യുവജനകാര്യ, കായിക മന്ത്രാലയം
''2047 ഓടെ വികസിത ഭാരതമാകുന്നതിന് ശാരീരിക ക്ഷമത നിർണായകം'' 2025 ലെ പ്രഥമ ദേശീയ ശാരീരികക്ഷമത, സൗഖ്യ സമ്മേളനത്തിൽ ഡോ. മൻസുഖ് മാണ്ഡവ്യ
ശാരീരികക്ഷമത, സാമ്പത്തിക വളർച്ച, യുവജന സാധ്യത എന്നിവ തമ്മിലുള്ള ബന്ധം കേന്ദ്ര കായിക മന്ത്രി ഉയർത്തിക്കാട്ടി
2025-ലെ ദേശീയ ശാരീരികക്ഷമത, സൗഖ്യ സമ്മേളനത്തിൽ രോഹിത് ഷെട്ടി, ഹർഭജൻ സിങ്, സൈന നെഹ്വാൾ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ ഫിറ്റ് ഇന്ത്യ പ്രചാരകരായി ആദരിക്കപ്പെട്ടു.
Posted On:
01 NOV 2025 8:40PM by PIB Thiruvananthpuram
മുംബൈയിലെ ദി ട്രൈഡന്റിൽ ഇന്ന് നടന്ന 2025-ലെ പ്രഥമ ദേശീയ ശാരീരികക്ഷമത, സൗഖ്യ സമ്മേളനത്തിൽ, കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ-ഉദ്യോഗ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, പുതുതായി നിയമിതരായ ഫിറ്റ് ഇന്ത്യ പ്രചാരകരായ ബോളിവുഡ് നിർമ്മാതാവ് രോഹിത് ഷെട്ടി, ലോകകപ്പ് ജേതാവായ ക്രിക്കറ്റ് ടീം താരം ഹർഭജൻ സിങ്, ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്വാൾ എന്നിവരെ അഭിനന്ദിച്ചു. ക്ഷമതയുള്ളതും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട് ഫിറ്റ് ഇന്ത്യ ദൗത്യത്തിന്റെ കീഴിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശാരീരികക്ഷമത, സൗഖ്യ പ്രസ്ഥാനത്തെ സമ്മേളനം ആഘോഷിച്ചു.

സമൂഹങ്ങളിലുടനീളം ആരോഗ്യവും സൗഖ്യവും പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് സയാമി ഖേർ, ശിവോഹം, വൃന്ദ ഭട്ട് എന്നിവരെ ഫിറ്റ് ഇന്ത്യ പ്രചാരകരായി കേന്ദ്ര യുവജനകാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ ആദരിച്ചു.

ശാരീരികക്ഷമത ഒരു ജീവിതരീതിയായി സ്വീകരിക്കാൻ പൗരന്മാരെ പ്രചോദിപ്പിക്കുന്നതിൽ നടത്തുന്ന തുടർശ്രമങ്ങൾക്ക് അങ്കുർ ഗാർഗ്, ഫിറ്റ് ഇന്ത്യ ചാമ്പ്യൻമാരായ കരൺ ടാക്കർ, വിശ്വാസ് പാട്ടീൽ, കൃഷ്ണ പ്രകാശ് എന്നിവരെയും ഫിറ്റ് ഇന്ത്യ അംബാസഡർമാരായി കേന്ദ്ര കായിക മന്ത്രി ഡോ. മാണ്ഡവ്യ ആദരിച്ചു.

ശാരീരികക്ഷമതയുടെ മൂല്യം നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ, 2047- ആകുമ്പോഴേക്കും വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം സാക്ഷാത്കരിക്കാൻ കഴിയില്ല. കാലം മാറി. മുൻകാലങ്ങളിൽ ആളുകൾ കാൽനടയായി യാത്ര ചെയ്യുകയും ദൂരസ്ഥലങ്ങളിലേക്ക് സൈക്കിൾ ഓടിച്ച് പോവുകയും ചെയ്തിരുന്നു. ശാരീരികക്ഷമത സ്വാഭാവികമായി സംഭവിക്കുകയും ചെയ്തു. ഡിജിറ്റൽ ലോകത്ത്, നമ്മൾ വളരെ കുറച്ച് മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ശാരീരികക്ഷമതയെക്കുറിച്ച് ശ്രദ്ധിക്കുന്നുമില്ല. അത്തരമൊരു രീതി തകർക്കാനുള്ള വഴികൾ നമ്മൾ കണ്ടെത്തേണ്ടതുണ്ട് '' കേന്ദ്രമന്ത്രി പറഞ്ഞു.

മധ്യവർഗവും ഉപരി മധ്യവർഗവും ശാരീരികക്ഷമതയ്ക്ക് മുൻഗണന നൽകിയാൽ മാത്രമേ ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്ക് വേഗത്തിൽ വളരാൻ കഴിയൂ. ലോകത്തിലെ മറ്റൊരു സമ്പദ് വ്യവസ്ഥയും പ്രതിവർഷം 8 ശതമാനം എന്ന നിരക്കിൽ വളരുന്നില്ല. 'ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരുള്ള ഇന്ത്യയിൽ, ശാരീരികക്ഷമതയ്ക്ക് രാജ്യത്തിനായി എന്ത് ചെയ്യാൻ കഴിയുമെന്നത് സങ്കൽപ്പിക്കുക, ''എന്ന് ഡോ. മൻസുഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു.

ശാരീരികക്ഷമത ആരോഗ്യസംബന്ധമായത് മാത്രമല്ല, ബിസിനസിനും അത് അവിഭാജ്യമാണ്. കായികോത്പന്നങ്ങൾക്ക് വലിയൊരു വിപണിയുണ്ട്. കായികമേഖലയോടുള്ള അവബോധം എങ്ങനെ മാറുന്നുവെന്ന് എനിക്ക് കാണാൻ കഴിയും. കായികശാസ്ത്രം പ്രയോജനപ്പെടുത്താനും ഇന്ത്യയിൽ പോഷകാഹാര സപ്ലിമെന്റുകളും ശാരീരികക്ഷമതാ ഉപകരണങ്ങളും നിർമ്മിക്കാനും കഴിയുമെങ്കിൽ കായിക, ശാരീരികക്ഷമതാ വ്യവസായം വളരെയധികം നേട്ടമുണ്ടാക്കും'' അദ്ദേഹം കൂടുതൽ വിശദീകരിച്ചു.

ശ്രീമതി രക്ഷാ ഖഡ്സെ പറഞ്ഞു: ''ഇന്ത്യ കായികരംഗത്ത് ഉയർന്നുവരുന്ന ഒരു രാജ്യമാണ്. ശാരീരികക്ഷമതാ ലോകത്തെ അവസരങ്ങൾ വളരെ വലുതാണ്. മുഴുവൻ ആവാസവ്യവസ്ഥയും ഒത്തുചേർന്ന് കൂടുതൽ ശാരീരികക്ഷമതയുള്ള ഒരു ഇന്ത്യയെ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. 'ഞായറാഴ്ചകളിലെ സൈക്കിൾ സവാരി' (സൺഡേയ്സ് ഓൺ സൈക്കിൾ) പദ്ധതി ഒരു എളിയ ശ്രമമാണെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അതിന്റെ ഫലങ്ങൾ മികച്ചതായിരിക്കും. ഇന്ത്യയുടെ സമഗ്രമായ വളർച്ച ശാരീരികവും മാനസികവുമായ വളർച്ചയുമായി വ്യക്തമായി ബന്ധപ്പെട്ടിരിക്കുന്നു.''

ശരിയായ അറിവില്ലാതെ സാമൂഹിക മാധ്യമങ്ങളിൽ ശാരീരികക്ഷമതയെക്കുറിച്ച് പ്രസംഗിക്കാറുള്ള ''ആരോഗ്യ സ്വാധീനക്കാർ''ക്കെതിരെ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ രോഹിത് ഷെട്ടി മുന്നറിയിപ്പ് നൽകി. ''ഇതൊരു ഭയാനകമായ സാഹചര്യമാണ്. തങ്ങളുടെ ശരീരം ഒറ്റരാത്രികൊണ്ട് വളർത്താൻ ആഗ്രഹിക്കുമ്പോൾ പുതിയ തലമുറ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ശാരീരികക്ഷമത കായിക സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഒളിമ്പിക് മെഡൽ ജേതാവ് സൈന നെഹ്വാൾ പറഞ്ഞു. ''ചൈനയെയും ജപ്പാനെയും നോക്കൂ. ആഗോള മത്സരങ്ങളിൽ അവരുടെ മികച്ച നേട്ടങ്ങൾ ശാരീരികക്ഷമതാ സംസ്‌കാരത്തിന്റെ ഫലമാണ്. ഇന്ത്യയിൽ ഇത് മാറിക്കൊണ്ടിരിക്കുന്നു. ധാരാളം കഴിവുകളുണ്ടെങ്കിലും വിജയത്തിലേക്ക് കുറുക്കുവഴികളൊന്നുമില്ല. മാതാപിതാക്കൾ അത് മനസ്സിലാക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും വേണം. ആദ്യം ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുക, കഠിനാധ്വാനത്തിലൂടെ മികവ് തീർച്ചയായും വരും. കൂടാതെ, ആ മൊബൈൽ ഫോൺ അകറ്റി നിർത്തി നിങ്ങളുടെ കുട്ടിയോട് കർശനമായി പെരുമാറുക.'' സൈന പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ശാരീരികക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം നൽകിയതിനുള്ള എല്ലാ അംഗീകാരവും വിരാട് കോഹ്ലിക്കാണ്' എന്ന് ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യൻ ഹർഭജൻ സിങ് പറഞ്ഞു. ഞങ്ങൾക്ക് എല്ലായ്‌പ്പോഴും കഴിവുകളുണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അതിഗംഭീരമായ ശാരീരികക്ഷമതയുള്ളവരാണ്. അവർ ക്യാച്ചുകളൊന്നും നഷ്ടപ്പെടുത്തുന്നില്ല എന്നത് തന്നെ ഒരു മാറ്റമുണ്ടാക്കുന്നു. ശരിയായി ഭക്ഷണം കഴിക്കുക, ശരിയായി വിശ്രമിക്കുക, ശരിയായി വ്യായാമം ചെയ്യുക- വ്യത്യാസം കാണുക. ശാരീരികക്ഷമതയ്ക്ക് മുൻഗണന നൽകുന്ന പ്രധാനമന്ത്രിയുടെയും കായിക മന്ത്രാലയത്തിന്റെയും ശ്രമങ്ങളെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു,' ഹർഭജൻ പറഞ്ഞു.
ശാരീരികക്ഷമതാ സംസ്‌കാരം ചെറുപ്പം മുതലേ ആരംഭിക്കണമെന്നും കുട്ടികൾ മൊബൈൽ ഫോണുകൾക്ക് അടിമപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്ക് പങ്കുണ്ടെന്നും ശാരീരികക്ഷമതാ സംസ്‌കാരത്തെയും, ശാരീരികക്ഷമതാ വ്യവസായത്തെയും കുറിച്ചുള്ള രണ്ട് പാനൽ ചർച്ചകളിൽ പങ്കെടുത്തവർ ഏകകണ്ഠമായി യോജിച്ചു. വ്യാജ പോഷക സപ്ലിമെന്റുകൾക്കും, പേശീബലമുള്ള ശരീരം എങ്ങനെ വേഗത്തിൽ വളർത്താം എന്നതിനെക്കുറിച്ചുള്ള തെറ്റായ ഉപദേശങ്ങൾക്കുമെതിരെ മുൻകരുതൽ സ്വീകരിക്കണമെന്നും, പോഷകാംശം കുറഞ്ഞ (ജങ്ക് ) ആഹാരങ്ങൾ വിൽക്കുന്ന ഭക്ഷണ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദഗ്ദ്ധർ നിർദ്ദേശിച്ചു.
****
(Release ID: 2185413)
Visitor Counter : 5