കൃഷി മന്ത്രാലയം
'പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യം', 'പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന' എന്നിവ സമയബന്ധിതമായി നടപ്പിലാക്കാൻ കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ നിർദ്ദേശം നൽകി
Posted On:
17 OCT 2025 11:12AM by PIB Thiruvananthpuram
'പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യം', 'പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന' എന്നിവ സംബന്ധിച്ച് കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം നടത്തി. യോഗത്തിൽ, ഇവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കേന്ദ്ര മന്ത്രി നൽകി. 'പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന'യുടെ സത്വര നിർവ്വഹണം ഉറപ്പാക്കാൻ, ശ്രീ ചൗഹാൻ 11 മന്ത്രാലയങ്ങളിലെ മന്ത്രിമാരുമായുള്ള ഒരു യോഗം ഉടൻ തന്നെ വിളിക്കും.

ജില്ലാതല ക്ലസ്റ്ററുകൾ സൃഷ്ടിച്ചുകൊണ്ട് 'പയർവർഗ്ഗങ്ങളിൽ സ്വയംപര്യാപ്തത ദൗത്യം' നടപ്പിലാക്കുമെന്നും ഈ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിന് സംസ്ഥാനങ്ങളുടെ പിന്തുണ തേടുമെന്നും യോഗത്തിൽ അറിയിച്ചു. 'പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന' താഴെത്തട്ടിൽ ഫലപ്രദമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ശ്രീ ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ട് സംരംഭങ്ങളും അടിസ്ഥാനതലത്തിൽ സമയബന്ധിതമായി നടപ്പിലാക്കുന്നത് കർഷകർക്ക് നേരിട്ട് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. 'പയർവർഗ്ഗങ്ങളിലെ സ്വയംപര്യാപ്തത ദൗത്യം' വിജയകരവും സമയബന്ധിതവുമായി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമാരെ ഉൾപ്പെടുത്തി ഒരു യോഗം വിളിക്കാനും കേന്ദ്ര കൃഷി മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ച 'പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന', 11 മന്ത്രാലയങ്ങളിലെ 36 ഉപ പദ്ധതികൾ സംയോജിപ്പിച്ച്കൊണ്ട് രാജ്യത്തുടനീളമുള്ള വികസനം കാംക്ഷിക്കുന്ന(aspirational) 100 ജില്ലകളിലെ കാർഷിക പുരോഗതി പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഈ പശ്ചാത്തലത്തിൽ പദ്ധതിയുടെ പരമാവധി നേട്ടങ്ങൾ കർഷകരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ 11 മന്ത്രാലയങ്ങളിലെ മന്ത്രിമാർ, സെക്രട്ടറിമാർ, നിതി ആയോഗിലെ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഒരു യോഗം സംഘടിപ്പിക്കാൻ ശ്രീ ചൗഹാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. 'പയർവർഗ്ഗങ്ങളിലെ സ്വയം പര്യാപ്തതാ ദൗത്യം' വിജയകരവും സമയബന്ധിതവുമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമാരുമായി ഒരു യോഗം നടത്താനും കേന്ദ്ര കൃഷി മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
SKY
******
(Release ID: 2180268)
Visitor Counter : 17