വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ലക്സംബർഗ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ, വ്യാപാര മന്ത്രിയുമായ ശ്രീ സേവ്യർ ബെറ്റലുമായും ജർമ്മൻ ബിസിനസ് പ്രമുഖരുമായും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ കൂടിക്കാഴ്ച നടത്തി

Posted On: 24 OCT 2025 12:49PM by PIB Thiruvananthpuram
2025 ഒക്ടോബർ 23-ന് ജർമ്മൻ ഫെഡറൽ സർക്കാരിന് കീഴിലുള്ള സാമ്പത്തിക കാര്യ, ഊർജ്ജ മന്ത്രാലയത്തിലും ജർമ്മൻ ചാൻസലറുടെ ഓഫീസിലും നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷം, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, ലക്സംബർഗ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ, വ്യാപാര മന്ത്രിയുമായ ശ്രീ സേവ്യർ ബെറ്റലുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. ഉഭയകക്ഷി വ്യാപാര, ബിസിനസ് ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ആരാഞ്ഞു. വരാനിരിക്കുന്ന ഇന്ത്യ സന്ദർശനവും പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ചയായി.

പ്രമുഖ ജർമ്മൻ കമ്പനികളുടെ സി.ഇ.ഒമാരുമായും ശ്രീ ഗോയൽ ചർച്ചകൾ നടത്തി. ഇൻഫിനിയോൺ ടെക്നോളജീസ് എജി സി.ഇ.ഒ ജോച്ചൻ ഹാനെബെക്ക്, ഷാഫ്ലർ ഗ്രൂപ്പ് സി.ഇ.ഒ ക്ലോസ് റോസൻഫെൽഡ്, റെങ്ക് വെഹിക്കിൾ മൊബിലിറ്റി സി.ഇ.ഒ മൈക്കൽ മസൂർ, ഹെറെങ്ക്നെക്റ്റ് എജി സി.ഇ.ഒ മാർട്ടിൻ ഹെറെങ്ക്നെക്റ്റ്, എനർട്രാഗ് ബോർഡ് അംഗം തോബിയാസ് ബിഷോഫ്-നീംസ്, മെഴ്‌സിഡസ് ബെൻസ് സി.ഇ.ഒ ഒല കെയ്‌ലേനിയസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

പ്രതിരോധം, ഊർജ്ജം, പുതുതലമുറ സാങ്കേതികവിദ്യകൾ, ഗതാഗതം തുടങ്ങിയ സുപ്രധാന മേഖലകളിൽ, ഇന്തോ- ജർമ്മൻ കമ്പനികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളിലും സഹകരണ ഉദ്യമങ്ങളിലുമാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്ത്യയിൽ ബിസിനസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശുഭാപ്തി വിശ്വാസമാർന്ന വീക്ഷണവും സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള താത്പര്യവും ബിസിനസ് പ്രമുഖർ ആവർത്തിച്ചു.

ഇന്ന് വൈകുന്നേരം, ശ്രീ ഗോയൽ ബെർലിൻ ഗ്ലോബൽ ഡയലോഗിലെ ആഗോള വ്യാപാരം സംബന്ധിച്ച ഉന്നതതല പാനലിൽ സംസാരിക്കുകയും ജർമ്മൻ ബിസിനസ്, വ്യവസായ സംഘടനാ നേതാക്കളുമായുള്ള ചർച്ചകൾ തുടരുകയും ചെയ്യും.
 
********************
 

(Release ID: 2182191) Visitor Counter : 8