രാഷ്ട്രപതിയുടെ കാര്യാലയം
ഉത്തരാഖണ്ഡ് നിയമസഭാ സമ്മേളനത്തെ രാഷ്‌ട്രപതി അഭിസംബോധന ചെയ്തു
നമ്മുടെ പാർലമെന്ററി സംവിധാനത്തിന്റെ പ്രധാന സ്തംഭമാണ് നിയമസഭകൾ: രാഷ്‌ട്രപതി ദ്രൗപദി മുർമു
ജനങ്ങളുമായി ബന്ധപ്പെടാനും അടിസ്ഥാന തലത്തിൽ അവരെ സേവിക്കാനുമുള്ള അവസരം ലഭിക്കുന്നത് മഹത്തായ പദവിയാണ്: എംഎൽഎമാരോട് രാഷ്‌ട്രപതി
Posted On:
03 NOV 2025 1:51PM by PIB Thiruvananthpuram
ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ന് (നവംബർ 3, 2025) രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ, ഉത്തരാഖണ്ഡ് നിയമസഭയെ അഭിസംബോധന ചെയ്തു.
നമ്മുടെ പാർലമെന്ററി സംവിധാനത്തിന്റെ പ്രധാന സ്തംഭമാണെന്ന് നിയമസഭകളെന്ന്, സഭയെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി പറഞ്ഞു. പാർലമെന്ററി സംവിധാനം സ്വീകരിക്കുന്നതിലൂടെ ഭരണഘടനാ ശിൽപികൾ നിരന്തരം ഉത്തരവാദിത്വത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതായി ബാബാസാഹേബ് അംബേദ്കർ പറഞ്ഞിട്ടുണ്ട്. പൊതുജനങ്ങളോടുള്ള ശാശ്വത ഉത്തരവാദിത്വം പാർലമെന്ററി സംവിധാനത്തിന്റെ ശക്തിയും വെല്ലുവിളിയുമാണ്.
പൊതുജനങ്ങളും ഗവണ്മെന്റും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് നിയമസഭാംഗങ്ങളെന്ന് രാഷ്ട്രപതി പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധപ്പെടാനും അടിസ്ഥാന തലത്തിൽ അവരെ സേവിക്കാനും അവസരം ലഭിക്കുന്നത് ഒരു മഹത്തായ കാര്യമാണ് . പൊതു പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അവരുടെ ക്ഷേമത്തിനായും എംഎൽഎമാർ സജീവമായി പ്രവർത്തിക്കുകയാണെങ്കിൽ, പൊതുജനങ്ങളും പ്രതിനിധികളും തമ്മിലുള്ള വിശ്വാസത്തിന്റെ ബന്ധം അഭേദ്യമായിരിക്കുമെന്ന് രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
വികസന, പൊതുജനക്ഷേമ പ്രവർത്തനങ്ങൾ പൂർണ്ണമായ അർപ്പണ ബോധത്തോടെ നിർവഹിക്കണമെന്ന് രാഷ്ട്രപതി ഉത്തരാഖണ്ഡ് നിയമസഭയിലെ അംഗങ്ങളോട് അഭ്യർത്ഥിച്ചു. അത്തരം പ്രവർത്തനങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രത്യേക താല്പര്യത്തോടെ പ്രവർത്തിക്കാൻ രാഷ്ട്രപതി അംഗങ്ങളോട് അഭ്യർത്ഥിച്ചു. യുവതലമുറയ്ക്ക് വളർച്ചാ അവസരങ്ങൾ നൽകുന്നതും മുൻഗണനയായിരിക്കണമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ഭരണഘടനയുടെ അനുഛേദം 44 പ്രകാരം, നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ എല്ലാ പൗരന്മാർക്കും ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടനയിലെ നിർദ്ദേശപ്രകാരം ഏകീകൃത സിവിൽ കോഡ് നിയമം നടപ്പിലാക്കിയതിന് ഉത്തരാഖണ്ഡ് നിയമസഭയിലെ അംഗങ്ങളെ അവർ അഭിനന്ദിച്ചു. ഉത്തരാഖണ്ഡ് ലോകായുക്ത ബിൽ, ഉത്തരാഖണ്ഡ് ജമീന്ദാരി നിരോധന, ഭൂപരിഷ്കരണ ബിൽ, പകർപ്പവകാശ വിരുദ്ധ ബിൽ എന്നിവയുൾപ്പെടെ 550-ലധികം ബില്ലുകൾ ഉത്തരാഖണ്ഡ് നിയമസഭയിൽ പാസാക്കിയതിൽ രാഷ്‌ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. സുതാര്യത, ധാർമ്മികത, സാമൂഹിക നീതി എന്നിവയാൽ പ്രചോദിതമായി ഇത്തരം ബില്ലുകൾ പാസാക്കിയ എംഎൽഎമാരെ അവർ അഭിനന്ദിച്ചു.
സമാനതകളില്ലാത്ത പ്രകൃതി സമ്പത്തും സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമാണ് ഉത്തരാഖണ്ഡ് എന്ന് രാഷ്ട്രപതി പറഞ്ഞു. ഈ പ്രകൃതിയുടെ സമ്മാനങ്ങൾ സംരക്ഷിച്ചുകൊണ്ട് വികസനത്തിന്റെ പാതയിൽ മുന്നോട്ട് പോകണം. കഴിഞ്ഞ 25 വർഷത്തിനിടെ ഉത്തരാഖണ്ഡിലെ ജനങ്ങൾ ശ്രദ്ധേയമായ വികസന നാഴികക്കല്ലുകൾ കൈവരിച്ചതിൽ രാഷ്‌ട്രപതി സന്തോഷം രേഖപ്പെടുത്തി. പരിസ്ഥിതി, ഊർജ്ജം, ടൂറിസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സംസ്ഥാനം പ്രശംസനീയമായ പുരോഗതി കൈവരിച്ചു. ഡിജിറ്റൽ, ഭൗതിക സമ്പർക്ക സംവിധാനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലും പുരോഗതി ഉണ്ടായിട്ടുണ്ട്. സമഗ്ര വികസന ശ്രമങ്ങളുടെ ഫലമായി, മനുഷ്യവികസന സൂചികകളുടെ നിരവധി മാനദണ്ഡങ്ങളിൽ ഉത്തരാഖണ്ഡ് മെച്ചപ്പെട്ട നില കൈവരിച്ചു. 'രാഷ്ട്രം ആദ്യം' എന്ന മനോഭാവത്തോടെ, ഉത്തരാഖണ്ഡ് നിയമസഭയിലെ അംഗങ്ങൾ സംസ്ഥാനത്തെയും രാജ്യത്തെയും വികസനത്തിന്റെ ദ്രുത പാതയിലൂടെ നയിക്കുന്നത് തുടരുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
SKY
*****
(Release ID: 2185854)
Visitor Counter : 5