വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സാമ്പത്തിക, വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ജർമ്മനി സന്ദർശിക്കും

Posted On: 22 OCT 2025 4:25PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ 2025 ഒക്ടോബർ 23 മുതൽ ബെർലിനിൽ (ജർമ്മനി) ഔദ്യോഗിക സന്ദർശനം നടത്തും. ജർമ്മനിയുമായുള്ള ഇന്ത്യയുടെ ബന്ധം വർദ്ധിപ്പിക്കുന്നതിൽ ഈ സന്ദർശനം ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും. കൂടാതെ ഇന്ത്യ-ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയാണ് 2025 എന്നതിനാൽ ഈ സന്ദർശനം പ്രത്യേക പ്രാധാന്യമർഹിക്കുന്നു. ഇത് ഉഭയകക്ഷി ബന്ധത്തിൻ്റെ ആഴം, പുനരുജീവനശേഷി, ദീർഘകാല ശക്തി എന്നിവ എടുത്തുകാണിക്കുന്നു.
 
ഇരു രാജ്യങ്ങളിലെയും മുതിർന്ന ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ബിസിനസ്സ് അസോസിയേഷനുകൾ എന്നിവരുമായി ഉന്നത തല ആശയവിനിമയങ്ങളിൽ ശ്രീ ഗോയൽ പങ്കെടുക്കും  
 
സന്ദർശന വേളയിൽ, ജർമ്മൻ ഫെഡറൽ സാമ്പത്തിക കാര്യ, ഊർജ്ജ മന്ത്രി  കാതറീന റീച്ചെ, ഫെഡറൽ ചാൻസലറിയിലെ സാമ്പത്തിക, ധനകാര്യ നയ ഉപദേഷ്ടാവും ജർമ്മനിയുടെ ജി7 & ജി20 ഷെർപ്പയുമായ ഡോ. ലെവിൻ ഹോൾ എന്നിവരുമായി കേന്ദ്ര മന്ത്രി, ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഇന്തോ-ജർമ്മൻ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും വ്യാപാര, നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തുന്നതിലും യോഗത്തിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കും.
 
 
ലക്സംബർഗ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ, വ്യാപാര മന്ത്രിയുമായ ശ്രീ. സേവ്യർ ബെറ്റലുമായി മന്ത്രി ഉന്നതതല കൂടിക്കാഴ്ച നടത്തും.
ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ, നിലവിലെ പ്രാദേശിക , അന്താരാഷ്ട്ര സംഭവവികാസങ്ങൾ, ലക്സംബർഗ് നേതൃത്വത്തിൻ്റെ ആസൂത്രണം ചെയ്തിട്ടുള്ള ഇന്ത്യാ സന്ദർശനം എന്നിവ ചർച്ച ചെയ്യും
 
ബെർലിൻ സന്ദർശനത്തിൻ്റെ ഭാഗമായി, ശ്രീ ഗോയൽ മൂന്നാമത് ബെർലിൻ ഗ്ലോബൽ ഡയലോഗിൽ (BGD) പ്രഭാഷണം നടത്തും.ആഗോള സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്ന വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബിസിനസ്സ്, ഗവൺമെൻ്റ്, അക്കാദമിക് മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന വാർഷിക ഉച്ചകോടിയാണിത്. ഈ പ്രധാന പരിപാടിയിൽ, "നേതാക്കളുടെ സംഭാഷണം: ഒരുമിച്ച് വളരുന്നു - മാറുന്ന ലോകത്തിലെ വ്യാപാരവും സഖ്യങ്ങളും" എന്ന സെഷനിൽ മന്ത്രി പാനൽ അംഗമായിരിക്കും. വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വ്യാപാര മേഖലയിൽ രാജ്യങ്ങളും ബിസിനസുകളും പ്രതികരിക്കുന്നത് എങ്ങനെ എന്ന് സെഷൻ വിലയിരുത്തും. വിപണി പ്രവേശനം വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരമായ ആഗോള വളർച്ചയെ നയിക്കുന്ന പുതിയ വ്യാപാര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രായോഗിക വഴികൾ ചർച്ചയിലൂടെ കണ്ടെത്തും.
 
 ഷാഫ്‌ലർ ഗ്രൂപ്പ്, റെങ്ക് വെഹിക്കിൾ മൊബിലിറ്റി സൊല്യൂഷൻസ്, ഹെറെൻക്നെക്റ്റ് എജി, ഇൻഫിനിയോൺ ടെക്നോളജീസ് എജി, എനെർട്രാഗ് എസ്ഇ, മെഴ്‌സിഡസ്-ബെൻസ് ഗ്രൂപ്പ് എജി തുടങ്ങിയ പ്രമുഖ ജർമ്മൻ കമ്പനികളുടെ സിഇഒമാരുമായി നേരിട്ടുള്ള കൂടിക്കാഴ്ചകൾ സന്ദർശനത്തിൻ്റെ ഭാഗമായി നടക്കും. ജർമ്മൻ മിറ്റൽസ്റ്റാൻഡ് കമ്പനികളുടെ സിഇഒമാരുമായും നേതാക്കളുമായുള്ള യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിക്കും. ഫെഡറേഷൻ ഓഫ് ജർമ്മൻ ഇൻഡസ്ട്രീസ് (BDI), ഏഷ്യ-പസഫിക് അസോസിയേഷൻ ഓഫ് ജർമ്മൻ ബിസിനസ് (APA) എന്നിവയുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ഈ സംവാദങ്ങൾ, വിവിധ മേഖലകളിൽ സഹകരണം പര്യവേക്ഷണം ചെയ്യുന്നതിനും, നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനും, സുസ്ഥിരത, നൂതനാശയം, ഉൽപ്പാദനം എന്നീ മേഖലകളിൽ ശക്തമായ ബിസിനസ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വേദി നൽകും.
 
ഇന്ത്യയും യൂറോപ്യൻ പങ്കാളികളും തമ്മിലെ ആഴത്തിലുള്ള തന്ത്രപരമായ മുൻഗണനകളെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു. നൂതനാശയങ്ങൾ, പുനരുജീവനശേഷി, പൊതുവായ വളർച്ച എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര സാമ്പത്തിക പങ്കാളിത്തങ്ങളായി ഈ ചർച്ചകളെ പരിവർത്തനം ചെയ്യുക എന്നതാണ് സന്ദർശനത്തിൻ്റെ ലക്ഷ്യം
 

****


(Release ID: 2181664) Visitor Counter : 15