രാജ്യരക്ഷാ മന്ത്രാലയം
ക്വാലലംപൂരിൽ നടക്കുന്ന ആസിയാൻ-പ്ലസ് പ്രതിരോധ മന്ത്രിമാരുടെ 12-ാമത് യോഗത്തിൽ രക്ഷാ മന്ത്രി പങ്കെടുക്കും
Posted On:
29 OCT 2025 10:05AM by PIB Thiruvananthpuram
മലേഷ്യയിലെ ക്വാലലംപൂരിൽ 2025 നവംബർ 01 ന് നടക്കുന്ന ആസിയാൻ-പ്ലസ് പ്രതിരോധ മന്ത്രിമാരുടെ (ADMM-Plus) 12-ാമത് യോഗത്തിൽ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പങ്കെടുക്കും. 'ADMM-Plus-ന്റെ 15 വർഷത്തെ പ്രവർത്തനങ്ങളും മുന്നോട്ടുള്ള വഴി രൂപപ്പെടുത്തലും ' എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതിന് അനുബന്ധമായി ആസിയാൻ-ഇന്ത്യ പ്രതിരോധ മന്ത്രിമാരുടെ അനൗപചാരിക യോഗത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 31 ന് നടക്കും. മലേഷ്യയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എല്ലാ ആസിയാൻ അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിരോധ മന്ത്രിമാർ പങ്കെടുക്കും. ആസിയാൻ അംഗരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 'ആക്റ്റ് ഈസ്റ്റ്' നയം പ്രോത്സാഹിപ്പിക്കുന്നതിനും ഈ യോഗം ലക്ഷ്യമിടുന്നു.
രണ്ട് ദിവസത്തെ സന്ദർശന വേളയിൽ, യോഗത്തിൽ പങ്കെടുക്കുന്ന എഡിഎംഎം -പ്ലസ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാരുമായും മലേഷ്യയിലെ മുതിർന്ന നേതൃത്വവുമായും രക്ഷാ മന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആസിയാനിലെ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉന്നതതല പ്രതിരോധ, പ്രവർത്തനാത്മക, സഹകരണ സംവിധാനമാണ് എഡിഎംഎം. ആസിയാൻ അംഗരാജ്യങ്ങൾക്കും (ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോ പിഡിആർ, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, തിമോർ ലെസ്റ്റെ & വിയറ്റ്നാം) അതിന്റെ എട്ട് സഹകരണ പങ്കാളികൾക്കും (ഇന്ത്യ, യുഎസ്, ചൈന, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ & ന്യൂസിലാൻഡ്) സുരക്ഷയും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന ഒരു വേദിയാണ് എഡിഎംഎം-പ്ലസ്.
1992 ൽ ഇന്ത്യ ആസിയാന്റെ സഹകരണ പങ്കാളിയായി. വിയറ്റ്നാമിലെ ഹനോയിയിൽ ആദ്യ എഡിഎംഎം-പ്ലസ് 2010 ഒക്ടോബർ 12 നാണ് നടന്നത്. ആസിയാനും പ്ലസ് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി എഡിഎംഎം-പ്ലസ് 2017 മുതൽ വർഷം തോറും നടക്കുന്നു.
എഡിഎംഎം-പ്ലസിന്റെ സംവിധാന ഘടനയിൽ 2024-2027 കാലയളവിൽ ഭീകരവാദ വിരുദ്ധ വിദഗ്ദ്ധ പ്രവർത്തക സമിതിയുടെ സഹ-അധ്യക്ഷ സ്ഥാനം മലേഷ്യയോടൊപ്പം ഇന്ത്യയും വഹിക്കുന്നു. ആസിയാൻ-ഇന്ത്യ സമുദ്രാഭ്യാസത്തിന്റെ രണ്ടാം പതിപ്പ് 2026 ൽ നടത്താനും നിശ്ചയിച്ചിട്ടുണ്ട്.
SKY
*****
(Release ID: 2183680)
Visitor Counter : 9