വാണിജ്യ വ്യവസായ മന്ത്രാലയം
യൂറോപ്യൻ വ്യാപാര കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി; ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചയായി
Posted On:
29 OCT 2025 9:31AM by PIB Thiruvananthpuram
2025 ഒക്ടോബർ 26 മുതൽ 28 വരെ ബ്രസ്സൽസ് സന്ദർശിച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ യൂറോപ്യൻ വ്യാപാര സാമ്പത്തിക സുരക്ഷാ കമ്മീഷണര്‍ മാരോഷ് സെഫ്‌കോവിച്ചുമായും അദ്ദേഹത്തിൻ്റെ സംഘവുമായും നിലവിലെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകളുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ ഫലപ്രദവും അർത്ഥപൂര്‍ണവുമായ കൂടിക്കാഴ്ചകൾ നടത്തി.
2025 ഫെബ്രുവരിയിൽ കമ്മീഷണർമാരുടെ സമിതി ന്യൂഡൽഹി സന്ദർശിച്ച സമയത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ശ്രീമതി ഉർസുല വോൺ ഡെർ ലെയ്‌നും നൽകിയ വ്യക്തമായ നിർദേശപ്രകാരം 2025 അവസാനത്തോടെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്രവ്യാപാര കരാര്‍ പൂർത്തീകരിക്കാന്‍ ഇരുരാജ്യങ്ങളും പ്രതിബദ്ധത ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ വിശ്വാസ്യതയുടെ ആഴവും തന്ത്രപരമായ ബന്ധങ്ങളും പ്രതിഫലിക്കുന്നതും അതേസമയം ഓരോ രാജ്യത്തിൻ്റെയും ആവശ്യകതകളെയും മുൻഗണനകളെയും മാനിക്കുന്നതും പരസ്പരം പ്രയോജനകരവും സന്തുലിതവും തുല്യവുമായ വ്യാപാര കരാർ യാഥാര്‍ത്ഥ്യമാക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
വരും വർഷങ്ങളിൽ ഇരുരാജ്യങ്ങള്‍ക്കും വ്യാപാരം ത്വരിതപ്പെടുത്തുന്നതിന് തീരുവയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ തടസങ്ങൾ പരിഹരിക്കുന്നതിലും സുതാര്യവും പ്രവചിക്കാവുന്നതുമായ നിയന്ത്രണ ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിലും കരാർ സന്തുലിതമായി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നു.
നിലവിലെ പ്രശ്നങ്ങളിൽ സാധ്യമായ പരിഹാരങ്ങൾ കണ്ടെത്താൻ ഊർജിത ശ്രമങ്ങളുണ്ടായി. ഇന്ത്യയുടെ തീരുവ ഇതര നടപടികൾ സംബന്ധിച്ച ആശങ്കകളെക്കുറിച്ചും യൂറോപ്യൻ യൂണിയന്റെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചും മികച്ച ചർച്ചകളും നടന്നു. തൊഴിലധിഷ്ഠിത മേഖലകളുമായി ബന്ധപ്പെട്ടതടക്കം ഇന്ത്യയുടെ പ്രധാന ആവശ്യങ്ങൾക്ക് മുൻഗണനാപരമായ പരിഗണന നൽകേണ്ടതിന്റെ ആവശ്യകത ചർച്ചകളില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി എടുത്തുപറഞ്ഞു. തീരുവയില്‍ എളുപ്പത്തില്‍ മാറ്റം വരുത്താവുന്ന വ്യാവസായിക ഉല്പന്നങ്ങള്‍ അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇരു രാജ്യങ്ങളും അംഗീകാരം നല്‍കി. സ്റ്റീൽ, വാഹനങ്ങള്‍, സിബിഎഎം, മറ്റ് യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ താരതമ്യേന സങ്കീര്‍ണമായതിനാല്‍ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഇരുരാജ്യങ്ങളും അംഗീകരിച്ചു.
പങ്കിട്ട നൂതനാശയങ്ങൾ, സന്തുലിതവും തുല്യവും അർത്ഥപൂര്‍ണവുമായ വ്യാപാരം, സമാധാനത്തിനും സമൃദ്ധിക്കുമായി കൂട്ടായ പ്രതിബദ്ധത എന്നിവയിലൂടെ ഈ കാഴ്ചപ്പാടിനെ യാഥാർത്ഥ്യമാക്കാൻ യൂറോപ്യൻ യൂണിയനുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവിലെ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തിരിച്ചറിഞ്ഞ സാധ്യതകളുടെ അടിസ്ഥാനത്തില്‍ ക്രിയാത്മക നിഗമനത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ വ്യാപാര ഡയറക്ടർ ജനറലിന്റെ നേതൃത്വത്തില്‍ യൂറോപ്യൻ യൂണിയൻ സാങ്കേതിക സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും.
GG
******
(Release ID: 2183682)
Visitor Counter : 10