യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

എൻ്റെ ഭാരതം (MY BHARAT) രണ്ട് കോടി രജിസ്‌ട്രേഷനുകൾ പിന്നിട്ടു

Posted On: 28 OCT 2025 5:06PM by PIB Thiruvananthpuram
യുവജനകാര്യ കായിക മന്ത്രാലത്തിൻ്റെ പ്രധാന യുവജന പങ്കാളിത്ത സംരംഭമായ മേരാ യുവ ഭാരത് (MY Bharat) പ്ലാറ്റ്‌ഫോമിലെ രജിസ്‌ട്രേഷനുകൾ 2 കോടി കവിഞ്ഞതോടെ പിന്നിട്ടത് ഒരു സുപ്രധാന നാഴികക്കല്ല്. വികസിത ഭാരതം @ 2047 ലേക്ക് രാജ്യത്തിൻ്റെ കൂട്ടായ പ്രയാണത്തിൽ ഇന്ത്യയുടെ യുവതയുടെ വളരുന്ന ഉത്സാഹവും പങ്കാളിത്തവുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

ദേശീയ ഐക്യ ദിനമായ 2023 ഒക്ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 'എൻ്റെ ഭാരതം' (MY Bharat) അതിവേഗം ഇന്ത്യയിലെ ഏറ്റവും വലിയ യുവജന കേന്ദ്രീകൃത ഡിജിറ്റൽ ആവാസവ്യവസ്ഥയായി വളർന്നു. 15 മുതൽ 29 വയസ്സുവരെയുള്ള യുവജനങ്ങൾക്കായി സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപകൽപ്പന ചെയ്ത ഈ ഏകജാലക പരിഹാരമാർഗം, ഗ്രാമീണ-നഗര മേഖലകളിലെ യുവാക്കളെ രാജ്യ നിർമ്മാണ പ്രക്രിയയിൽ ലഭ്യമായ  വിവിധ അവസരങ്ങളിലൂടെ പഠിക്കാനും സേവനം ചെയ്യാനും നയിക്കാനും പ്രാപ്തരാക്കുന്നു.

 “2 കോടി രജിസ്‌ട്രേഷനുകൾ പിന്നിട്ടത് രാജ്യത്തിന് അഭിമാന നിമിഷമാണ്. രാഷ്ട്രനിർമ്മാണത്തിൽ പങ്കുചേരാനുള്ള ഇന്ത്യയിലെ യുവജനങ്ങളുടെ ആവേശവും ഊർജ്ജവും നിശ്ചയദാർഢ്യവുമാണ് ഇത് കാണിക്കുന്നത്. യുവ ഇന്ത്യയുടെ ഹൃദയത്തുടിപ്പായി 'എൻ്റെ ഭാരതം' മാറിയിരിക്കുന്നു. ഇവിടെ ആവേശം അവസരങ്ങളെയും, സേവനം ലക്ഷ്യബോധത്തെയും കണ്ടുമുട്ടുന്നു”-കേന്ദ്ര യുവജനകാര്യ കായിക, തൊഴിൽ, വകുപ്പു മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

 "ആഗ്രഹങ്ങളെ പ്രവർത്തനങ്ങളാക്കി മാറ്റാൻ 'എൻ്റെ ഭാരതം' നമ്മുടെ യുവജനങ്ങളെ സഹായിക്കുന്നു. ഓരോ പുതിയ രജിസ്‌ട്രേഷനും, ശക്തവും ആത്മവിശ്വാസമുള്ളതും സ്വയംപര്യാപ്തവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനായി മുന്നോട്ട് വരുന്ന ഒരു യുവ ഇന്ത്യക്കാരനെയാണ് പ്രതിനിധീകരിക്കുന്നത്" -യുവജനകാര്യ കായിക സഹമന്ത്രി ശ്രീമതി രക്ഷ നിഖിൽ ഖഡ്സെ പറഞ്ഞു:

തുടക്കം മുതൽ, യുവജന പങ്കാളിത്തത്തിൻ്റെ ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥയായി 'എൻ്റെ ഭാരതം' വളർന്നു. വോളിൻ്റിയർ ഫോർ ഭാരത് (Volunteer for Bharat), അനുഭവപരിചയ പഠന പരിപാടി (ELP) തുടങ്ങിയ സംരംഭങ്ങൾ, യുവജനങ്ങളെ അവരുടെ സമൂഹത്തിൽ അർത്ഥവത്തായ സംഭാവനകൾ നൽകാനും, അതോടൊപ്പം നേതൃത്വപരവും തൊഴിലധിഷ്ഠിതവുമായ കഴിവുകൾ വികസിപ്പിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്.

പ്ലാറ്റ്‌ഫോമിലെ നൂതന സവിശേഷതകളായ പബ്ലിക് പ്രൊഫൈൽ, സി.വി. ബിൽഡർ എന്നിവ നേട്ടങ്ങൾ പ്രദർശിപ്പിക്കാനും, സമപ്രായക്കാരുമായി ബന്ധപ്പെടാനും, പുതിയ വളർച്ചാ അവസരങ്ങൾ കണ്ടെത്താനും യുവജനങ്ങളെ സഹായിക്കുന്നു. അടുത്തിടെ അവതരിപ്പിച്ച ക്വിസ്, ഉപന്യാസ മൊഡ്യൂളുകൾ പങ്കാളിത്ത സ്ഥാപനങ്ങൾ നടത്തുന്ന വിജ്ഞാനപരവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾ സാധ്യമാക്കിക്കൊണ്ട് പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിച്ചു.

വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്, വികസിത് ഭാരത് യുവ കണക്ട്, വികസിത് ഭാരത് പദയാത്ര, വികസിത് ഭാരതിനായുള്ള നശാ മുക്ത് യുവ തുടങ്ങിയ ദേശീയ യുവജന പരിപാടികളുടെ ഒരു കേന്ദ്രമായും 'എൻ്റെ ഭാരതം' (MY Bharat) മാറിയിട്ടുണ്ട്. ഈ പരിപാടികളിലെല്ലാം ലക്ഷക്കണക്കിന് ഇന്ത്യൻ യുവത ആവേശകരമായ പങ്കാളിത്തം രേഖപ്പെടുത്തി.

14.5 ലക്ഷത്തിലധികം വോളൻ്റിയറിംഗ് അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതോടെ, 16,000-ത്തിലധികം യൂത്ത് ക്ലബ് അംഗങ്ങളുടെയും, സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.ജി.ഒ-കൾ തുടങ്ങിയ 60,000-ത്തിലധികം സ്ഥാപന പങ്കാളികളുടെയും ഒരു വലിയ ശൃംഖലയെ 'എൻ്റെ ഭാരതം' ബന്ധിപ്പിക്കുന്നു. റിലയൻസ്, മറ്റ് കോർപ്പറേറ്റ് പങ്കാളികൾ എന്നിവരുമായുള്ള സഹകരണങ്ങൾ, യുവജനങ്ങളുടെ ഊർജ്ജത്തെ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടാൻ സ്വാധീനമുള്ള പ്രോഗ്രാമുകളും ബൂട്ടുകാമ്പുകളും സൃഷ്ടിക്കാൻ സഹായിച്ചു.

ഒരു ഫിജിറ്റൽ (ഭൗതികം + ഡിജിറ്റൽ) പ്ലാറ്റ്‌ഫോം എന്ന നിലയിൽ, ഓൺലൈൻ ഇടപെടലിനെ ഓൺ-ഗ്രൗണ്ട് സംവിധാനമായി 'എൻ്റെ ഭാരതം' ബന്ധിപ്പിക്കുന്നു. പൗരബോധം, പ്രായോഗിക പഠനം, നേതൃത്വ വികസനം എന്നിവ വളർത്തുന്ന ചിട്ടയായ പരിപാടികൾ വാഗ്ദാനം ചെയ്യുന്നതിനായി കൂടുതൽ സർവകലാശാലകളും, കോളേജുകളും, വികസന പങ്കാളികളും കൈകോർത്തുകൊണ്ട് ഈ പ്ലാറ്റ്‌ഫോം വികസിച്ചുകൊണ്ടിരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാൽ നയിക്കപ്പെട്ട്, 2047-ഓടെ ഒരു ആത്മനിർഭർ - വികസിത് ഭാരതം കെട്ടിപ്പടുക്കാനുള്ള അമൃത് പീഢിയുടെ ലക്ഷ്യത്തിലേക്ക് അവരെ ഒന്നിപ്പിക്കുകയും, ശാക്തീകരിക്കുകയും, സഹായിക്കുകയും ചെയ്യുന്ന ഒരു ചലനാത്മക പ്രസ്ഥാനമായി 'എൻ്റെ ഭാരതം' വളരുന്നു. തുടർച്ചയായ നവീകരണം, സഹകരണം, യുവജന നേതൃത്വത്തിലുള്ള പ്രവർത്തനം എന്നിവയിലൂടെ, സേവന മനോഭാവം, കർത്തവ്യബോധം എന്നിവയുടെ ദീപസ്തംഭമായി 'എൻ്റെ ഭാരതം' നിലകൊള്ളുന്നു. ഇന്ത്യൻ യുവതയെ രാഷ്ട്രത്തിൻ്റെ ഭാവിയുടെ ശില്പികളാക്കാൻ ഇത് പ്രാപ്തരാക്കുന്നു. 

 
****

(Release ID: 2183515) Visitor Counter : 10