ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണനോട് കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാവികസന മന്ത്രാലയത്തിന്റെ സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു
Posted On:
16 OCT 2025 5:12PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാവികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ, സഹമന്ത്രി ഡോ. സുകാന്ത മജുംദാറിനൊപ്പം ഇന്ന് പാർലമെന്റ് മന്ദിരത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെയും വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയത്തിന്റെയും പ്രവർത്തനം, പ്രധാന സംരംഭങ്ങൾ, നേട്ടങ്ങൾ, ഭാവി പദ്ധതികൾ എന്നിവയെക്കുറിച്ച് അവർ ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു.
രാജ്യത്തുടനീളം വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന ടെലികോം, ഇന്റർനെറ്റ് അടിസ്ഥാനസൗകര്യങ്ങൾ സംബന്ധിച്ചും, ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന് ആക്കം കൂട്ടുന്നതരത്തിൽ സമഗ്ര-സമ്പൂർണ കണക്റ്റിവിറ്റി ഉറപ്പാക്കാനും താങ്ങാനാവുന്ന വിലയിൽ ഡാറ്റാ സേവനങ്ങൾ ലഭ്യമാക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ശ്രീ. രാധാകൃഷ്ണനെ അറിയിച്ചു.
വിശാലമായ തപാൽ ശൃംഖലയെക്കുറിച്ചും, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഉൾപ്പെടെയുള്ള നൂതന പദ്ധതികളിലൂടെ അതിന്റെ വ്യാപ്തി കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെക്കുറിച്ചും അവർ ഉപരാഷ്ട്രപതിയെ ബോധിപ്പിച്ചു. ബി.എസ്.എൻ.എല്ലിന്റെ പുനരുജ്ജീവനത്തെയും തപാൽ വകുപ്പ് കൈകൊണ്ട പുതിയ സംരംഭങ്ങളെയും അഭിനന്ദിച്ച ഉപരാഷ്ട്രപതി, സ്പീഡ് പോസ്റ്റ് സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്തെയും പ്രശംസിച്ചു.
കൂടാതെ,വർധിപ്പിച്ച ബജറ്റ് വിഹിതം, റെയിൽ-റോഡ് കണക്റ്റിവിറ്റി വിപുലീകരണം, പുതിയ വിമാനത്താവളങ്ങളുടെ വികസനം, വിനോദസഞ്ചാര പ്രോത്സാഹനം, വടക്കുകിഴക്കൻ നിക്ഷേപ ഉച്ചകോടികൾ സംഘടിപ്പിക്കൽ, സ്വകാര്യ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കൽ, മേഖലയിലെ ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള വടക്ക് കിഴക്കൻ മേഖല വികസന മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതിയോട് വിശദീകരിച്ചു.
വടക്കുകിഴക്കൻ മേഖലയിലെ വികസനത്തിന്റെ ദ്രുതഗതിയിലുള്ള വേഗതയിലും, പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും, മൊത്തത്തിലുള്ള സുരക്ഷാ സ്ഥിതി മെച്ചപ്പെട്ടതിലും ശ്രീ. രാധാകൃഷ്ണൻ സന്തോഷം പ്രകടിപ്പിച്ചു.
*********************
(Release ID: 2180070)
Visitor Counter : 9