ധനകാര്യ മന്ത്രാലയം
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
Posted On:
28 OCT 2025 3:04PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്ക് ഇന്ന് അംഗീകാരം നൽകി.
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ ഒരു താൽക്കാലിക സമിതി ആയിരിക്കും. ഒരു ചെയർപേഴ്സൺ, ഒരു അംഗം (പാർട്ട് ടൈം), ഒരു മെമ്പർ-സെക്രട്ടറി എന്നിവർ കമ്മീഷനിൽ ഉൾപ്പെടും. കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ ശുപാർശകൾ സമർപ്പിക്കും. ശുപാർശകൾ അന്തിമമാക്കുമ്പോൾ ആവശ്യമെങ്കിൽ, ഏതെങ്കിലും കാര്യങ്ങളിൽ ഇടക്കാല റിപ്പോർട്ടുകൾ അയയ്ക്കുന്നത് കമ്മീഷന് പരിഗണിച്ചേക്കും.
ശുപാർശകൾ നൽകുമ്പോൾ കമ്മീഷൻ ഇനിപ്പറയുന്ന കാര്യങ്ങൾ കണക്കിലെടുക്കും:
i. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളും സാമ്പത്തിക ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയും.
ii. വികസന ചെലവുകൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും മതിയായ വിഭവങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത.
iii. പങ്കാളിത്തമില്ലാത്ത പെൻഷൻ പദ്ധതികളുടെ സാമ്പത്തിക ബാധ്യത.
iv. പൊതുവെ ചില ഭേദഗതികളോടെ ശുപാർശകൾ അംഗീകരിക്കുന്ന സംസ്ഥാന ഗവൺമെന്റുകളുടെ സാമ്പത്തിക കാര്യങ്ങളിൽ ഈ ശുപാർശകൾ ചെലുത്തുന്ന സ്വാധീനം.
v. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും നിലവിൽ ലഭ്യമായ ശമ്പളഘടന, ആനുകൂല്യങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവ.
പശ്ചാത്തലം:
കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ ശമ്പളഘടന, വിരമിക്കൽ ആനുകൂല്യങ്ങൾ, മറ്റ് സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനും വേണ്ടിയാണ് കേന്ദ്ര ശമ്പള കമ്മീഷനുകൾ കാലാകാലങ്ങളിൽ രൂപീകരിക്കുന്നത്. സാധാരണയായി, ശമ്പള കമ്മീഷനുകളുടെ ശുപാർശകൾ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടപ്പിലാക്കാറ്. ഈ പ്രവണത അനുസരിച്ച്, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ്റെ ശുപാർശകൾ 01.01.2026 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തുന്നത് പരിശോധിക്കാനും ശുപാർശ ചെയ്യാനുമായി 2025 ജനുവരിയിൽ എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിക്കുമെന്ന് ഗവൺമെൻ്റ് പ്രഖ്യാപിച്ചിരുന്നു.
***
SK
(Release ID: 2183326)
Visitor Counter : 75