വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-ജർമനി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജർമൻ സാമ്പത്തിക, ഊർജ മന്ത്രി ശ്രീമതി കാതറീന റൈഷെയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ
Posted On:
23 OCT 2025 8:56PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2025 ഒക്ടോബർ 23-ന് ബെർലിനിൽ ജർമൻ സാമ്പത്തിക, ഊർജ മന്ത്രി ശ്രീമതി കാതറീന റൈഷെയുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. 2025 ഓഗസ്റ്റ് 7-ന് ഇരുവരും നടത്തിയ വീഡിയോ കോൺഫറൻസിൻ്റെ തുടർച്ചയായാണ് കൂടിക്കാഴ്ച. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഹരിതോർജം, നൈപുണ്യ വികസനം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിലാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫെഡറൽ ചാൻസലറിയിലെ സാമ്പത്തിക, ധനകാര്യ നയ ഉപദേഷ്ടാവും ജർമനിയുടെ ജി7, ജി20 ഷെർപ്പയുമായ ഡോ. ലെവിൻ ഹോളെയുമായും ശ്രീ ഗോയൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
തുടര്‍ന്ന് ശ്രീ ഗോയലിന്റെ അധ്യക്ഷതയില്‍ ഇന്ത്യൻ എംബസിയിൽ വെച്ച് ജർമനിയിലെ പ്രധാന ചെറുകിട ഇടത്തരം കമ്പനികളുടെ സിഇഒമാരുമായും നേതാക്കളുമായും നടത്തിയ വട്ടമേശ ചര്‍ച്ചയില്‍ ഇന്ത്യയിൽ വ്യാപാരം ചെയ്യാനും നിലവിലെ നിക്ഷേപങ്ങൾ വിപുലീകരിക്കാനും കമ്പനികള്‍ മന്ത്രിയെ താല്പര്യമറിയിച്ചു. നിക്ഷേപം സുഗമമാക്കാനും വ്യാപാര നടപടികള്‍ എളുപ്പമാക്കാനും കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന അവസരങ്ങളും മന്ത്രി വിശദീകരിച്ചു. നൂതനാശയങ്ങൾ, സുസ്ഥിരത, അത്യാധുനിക നിർമാണം എന്നീ മേഖലകളിൽ കൂടുതൽ യോജിപ്പോടെ വ്യാപാരികള്‍ തമ്മില്‍ ശക്തമായ ബന്ധങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും ചർച്ച ചെയ്തു.
ലക്സംബർഗ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ, വ്യാപാര മന്ത്രിയുമായ സേവ്യർ ബെറ്റലുമായി ശ്രീ ഗോയൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇൻഫിനിയോൺ ടെക്നോളജീസ്, ഷാഫ്‌ലർ ഗ്രൂപ്പ്, റെങ്ക്, ഹെറൻക്‌നെക്റ്റ് എജി, എനർട്രാഗ് എസ്ഇ, മെഴ്‌സിഡസ് ബെൻസ് ഗ്രൂപ്പ് എന്നിവയുൾപ്പെടെ പ്രമുഖ ജർമൻ കമ്പനികളുടെ സിഇഒമാരുമായി വ്യത്യസ്ത ചർച്ചകളും ഇന്ന് നടത്തും.
ഒക്ടോബർ 24-ന് ബെർലിൻ ആഗോള സംവാദത്തിലെ പാനൽ ചർച്ചയിലും ജർമൻ വ്യവസായ അസോസിയേഷനുകളുമായി കൂടിക്കാഴ്ചകളിലും കേന്ദ്രമന്ത്രി പങ്കെടുക്കും.
SKY
*****
(Release ID: 2182009)
Visitor Counter : 3