റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഈ ദീപാവലിയ്ക്ക് ഫാസ്റ്റ് ടാഗ് വാർഷിക പാസ് സമ്മാനമായി നൽകാം
Posted On:
18 OCT 2025 11:37AM by PIB Thiruvananthpuram
ഈ ഉത്സവ സീസണിൽ യാത്രക്കാർക്ക് ഉത്തമമായ സമ്മാനമായി, എളുപ്പവും സുഖകരവുമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന ഫാസ്റ്റ് ടാഗ് വാർഷിക പാസ് നൽകാം. ഇത് രാജ്യത്തുടനീളമുള്ള ദേശീയപാതകളിലും ദേശീയ എക്‌സ്പ്രസ് വേകളിലും വർഷം മുഴുവൻ സുഗമമായ യാത്ര സാധ്യമാക്കുന്നു. രാജ്മാർഗ് യാത്ര ആപ്പ് വഴി വാർഷിക പാസ് സമ്മാനമായി നൽകാം. ആപ്പിലെ 'ആഡ് പാസ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കൊണ്ട് ഉപയോക്താവിന് ഫാസ്റ്റ് ടാഗ് വാർഷിക പാസ് സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ വാഹന നമ്പറും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ചേർക്കാവുന്നതാണ്. ലളിതമായ OTP പരിശോധനയ്ക്ക് ശേഷം, ആ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിൽ വാർഷിക പാസ് സജീവമാകും. ദേശീയപാത ഉപയോക്താക്കൾക്ക് സുഗമവും സാമ്പത്തികവുമായ യാത്രയ്ക്ക്, ഫാസ്റ്റ് ടാഗ് വാർഷിക പാസ് വഴിയൊരുക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഏകദേശം 1,150 ടോൾ പ്ലാസകളിൽ ഇത് ബാധകമാണ്.
ഫാസ്റ്റ് ടാഗ് ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടതിൻ്റെ ആവശ്യകത ഇല്ലെന്നതാണ് വാർഷിക പാസിൻ്റെ സവിശേഷത. ഒരു വർഷത്തെ സമയപരിധി അല്ലെങ്കിൽ 200 ടോൾ പ്ലാസ ക്രോസിംഗുകൾക്കായി 3,000 രൂപ ഒറ്റത്തവണ ഫീസ് അടയ്ക്കാം. സാധുവായ ഫാസ്റ്റ് ടാഗുള്ള എല്ലാ വാണിജ്യേതര വാഹനങ്ങൾക്കും ഈ പാസ് ബാധകമാണ്. രാജ്മാർഗ് യാത്ര ആപ്പ് വഴി ഒറ്റത്തവണ ഫീസ് അടച്ചതിനുശേഷം വാഹനവുമായി ബന്ധിതമായിട്ടുള്ള നിലവിലുള്ള ഫാസ്റ്റ് ടാഗിൽ രണ്ട് മണിക്കൂറിനുള്ളിൽ വാർഷിക പാസ് സജീവമാകും.
2025 ഓഗസ്റ്റ് 15-ന് ആരംഭിച്ച ഫാസ്റ്റ് ടാഗ് വാർഷിക പാസ്, ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം ഉപയോക്താക്കളുമായി 5.67 കോടി ഇടപാടുകളെന്നെ നാഴികക്കല്ല് രേഖപ്പെടുത്തി. ദേശീയപാത ഉപയോക്താക്കൾക്ക് പ്രാപ്യമാകുന്ന സുഗമവും തടസ്സരഹിതവുമായ യാത്രാനുഭവത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസിനോടുള്ള ആവേശകരമായ പ്രതികരണം.
*****************
(Release ID: 2180721)
Visitor Counter : 23