ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
സസ്യ എണ്ണ, ഉൽപാദനം, ലഭ്യത (നിയന്ത്രണം) ഉത്തരവ് 2011 പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ്
ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ കേന്ദ്രം
Posted On:
22 OCT 2025 5:47PM by PIB Thiruvananthpuram
സസ്യ എണ്ണ, ഉൽപാദനം, ലഭ്യത (നിയന്ത്രണം) ഉത്തരവ് 2011-മായി ബന്ധപ്പെട്ട (VOPPA ഉത്തരവ്) സുപ്രധാന ഭേദഗതി കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന് കീഴിലുള്ള ഭക്ഷ്യ, പൊതുവിതരണ വകുപ്പ് വിജ്ഞാപനം ചെയ്തു. ഇന്ത്യൻ ഭക്ഷ്യ എണ്ണ മേഖലയിലെ നിയന്ത്രണവും മേൽനോട്ടവും സുതാര്യതയും മെച്ചപ്പെടുത്താൻ ഭേദഗതി ചെയ്ത VOPPA ഉത്തരവ്, 2025-ലൂടെ ലക്ഷ്യമിടുന്നു.
ഭേദഗതി ചെയ്ത ഉത്തരവ് പ്രകാരം, ഭക്ഷ്യ എണ്ണ ഉത്പാദകർ, സംസ്‌ക്കരണ സ്ഥാപനങ്ങൾ, മിശ്രണ സ്ഥാപനങ്ങൾ, വീണ്ടും പായ്ക്ക് ചെയ്യുന്നവർ, ഭക്ഷ്യ എണ്ണ വിതരണ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പങ്കാളികൾ അടക്കം VOPPA ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്യുകയും നിയുക്ത ഓൺലൈൻ പോർട്ടൽ മുഖേന പ്രതിമാസ ഉത്പാദന, സ്റ്റോക്ക് വിവരങ്ങൾ നിർബന്ധമായും സമർപ്പിക്കുകയും വേണം.
ദേശീയ ഭക്ഷ്യ സുരക്ഷയും വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയും ഉറപ്പാക്കുന്നതിനുള്ള ഭാരതസർക്കാരിന്റെ ഉദ്യമങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാന ഘടകമായി വർത്തിക്കുന്ന, ഭക്ഷ്യ എണ്ണ മേഖലയിലെ കൃത്യതയാർന്ന ഡാറ്റ ശേഖരണം, തത്സമയ നിരീക്ഷണം, മെച്ചപ്പെട്ട നയ ഇടപെടൽ എന്നിവ ഉറപ്പാക്കുന്നതിനായി ഈ നിയന്ത്രണങ്ങൾ മെച്ചപ്പെടുത്തുകയെന്നത് ഒരു നിർണ്ണായക ഘട്ടമാണ്.
ഭക്ഷ്യ എണ്ണ വ്യവസായമേഖലയിൽ നിന്നുള്ള പ്രതികരണം ഏറെ പ്രോത്സാഹനജനകമാണ്. രാജ്യത്തുടനീളമുള്ള ഒട്ടേറെ ഭക്ഷ്യ എണ്ണ യൂണിറ്റുകൾ ഇതിനോടകം ദേശീയ ഏകജാലക പോർട്ടലിൽ (National Single Window System portal) രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ https://www.edibleoilindia.in എന്ന വിലാസത്തിൽ പ്രതിമാസ റിട്ടേണുകൾ പതിവായി സമർപ്പിക്കുന്നു.
സുതാര്യതയും അനുവർത്തനവും ഉറപ്പാക്കാനുള്ള വ്യാവസായിക പങ്കാളികളുടെ ശക്തമായ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ഭക്ഷ്യ എണ്ണകളുടെ ഉത്പാദനം, സംസ്‌ക്കരണം, മിശ്രണം, വീണ്ടും പായ്ക്ക് ചെയ്യൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ യൂണിറ്റുകളും ഭേദഗതി ചെയ്ത VOPPA ഉത്തരവ് പ്രകാരം ഇനിപ്പറയുന്നവ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്:
ഭക്ഷ്യ എണ്ണയുമായി ബന്ധപ്പെട്ട എല്ലാ യൂണിറ്റുകളും https://www.nsws.gov.in എന്ന ദേശീയ ഏകജാലക സംവിധാനം മുഖേന രജിസ്റ്റർ ചെയ്യണം.
ശേഷം, യൂണിറ്റുകൾ അവരുടെ പ്രതിമാസ ഉത്പാദനം, സ്റ്റോക്ക്, ലഭ്യത റിട്ടേണുകൾ https://www.edibleoilindia.in വഴി ഫയൽ ചെയ്യണം.
ഭേദഗതി ചെയ്ത VOPPA ഉത്തരവ്, 2025 പാലിക്കാത്തത് നിയമലംഘനമായി കണക്കാക്കുകയും രജിസ്റ്റർ ചെയ്യാത്തതോ റിട്ടേണുകൾ സമർപ്പിക്കാത്തതോ ആയ യൂണിറ്റുകൾ ഭേദഗതി ചെയ്ത VOPPA ഉത്തരവിലെയും 2008 ലെ സ്ഥിതിവിവരക്കണക്ക് ശേഖരണ നിയമത്തിലെയും വ്യവസ്ഥകൾ പ്രകാരം ശിക്ഷാനടപടികൾ നേരിടേണ്ടിയും വരും.
ഫലപ്രദമായ നിർവ്വഹണം ഉറപ്പാക്കുന്നതിന്, നിയമം പാലിക്കാത്ത യൂണിറ്റുകളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ വകുപ്പ് പദ്ധതിയിടുന്നു. അനുവർത്തനത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനും ഭക്ഷ്യ എണ്ണ മേഖലയ്ക്കുള്ള ദേശീയ ഡാറ്റാ ആവാസവ്യവസ്ഥയുടെ സത്യസന്ധത നിലനിർത്തുന്നതിനും ഉദ്ദേശിച്ചുള്ളവയാണ് ഈ പരിശോധനകൾ.
ഈ ഉത്തരവ് പാലിക്കേണ്ടത് ഒരു നിയന്ത്രണ ആവശ്യകത മാത്രമല്ല - ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾക്കും ഇതൊരു നിർണായക സംഭാവനയായിരിക്കും. മികച്ച ആസൂത്രണം, അവബോധപൂർണ്ണമായ തീരുമാനമെടുക്കൽ പ്രക്രിയ എന്നിവയെ പിന്തുണയ്ക്കുകയും കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ഭക്ഷ്യ എണ്ണ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സംരംഭം. രാജ്യത്ത് ശക്തവും വിശ്വസനീയവുമായ ഡാറ്റാധിഷ്ഠിത ഭക്ഷ്യ എണ്ണ വ്യവസായം കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനും സമ്പൂർണ്ണ അനുവർത്തനം ഉറപ്പാക്കാനും വകുപ്പ് ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.
പ്രയോജനപ്രദമായ ലിങ്കുകൾ
രജിസ്ട്രേഷന്: https://www.nsws.gov.in
പ്രതിമാസ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന്: https://www.edibleoilindia.in
LPSS
*****
(Release ID: 2181695)
Visitor Counter : 8