PIB Headquarters
ആകാശത്തോളം കുതിപ്പ്, ഉന്നതി നേടുന്ന സമ്പദ്‌വ്യവസ്ഥ: ഇന്ത്യയുടെ വ്യോമയാന ദർശനം 2047
Posted On:
23 OCT 2025 5:07PM by PIB Thiruvananthpuram
പ്രധാന വസ്തുതകൾ
- ഉഡാൻ പ്രാദേശിക വ്യോമയാന ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ചു - 1.56 കോടി യാത്രക്കാർ, 3.23 ലക്ഷം വിമാന യാത്രകൾ
- 2047 ആകുമ്പോഴേക്കും വിമാനത്താവളങ്ങളുടെ എണ്ണം 350-400 ആയി ഉയർത്തുക എന്നതാണ് ഗവൺമെൻ്റിൻ്റെ കാഴ്ചപ്പാട്.
- ഇന്ത്യയുടെ വ്യോമയാന മേഖല ആകെ 7.7 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
- ഡിജി യാത്ര, ഗ്രീൻഫീൽഡ് വിമാനത്താവള നയം, ഡ്രോൺ പിഎൽഐ പദ്ധതി തുടങ്ങിയ സംരംഭങ്ങൾ നൂതനാശയങ്ങളെയും ആയാസരഹിത യാത്രയെയും നയിക്കുന്നു.
ആമുഖം
മെച്ചപ്പെട്ട സഞ്ചാര ക്ഷമത വിദൂര പ്രദേശങ്ങളെ പോലും അവസര സമ്പന്നമാക്കുന്നു. ഇത് വർത്തമാനകാല യാഥാർത്ഥ്യം മാത്രമല്ല, പ്രാദേശിക ഗതാഗത സംവിധാനങ്ങൾ പ്രദേശങ്ങളുടെ ഉന്നമനത്തിനും വ്യാപാരത്തിൻ്റെയും സാമ്പത്തിക വിനിമയത്തിൻ്റെയും സന്തുലിതവും സമഗ്രവുമായ വളർച്ചയിലേക്കും നയിച്ചതെങ്ങനെയെന്ന് ചരിത്രം നമുക്ക് കാണിച്ചുതരുന്നുണ്ട്. വർത്തമാനകാലത്തും വിനോദസഞ്ചാരം, വ്യാപാരം എന്നീ മേഖലകൾക്ക് മാത്രമല്ല, അടിയന്തര സാഹചര്യങ്ങളിലും ബാഹ്യ വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഗതാഗത സംവിധാനങ്ങൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. ആഭ്യന്തര വിപണിയുടെ വളർച്ചയ്ക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളിൽ, 2016 ഒക്ടോബർ 21 ന് ആരംഭിച്ച പ്രാദേശിക വ്യോമയാന സഞ്ചാര പദ്ധതിയായ ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) - പ്രാദേശിക വ്യോമ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് കാണാം. ഇന്ന് ഉഡാൻ ഒമ്പത് വർഷം പൂർത്തിയാക്കുമ്പോൾ, ഒരു പ്രാഥമിക സംരംഭത്തിൽ നിന്ന് ഈ പദ്ധതി ഒരു ദേശീയ വിജയഗാഥയായി പരിണമിച്ചു. വിദൂര സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടും രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് വിമാന യാത്ര പ്രാപ്യമാക്കിയും ഈ പദ്ധതി മുന്നേറുന്നു
ഇന്ത്യയുടെ വ്യോമയാന മേഖല: സമഗ്ര വളർച്ചയിലേക്കുള്ള കുതിപ്പ്
കഴിഞ്ഞ ദശകത്തിൽ, ഇന്ത്യയുടെ വ്യോമയാന ഗതാഗത മേഖല എക്കാലത്തേക്കാളും തിരക്കേറിയതായി മാറി. ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. 2014 ൽ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം 2025 ൽ 163 ആയി വർദ്ധിച്ചു. അതേസമയം, 2047 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ, വിമാനത്താവളങ്ങളുടെ എണ്ണം 350-400 ആയി ഉയർത്തുക എന്നതാണ് ഗവൺമെൻ്റ് ലക്ഷ്യമെടുന്നത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് വ്യോമയാന മേഖല. വ്യോമഗതാഗത സേവനങ്ങൾ വഴി നേരിട്ടും വിനോദസഞ്ചാരം, വ്യാപാരം, ചരക്കുനീക്കം, ഉൽപ്പാദനം എന്നിവയിലൂടെ പരോക്ഷമായും ഇത് സമ്പദ് വ്യവസ്ഥയിൽ സംഭാവന നൽകുന്നു.
അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ (ICAO) കണക്കനുസരിച്ച്, വ്യോമയാന മേഖലയിലെ നിക്ഷേപങ്ങൾ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ ഒരു തരംഗ സ്വാധീനം ചെലുത്തുന്നു. ഈ മേഖലയിൽ ചെലവഴിക്കുന്ന ഓരോ രൂപയും, അതിൻ്റെ സാമ്പത്തിക പ്രവർത്തനങ്ങളിലൂടെ മൂന്നിരട്ടിയിലധികം മൂല്യമുണ്ടാക്കുകയും അനുബന്ധ വ്യവസായങ്ങളിൽ ആറിരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇന്ന്, ഈ മേഖല നേരിട്ടുള്ള 369,000 തൊഴിലവസരങ്ങൾ ഉൾപ്പെടെ 7.7 ദശലക്ഷത്തിലധികം തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്നു. കൂടാതെ പൈലറ്റുമാർ, എഞ്ചിനീയർമാർ, ഗ്രൗണ്ട് സ്റ്റാഫ്, ലോജിസ്റ്റിക്സ് പ്രൊഫഷണലുകൾ എന്നിങ്ങനെ വിദഗ്ധരായ ജീവനക്കാരുടെ ആവശ്യകത കുത്തനെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 116-ലധികം ഉഭയകക്ഷി വ്യോമ സേവന കരാറുകളിലൂടെ, അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ വികസിക്കുന്നതിനനുസരിച്ച് ഇന്ത്യ ആഗോള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയാണ്. ഏഷ്യയിലെ ഒരു പ്രധാന വ്യോമയാന കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഇതു വഴിയൊരുക്കുന്നു. നേരിട്ടുള്ള വിദേശനിക്ഷേപം, സാങ്കേതിക കൈമാറ്റം, കൂടാതെ വിമാന നിർമ്മാണം, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, മെയിൻ്റനൻസ്, റിപ്പയർ, ഓപ്പറേഷൻസ് (എംആർഒ) സേവനങ്ങളിൽ മേക്ക് ഇൻ ഇന്ത്യ സംരംഭങ്ങൾ എന്നിവയ്ക്കും സിവിൽ വ്യോമയാന മേഖല പിന്തുണ നൽകുന്നു. കഴിഞ്ഞ ദശകത്തിൽ, ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ പ്രതിവർഷം 10-12% വരെ വർദ്ധനയുണ്ടായി.
2040 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം ആറ് മടങ്ങ് വർദ്ധിച്ച് ഏകദേശം 1.1 ബില്യൺ ആകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാണിജ്യ വിമാനങ്ങളുടെ എണ്ണം 2014 ലെ 400 ൽ നിന്ന് 2040 മാർച്ചിൽ ഏകദേശം 2359 ആയി വളരുമെന്ന് അനുമാനിക്കപ്പെടുന്നു. 2040 ൽ വ്യോമയാന മേഖല കൊണ്ട് സൃഷ്ടിക്കപ്പെടുന്ന മൊത്തം തൊഴിലവസരങ്ങൾ ഏകദേശം 25 ദശലക്ഷമാകുമെന്നാണ് കണക്കുകൾ. ഒരു വികസിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്രയിലെ ഒരു പ്രധാന എഞ്ചിനായി ഈ മേഖല ഉയർന്നുവരുന്നു.
ഉഡാൻ: വിമാന യാത്രയെ, ഓരോ പൗരന് വേണ്ടിയും ജനാധിപത്യവൽക്കരിക്കുന്നു
മെട്രോ നഗരങ്ങൾ മുതൽ പർവത താഴ്‌വരകൾ വരെ, ഇന്ത്യൻ ആകാശം നൂതന സാധ്യതകളുടെ ഇടമായി മാറിയിരിക്കുന്നു. ചെറിയ പട്ടണങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം, ടൂറിസം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ നയിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. വ്യോമയാന മന്ത്രാലയത്തിന് (MoCA) കീഴിലുള്ള ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതിയാണ് ഈ പരിവർത്തനത്തിൻ്റെ കാതൽ. ഇത് വ്യോമയാന യാത്രയെ ജനാധിപത്യവൽക്കരിക്കുകയും ഇന്ത്യയുടെ പ്രാദേശിക ഗതാഗത സൗകര്യ ഭൂമികയെ പുനർനിർമ്മിക്കുകയും ചെയ്തു.
നിതി ആയോഗിൻ്റെ കണക്കനുസരിച്ച്, 2019-ൽ വിനോദസഞ്ചാര മേഖലയിലെ മൊത്തം ചെലവിൻ്റെ 83%-ത്തിലധികവും ആഭ്യന്തര സഞ്ചാരികളിൽ നിന്നാണ് ലഭിച്ചത്. 2028 ആകുമ്പോഴേക്കും ഈ കണക്ക് ഏകദേശം 89% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഉഡാൻ പോലുള്ള ഗവൺമെൻ്റ് സംരംഭങ്ങൾ അടിസ്ഥാന സൗകര്യങ്ങളിലെ വിടവ് നികത്തിയതും ദശലക്ഷക്കണക്കിന് പേർക്ക് വിമാന യാത്ര സാധ്യമാക്കിയതുമെങ്ങനെയെന്ന് ഈ മാറ്റം കാണിച്ചുതരുന്നു. ഇത് വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുകയും വിമാന യാത്ര താങ്ങാനാവുന്ന ചെലവിൽ എല്ലാവർക്കും പ്രാപ്യമാക്കുകയും ചെയ്തു.

താങ്ങാനാവുന്ന സാമ്പത്തിക ചെലവിൽ എല്ലാവർക്കും പ്രാപ്യമായ വിധത്തിൽ വിമാന യാത്ര നടത്താനുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ ഉഡാൻ പോലുള്ള സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നു. ഈ പരിവർത്തനം ഇന്ത്യയുടെ യാത്രാ ഭൂപടത്തെ പുനർരചിച്ചു. ഒരുകാലത്ത് വിദൂര സ്ഥലങ്ങളായ കുളു, ദർഭംഗ, ഹുബ്ബള്ളി, ഷില്ലോങ് എന്നിവിടങ്ങൾ ഇപ്പോൾ നേരിട്ട് വിമാനമാർഗ്ഗത്തിലൂടെ ബന്ധിതമായി. ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും പ്രാദേശിക ടൂറിസത്തെയും ഉത്തേജിപ്പിക്കുന്നു.

'ഉഡാൻ' വീക്ഷണം, വിമാന യാത്രയെ ജനാധിപത്യവൽക്കരിക്കേണ്ടതിൻ്റെ ആവശ്യകതയുടെ സാക്ഷ്യപത്രമാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യോമയാന മേഖലയെന്ന ദർശനത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ സംരംഭം. സാധാരണക്കാരുടെ സ്വപ്നങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ഉഡാൻ എന്ന ഈ പദ്ധതിയുടെ പിറവിയിലേക്ക് നയിച്ചു.
ഉഡാൻ നേട്ടങ്ങൾ:
ഇന്ത്യയെ ബന്ധിപ്പിക്കുന്ന ആർസിഎസ്-ഉഡാൻ: പ്രാദേശിക കണക്റ്റിവിറ്റി പദ്ധതി (ആർസിഎസ്) - ഉഡാൻ രാജ്യത്തുടനീളം 649 റൂട്ടുകൾ പ്രവർത്തനക്ഷമമാക്കുകയും 93 വിമാനത്താവളങ്ങളെ (2 ജല വിമാനത്താവളങ്ങളും 15 ഹെലിപോർട്ടുകളും ഉൾപ്പെടെ) ബന്ധിപ്പിക്കുകയും ചെയ്തു. ഇവയിൽ വടക്കുകിഴക്കൻ മേഖലയിലെ 12 വിമാനത്താവളങ്ങൾ/ഹെലിപോർട്ടുകൾ ഉൾപ്പെടുന്നു. ആൻഡമാൻ, നിക്കോബാർ, ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളെ ദേശീയ വ്യോമയാന ശൃംഖലയുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു.
നാഴികക്കല്ല്: ആർസിഎസ്-ഉഡാൻ വിമാനങ്ങളിലായി 1.56 കോടിയിലധികം പേർ യാത്ര ചെയ്തിട്ടുണ്ട്. കൂടാതെ രാജ്യവ്യാപകമായി പ്രാദേശിക റൂട്ടുകളിലായി മൊത്തം 3.23 ലക്ഷം ആർസിഎസ് വിമാന സർവീസ് നടത്തിയിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് പ്രാദേശിക റൂട്ടുകൾ വാണിജ്യപരമായി സുസ്ഥിരമാക്കുന്നതിന് ഏകദേശം ₹4,300 കോടി വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) വഴി വിതരണം ചെയ്തു.
നവീകരിച്ച ഉഡാൻ: രാജ്യത്തുടനീളമുള്ള 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രാദേശിക വ്യോമ ഗതാഗത സംവിധാനം വർദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ 4 കോടി യാത്രക്കാർക്ക് സേവനം നൽകുക എന്നതാണ് ലക്ഷ്യം. മലയോര മേഖല, വികസനം കാംക്ഷിക്കുന്നയിടങ്ങൾ, വടക്കുകിഴക്കൻ മേഖലയിലെ ജില്ലകൾ എന്നിവിടങ്ങളിൽ ഹെലിപാഡുകളും ചെറിയ വിമാനത്താവളങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും.
ഉഡാൻ യാത്രി കഫേയിലൂടെ വിമാനത്താവളങ്ങളിൽ താങ്ങാവുന്ന നിരക്കിൽ ഭക്ഷണം: കൊൽക്കത്ത, ചെന്നൈ വിമാനത്താവളങ്ങളിൽ ആരംഭിച്ച ഉഡാൻ യാത്രി കഫേ സംരംഭം, താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകുന്നു (₹10 ന് ചായ, ₹20 ന് സമൂസ). ഇത് വിമാന യാത്ര എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാപ്യവുമാക്കുന്നു.
ഭാവി: 2047 ലേക്കുള്ള ദർശനം
ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ നൂറാം വാർഷികത്തിലേക്ക് നീങ്ങുമ്പോൾ, വ്യോമയാന മേഖല അഭിലാഷകരമായ വളർച്ചാ പാതയിലാണ്. 2025 ലെ 163 വിമാനത്താവളങ്ങളിൽ നിന്ന് 2047 ഓടെ 350 ൽ കൂടുതലാക്കാൻ ലക്ഷ്യമിടുന്നു . യാത്രക്കാരുടെ എണ്ണം 100 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കണക്കുകൾ ശുദ്ധ ഇന്ധനം, ഡിജിറ്റൽ എയർവേകൾ, സമഗ്ര ഗതാഗത സൗകര്യം എന്നിവയിലേക്കുള്ള മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്.

2047 ഓടെ 25 ദശലക്ഷം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നതിനൊപ്പം MRO, ഡ്രോൺ നിർമ്മാണം, പൈലറ്റ് പരിശീലനം എന്നിവയിൽ അവസരങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നതോടെ, ഇന്ത്യയുടെ $10 ട്രില്യൺ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമായി വ്യോമയാനമേഖല മാറും.

അതേസമയം, ഇന്ത്യയുടെ 2047 എന്ന ദർശനം കൈവരിക്കുന്നതിൽ- വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുക, ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുക, സുസ്ഥിര വളർച്ച മുന്നോട്ട് കൊണ്ടുപോകുക എന്നിങ്ങനെയുള്ള ചുവടെപറയുന്ന സംരംഭങ്ങൾ നിർണായകമാണ്.
കൃഷി ഉഡാൻ: 2020 സെപ്റ്റംബറിൽ ആരംഭിച്ച കൃഷി ഉഡാൻ, കാർഷിക ഉൽപന്നങ്ങളുടെയും പെട്ടെന്ന് കേടുവരുന്ന വസ്തുക്കളുടെയും, പ്രത്യേകിച്ച് ഗോത്ര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവയുടെ ചരക്ക് നീക്കം വേഗത്തിലാക്കാൻ പ്രാപ്തമാക്കുന്നു. ഓപ്പറേഷൻ ഗ്രീൻസ് പദ്ധതിയുമായി ബന്ധപ്പെടുത്തി, ഇത് 50% ചരക്ക് സബ്സിഡി, ബഹുമാതൃക ഗതാഗത സൗകര്യങ്ങൾ, തോട്ടകൃഷി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
ലൈഫ്‌ലൈൻ ഉഡാൻ: കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത്, തടസ്സമില്ലാത്ത മെഡിക്കൽ, അവശ്യ സേവന വിതരണങ്ങൾ ഉറപ്പാക്കുന്നതിനായി 2020 മാർച്ചിൽ ഈ പ്രത്യേക സംരംഭം ആരംഭിച്ചു. വടക്കുകിഴക്കൻ മേഖല, ദ്വീപുകൾ, പർവത പ്രദേശങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 588-ലധികം വിമാന സർവീസുകൾ 5.45 ലക്ഷം കിലോമീറ്റർ ദൂരത്തിലേക്ക് 1,000 ടൺ ചരക്ക് കൈമാറ്റം നടത്തി. കോവിഡ് ലാബുകൾ സ്ഥാപിക്കുന്നതിനും മെഡിക്കൽ സംഘങ്ങളെ കൊണ്ടുപോകുന്നതിനും വിശാഖപട്ടണം വാതക ചോർച്ച പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുന്നതിനും ലൈഫ്‌ലൈൻ ഉഡാൻ പിന്തുണച്ചു.
ഗ്രീൻഫീൽഡ് വിമാനത്താവള നയം: ഇന്ത്യയുടെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മെട്രോ ഹബുകളുടെ തിരക്ക് കുറയ്ക്കുന്നതിനും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ, ഇതുവരെ പ്രയോജനപ്പെടുത്താത്ത ഭൂമിയിൽ പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് ഗ്രീൻഫീൽഡ് വിമാനത്താവള നയം നൽകുന്നു.
യാത്രാനുഭവം മെച്ചപ്പെടുത്തൽ: യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനും, നടപടികളുടെ ആവർത്തനം കുറയ്ക്കുന്നതിനും, സമയം ലാഭിക്കുന്നതിനുമായി, ഡിജി യാത്ര ഉൾപ്പെടെ വിവിധ സംരംഭങ്ങൾ ഗവൺമെൻ്റ് ആരംഭിച്ചിട്ടുണ്ട്. 2022 മുതൽ നടപ്പിലാക്കിയ ഡിജി യാത്ര, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രക്കാരുടെ കടലാസ് രഹിത, സമ്പർക്ക രഹിത നടപടികൾ സാധ്യമാക്കി. 2025 മാർച്ചോടെ, 52.2 ദശലക്ഷത്തിലധികം യാത്രക്കാർ ഈ സൗകര്യം ഉപയോഗിച്ചു. ഡിജി യാത്ര ആപ്പ് ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. ഇതുവരെ 12.1 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ഇത് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
വിമാന/പൈലറ്റ് പരിശീലനം: അടുത്ത 10–15 വർഷത്തിനുള്ളിൽ 30,000–34,000 പൈലറ്റുമാരുടെ ആവശ്യം നിറവേറ്റുന്നതിനായി, വിമാന പരിശീലന സ്ഥാപനങ്ങളും (FTO-കൾ) വാണിജ്യ പൈലറ്റ് ലൈസൻസിംഗും ഗവൺമെൻ്റ് വികസിപ്പിക്കുന്നു. പൈലറ്റുമാരിൽ 13–18% വനിതകളെ ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, 2025 ഓടെ എല്ലാ വ്യോമയാന ചുമതലകളിലും 25% വനിതാ പ്രാതിനിധ്യം DGCA ലക്ഷ്യമിടുന്നു.
ഡ്രോൺ നിയമങ്ങൾ 2021, ഉൽപ്പാദന ബന്ധിത കിഴിവ് (PLI): നിയന്ത്രണങ്ങൾ ലളിതമാക്കിയും വിശാലമായ വാണിജ്യ ഉപയോഗം പ്രാപ്തമാക്കിയും ഡ്രോൺ നിയമങ്ങൾ- 2021 ഇന്ത്യയുടെ ഡ്രോൺ മേഖലയെ ഉദാരവൽക്കരിച്ചു. ഇതിന് അനുബന്ധമായി, 24–25 സാമ്പത്തിക വർഷത്തിൽ ഉൽപാദന ബന്ധിത കിഴിവ് (PLI) പദ്ധതി വഴി 34.79 കോടി രൂപ വിതരണം ചെയ്തത് ആഭ്യന്തര ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ സ്വാശ്രയ ഡ്രോൺ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തി.
ഭാരതീയ വായുയാൻ അധിനിയം, 2024: സമകാലിക ആവശ്യങ്ങളും ആഗോള മാനദണ്ഡങ്ങളും കണക്കിലെടുത്ത്, 1934 ലെ എയർക്രാഫ്റ്റ് ആക്ട് പുനഃക്രമീകരിച്ചുകൊണ്ട് ഇന്ത്യയുടെ വ്യോമയാന മേഖലയെ ആധുനികവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണ പരിഷ്കരണമാണിത്. ചിക്കാഗോ കൺവെൻഷൻ, ഐസിഎഒ തുടങ്ങിയ അന്താരാഷ്ട്ര കൺവെൻഷനുകളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ, മെയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് സംരംഭങ്ങൾക്ക് കീഴിലുള്ള തദ്ദേശീയ ഉൽപ്പാദനം ഈ പുതിയ നിയമം പ്രോത്സാഹിപ്പിക്കുന്നു. ഇത് ലൈസൻസുകൾ നൽകുന്നത് ലളിതമാക്കുന്നത് പോലുള്ള നിയന്ത്രണ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നു. ഈ നിയമം അപ്പീലുകൾക്കുള്ള വ്യവസ്ഥകൾ നൽകുകയും ചെയ്യുന്നു.
ഉപസംഹാരം:
ഇന്ത്യയുടെ സിവിൽ വ്യോമയാന മേഖല അതിവേഗം വളരുന്ന മേഖലകളിൽ ഒന്നായി ഉയർന്നുവന്നിട്ടുണ്ട്. ഇത് ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാക്കി ഇന്ത്യയെ മാറ്റുന്നു. യാത്രക്കാരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധന രാജ്യം രേഖപ്പെടുത്തുകയും, പ്രാദേശിക കണക്റ്റിവിറ്റി വികസിപ്പിക്കുകയും, വ്യോമയാന ചട്ടക്കൂടുകൾ നവീകരിക്കുകയും ചെയ്യുമ്പോൾ, മന്ത്രാലയത്തിൻ്റെ ഈ ശ്രമങ്ങൾ ദശലക്ഷക്കണക്കിന് പേരുടെ യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. കൂടാതെ സാമ്പത്തിക അഭിവൃദ്ധി വർദ്ധിപ്പിക്കുകയും, ദേശീയ ഏകീകരണം ശക്തിപ്പെടുത്തുകയും, 2047 ഓടെ വികസിത രാഷ്ട്രമാകുക എന്ന കാഴ്ചപ്പാടിലേക്ക് ആത്മവിശ്വാസത്തോടെ ഉയരാൻ ഇന്ത്യയെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
അവലംബം:
https://www.iata.org/en/iata-repository/publications/economic-reports/the-value-of-air-transport-to-india
https://www.pib.gov.in/PressReleasePage.aspx?PRID=2098780
https://www.pib.gov.in/PressNoteDetails.aspx?NoteId=152143&ModuleId=3
https://www.pib.gov.in/PressReleasePage.aspx?PRID=2123537
https://www.pib.gov.in/PressReleaseIframePage.aspx?PRID=2066445
https://sansad.in/getFile/annex/266/AU669_kOqHSU.pdf?source=pqars#:~:text=Out%20of%20which%2C%20RCS%20flights,economic%20growth%2C%20and%20enhance%20tourism
https://www.iata.org/en/iata-repository/publications/economic-reports/the-value-of-air-transport-to-india
https://www.pib.gov.in/PressNoteDetails.aspx?NoteId=154624&ModuleId=3
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=153352
https://www.pib.gov.in/PressReleaseIframePage.aspx?PRID=1943211#:~:text=Government%20of%20India%20has%20formulated,these%2C%2011%20Greenfield%20airports%20viz
https://sansad.in/getFile/annex/268/AU5_1mFQzx.pdf?source=pqars#:~:text(a)%20&%20(b):,Nadu%20under%20the%20UDAN%20Scheme
https://www.pib.gov.in/PressReleasePage.aspx?PRID=2124459
https://www.pib.gov.in/Pressreleaseshare.aspx?PRID=1847005
https://www.pib.gov.in/PressReleasePage.aspx?PRID=1989139
https://www.pib.gov.in/PressReleasePage.aspx?PRID=1908939
Click here to see PDF
****
(Release ID: 2182014)
Visitor Counter : 5