൽ ശുദ്ധമായ ഊർജ്ജം, നൂതന വസ്തുക്കൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സെമികണ്ടക്ടർ മേഖല ഇപ്പോൾ പറന്നുയരുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2014-ൽ 10 ബില്യൺ ഡോളറിൽ നിന്ന് ഇന്ന് ഏകദേശം 140 ബില്യൺ ഡോളറായി വികസിച്ച ഇന്ത്യയുടെ ജൈവ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയും അദ്ദേഹം എടുത്തുകാട്ടി.

ഗ്രീൻ ഹൈഡ്രജൻ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആഴക്കടൽ ഗവേഷണം, നിർണായക ധാതുക്കൾ എന്നിവയുൾപ്പെടെ നിരവധി നൂതന സാധ്യതകളുടെ മേഖലകളിൽ ഇന്ത്യ സമീപ വർഷങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, ഈ മേഖലകളിലെല്ലാം ഇന്ത്യ പ്രതീക്ഷാ നിർഭരമായ സാന്നിധ്യം സ്ഥാപിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

"ശാസ്ത്രം വിപുലീകരിക്കപ്പെടുമ്പോൾ, നവീകരണം ഉൾക്കൊള്ളുന്നതാകുമ്പോൾ, സാങ്കേതികവിദ്യ പരിവർത്തനത്തെ നയിക്കുമ്പോൾ, അത് പ്രധാന നേട്ടങ്ങൾക്ക് അടിത്തറയിടുന്നു", കഴിഞ്ഞ 10–11 വർഷത്തെ ഇന്ത്യയുടെ യാത്ര ഈ ദർശനത്തിന് ഉദാഹരണമാണെന്ന്  പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ ഇപ്പോൾ സാങ്കേതികവിദ്യയുടെ ഉപഭോക്താവ് മാത്രമല്ല, സാങ്കേതികവിദ്യയിലൂടെയുള്ള പരിവർത്തനത്തിന്റെ ഒരു മുന്നണി വക്താവായി മാറിയിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. കോവിഡ്-19 മഹാമാരിയുടെ സമയത്ത്, റെക്കോർഡ് സമയത്തിനുള്ളിൽ ഇന്ത്യ ഒരു തദ്ദേശീയ വാക്സിൻ വികസിപ്പിച്ചെടുത്തതായും ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടി നടത്തിയതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യയ്ക്ക് ഇത്രയും വലിയ തോതിൽ നയങ്ങളും പരിപാടികളും വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞതിനെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഈ നേട്ടം  ഇന്ത്യയുടെ ലോകോത്തര മുൻനിര ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളിലൂടെയാണ് കൈവരിച്ചതെന്ന് പറഞ്ഞു. രണ്ട് ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ ഒപ്റ്റിക്കൽ ഫൈബർ വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തുടനീളം മൊബൈൽ ഡാറ്റ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ചന്ദ്രനിലും ചൊവ്വയിലും എത്തിയതിനൊപ്പം, ബഹിരാകാശ ശാസ്ത്ര ആപ്ലിക്കേഷനുകളിലൂടെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ നേട്ടങ്ങൾക്ക് പിന്നിലെ എല്ലാ പങ്കാളികളുടെയും സംഭാവനകളെ അദ്ദേഹം അംഗീകരിച്ചു.

ഉൾക്കൊള്ളുന്ന രീതിയിലുള്ള നവീകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നവീകരണം ഉൾക്കൊള്ളുന്നതാകുമ്പോൾ, അതിന്റെ പ്രാഥമിക ഗുണഭോക്താക്കളും അതിന്റെ നേതാക്കളായി മാറുമെന്ന് പ്രസ്താവിച്ചു. ഈ പരിവർത്തനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമായി ഇന്ത്യൻ സ്ത്രീകളെ അദ്ദേഹം ഉദ്ധരിച്ചു. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾ ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുമ്പോഴെല്ലാം, ഇന്ത്യൻ വനിതാ ശാസ്ത്രജ്ഞർക്ക് കാര്യമായ അംഗീകാരം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. പേറ്റന്റ് ഫയലിംഗ് മേഖലയിൽ, ഒരു ദശാബ്ദം മുമ്പ്, ഇന്ത്യയിൽ പ്രതിവർഷം 100-ൽ താഴെ പേറ്റന്റുകൾ മാത്രമാണ് സമർപ്പിച്ചിരുന്നതെന്നും ഇന്ന് ഈ എണ്ണം പ്രതിവർഷം 5,000-ത്തിൽ കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ STEM(Science, Technology, Engineering, and Mathematics) വിദ്യാഭ്യാസ പ്രവേശനത്തിൽ ഏകദേശം 43 ശതമാനം സ്ത്രീകളാണെന്നും ഇത് ആഗോള ശരാശരിയെ മറികടക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ കണക്കുകൾ, ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മേഖലയിലെ സ്ത്രീകളുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ചില നിമിഷങ്ങൾ തലമുറകൾക്ക് പ്രചോദനത്തിന്റെ ശാശ്വത സ്രോതസ്സുകളായി വർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇന്ത്യയിലുടനീളമുള്ള കുട്ടികൾ ചന്ദ്രയാന്റെ യാത്രയ്ക്ക് സാക്ഷ്യം വഹിച്ചതും അതിന്റെ തിരിച്ചടികളും വിജയങ്ങളും അനുഭവിച്ചതും ശാസ്ത്രത്തോടുള്ള ആഴത്തിലുള്ള അഭിനിവേശം വളർത്തിയതും അദ്ദേഹം ഓർമ്മിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ സമീപകാല ബഹിരാകാശ നിലയ ദൗത്യം കുട്ടികളിൽ പുതിയ ജിജ്ഞാസ ഉണർത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറയിൽ വളർന്നുവരുന്ന ഈ ജിജ്ഞാസ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലേക്ക് ഇന്ത്യയ്ക്ക് കൂടുതൽ മിടുക്കരായ യുവാക്കളെ നയിക്കാൻ കഴിയുന്തോറും അത് രാജ്യത്തിന് ​ഗുണകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ദർശനത്തിന് അനുസൃതമായി, രാജ്യത്തുടനീളം ഏകദേശം 10,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, അവിടെ ഒരു കോടിയിലധികം കുട്ടികൾ ജിജ്ഞാസയും സർഗ്ഗാത്മകതയും ഉള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ ലാബുകളുടെ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 25,000 പുതിയ അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സമീപ വർഷങ്ങളിൽ ഏഴ് പുതിയ ഐഐടികളും പതിനാറ് ഐഐഐടികളും ഉൾപ്പെടെ നൂറുകണക്കിന് പുതിയ സർവകലാശാലകൾ സ്ഥാപിതമായതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് , വിദ്യാർത്ഥികൾക്ക് ഇപ്പോൾ അവരുടെ പ്രാദേശിക ഭാഷകളിൽ സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയ STEM കോഴ്‌സുകൾ പിന്തുടരാൻ കഴിയുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് യുവ ഗവേഷകർക്കിടയിൽ വളരെ വിജയകരമായിരുന്നുവെന്നും ഈ പദ്ധതിപ്രകാരമുള്ള ഗ്രാന്റുകൾ ഗണ്യമായ പിന്തുണ നൽകുന്നുണ്ടെന്നും എടുത്തുകാണിച്ച ശ്രീ മോദി, രാജ്യത്ത് ഗവേഷണ വികസനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 ഫെലോഷിപ്പുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ പരിവർത്തന ശക്തി മനസ്സിലാക്കേണ്ടതിന്റെയും അവ ധാർമ്മികവും ഉൾക്കൊള്ളുന്നതുമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ചില്ലറ വിൽപ്പന, ലോജിസ്റ്റിക്സ് മുതൽ ഉപഭോക്തൃ സേവനം, കുട്ടികളുടെ ഗൃഹപാഠം വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വ്യാപകമായ പ്രയോഗം അദ്ദേഹം ഉദാഹരണമായി ഉദ്ധരിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും AI പ്രയോജനകരമാക്കാൻ ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇന്ത്യ എഐ മിഷന്റെ കീഴിൽ, ₹10,000 കോടിയിലധികം നിക്ഷേപം നടക്കുന്നു.

"ഇന്ത്യ ധാർമ്മികവും മനുഷ്യ കേന്ദ്രീകൃതവുമായ AI-യ്‌ക്കായി ഒരു ആഗോള ചട്ടക്കൂട് രൂപപ്പെടുത്തുകയാണ്", എന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വരാനിരിക്കുന്ന AI ഗവേണൻസ് ഫ്രെയിംവർക്ക് ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കുമെന്നും, നവീകരണവും സുരക്ഷയും ഒരുമിച്ച് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കുമെന്നും അദ്ദേഹം പരാമർശിച്ചു. 2026 ഫെബ്രുവരിയിൽ ഇന്ത്യ ആഗോള AI ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു, ഇത് സമഗ്രവും, ധാർമ്മികവും, മനുഷ്യ കേന്ദ്രീകൃതവുമായ AI-യിലേക്കുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും. 

വികസിത ഇന്ത്യ എന്ന ലക്ഷ്യം നേടുന്നതിന് നിർണായകമായ ഉയർന്നു വരുന്ന മേഖലകളിൽ തീവ്ര ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ശ്രീ മോദി ഭക്ഷ്യസുരക്ഷയിൽ നിന്ന് പോഷകാഹാര സുരക്ഷയിലേക്ക് മാറാനും ആഹ്വാനം ചെയ്തു കൊണ്ട്  നിരവധി ആശയങ്ങൾ പങ്കുവെച്ചു. അദ്ദേഹം പ്രധാന ചോദ്യങ്ങൾ ഉന്നയിച്ചു: ആഗോളതലത്തിൽ പോഷകാഹാരക്കുറവിനെ ചെറുക്കാൻ സഹായിക്കുന്നതിന് ഇന്ത്യയ്ക്ക് അടുത്ത തലമുറ ബയോഫോർട്ടിഫൈഡ് വിളകൾ വികസിപ്പിക്കാൻ കഴിയുമോ? മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി രാസവസ്തുക്കൾ ഉപയോഗിക്കുന്നതിന് പകരമായി കുറഞ്ഞ ചെലവിൽ മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നവയിലും ജൈവ വളങ്ങളിലും നൂതനാശയങ്ങൾ ഉപയോഗിക്കാമോ? വ്യക്തിഗത വൈദ്യശാസ്ത്രവും രോഗ പ്രവചനവും മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്ത്യയ്ക്ക് അതിന്റെ ജീനോമിക് വൈവിധ്യം നന്നായി ഉപയോ​ഗിക്കാൻ കഴിയുമോ? ബാറ്ററികൾ പോലുള്ള ശുദ്ധമായ ഊർജ്ജ സംഭരണത്തിൽ പുതിയതും താങ്ങാനാവുന്നതുമായ നൂതനാശയങ്ങൾ വികസിപ്പിക്കാൻ കഴിയുമോ? ഇന്ത്യ ലോകത്തെ ആശ്രയിക്കുന്ന നിർണായക ഘടകങ്ങൾ തിരിച്ചറിയുകയും ആ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ശാസ്ത്ര സാങ്കേതിക ലോകത്ത് ഏർപ്പെട്ടിരിക്കുന്ന എല്ലാവരും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്ക് അപ്പുറത്തേക്ക് പോയി പുതിയ സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആശയങ്ങളുള്ള ഏതൊരാൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ഗവേഷണത്തിന് ധനസഹായം നൽകുന്നതിനും ശാസ്ത്രജ്ഞർക്ക് അവസരങ്ങൾ നൽകുന്നതിനുമുള്ള ​ഗവൺമെന്റിന്റെ പൂർണ്ണ പ്രതിബദ്ധത അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ഈ കോൺക്ലേവിൽ നിന്ന് ഒരു കൂട്ടായ റോഡ്മാപ്പ് ഉയർന്നുവരണമെന്ന ആഗ്രഹം പ്രധാനമന്ത്രി വ്യക്തമാക്കി. കോൺക്ലേവ് ഇന്ത്യയുടെ നവീകരണ യാത്രയെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുമെന്ന് അദ്ദേഹം ശക്തമായ വിശ്വാസം പ്രകടിപ്പിച്ചു. "ജയ് വിജ്ഞാന്, ജയ് അനുസന്ധാൻ" എന്ന സന്ദേശം നൽകി പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു, 

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഇന്ത്യാ ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. അജയ് കുമാർ സൂദ്, നോബൽ സമ്മാന ജേതാവ് സർ ആൻഡ്രെ ഗെയിം, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

രാജ്യത്തെ ഗവേഷണ വികസന ആവാസവ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, പ്രധാനമന്ത്രി ₹1 ലക്ഷം കോടിയുടെ ഗവേഷണ വികസന-നവീകരണ (RDI) പദ്ധതി ഫണ്ട് ആരംഭിച്ചു. രാജ്യത്ത് സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ-വികസന ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

2025 നവംബർ 3 മുതൽ 5 വരെയാണ് ESTIC 2025 നടക്കുന്നത്. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായം, ​ഗവൺമെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള 3,000-ത്തിലധികം പങ്കാളികൾ, നോബൽ സമ്മാന ജേതാക്കൾ, പ്രമുഖ ശാസ്ത്രജ്ഞർ, നൂതനാശയക്കാർ, നയരൂപകർത്താക്കൾ എന്നിവർ കോൺക്ലേവിൽ ഒത്തുചേരും. അഡ്വാൻസ്ഡ് മെറ്റീരിയൽസ് & മാനുഫാക്ചറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ-മാനുഫാക്ചറിംഗ്, ബ്ലൂ ഇക്കണോമി, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് & സെമികണ്ടക്ടർ മാനുഫാക്ചറിംഗ്, എമർജിംഗ് അഗ്രികൾച്ചർ ടെക്നോളജീസ്, എനർജി, എൻവയോൺമെന്റ് & ക്ലൈമറ്റ്, ഹെൽത്ത് & മെഡിക്കൽ ടെക്നോളജീസ്, ക്വാണ്ടം സയൻസ് & ടെക്നോളജി, സ്പേസ് ടെക്നോളജീസ് എന്നിവയുൾപ്പെടെ 11 പ്രധാന വിഷയ മേഖലകളിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക.

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഗവേഷകർ, വ്യവസായം, യുവാക്കളായ നവീനാശയ വക്താക്കൾ എന്നിവർക്കിടയിൽ സഹകരണത്തിനുള്ള ഒരു വേദി ഒരുക്കുന്ന പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, അവതരണങ്ങൾ, സാങ്കേതിക പ്രദർശനങ്ങൾ എന്നിവ ESTIC 2025-ൽ ഉൾപ്പെടും.

India is rapidly building a vibrant ecosystem for research and development. Addressing the Emerging Science, Technology and Innovation Conclave in New Delhi. https://t.co/jIhdvjraIy

— Narendra Modi (@narendramodi) November 3, 2025

We are focusing on Ease of Doing Research so that a modern ecosystem of innovation can flourish in India. pic.twitter.com/wNvUcUDw9Z

— PMO India (@PMOIndia) November 3, 2025

When science meets scale,

When innovation becomes inclusive,

When technology drives transformation,

The foundation for great achievements is laid. pic.twitter.com/R3YH8kxhIS

— PMO India (@PMOIndia) November 3, 2025

India is no longer just a consumer of technology. It has become a pioneer of transformation through technology. pic.twitter.com/nvwH0dhzMg

— PMO India (@PMOIndia) November 3, 2025

Today, India has the world's most successful digital public infrastructure. pic.twitter.com/EZ2lOJXM9I

— PMO India (@PMOIndia) November 3, 2025

Today, India is shaping the global framework for ethical and human-centric AI. pic.twitter.com/rSUIJMRzSb

— PMO India (@PMOIndia) November 3, 2025

 

***

*** SK


(Release ID: 2185935) Visitor Counter : 9