ധനകാര്യ മന്ത്രാലയം
'ഓപ്പറേഷൻ ഫയർ ട്രെയിലി'ൻ്റെ ഭാഗമായി നാവാ ഷെവ തുറമുഖത്തുനിന്ന് 4.82 കോടി രൂപ വിലവരുന്ന 46,640 കള്ളക്കടത്ത് പടക്കങ്ങൾ പിടിച്ചെടുത്ത് ഡിആർഐ; ഒരാൾ അറസ്റ്റിൽ
Posted On:
20 OCT 2025 4:04PM by PIB Thiruvananthpuram
ചൈനീസ് നിർമിത കരിമരുന്നുകളും പടക്കങ്ങളും അനധികൃതമായി ഇന്ത്യയിലേക്ക് കടത്താന്‍ നടത്തിയ ആസൂത്രിത കള്ളക്കടത്ത് ശ്രമം “ഓപ്പറേഷൻ ഫയർ ട്രെയിൽ” ദൗത്യത്തിൻ്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആര്‍ഐ) വിജയകരമായി പരാജയപ്പെടുത്തി.
ചൈനയിൽ നിന്ന് ഐസിഡി അങ്കലേശ്വരിലേക്ക് പോകുകയായിരുന്ന 40-അടി കണ്ടെയ്‌നർ ദൗത്യത്തിൻ്റെ ഭാഗമായി നാവാ ഷെവ തുറമുഖത്ത് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞു. "ലെഗിങ്ഗ്സ്" ആണെന്ന് തെറ്റായി രേഖപ്പെടുത്തിയ കണ്ടെയ്നറില്‍ മുൻഭാഗത്ത് സൂക്ഷിച്ച വസ്ത്രങ്ങളുടെ പിന്‍നിരയിലായി ഒളിപ്പിച്ച നിലയിൽ 46,640 പടക്കങ്ങളും കരിമരുന്നുകളും കണ്ടെത്തി. 4.82 കോടി രൂപ വിലമതിക്കുന്ന മുഴുവൻ സാമഗ്രികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
തുടർന്ന് നടത്തിയ തിരച്ചിലിൽ കടത്തുസംഘത്തിൻ്റെ പ്രവർത്തന രീതി വെളിപ്പെടുത്തുന്ന രേഖകൾ കണ്ടെത്തുകയും പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തിയെ ഗുജറാത്തിലെ വെരാവലിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പടക്കങ്ങളുടെ ഇറക്കുമതിയ്ക്ക് വിദേശ വ്യാപാര നയത്തിലെ ഐടിസി (എച്ച്എസ്) വർഗീകരണത്തിന് കീഴിൽ നിയന്ത്രണമുണ്ട്. ഇതിന് വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറലിൻ്റെയും 2008-ലെ സ്ഫോടകവസ്തു ചട്ടം പ്രകാരം പെട്രോളിയം - സ്ഫോടകവസ്തു സുരക്ഷാ സംഘടനയുടെയും സാധുവായ ലൈസൻസുകൾ ആവശ്യമാണ്.
അപകടകരമായ ഇത്തരം സാധനങ്ങളുടെ അനധികൃത കടത്ത് വിദേശ വ്യാപാര, സുരക്ഷാ നിയമങ്ങളുടെ ലംഘനമാണ്. കൂടാതെ പടക്കങ്ങള്‍ പെട്ടെന്ന് തീപിടിക്കുന്നവയായതിനാല്‍ പൊതു സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രധാന തുറമുഖ അടിസ്ഥാന സൗകര്യങ്ങൾക്കും വിശാല കപ്പല്‍ഗതാഗത - ചരക്കുനീക്ക ശൃംഖലകൾക്കും ഗുരുതര ഭീഷണി ഉയർത്തുന്നു. ഇത്തരം സംഘടിത കടത്തുശൃംഖലകളെ കണ്ടെത്തി തകർക്കുന്നതിലൂടെ അപകടകരമായ നിരോധിത വസ്തുക്കളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനും രാജ്യത്തിൻ്റെ വ്യാപാര-സുരക്ഷാ മേഖലയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാനും ഡിആർഐ പ്രതിജ്ഞാബദ്ധമാണ്.
****************
(Release ID: 2181029)
Visitor Counter : 11