രാജ്യരക്ഷാ മന്ത്രാലയം
തദ്ദേശീയമായി വികസിപ്പിച്ച ജിസാറ്റ്-7R ഉപഗ്രഹമുപയോഗിച്ച് ബഹിരാകാശാധിഷ്ഠിത ആശയവിനിമയം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യൻ നാവികസേന
प्रविष्टि तिथि:
02 NOV 2025 8:00AM by PIB Thiruvananthpuram
ഇന്ത്യൻ നാവികസേനയുടെ ജിസാറ്റ്-7R (സിഎംഎസ്-03) ആശയവിനിമയ ഉപഗ്രഹം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ഇന്ന് വിക്ഷേപിക്കും. ഇന്ത്യൻ നാവികസേനയുടെ എക്കാലത്തെയും അതിനൂതന ആശയവിനിമയ ഉപഗ്രഹമാണിത്. നാവികസേനയുടെ ബഹിരാകാശാധിഷ്ഠിത ആശയവിനിമയ ശേഷിയും സമുദ്രമേഖലാ അവബോധ ശേഷിയും ഈ ഉപഗ്രഹം ശക്തിപ്പെടുത്തും.
തദ്ദേശീയമായി രൂപകൽപന ചെയ്ത് വികസിപ്പിച്ച ഈ ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപിക്കുന്നത്. ഏകദേശം 4,400 കിലോഗ്രാം ഭാരംവരുന്ന ഉപഗ്രഹം രാജ്യത്ത് ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരം കൂടിയ ആശയവിനിമയ ഉപഗ്രഹമാണ്. ഇന്ത്യൻ നാവികസേനയുടെ ദൗത്യങ്ങള്‍ക്കായി പ്രത്യേകം വികസിപ്പിച്ച നിരവധി അത്യാധുനിക തദ്ദേശീയ ഘടകങ്ങൾ ഇതിലുണ്ട്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ശക്തമായ ടെലികമ്യൂണിക്കേഷൻ ജിസാറ്റ്-7R ഉപഗ്രഹം സാധ്യമാക്കും. വിവിധ ആശയവിനിമയ ബാൻഡുകളിൽ ശബ്ദത്തിന്റെയും വിവരങ്ങളുടെയും വീഡിയോ ലിങ്കുകളുടെയും കൈമാറ്റം സാധ്യമാക്കുന്ന ട്രാൻസ്പോണ്ടറുകൾ ഉപഗ്രഹത്തിന്റെ പേലോഡിൽ ഉൾപ്പെടുന്നു. ശേഷി കൂടിയ ബാൻഡ്‌വിഡ്ത്ത് ഉപയോഗിച്ച് കണക്റ്റിവിറ്റി ഗണ്യമായി വർധിപ്പിക്കുന്ന ഈ ഉപഗ്രഹം ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും വിമാനങ്ങളും അന്തർവാഹിനികളും സമുദ്ര ദൗത്യ കേന്ദ്രങ്ങളും തമ്മില്‍ തടസരഹിതവും സുരക്ഷിതവുമായ ആശയവിനിമയം സാധ്യമാക്കും.
സങ്കീർണ സുരക്ഷാ വെല്ലുവിളികളുടെ കാലത്ത് സ്വയംപര്യാപ്തതയിലൂടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്തിന്റെ സമുദ്ര താല്പര്യങ്ങൾ സംരക്ഷിക്കാന്‍ ഇന്ത്യൻ നാവികസേന പ്രകടിപ്പിക്കുന്ന നിശ്ചയദാര്‍ഢ്യത്തെയാണ് ജിസാറ്റ്-7R പ്രതിനിധാനം ചെയ്യുന്നത്.

****
(रिलीज़ आईडी: 2185427)
आगंतुक पटल : 34