രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളന ചടങ്ങിൽ പങ്കെടുത്തു
വിദ്യാഭ്യാസത്തിൻ്റെ വെളിച്ചം വ്യക്തിപരവും കൂട്ടായതുമായ പുരോഗതിയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നു: രാഷ്‌ട്രപതി ദ്രൗപതി മുർമു
സാക്ഷരത, വിദ്യാഭ്യാസം, അറിവ് എന്നിവയുടെ ശക്തി നിരവധി മാനവ വികസന മാനദണ്ഡങ്ങളിൽ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാകാൻ കേരളത്തെ പ്രാപ്തമാക്കി: രാഷ്‌ട്രപതി ദ്രൗപദി മുർമു
Posted On:
23 OCT 2025 4:57PM by PIB Thiruvananthpuram
കേരളത്തിലെ പാലായിലുള്ള സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്ന് (2025 ഒക്‌ടോബർ 23) പങ്കെടുത്തു.

വികസനത്തിൻ്റേയും വളർച്ചയുടേയും അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻ്റ് തോമസ് കോളേജ് സ്ഥാപിതമായതെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 75 വർഷമായി കോളേജ് ഈ പ്രശംസനീയമായ ലക്ഷ്യം നിറവേറ്റുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീമതി മുർമു പറഞ്ഞു.

സെൻ്റ് തോമസ് കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭാവിയെ രൂപപ്പെടുത്തുന്ന വർക്ക്‌ഷോപ്പുകളാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമഗ്രമായ പഠനത്തിനും സാമൂഹിക നീതിക്കും ഊന്നൽ നല്കിക്കൊണ്ട്,സുസ്ഥിരതയുടേയും ഉൾച്ചേർക്കലിൻ്റേയും മൂല്യങ്ങൾ ഈ കോളേജ് പ്രോത്സാഹിപ്പിക്കുന്നു. ധാർമ്മിക ദിശാബോധത്തോടെ ബൗദ്ധിക ലക്ഷ്യങ്ങളേയും കോളേജ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

21-ാം നൂറ്റാണ്ടിനെ 'വിജ്ഞാന നൂറ്റാണ്ട്' എന്നാണ് വിശേഷിപ്പിക്കുന്നതെന്ന് പറഞ്ഞ രാഷ്ട്രപതി, നവീകരണത്തെ നയിക്കുന്ന അറിവ് സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി. സാക്ഷരത,വിദ്യാഭ്യാസം,അറിവ് എന്നിവയുടെ ശക്തി നിരവധി മാനവ വികസന മാനദണ്ഡങ്ങളിൽ കേരളത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാകാൻ പ്രാപ്തമാക്കിയിട്ടുണ്ട്.
കോട്ടയത്തെക്കുറിച്ച് സംസാരിക്കവേ, സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവർത്തനങ്ങളുടെ മഹത്തായ അധ്യായങ്ങൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. 'വൈക്കം സത്യാഗ്രഹം' എന്നറിയപ്പെടുന്ന തൊട്ടുകൂടായ്മ നിർമാർജ്ജനത്തിനായുള്ള മഹത്തായ പ്രസ്ഥാനം നൂറ് വർഷങ്ങൾക്ക് മുമ്പ് കോട്ടയത്ത് നടന്നു. സാക്ഷരതയുടേയും വിദ്യാഭ്യാസത്തിൻ്റേയും ഉറവിടമായതിനാൽ കോട്ടയം 'അക്ഷര-നഗരി' എന്നറിയപ്പെടുന്നു.ഈ പ്രദേശത്തെ ആളുകൾ വളരെ സജീവമായി പ്രവർത്തിച്ചതിൻ്റെ ഫലമായാണ് 'സാക്ഷര കേരളം' പ്രസ്ഥാനം ശക്തിപ്പെട്ടത്. വളരെ ലളിതവും എന്നാൽ ശക്തവുമായ 'വായിച്ചു വളരുക' എന്ന സന്ദേശത്തിൽ നിന്നാണ് ശ്രീ പി.എൻ പണിക്കർ ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മഹത്തായ സംരംഭത്തിനുള്ള പ്രചോദനം ഉൾക്കൊണ്ടത്.

വിദ്യാഭ്യാസത്തിൻ്റെ വെളിച്ചം വ്യക്തിപരവും കൂട്ടായതുമായ പുരോഗതിയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി അടിവരയിട്ടു. വിദ്യാഭ്യാസത്തിൻ്റെ വെളിച്ചം പരത്തുന്നതിൽ സെൻ്റ് തോമസ് കോളേജിൻ്റെ ശ്രമങ്ങളെ അവർഅഭിനന്ദിച്ചു. സെൻ്റ് തോമസ് കോളേജ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും അതുവഴി 2047-ഓടെ കൂടുതൽ നീതിയുക്തമായ ഒരു സമൂഹവും വികസിത ഭാരതവും കെട്ടിപ്പടുക്കുന്നതിന് സംഭാവന നല്കുമെന്നും രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
LPSS
**************
(Release ID: 2181943)
Visitor Counter : 46