രാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ പോലീസ് സർവീസിലെ പ്രൊബേഷനറി ഓഫീസർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു
Posted On:
27 OCT 2025 2:24PM by PIB Thiruvananthpuram
ഇന്ത്യൻ പോലീസ് സർവീസ് 77 RR (2024 ബാച്ച്) പ്രൊബേഷനറി ഓഫീസർമാർ ഇന്ന് (27 ഒക്ടോബർ 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന് ഓഫീസർമാരെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സാമ്പത്തിക വളർച്ച നിലനിർത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ഗണ്യമായ പൊതു, സ്വകാര്യ നിക്ഷേപങ്ങൾ ആവശ്യമാണ്. ഒരു സംസ്ഥാനം/ പ്രദേശത്ത് നിക്ഷേപം ആകർഷിക്കുന്നതിന് ക്രമസമാധാനപാലനം വളരെ അനിവാര്യമായ ഒരു വ്യവസ്ഥയാണെന്ന് അവർ ഊന്നിപ്പറഞ്ഞു. നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിൽ സാമ്പത്തിക ആനുകൂല്യങ്ങൾ പോലെ തന്നെ ഫലപ്രദമായ പോലീസിംഗ് സംവിധാനവും പ്രധാനമാണെന്ന് അവർ കൂട്ടിച്ചേർത്തു. വികസിത ഭാരതം സൃഷ്ടിക്കുന്നതിൽ യുവ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭാവിസജ്ജമായ പോലീസ് സേന ഒരു പ്രധാന പങ്ക് വഹിക്കും.
യുവ ഉദ്യോഗസ്ഥർ കരുത്തുള്ള അധികാര സ്ഥാനങ്ങൾ വഹിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. എന്നാൽ അധികാരത്തോടൊപ്പം തന്നെ ഉത്തരവാദിത്വവുമുണ്ടെന്നു അവർ ഓർമ്മിക്കണം. അവരുടെ പ്രവർത്തനങ്ങളും പെരുമാറ്റവും എല്ലായ്പ്പോഴും പൊതുജന നിരീക്ഷണത്തിന് വിധേയമാകുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ധാർമ്മികമായത് തിരഞ്ഞെടുക്കാനും ഉചിതമല്ലാത്തത് തിരസ്കരിക്കാനും കഴിയണം. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പോലും നീതി-ന്യായയുക്തമായ നടപടിക്രമങ്ങൾ പാലിക്കണം. നിയമങ്ങളിൽ നിന്നും സംവിധാനങ്ങളിൽ നിന്നും ധാരാളം അധികാരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും, യഥാർത്ഥ അധികാരം അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ സത്യസന്ധതയിൽ നിന്നാണ് രൂപപ്പെടുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. ധാർമ്മികമായ അധികാരം ഓഫീസർമാർക്ക് ഏവരുടെയും ബഹുമാനവും വിശ്വാസവും നേടികൊടുക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.
ഒരു പോലീസ് ഉദ്യോഗസ്ഥൻ മിക്കവാറും എല്ലായ്‌പ്പോഴും കുറ്റകൃത്യങ്ങളുമായും കുറ്റവാളികളുമായും ഇടപെടുന്നതായി രാഷ്ട്രപതി പറഞ്ഞു. ഇത് അവരുടെ സംവേദനക്ഷമത കുറയ്ക്കുകയും മാനുഷികതയ്ക്ക് മങ്ങലേൽപ്പിക്കുകയും ചെയ്തേക്കാം. ഒരു കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാകുന്നതിന് മുമ്പ്, അനുകമ്പയുടെ സ്വത്വം നിലനിർത്താൻ പ്രത്യേക ശ്രമം നടത്തണമെന്ന് രാഷ്‌ട്രപതി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
പോലീസിംഗ് മേഖലയെ, സാങ്കേതികവിദ്യ ഗണ്യമായി മാറ്റിമറിച്ചുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഏകദേശം പത്ത് വർഷം മുമ്പ്, 'ഡിജിറ്റൽ അറസ്റ്റ്' എന്ന പ്രയോഗം മനസ്സിലാക്കാൻ അസാധ്യമായിരുന്നു. ഇന്ന്, പൗരന്മാർ നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണികളിൽ ഒന്നാണിത്. ഇന്ത്യയ്ക്ക് ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ എഐ ഉപയോക്തൃ അടിത്തറകളുണ്ട്. ഇത് പോലീസിംഗ് രീതികളെ സ്വാധീനിച്ചേക്കാം. തെറ്റായ ഉദ്ദേശ്യത്തോടെ ഈ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നവരെക്കാൾ വേഗത്തിൽ, എഐ ഉൾപ്പെടെയുള്ള നൂതന സങ്കേതങ്ങൾ സ്വീകരിക്കുന്നതിൽ ഐപിഎസ് ഉദ്യോഗസ്ഥർ മുന്നിലായിരിക്കണമെന്ന് അവർ പറഞ്ഞു.
*****
(Release ID: 2182889)
Visitor Counter : 14